UPDATES

പൊട്ടിത്തകര്‍ന്ന ഇടുക്കി

ഇനിയൊരിക്കല്‍ കൂടി ഇതുപോലൊരു ദുരന്തം ആവര്‍ത്തിച്ചാല്‍ പിന്നെയൊരു തിരുത്തലിനുള്ള അവസരം മനുഷ്യന് കിട്ടിയെന്നുവരില്ല- ഭാഗം 1

കേരളത്തെ തകര്‍ത്തെറിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടായ ജില്ലയാണ് ഇടുക്കി. 53-ഓളം പേരാണ് ഇടുക്കിയില്‍ മാത്രം കാലവര്‍ഷക്കെടുതിയില്‍ മരണപ്പെട്ടത്. വെള്ളവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും എല്ലാം ചേര്‍ന്ന് ഇടുക്കിയെ മൊത്തത്തില്‍ തകര്‍ത്തിട്ടിരിക്കുന്ന കാഴ്ച്ചയാണ് പ്രളയാനന്തരം ജില്ലയില്‍ കൂടി സഞ്ചരിക്കുമ്പോള്‍ കാണാനാവുന്നത്. ഭൂരിഭാഗം റോഡുകളും തകര്‍ന്നു പോയിരിക്കുന്നു. യാത്രാസൗകര്യങ്ങള്‍ പഴയതുപോലെയാകാന്‍ ഇനിയും മാസങ്ങള്‍ വേണ്ടി വരും. മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും പെരിയാറില്‍ നിന്നും കരകവിഞ്ഞൊഴുകിയ വെള്ളത്തിലും വന്‍തോതിലാണ് കാര്‍ഷിക മേഖലയ്ക്ക് നാശം സംഭവിച്ചിരിക്കുന്നത്. വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ നഷ്ടമായവരുടെ എണ്ണം ഞെട്ടിക്കുന്നതാണ്. ഇടുക്കി പഴയ ഇടുക്കിയാകാന്‍, അതല്ലെങ്കില്‍ പുതിയൊരു ഇടുക്കിയായി മാറി വരാന്‍ കുറഞ്ഞത് പത്തുവര്‍ഷമെങ്കിലും വേണ്ടിവരുമെന്ന കണക്കൂട്ടലില്‍ ഒട്ടും അതിശയോക്തിയില്ലെന്ന് ജില്ലയില്‍ ഈ സമയങ്ങളില്‍ പോകുന്ന ആര്‍ക്കും മനസിലാകും.

ഇടുക്കിയെ തകര്‍ത്തത് ഡാമുകളോ അതോ പശ്ചിമഘട്ടസംരക്ഷണത്തിന്റെ ആവശ്യകത ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞിട്ടും ചെവിക്കൊള്ളാതെ പ്രകൃതിനശീകരണം നടത്തിയ മനുഷ്യരോ എന്ന ചര്‍ച്ച ഇപ്പോള്‍ നടക്കുന്നുണ്ട്. ഡാമുകള്‍ തുറന്നു വിട്ടതിന്റെ ആഘാതമാണ് ഇടുക്കിക്ക് ഏല്‍ക്കേണ്ടി വന്നതെന്ന പ്രചാരണമാണ് മുന്നില്‍. ഡാം തുറന്നതാണോ ഇത്രകണ്ട് നാശം ഉണ്ടാകാന്‍ കാരണമെന്ന് അന്വേഷിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലുടെ സഞ്ചരിച്ചാല്‍, യഥാര്‍ത്ഥ കാരണം അതല്ലെന്ന് വ്യക്തമാകും. ഒന്നാമതായി ഇടുക്കിയില്‍ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ല. ചെറുതോണി, മുല്ലപ്പെരിയാര്‍ ഡാമുകള്‍ തുറന്നപ്പോള്‍ വെള്ളം കുത്തിയൊലിച്ച് വരികയും പെരിയാര്‍ നിലവില്‍ ഒഴുകിക്കൊണ്ടിരുന്നതിനേക്കാള്‍ സ്ഥലവ്യാപ്തി വര്‍ദ്ധിപ്പിച്ച് പരന്നൊഴുകുകയുമാണ് ഉണ്ടായത്. പെരിയാറിന്റെ കരകളിലൊക്കെ ഇതിന്റെ ആഘാതം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. വെള്ളം കയറിപ്പോയ സ്ഥലങ്ങളിലെല്ലാം അതിന്റെതായ നാശം ഉണ്ടായിട്ടുണ്ട്. ചെറുതോണി ഉദാഹരണം.

