UPDATES

ഗൗരി കെട്ടിടത്തില്‍ നിന്ന് ചാടിയ അന്നാണ് അധ്യാപിക മറ്റൊരു കുട്ടിയുടെ കരണത്തടിച്ചത്; ആ അമ്മയ്ക്കും ചിലത് പറയാനുണ്ട്

കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്നത് കടുത്ത പീഡനമെന്ന് മാതാപിതാക്കള്‍; ധാര്‍ഷ്ട്യത്തോടെ മാനേജ്മെന്റ്

‘എന്റെ വാക്കുകള്‍ അവരെ ചൊടിപ്പിക്കും. കാരണം ഞാന്‍ ഇപ്പോഴും ജീവനോടെ ഇരിക്കുന്ന കുഞ്ഞിന്റെ അമ്മയാണല്ലോ? ഞാന്‍ ജോലികഴിഞ്ഞെത്തുമ്പോള്‍ രാത്രി ഏഴ് മണിയാവും. മോനും ട്യൂഷന്‍ കഴിഞ്ഞ് ആ സമയത്തേ എത്തൂ. ട്യൂഷന് പോവാതെ വീട്ടില്‍ വന്ന് അവനെന്തെങ്കിലും കടുംകൈ കാണിച്ചിരുന്നെങ്കിലോ? ആരാണ് ഉത്തരം പറയുക. അത്രേം പിള്ളാര്‍ടെ മുന്നില്‍ വച്ചാണ് ആ അധ്യാപിക എന്റെ മോന്റെ ചെകിട്ടത്തടിച്ചത്. കുഞ്ഞുപ്രായമാണ്. പക്വതയില്ലാത്ത പ്രായം, ഗൗരിയെപ്പോലെ അവിവേകമെന്തെങ്കിലും അവനും പ്രവര്‍ത്തിച്ചിരുന്നെങ്കിലോ? പിന്നെ വെറും അനുശോചനങ്ങള്‍ മാത്രം കിട്ടുന്ന അമ്മയാവും ഞാന്‍’; പറയുന്നത് അഡ്വ. രൂപ ബാബു. കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ അമ്മ. അധ്യാപകരുടെ മാനസിക പീഡനം സഹിക്കാനാവാതെ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച ഗൗരി നേഘയുയര്‍ത്തിയ ചോദ്യങ്ങള്‍ ഗൗരിയില്‍ അവസാനിക്കുന്നതല്ലെന്ന് രൂപ.

ഒക്ടോബര്‍ 24-അന്ന് ഉച്ച 1.40 കഴിഞ്ഞ സമയത്താണ് ഗൗരി സ്വയം അവസാനിപ്പിക്കാനായി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയത്. മിനിറ്റുകള്‍ക്കുള്ളില്‍ ചില അധ്യാപകരോടൊപ്പം ഗൗരിയെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ അസ്വാഭാവികമായ എന്തെങ്കിലും സംഭവിക്കാത്ത മട്ടില്‍ രണ്ട് മണിക്ക് വീണ്ടും ക്ലാസ് മുറികള്‍ സജീവമായി.

