UPDATES

അവര്‍ പഠിച്ചിട്ടില്ല; മൂന്നാറിനെ മുക്കിയ മുതിരപ്പുഴയാറിനെ വീണ്ടും മണ്ണിട്ട് മൂടുന്ന പ്രളയാനന്തര വികസനം

മണ്ണ് ഇട്ടത് പിഡബ്ല്യുഡിക്കാര്‍ ആണെന്നും പഞ്ചായത്ത് ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും പ്രസിഡന്റ് കറുപ്പാ സാമി

പ്രളയത്തില്‍ നിന്നും കര കയറി വരുന്ന മൂന്നാറിന്, സംഭവിച്ചതിനേക്കാള്‍ ഭയാനകമായ ദുരന്തം വരും കാലങ്ങളില്‍ നേരിടേണ്ടി വരുമെന്ന് ഉറപ്പിക്കുന്ന കാഴ്ച്ചയാണ് മുതിരപ്പുഴയാറില്‍ നിന്നും കാണുന്നത്. റോഡിലേക്ക് ഇടിഞ്ഞു വീണ മണ്ണ് ടിപ്പര്‍ ലോറികളായി മുതിരപ്പുഴയാറിന്റെ തീരത്തേക്ക് തളളുന്നു. പഞ്ചായത്ത് പോലും അറിയാതെ ഇത്തരം പ്രവര്‍ത്തി നടത്തിയത് പൊതുമരാമത്ത് വകുപ്പ് ആണെന്നതാണ് ഇതിലെ ഗൗരവമായ വിഷയം. മൂന്നാര്‍-മാട്ടുപ്പട്ടി റൂട്ടില്‍ പാലത്തിനപ്പുറം പോസ്റ്റ് ഓഫീസിന് സമീപം ഓട്ടോ സ്റ്റാന്‍ഡ് നില്‍ക്കുന്നതിന് തൊട്ടടുത്തുള്ള കരയില്‍ നിന്നാണ് ടിപ്പറില്‍ കൊണ്ടുവന്ന മണ്ണ് പുഴയിലേക്ക് തട്ടിയത്. മണ്ണ് തട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടവര്‍ വിവരം വിളിച്ചു പറയുമ്പോഴാണ് ഇങ്ങനെയൊരു സംഭവം നടന്ന കാര്യം പഞ്ചായത്ത് സെക്രട്ടി അറിയുന്നത്. ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. കറുപ്പാസാമിയെ ബന്ധപ്പെട്ടപ്പോള്‍ ആദ്യം ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് അഴിമുഖത്തോട് പ്രതികരിച്ചത്. ചിത്രങ്ങള്‍ സഹിതം തെളിവുകള്‍ ഉണ്ടെന്നു പറഞ്ഞപ്പോള്‍, സെക്രട്ടറി സ്ഥലത്ത് പോയി നോക്കിയിരുന്നുവെന്നും ഇപ്പോള്‍ മണ്ണ് തട്ടുന്നില്ലെന്നും പ്രസിഡന്റ് അറിയിച്ചു. അഴിമുഖത്തില്‍ നിന്നും വിളിച്ചതിനു പിന്നാലെ പഞ്ചായത്ത് പ്രസിഡന്റ് സംഭവ സ്ഥലത്തേക്ക് പോവുകയും അവിടെ നിന്നും വീണ്ടും ബന്ധപ്പെടുകയും ചെയ്തു. മണ്ണ് ഇട്ടത് പിഡബ്ല്യുഡിക്കാര്‍ ആണെന്നും പഞ്ചായത്ത് ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും പ്രസിഡന്റ് കറുപ്പാ സാമി പറഞ്ഞു. തള്ളിയ മണ്ണ് അവിടെ നിന്നും നീക്കം ചെയ്യിക്കുമെന്നും അദ്ദേഹം അഴിമുഖത്തോട് വ്യക്തമാക്കി.