എന്നാല്‍ ഇടുക്കിയില്‍ ആകെയുള്ള 52 ഗ്രാമപഞ്ചായത്തുകളില്‍ കേവലം അഞ്ച് പഞ്ചായത്തുകളിലാണ് (ഇടുക്കി ബ്ലോക്കില്‍ പെട്ട വാഴത്തോപ്പ്, മരിയാപുരം, ഇടുക്കി-കഞ്ഞിക്കുഴി, വാത്തിക്കുടി പഞ്ചായത്തുകള്‍, അടിമാലി ബ്ലോക്കിലെ കൊന്നത്തടി (പനങ്കുറ്റി ഭാഗം) പഞ്ചായത്ത്) ഡാമില്‍ നിന്നുവരുന്ന വെള്ളം ബാധിച്ചിരിക്കുന്നത്. എന്നാല്‍ പീരുമേട്, തൊടുപുഴ താലൂക്കുകളൊഴിച്ചാല്‍ (ഈ രണ്ടിടങ്ങളിലും കെടുതികള്‍ ബാധിച്ചില്ലെന്നല്ല, മറ്റിടങ്ങളെ അപേക്ഷിച്ച് രക്ഷപ്പെട്ടു) ഇടുക്കി മൊത്തത്തില്‍ തകരുമ്പോള്‍ ഡാം തുറന്നുവിട്ടതാണ് ജില്ലയെ ബാധിച്ചതെന്ന വാദങ്ങള്‍ ശരിയല്ലെന്ന് ബോധ്യമാവും. ചെറുതോണി ഡാം തുറന്നതു മാത്രമല്ല, മുല്ലപ്പെരിയാര്‍ ഡാം തമിഴ്‌നാട് തുറന്നതുകൂടിയാണ് ജില്ലയെ സാരമായി ബാധിച്ചതെന്ന കാര്യവും ഓര്‍ക്കണം. മുല്ലപ്പെരിയാര്‍ തുറന്നില്ലായിരുന്നെങ്കില്‍ ഇത്രയധികം വെള്ളം കയറില്ലായിരുന്നു. ക്യാച്ച്‌മെന്റ് ഏരിയായുടെ കാര്യത്തില്‍ രണ്ടോ മൂന്നോ സ്‌ക്വയര്‍ കിലോമീറ്ററിന്റെ വ്യത്യാസം മാത്രമാണ് ഉള്ളത് എങ്കിലും റിസര്‍വോയര്‍ കപ്പാസിറ്റിയില്‍ ഇടുക്കിയെക്കാള്‍ വളരെ താഴെയാണ് മുല്ലപ്പെരിയാര്‍. തുല്യ മഴ പെയ്താല്‍ ഇടുക്കിയില്‍ അരയടി വെള്ളം കൂടുമ്പോള്‍ അതേ കണക്കില്‍ മുല്ലപ്പെരിയാറില്‍ നാലടിയാണ് വര്‍ദ്ധിക്കുന്നത്. മുല്ലപെരിയാറില്‍ ഷട്ടര്‍ അമ്പത് സെന്റീ മീറ്റര്‍ തുറന്നാല്‍ സെക്കന്‍ഡില്‍ അമ്പതിനായിരം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. ആറടിവരെ മുല്ലപ്പെരിയാറില്‍ ഷട്ടര്‍ തുറന്നിരുന്നു.