ഇനി പറയുന്ന കാര്യം നടക്കുന്നത് കെമിസ്ട്രി ലാബിലാണ്. ആദ്യമായി ലാബില്‍ എത്തിയ കുട്ടികള്‍ക്ക് അധ്യാപിക ഹൈഡ്രോക്ലോറിക് ആസിഡും ടെസ്റ്റ്യൂബും എല്ലാം പരിചയപ്പെടുത്തുകയാണ്. ഇതിനിടയില്‍ അധ്യാപിക പെട്ടെന്ന് കടന്നുവന്ന് കയ്യില്‍ ടെസ്റ്റ്യൂബുമായി അടങ്ങിനിന്നിരുന്ന ഒരു ആണ്‍കുട്ടിയുടെ ചെകിട്ടത്തടിച്ചു. പക്ഷെ കുട്ടിയുടെ രക്ഷിതാക്കള്‍ ആ സംഭവം വെറുതെ വിടാന്‍ തയ്യാറായിരുന്നില്ല. അന്ന് രാത്രി തന്നെ കൊല്ലം വെസ്റ്റ് പോലീസില്‍ പരാതി നല്‍കി. ഗൗരിനേഘയ്ക്ക് അപകടം സംഭവിച്ച അതേ ദിവസം, കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിനെതിരെ രേഖപ്പെടുത്തപ്പെട്ട ആദ്യ കേസ് അതായിരുന്നു. ഇന്നലെ സ്‌കൂളില്‍ നടന്ന പിടിഎ യോഗത്തിലും അഡ്വ. രൂപ തന്റെ കുട്ടിക്കുണ്ടായ ദുരനുഭവങ്ങള്‍ വിളിച്ചുപറയുകയും കുട്ടികളുടെ സുരക്ഷിതത്വം ചോദ്യം ചെയ്യുകയുമുണ്ടായി.

“പ്രതികരിച്ചു, അതിന് എന്റെ കുഞ്ഞിന്റെ ശവശരീരം എന്റെ കയ്യില്‍ തന്നു”; ഗൗരി നേഘയുടെ കുടുംബം സംസാരിക്കുന്നു

പോരാട്ടം, മാനേജ്‌മെന്റിനെതിരെയായതിനാല്‍ തന്നെ എല്ലാത്തരത്തിലും ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഗൗരിയുടെ മരണത്തെ തുടര്‍ന്ന് ഒരാഴ്ചയോളം പൂട്ടിയിട്ട സ്‌കൂള്‍ ഇന്ന് തുറക്കും. എന്നാല്‍ കുഞ്ഞുങ്ങളെ ധൈര്യത്തോടെ അങ്ങോട്ടയക്കാന്‍ താനടക്കമുള്ള അമ്മമാര്‍ ഇനി ഒന്ന് മടിക്കുമെന്നും രൂപ പറയുന്നു. ഒരു രക്ഷിതാവെന്ന നിലയിലുള്ള തന്റെ ആശങ്കകള്‍ പങ്കുവക്കുകയാണ് രൂപ.