"</p

ഇത്തവണത്തെ പ്രളയത്തില്‍ മൂന്നാറിന് അതിന്റെ കഴിഞ്ഞകാലങ്ങളെക്കാള്‍ തീവ്രമായ തിരിച്ചടിയാണ് ഉണ്ടായത്. ഇടുക്കിയിലെ മറ്റിടങ്ങളെ അപേക്ഷിച്ച് ദുരന്തത്തിന്റെ വ്യാപ്തി കുറവായിരുന്നെങ്കിലും മൂന്നു നാലു ദിവസങ്ങള്‍ മൂന്നാര്‍ പൂര്‍ണമായി ഒറ്റപ്പെട്ടു കിടന്നിരുന്നു. നിരവധി സ്ഥലങ്ങളില്‍ ശക്തമായ മണ്ണിടിച്ചല്‍ ഉണ്ടായി. ദേവികുളത്തും നല്ലതണ്ണിയിലും മണ്ണിടിച്ചിലില്‍ ഏഴുപേര്‍ മരിച്ചു. മൂന്നാര്‍ ഗവ. കോളജ് കെട്ടിടം പൂര്‍ണമായി തകര്‍ന്നു. മണ്ണിടിച്ചിലിനൊപ്പം തന്നെയാണ് വെള്ളപ്പൊക്കവും മൂന്നാറിനെ ബാധിച്ചത്. ഇടുക്കി ഡാമിനു പിന്നാലെ മാട്ടുപ്പെട്ടി ഡാമും കൂടി തുറന്നതോടെ മൂന്നാര്‍ വെള്ളത്തിനിടയിലാവുകയായിരുന്നു. മൂന്നാറിലെ ചെക്ക് ഡാമിന്റെ ഷട്ടര്‍ തുറന്ന് വെള്ളം ഒഴുക്കി കളയുന്നതുവരെ പ്രളയം മൂന്നാറിനെ മൂടിയിരുന്നു. മറയൂര്‍-മൂന്നാര്‍ പാതയിലെ പെരിയവാരൈ പാലം പൂര്‍മായി തകര്‍ന്നു ഗതാഗതം ഇപ്പോഴും പുനഃസ്ഥാപിക്കാന്‍ കഴിയാതെ വന്നിരിക്കുന്നതും വിനോദസഞ്ചാര കേന്ദ്രമായ ആറ്റുകാട് പാലം തകര്‍ത്തതുമെല്ലാം വെള്ളത്തിന്റെ ആഘാതത്തിലാണ്.

"</p

മൂന്നാര്‍ ഇപ്പോള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടുണ്ട്. സഞ്ചാരികളെ തിരികെ കൊണ്ട് വന്ന് വീണ്ടും സജീവമാകാന്‍ തീവ്രമായി ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. ആയിരത്തിയിരുന്നൂറോളം പേര്‍, വിവിധ സ്ഥലങ്ങളില്‍ നിന്നെത്തി ദിവസങ്ങളോളം പരിശ്രമിച്ചു മൂന്നാറിനെ ക്ലീന്‍ മൂന്നാറാക്കി മാറ്റിയതാണ്. ഇതിനെല്ലാം പിന്നാലെയാണ് മൂന്നാറിന്റെ ഭാവി നിശ്ചയിക്കാന്‍ കഴിവുള്ള മുതിരപ്പുഴയാറിനെ വീണ്ടും വീണ്ടും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. പുഴയോരത്ത് ലോഡ് കണക്കിനായി കൊണ്ടുവന്ന് തള്ളിയിരിക്കുന്ന മണ്ണ് ചെറിയൊരു മഴ പെയ്താല്‍ തന്നെ ഒഴുകി പുഴയിലേക്ക് എത്തും. പുഴ മൂടും.

മൂന്നാറിലെ ഇത്തവണത്തെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മുന്‍കാലങ്ങളെ അപേക്ഷിച്ച് ഭീകരമായിരുന്നുവെന്ന് മൂന്നാറുകാര്‍ സമ്മതിക്കുന്നുണ്ട്. മുതിരപ്പുഴയാറിന്റെ വീതി കുറഞ്ഞു വന്നതു തന്നെയാണ് വെള്ളപ്പൊക്കം ഇത്രകണ്ട് രൂക്ഷമാകാന്‍ കാരണം. ഡാമുകള്‍ തുറന്നു വിട്ടപ്പോള്‍ എത്തിയ വെള്ളം വീതി കുറഞ്ഞ ആറില്‍ നിന്നും കരയിലേക്ക് കയറി പരന്നൊഴുകയായിരുന്നു. മലവെള്ളപ്പാച്ചില്‍ വന്നാല്‍ പോലും ഇപ്പോള്‍ മുതിരപ്പുഴയാര്‍ കരവിട്ടൊഴുകുന്ന സ്ഥിതിയാണ്. മൂന്നാറിനെ വെള്ളത്തിനിടയിലാക്കാന്‍ അതു തന്നെ മതിയാകും. കണ്ണിമലയാറില്‍ നിന്നും നല്ലതണ്ണിയാറില്‍ നിന്നും കുണ്ടളയാറില്‍ നിന്നും വരുന്ന വെള്ളമാണ് മുതിരപ്പുഴയാറില്‍ വന്നു ചേര്‍ന്ന് ഒഴുകുന്നത്. ഇതില്‍ നല്ലതണ്ണിയാറിലും കണ്ണിമലയാറിലും സ്വാഭാവികമായ വെള്ളമാണ് കാണുന്നതെങ്കിലും മാട്ടുപെട്ടി ഡാമും കുണ്ടള ഡാമുമുള്ള കുണ്ടളയാറ്റില്‍ നിന്നും ഡാമില്‍ നിന്നുള്ള വെള്ളം കൂടി മുതിരപ്പുഴയാറിലേക്ക് ഒഴുകിയെത്തും. ഇത്തവണ മാട്ടുപെട്ടി ഡാം തുറന്നപ്പോള്‍ മുതിരപ്പുഴയാറില്‍ വെള്ളം പൊങ്ങി പരന്നൊഴുകാന്‍ കാരണമായത് പുഴ അനധികൃതമായി നികത്തി വരുന്നതിന്റെ ഫലമായിരുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. പുഴയ്ക്ക് ആഴം ഇല്ലാതായിരിക്കുകയാണ്. മണ്ണുമൂടി പുഴയുടെ ആഴം കുറയുന്നതോടെ ഉയര്‍ന്ന നിരപ്പില്‍ ജലത്തിന് നില്‍ക്കാന്‍ കഴിയാതെ വരികയും പരന്നൊഴുകേണ്ടി വരികയും ചെയ്യുന്നു. ഇത്തവണ അതാണ് കണ്ടതെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