റവന്യു വകുപ്പിന്റെ കണക്കനുസരിച്ച് ഇടുക്കിയില്‍ ഈ പ്രളയകാലത്ത് ഉണ്ടായത് 278 ഉരുള്‍പൊട്ടലുകളാണ്. ഇതിനൊപ്പം തന്നെ ചെറുതും വലുതുമായി വ്യാപകമായി സംഭവിച്ച മണ്ണിടിച്ചിലും. 1004 പ്രധാന റോഡുകളാണ് ജില്ലയില്‍ തകര്‍ന്നത്. റോഡുകള്‍ തകര്‍ന്നതിനും കൃഷിയിടങ്ങള്‍ ഒലിച്ചു പോയതിനും വീടുകള്‍ തകര്‍ന്നതിനും ആള്‍നാശം സംഭവിച്ചതിനുമെല്ലാം കാരണം ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തന്നെയാണ്. ഡാം തുറന്നുവിട്ടതു മൂലം ഒരു മരണം പോലും ഉണ്ടായിട്ടുമില്ല. കാലാവസ്ഥവ്യതിയാനത്തില്‍ വന്ന മാറ്റവും അതേ തുടര്‍ന്നുണ്ടായ പ്രകൃതിക്ഷോഭങ്ങളും കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് നിര്‍ത്താതെ പെയ്ത കനത്ത മഴയും ആഘാതത്തിനും ശക്തി കൂട്ടിയിട്ടുണ്ട്. തൊടുപുഴയില്‍ നിന്നും മൂന്നാര്‍ വരെ ഇടുക്കിയിലെ പ്രധാന ജനവാസ മേഖലകളിലൂടെ സഞ്ചരിച്ചെത്തുമ്പോള്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാക്കിയ നാശത്തിന്റെ വ്യാപ്തി കാണാന്‍ കഴിയും. അതിനിടയില്‍ ചെറുതോണി, മുല്ലപ്പെരിയാര്‍ ഡാമുകള്‍ തുറന്നതിലൂടെ സംഭവിച്ച വെള്ളത്തിന്റെ കുത്തൊഴുക്ക് കൊണ്ടുണ്ടായ നാശങ്ങളും.