ഗൗരിക്ക് അപകടം ഉണ്ടായ ദിവസം രാത്രി ഞാന്‍ വീട്ടില്‍ ചെല്ലുമ്പോള്‍ എന്റെ കുട്ടി ആകെ വിഷമിച്ച് മാറിയിരിക്കുന്നതാണ് കണ്ടത്. പത്താം ക്ലാസിലാണ് അവന്‍ പഠിക്കുന്നത്. അതുകൊണ്ട് തന്നെ ഗൗരിയുമായുള്ള പരിചയം ഉള്ളതിനാല്‍ അവന്‍ അതില്‍ വിഷമിച്ചിരിക്കുകയാവും എന്നാണ് ഞാന്‍ ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് ഒരുപാട് സംസാരിച്ചുകഴിഞ്ഞപ്പോഴാണ്, ‘അമ്മേ ഇനി ഞാന്‍ ആ സ്‌കൂളിലേക്ക് പോവുന്നില്ല. എനിക്ക് അവിടെ പഠിക്കണ്ട’ എന്ന് അവന്‍ പറയുന്നത്. കാര്യമന്വേഷിച്ചപ്പോഴാണ് പ്രത്യേകിച്ച് ഒരു തെറ്റും ചെയ്യാതെ അധ്യാപിക തന്റെ ചെകിട്ടത്തടിച്ച കാര്യം അവന്‍ പറയുന്നത്. ഒന്നാലോചിച്ച് നോക്കൂ, ഗൗരി എന്ന കുട്ടി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയാണ് മരിച്ചത്. ആ കുട്ടിക്ക് അപകടം പറ്റി അരമണിക്കൂര്‍ പോലും കഴിയുന്നതിന് മുമ്പാണ് അധ്യാപകരുടെ ഈ പെരുമാറ്റം. അത്തരത്തിലൊരു സംഭവമുണ്ടാവുമ്പോഴെങ്കിലും ബാക്കിയുള്ള കുട്ടികളോട് സ്‌നേഹത്തോടെയും സഹാനുഭൂതിയോടെയും പെരുമാറാനല്ലേ അധ്യാപകര്‍ ശ്രമിക്കേണ്ടത്. അപ്പോള്‍ പോലും ഇതാണ് പെരുമാറ്റമെങ്കില്‍ പിന്നെ ആ സ്‌കൂളില്‍ കുട്ടികള്‍ എന്തുമാത്രം പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ടാവും? അതുകൊണ്ട് തന്നെയാണ് കേസ് കൊടുക്കാന്‍ തീരുമാനിച്ചത്. കേസ് കളക്ടറുടെ ചേംബറില്‍ വരെയെത്തി. അവിടെ ഒരു കൂട്ടം നുണകളുമായാണ് മാനേജ്‌മെന്റും സ്‌കൂള്‍ അധികൃതരുമെത്തിയത്. പക്ഷെ അതെല്ലാം പൊളിഞ്ഞു. ‘ആസിഡ് കയ്യില്‍ വച്ച് കളിക്കുകയായിരുന്നു’, ‘കയ്യില്‍ ഒരു തട്ടുകൊടുത്തു’, ‘ബഹളമുണ്ടാക്കുകയായിരുന്നു’ തുടങ്ങിയ വാദങ്ങളാണ് അവര്‍ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഉന്നയിച്ചത്. ‘ആസിഡ് കയ്യിലിരിക്കുന്ന കുട്ടിയുടെ കയ്യില്‍ നിങ്ങള്‍ എന്ത് ധൈര്യത്തിലാണ് തട്ടിയത്’ എന്ന കളക്ടറുടെ ഒറ്റ ചോദ്യത്തോടെ അവര്‍ ഒതുങ്ങി.

ചെകിട്ടത്തടിക്കുന്നത് സിസിടിവിയിലെ ദൃശ്യങ്ങളിലും വ്യക്തമായിരുന്നു. എന്റെ മോന്‍ അവിടെ ബഹളമൊന്നുമുണ്ടാക്കാതെ നില്‍ക്കുകയാണെന്നും അതില്‍ വ്യക്തമാണ്. കാര്യങ്ങള്‍ ബോധ്യപ്പെട്ടതിന് ശേഷമാണ് കളക്ടര്‍ എത്രയും പെട്ടെന്ന് അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത്. ഇനി എന്റെ കുട്ടി ഒരു തെറ്റ് ചെയ്‌തെന്ന് തന്നെയിരിക്കട്ടെ, അധ്യാപകരാവുമ്പോള്‍ കുട്ടികളെ അടിക്കുകയും ശാസിക്കുകയുമെല്ലാം ചെയ്യും. ഞാനുമൊക്കെ അത്തരത്തില്‍ ശിക്ഷ കിട്ടി വളര്‍ന്നയാളാണ്. പക്ഷെ ക്ലാസ്സിലെ കുട്ടികളുടെ മുന്നില്‍ വച്ച് മുഖത്തടിക്കുക എന്നത് ചിലപ്പോള്‍ കുട്ടികള്‍ക്ക് സഹിക്കാന്‍ പറ്റണമെന്നില്ല. മുതിര്‍ന്നവരാണെങ്കില്‍ പോലും, ഒരു തരത്തിലും നിയന്ത്രിക്കാനാവാത്ത് രോഷം വരുമ്പോഴായിരിക്കും ഒരാള്‍ മറ്റൊരാളുടെ മുഖത്തടിക്കുക. അതിനുമാത്രം എന്ത് തെറ്റാണ് എന്റെ കുട്ടി ചെയ്തത്. അധ്യാപികയെ സസ്പന്‍ഡ് ചെയ്തു. പക്ഷെ അത് ഒരു പരിഹാരമല്ല. ആ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളെ പല അധ്യാപകരും ഈ രീതിയിലാണ് ട്രീറ്റ് ചെയ്യുന്നത്. അങ്ങനെയുള്ള ഒരിടത്തേക്ക് എന്ത് ധൈര്യത്തിലാണ് നമ്മള്‍ കുട്ടികളെ അയക്കുക.