"</p

തൊടുപുഴ ടൗണില്‍ വെള്ളം കയറിയതൊഴിച്ചാല്‍ കാര്യമായ പ്രശ്‌നങ്ങള്‍ താലൂക്കില്‍ സംഭവിച്ചിട്ടില്ലെങ്കിലും അവിടെ നിന്നും വരുമ്പോള്‍ കുടയത്തൂര്‍, കാഞ്ഞാര്‍ മേഖലകളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത് കാണാം. കുളമാവ് മേഖലയിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ശക്തമായി ഉണ്ടായിട്ടുണ്ട്. കുളമാവ് പോലീസ് സ്റ്റേഷനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഒരു ഭാഗം തകര്‍ന്നിരിക്കുന്നു. സ്റ്റേഷന്റെ മുകള്‍ ഭാഗത്ത് കൂടി പോകുന്ന സംസ്ഥാന പാത വന്‍തോതില്‍ ഇടിഞ്ഞു പോയിട്ടുണ്ട്. ദിവസങ്ങള്‍ എടുത്താണ് അപര്യാപ്തമായ രീതിയിലാണെങ്കിലും ഗതാഗത സൗകര്യം ആരംഭിച്ചത്. ഈ റോഡ് പൂര്‍വ്വസ്ഥിതിയിലാക്കുക എന്നത് കാലങ്ങളുടെ പ്രയത്‌നത്തിലൂടെയാകാം സംഭവിക്കുക. ജില്ല കേന്ദ്രമായ പൈനാവ് എത്തുന്നതിനു മുമ്പ് ചേരി ഭാഗത്ത് വന്‍തോതിലാണ് റോഡ് ഇടിഞ്ഞു തകര്‍ന്നിരിക്കുന്നത്. ഭയങ്കരമായ ഉരുള്‍പൊട്ടലാണ് ഇവിടെ സംഭവിച്ചത്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി സ്തംഭിച്ചിരുന്നു. ചേരി കഴിഞ്ഞ് മുന്നോട്ടു പോകുമ്പോള്‍ മീന്‍മുട്ടിയിലും ശക്തമായ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. മൂന്നു നാല് ഇടങ്ങളിലായി ഇവിടെ റോഡ് ഇടിഞ്ഞുപോയിട്ടുണ്ട്. പൈനാവ് കഴിഞ്ഞ് വെള്ളപ്പാറ ഭാഗത്ത് (സിപിഐ പാര്‍ട്ടി ഓഫിസിന് സമീപമൊക്കെ) വിവിധ ഇടങ്ങളിലായി ഉരുള്‍പൊട്ടിയിട്ടുണ്ട്. വെള്ളപ്പാറയില്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ചെറുതോണിക്ക് അക്കരെ ഗാന്ധി നഗറില്‍ വന്‍ മണ്ണിടിച്ചിലാണ് സംഭവിച്ചത്. മനുഷ്യരുടെ ജീവന്‍ അപഹരിച്ച ദുരന്തങ്ങള്‍. ചെറുതോണിയില്‍ നിന്നും പേപ്പാറയിലെത്തി പെരുങ്കാല ട്രൈബല്‍ കോളനി സന്ദര്‍ശിച്ചാല്‍ ഇപ്പോഴും ഭയം ജനിപ്പിക്കുന്ന തരത്തില്‍ ഉരുള്‍പൊട്ടലിന്റെ ശേഷിപ്പുകള്‍ കാണാം. നാലുപേരുടെ മരണത്തിനാണ് ഇവിടുത്തെ ഉരുള്‍പൊട്ടല്‍ കാരണമായത്. മൂന്നിടങ്ങളില്‍ റോഡ് ഭീകരമായ അവസ്ഥയില്‍ ഇടിഞ്ഞു തകര്‍ന്നിരിക്കുന്നു. മണിയാറന്‍ കുടി ഉള്‍പ്പെടെ വാഴത്തോപ്പ് പഞ്ചായത്തിലും മരിയാപുരം പഞ്ചായത്തിലും വിവിധ ഇടങ്ങളില്‍ വന്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സംഭവിച്ചു. പെരിയാര്‍ ഇപ്പോഴും കുത്തിയൊലിച്ച് പായുന്ന തടിയമ്പാടില്‍, തടിയമ്പാട് ചപ്പാത്ത് ഇപ്പോഴും വെള്ളത്തിനടിയിലാണ്. തടിയമ്പാട് വലിയ തോതില്‍ മണ്ണിടിച്ചിലും റോഡ് തകരലും ഉണ്ടായ പ്രദേശമാണ്. കരിമ്പനിലും മണ്ണിടിച്ചല്‍ വന്‍നാശമാണ് വിതച്ചത്. കരിമ്പന്‍ ടൗണ്‍ ഇപ്പോഴും സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വന്നിട്ടില്ല. കരിമ്പനിലും തടിയമ്പാടിലും മണ്ണിടിയാത്ത പ്രദേശങ്ങളാണ് കുറവ്. കരിമ്പന്‍ ഭൂരിഭാഗവും നശിച്ചെന്നു തന്നെ പറയാം. ഇവിടെ മൂന്നോളം പേര്‍ക്ക് ജീവഹാനിയും സംഭവിച്ചിട്ടുണ്ട്.

ജില്ലയില്‍ തന്നെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടായതെന്ന് പറയാവുന്ന ഉപ്പുതോട് നാലുപേരുടെ ജീവനെടുത്ത് കൊണ്ട് ഉപ്പുതോട് പള്ളിക്ക് സമീപത്തായി ഉണ്ടായ ഉരുള്‍പൊട്ടലില്‍ 25 ഏക്കറോളം സ്ഥലമാണ് ഒഴുകി പോയത്. ഉപ്പുതോട് നിന്ന് പതിനാറാംകണ്ടം, ചിന്നാര്‍, കമ്പളികണ്ടം, മുക്കം, കല്ലാര്‍കുടി വഴി അടിമാലി വരെ എത്തുമ്പോള്‍ ഒട്ടനവധി ഇടങ്ങളാണ് പൊട്ടിത്തകര്‍ന്ന് കിടക്കുന്നത്. കത്തിപ്പാറ മുതല്‍ അടിമാലി ടൗണ്‍ വരെയുള്ള റോഡ് ഏതാണ്ട് പൂര്‍ണമായി നശിക്കത്തക്ക രീതിയിലാണ് ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും ഉണ്ടായിരിക്കുന്നത്. മലകള്‍ ചെത്തിയിട്ടെന്നപോലെ ഇടിഞ്ഞു വീണിരിക്കുന്നു. അടിമാലിയില്‍ മാത്രം അഞ്ചോളം പേരാണ് മരിച്ചത്. അടിമാലിയില്‍ നിന്നും ആനച്ചാല്‍ വഴി ചിത്തിരപുരം, പള്ളിവാസല്‍ കടന്ന് മൂന്നാര്‍ ടൗണില്‍ എത്തുമ്പോഴും മണ്ണിടിച്ചിലിന്റെയും ഉരുള്‍പൊട്ടലിന്റെയും ഭീകരത കാണാം. ദേവികുളത്ത് മണ്ണിടിച്ചിലില്‍ മൂന്നുപേരും മൂന്നാര്‍ ടൗണില്‍ നിന്നും മാറി നല്ലതണ്ണി എല്‍ എഫ് ഗവ. ഹൈസ്‌കൂളിന് സമീപം മണ്ണിടിച്ചിലില്‍ നാലുപേരുമാണ് മരിച്ചത്. മൂന്നാറില്‍ പെരിയവരൈ പാലവും ആറ്റുകടവ് പാലവും തകര്‍ത്തത് വെള്ളമാണെങ്കില്‍, മൂന്നാര്‍ ഗവ. കോളേജ് സഹിതം തകര്‍ത്തുകൊണ്ട് അവിടെ ഉണ്ടായ ഉരുള്‍പൊട്ടല്‍ ഇതുവരെ കണ്ടതില്ലെല്ലാം ഭീകരമായതായി തോന്നുന്നതാണ്.

"</p

ഇടുക്കിയുടെ ഇപ്പോഴത്തെ അവസ്ഥയുടെ വളരെ ചെറിയൊരു വിവരണമാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. കനത്തമഴയും പ്രകൃതിക്ഷോഭവും തന്നെയാണ് ജില്ലയെ തകര്‍ത്തതെന്ന് വ്യക്തമാകാന്‍ ഇങ്ങനെയൊരു യാത്ര കൊണ്ട് കഴിയും. ഈ അവസ്ഥ കാണുന്നവര്‍ക്ക് ജില്ല പഴയരൂപത്തിലേക്ക് എത്താന്‍ കുറഞ്ഞത് പത്തുവര്‍ഷം എടുക്കുമെന്ന കണക്കില്‍ അത്ഭുതം ഉണ്ടാകുന്നില്ല. തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മാണം നടത്തുകയെന്നതുപോലും ഭൂരിഭാഗം ഇടങ്ങളിലും അസംഭവ്യമായിരിക്കുകയാണ്. റോഡുകളില്‍ അധികവും മലയുടെ ചെരുവില്‍ കൂറ്റന്‍ പാറകളോട് ചേര്‍ത്ത് ചെത്തിയുണ്ടാക്കിയവയാണ്. ഈ റോഡുകളാണ് തകര്‍ന്ന് താഴേക്ക് പോന്നിരിക്കുന്നത്. ഇനി പുതിയതായി വെട്ടിയുണ്ടാക്കാനും പറ്റില്ല; വെട്ടാനും ഒന്നുമില്ല.