പ്രതികളെ പിടിക്കാതെ സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കില്ല: പിടിഎ മീറ്റിംഗിലും ഗൗരി നേഘയുടെ അച്ഛന്‍

ഇന്നലെ നടന്ന പിടിഎ മീറ്റിങ്ങിലടക്കം സ്‌കൂള്‍ അധികാരികളുടേയും മാനേജ്‌മെന്റിന്റേയും ധാര്‍ഷ്ട്യമാണ് പ്രകടമായത്. ഇത് തന്നെയാണ് എന്ത് കേസ് വന്നാലും അവരുടെ സമീപനം. അത് ഒരു സ്‌കൂളല്ലേ. കുഞ്ഞുങ്ങള്‍ പഠിക്കാനല്ലേ അവിടെ ചെല്ലുന്നത്. അവരെ കുറ്റവാളികളെപ്പോലെ, ജയിലിന് സമാനമായ രീതിയില്‍ പരസ്യമായി അധിക്ഷേപിക്കുകയും ക്രൂരമായി ഉപദ്രവിക്കുന്നതുമെന്തിനാണ്. ഇന്നലെ ആ കുഞ്ഞ് നഷ്ടപ്പെട്ട ആ മനുഷ്യന്‍ അവിടെ എത്താനുള്ള സാഹചര്യമെന്താണെന്ന് ഇവരാരെങ്കിലും മനസ്സിലാക്കുന്നുണ്ടോ? എന്നിട്ടോ, ഒരു തരത്തിലുള്ള കുറ്റബോധമോ, കുറ്റസമ്മതമോ, ക്ഷമാപണമോ ഒന്നുമല്ല അവരില്‍ നിന്നുണ്ടായത്. പകരം അയാളെ കൂടുതല്‍ നോവിക്കുന്ന വാക്കുകളും കൂക്കിവിളിയും എല്ലാം. ഇതെല്ലാം ഒരു സ്‌കൂളിന് ചേര്‍ന്നതാണോ എന്ന് അവര്‍ തന്നെ പരിശോധിച്ചാല്‍ കൊള്ളാം.

ഞങ്ങള്‍ക്ക് നിങ്ങളുടെയൊന്നും ആവശ്യമില്ല, നിങ്ങളുടെ കുഞ്ഞുങ്ങളെ ഇവിടെ പഠിപ്പിക്കണമെന്നുമില്ല, നിങ്ങള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ പഠിപ്പിച്ചാല്‍ മതി, ഇല്ലെങ്കില്‍ ഇവിടെ നിന്ന് കൊണ്ടുപോകാം എന്ന സംസാരം തന്നെയാണ് ഇപ്പോഴും അവരുടെ ഭാഗത്തുനിന്നുണ്ടാവുന്നത്. അവര്‍ ചെയ്യുന്ന കൊള്ളരുതായകകളോട് പ്രതികരിക്കാന്‍ പോലും പലര്‍ക്കും ധൈര്യമില്ലാതാവുന്ന സ്ഥിതി വിശേഷമാണുള്ളത്. അങ്ങനെ വരുമ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ വീണ്ടും ടോര്‍ച്ചര്‍ ചെയ്യപ്പെടില്ലെന്ന് എങ്ങനെ ഉറപ്പിക്കും? ഇതിന് മുമ്പും പല അമ്മമാരും സ്‌കൂളിന്റെ നടപടികളില്‍ പ്രതികരിച്ചിട്ടുണ്ട്. പക്ഷെ ഒറ്റപ്പെടുത്തലും ഭീഷണിയുമൊക്കെ ഭയന്ന് പലരും അതിന് ധൈര്യപ്പെടുന്നില്ല എന്നതാണ് വാസ്തവം. പ്രതികരിക്കുന്നത് വഴിയുണ്ടാവുന്ന മറ്റ് ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ കഴിയാത്തതുകൊണ്ട് അവര്‍ അവരുടെ കുഞ്ഞുങ്ങളെയും കൊണ്ട് മറ്റ് സ്‌കൂളുകളിലേക്ക് പോയ സംഭവങ്ങളാണ് അധികവും.