ഇടുക്കിയിലെ പ്രകൃതി ദുരന്തത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് മഴയും കാലാവസ്ഥ വ്യതിയാനവും ആകുമ്പോള്‍, കാലാവസ്ഥയില്‍ ഉണ്ടായിരിക്കുന്ന വ്യതിയാനത്തിന് കാരണമായത് മനുഷ്യനാണെന്ന തിരിച്ചറിവ് സാധാരണക്കാരായവരില്‍ തൊട്ട് ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. ഇതുവരെ ഉണ്ടാകാത്തയിടങ്ങളിലാണ് ഇത്തവണ കൂടുതല്‍ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും ഉണ്ടായിരിക്കുന്നതെന്ന വസ്തുതയും ഭയപ്പെടുത്തുന്നതാണ്. പരിസ്ഥിതി ലോലപ്രദേശങ്ങളെന്ന് പറഞ്ഞിരിക്കുന്നയിടങ്ങളിലെല്ലാം നടക്കുന്ന കയ്യേറ്റങ്ങളും മൈനിംഗുകളും ജില്ലയെ മുഴുവനായി പൊട്ടിച്ചു കളയുകയാണ്. ഇത് അംഗീകരിക്കാന്‍ കഴിയാതെ ഇപ്പോഴും ഡാമുകളെ പഴി ചാരുന്നവര്‍ക്കും അറിയാവുന്നതാണ് ഇടുക്കി ഡാം തുറന്നാല്‍ അഞ്ചു പഞ്ചായത്തുകളെയും മുല്ലപ്പെരിയാര്‍ തുറന്നാല്‍ പന്ത്രണ്ട് പഞ്ചായത്തുകളെയും മാത്രം വെള്ളം ബാധിക്കുകയുള്ളൂവെന്ന്. എന്നാല്‍ ജില്ല ഏതാണ്ട് പൂര്‍ണമായി തകര്‍ന്നിരിക്കുമ്പോള്‍ അതിനു കാരണം ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പറയുന്ന കാരണങ്ങളാണെന്ന് തിരിച്ചറിയാന്‍ ഇപ്പോഴും ശ്രമിക്കുന്നില്ലെന്നത് ഇടുക്കിയുടെ ഭാവിയെ കൂടുതല്‍ അപകടത്തിലാക്കുകയാണെന്നാണ് വിദഗ്ധര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിക്കുന്നത്.

ജില്ലയുടെ മുക്കാല്‍ ഭാഗത്തും സംഭവിച്ചിരിക്കുന്ന നാശനഷ്ടങ്ങള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതിലോലം എന്നു പറഞ്ഞിരിക്കുന്ന പ്രദേശങ്ങളില്‍ തന്നെയാണ്. വന്‍തോതില്‍ മണ്ണ് എടുക്കുന്നതും ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതും ചട്ടങ്ങള്‍ ലംഘിച്ച് റിസോര്‍ട്ടുകളും ഹോട്ടലുകളും മറ്റും കെട്ടിപ്പൊക്കുന്നതും തന്നെയാണ് ഇത്ര വലിയ ആഘാതത്തിനു കാരണമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. സിഎച്ച്ആര്‍, ടിഎച്ച്ആര്‍ വനമേഖലകള്‍, മൂന്നാറിലെ പാര്‍വതി മലപോലെ മറ്റുള്ള സംരക്ഷിത വനമേഖലകള്‍ എന്നിവിടങ്ങളില്ലൊം വന്‍തോതിലാണ് വനനശീകരണം ഉള്‍പ്പെടെ നടന്നിരിക്കുന്നത്. ഇതിനൊപ്പം തന്നെ കാലാവസ്ഥയിലുള്ള മാറ്റവും കഴിഞ്ഞ വര്‍ഷം ഇടുക്കിയില്‍ മൊത്തം പെയ്തത് 175 സെന്റിമീറ്റര്‍ മഴയായിരുന്നെങ്കില്‍ പ്രളയത്തിന്റെ പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഏകദേശം 315 സെന്റീമീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്.

"</p

ചെറുതോണി, തടിയമ്പാട്, ഗാന്ധിനഗര്‍ മേഖലകള്‍ സംഭവിച്ചിരിക്കുന്ന കെടുതികളെ ചൂണ്ടിക്കാട്ടിയാണ് ഡാമുകളെ ചുറ്റിപ്പറ്റി ചര്‍ച്ചകള്‍ കൊണ്ടുവന്ന് അവ സജീവമായി നിലനിര്‍ത്തുന്നത്. തടിയമ്പാട്, ചെറുതോണി പാലത്തിന് അക്കരെയുള്ള ഗാന്ധിനഗര്‍, തടിയമ്പാട് എന്നിവിടങ്ങളില്‍ റോഡുകള്‍ തകരാനും വീടുകള്‍ തകരാനും മരണങ്ങള്‍ സംഭവിക്കാനുമെല്ലാം കാരണമായത് പെരിയാറില്‍ ഉണ്ടായ കുത്തിയൊഴുക്കല്ല; മണ്ണിടിച്ചിലാണ്. പെരിയാറിന്റെ ക്യാച്ച്‌മെന്റ് ഏരിയായില്‍ സംഭവിച്ചിരിക്കുന്ന നഷ്ടങ്ങള്‍ മാത്രമെ ഡാം തുറന്നു വിട്ടതുകൊണ്ട് ഉണ്ടായിട്ടുള്ളൂ. വീണ്ടും ഓര്‍മിപ്പിക്കേണ്ട കാര്യമാണ് ഇടുക്കിയില്‍ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ലെന്നത്. പെരിയാറിന്റെ കരകളില്‍ താമസിക്കുന്നവര്‍ക്ക് വീടും കൃഷിയിടങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവിടെയും നാം കാണാതെ പോകരുതാത്ത ഒന്ന്, കയ്യേറ്റമാണ്. മല കയ്യേറുന്നതുപോലെ തന്നെയാണ് പുഴ കയ്യേറുന്നതും. ചെറുതോണി പാലം കടന്ന് കുത്തിയൊലിച്ച് വന്ന വെള്ളം തങ്ങളുടെ 25-ഉം 40-ഉം ഏക്കര്‍ കൃഷിയിടങ്ങള്‍ ഒഴുക്കിക്കൊണ്ടുപോയെന്നു പറയുന്നവര്‍ ഉണ്ട്. പുഴയുടെ മധ്യത്തിലായി ഇപ്പോഴും തെങ്ങുകളും മരങ്ങളും തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. തങ്ങള്‍ക്ക് ഉണ്ടായിരുന്ന സ്ഥലത്തിന്റെ അതിരുകള്‍ ഓരോരുത്തരും പുഴയുടെ നടുവിലേക്ക് വിരല്‍ ചൂണ്ടിക്കാണിക്കുന്നൂ. അത്രയും സ്ഥലം തങ്ങളുടേതായിരുന്നുവെന്ന് പറയുന്നവരെല്ലാം തന്നെ പെരിയാറിനെ കയ്യേറിയെടുത്തുവരാണെന്നതാണ് വാസ്തവം.