ഇപ്പോള്‍ എന്നെ ഒറ്റപ്പെടുത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഞാനും സ്‌കൂളിന്റെ നടപടികള്‍ക്കെതിരെ പ്രതികരിച്ചയാളാണല്ലോ? ഇനി എന്റെ കുഞ്ഞിനെ അവര്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്യാന്‍ പോവുന്നതെന്ന് എനിക്ക് അറിയില്ല. ഇത്രയുമായ സ്ഥിതിക്ക് അവന്‍ ടാര്‍ജറ്റ് ചെയ്യപ്പെടുമെന്നും ഇനി ആ സ്‌കൂളിലേക്ക് പഠിക്കാനയക്കേണ്ടെന്നുമാണ് പലരും എനിക്ക് നല്‍കുന്ന ഉപദേശം, പക്ഷെ സ്‌കൂള്‍ മാറ്റുന്ന കാര്യം തീരുമാനമെടുത്തിട്ടില്ല. സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ അവനും സ്‌കൂളില്‍ പോവും. ഞാന്‍ നല്ല ശ്രദ്ധ വയ്ക്കും. അങ്ങനെ തോറ്റ് പിന്‍മാറാന്‍ ഉദ്ദേശിക്കുന്നില്ല. ഇവിടെ നിയമങ്ങളുണ്ടല്ലോ? ഞാനൊരു അഭിഭാഷകയാണ്. നിയമത്തിന്റെ വഴിക്ക് ഇതിനെ നേരിടാനാണ് ഞാനുദ്ദേശിച്ചിട്ടുള്ളത്.

എല്ലാത്തിലുമപരി കുഞ്ഞുങ്ങളാണെന്ന പരിഗണനയെങ്കിലും വിദ്യാര്‍ഥികള്‍ക്ക് കൊടുക്കണ്ടേ. മുതിര്‍ന്നവര്‍ക്ക് ഒരുപക്ഷേ ടോര്‍ച്ചറിങ്ങെല്ലാം സഹിക്കാനായേക്കും. കുഞ്ഞുങ്ങള്‍ക്ക് അതിന് കഴിയണമെന്നില്ല. അവരുടെ പക്വതയില്ലാത്ത പ്രായത്തില്‍ മാനസിക, ശാരീരിക പീഡനങ്ങള്‍ എന്താണ് അവരെക്കൊണ്ട് പ്രവര്‍ത്തിപ്പിക്കുക എന്ന് പറയാന്‍ പറ്റില്ല. ഒരു തോന്നലിന് ചെയ്യുന്നതാണ് ആത്മഹത്യ. എന്നിട്ടോ, പ്രധാനാധ്യാപകന്‍ പോലും എല്ലാത്തിനേയും ന്യായീകരിക്കുകയാണ്. അതിനുപകരം തെറ്റുകാരായ അധ്യാപകരെ മാറ്റി നിര്‍ത്തിക്കൊണ്ട്, അത്തരം അധ്യാപകരെ സ്‌കൂള്‍ കോമ്പൗണ്ടില്‍ പോലും കയറ്റുകയില്ലെന്ന മാതൃകാപരമായ തീരുമാനം എന്തുകൊണ്ട് അവര്‍ക്കെടുത്തുകൂട?”

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