ഡാമുകള്‍ക്ക് ഫിക്‌സ്ഡ് ക്യാച്ച്‌മെന്റ് ഏരിയാകളുണ്ട്. ചെറുതോണിയിലെ ആറു ഷട്ടറുകളും തുറന്നാല്‍ പെരിയാറില്‍ എവിടെവരെ വെള്ളം കയറുമെന്ന് മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഈ പരിധിയുടെ അകത്താണ് പലരും വീട് വച്ചിരിക്കുന്നത്, കൃഷിയിടങ്ങള്‍ ഉണ്ടാക്കായിരിക്കുന്നത്. ഇടുക്കി ഡാമില്‍ നിന്നും വെള്ളം ഇത്രകണ്ട് വരില്ലെന്നും ഇത്രവലിയ മഴ ഉണ്ടാകില്ലെന്നുമൊക്കെ വിശ്വസിച്ചവരാണ് ഇപ്പോള്‍ വെള്ളത്തിനു നടുവില്‍ നില്‍ക്കുന്നത്. ചെറുതോണി പാലത്തിന്റെ നീളവും ഇടുക്കി ചപ്പാത്തും കണ്ടാല്‍ അവ തമ്മിലുള്ള വ്യത്യാസം മനസിലാകും. ചെറുതോണി പ്രളയകാലത്തിനു മുമ്പ് വരെ ചെറിയൊരു ആറായാണ് ഒഴുകിക്കൊണ്ടിരുന്നത്. ചെറുതോണിയില്‍ എത്തിയപ്പോള്‍ എങ്ങനെ പെരിയാറിന് അതിന്റെ വ്യാപ്തി നഷ്ടമായതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കയ്യേറ്റം. ഇടുക്കി ഡാമിലെ വെള്ളം മഴുവന്‍ തുറന്നു വിട്ടാല്‍ ചെറുതോണി ടൗണിലെ ഫെഡറല്‍ ബാങ്ക് ഇരിക്കുന്ന കെട്ടിടം വരെ വെള്ളത്തില്‍ മുങ്ങും. ടൗണ്‍ മൊത്തത്തില്‍ ഇല്ലാതാവും. ഈ സത്യം അറിഞ്ഞുകൊണ്ടു തന്നെയാണ് ജനം സംഭവിച്ച ദുരന്തം സൗകര്യപൂര്‍വം മറന്നു മുന്നോട്ടുപോകുന്നത്.

"</p

ഇടുക്കി അതിന്റെ ചരിത്രത്തില്‍ ഇതുവരെ നേരിട്ടിട്ട് ഉള്ളതില്‍ ഏറ്റവും വലിയ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍, അതിന് കാലാവസ്ഥയില്‍ ഉണ്ടായ അപ്രതീക്ഷിത വ്യതിയാനവും കാരണാകുന്നുണ്ടെങ്കിലും അതിലുപരിയായ മനുഷ്യര്‍ ചെയ്ത പിഴവുകളാണ് ഈ മലയോര ജില്ല പൊട്ടിത്തകരാന്‍ പ്രധാന കാരണമെന്ന വിലയിരുത്തലുകളിലേക്കാണ് സാഹചര്യങ്ങള്‍ കൊണ്ടെത്തിക്കുന്നത്. ഇനിയൊരിക്കല്‍ കൂടി ഇതുപോലൊരു ദുരന്തം ആവര്‍ത്തിച്ചാല്‍ പിന്നെയൊരു തിരുത്തലിനുള്ള അവസരം മനുഷ്യന് കിട്ടിയെന്നുവരില്ല.

[ഭാഗം രണ്ട്- ആദ്യം കുടിയേറി, പിന്നെ കയ്യേറി; പ്രളയ കാലത്തിലേക്ക് ഇടുക്കിയെ കൊണ്ടു ചെന്നെത്തിച്ച മനുഷ്യര്‍]

പ്രളയാനന്തരം മൂന്നാറിലേക്ക്; ഒരു മാധ്യമ പ്രവര്‍ത്തകന്‍ കണ്ട മൂന്നാര്‍ (വീഡിയോ)

ഇതാണ് പ്രളയാനന്തര ഇടുക്കി; തകര്‍ന്ന ഗ്രാമങ്ങള്‍, ജീവിതം- ചിത്രങ്ങളിലൂടെ

PHOTO ESSAY: ‘ഉണ്ണീ ഓടിക്കോടാ’ എന്ന അപ്പാപ്പന്റെ നിലവിളിയാണ് മെറില്‍ ഒടുവില്‍ കേട്ടത്; ഉരുള്‍പൊട്ടല്‍ ഇല്ലാതാക്കിയ ഒരു നാട്

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