"</p

ദേശീയ പാതയുടെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട ദേവികുളത്ത് മണ്ണെടുത്തത് മുഴുവന്‍ മുതിരപ്പുഴയാറിന്റെ തീരത്താണ് തള്ളിയത്. മണ്ണ് പുഴയില്‍ ഇടുന്നതിനെതിരേ വിവരം ജലവകുപ്പ് മന്ത്രിയെ അറിയിക്കുകയും തുടര്‍ന്ന് മന്ത്രിതലത്തില്‍ നിന്നുള്ള ഇടപെടലിലൂടെ മണ്ണിടുന്നതിന് സ്റ്റോപ്പ് മെമ്മോ നല്‍കിയതുമാണ്. എന്നാല്‍ തനിക്കുള്ള രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കരാറുകാരന്‍ മണ്ണ് പുഴയോരത്ത് തന്നെ തള്ളുകയാണ് ഉണ്ടായതെന്ന് മൈ മൂന്നാര്‍ മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ പറയുന്നു. ഈ മണ്ണ് മുഴുവന്‍ പ്രളയകാലത്തെ മഴയില്‍ പുഴയിലേക്ക് ഒഴുകിയടിയുകയായിരുന്നു. ഈ അപകടം തന്നെയാണ് ഒരു മഹാപ്രളയത്തിനു ശേഷവും മൂന്നാറില്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്നാണ് പുതിയ കാഴ്ച്ചകള്‍ പറയുന്നത്.

പുഴയിലേക്ക് തള്ളിവിടുന്ന മണ്ണ് ഒഴുകി ഡാമില്‍ ചെന്ന് അടിയുന്നുമുണ്ട്. തന്മൂലം ഡാമിലെ ജലസംഭരണശേഷി കുറയുകയാണ്. ഇത്തവണത്തെ വെള്ളപ്പൊക്കത്തിന് അത്തരമൊരു കാരണം കൂടിയുണ്ടായിരുന്നു. മുതിരപ്പുഴയാറില്‍ നിന്നുള്ള മണ്ണ് അടിഞ്ഞു കൂടി സംഭരണശേഷി കുറഞ്ഞ സ്ഥിതിയിലായിരുന്ന ചെക്ക് ഡാമില്‍ കനത്ത മഴയുടെയും ഇടുക്കി, മാട്ടുപ്പെട്ടി ഡാമുകളില്‍ നിന്നൊഴുകിയെത്തിയ വെള്ളവും പെട്ടെന്ന് നിറഞ്ഞപ്പോള്‍ പുറകിലേക്ക് ഒഴുകി പോന്നതും മൂന്നാര്‍ മുങ്ങാന്‍ കാരണായി. മാട്ടുപ്പെട്ടി ഡാം ഇതാദ്യമായിട്ടല്ല തുറന്നതും. മുന്‍പും ഡാം തുറന്നിട്ടുള്ളതാണ്. ആ സമയത്ത് പഴയ മൂന്നറില്‍ അടയാളം നിശ്ചയിച്ചിട്ടുള്ള ഭാഗം വരെ മാത്രമാണ് വെള്ളം വന്നിരുന്നത്. ടൗണിലേക്ക് വെള്ളം കയറാതിരുന്നിടത്ത് ഇപ്പോഴവിടവും മുങ്ങി.

എന്തുകൊണ്ട് മൂന്നാര്‍ മുങ്ങി എന്നതിന് ഏറ്റവും ലളിതമായ മറുപടിയാണ് മുതിരപ്പുഴയാര്‍. ഇല്ലാതായിക്കൊണ്ടിരിക്കുന്ന പുഴയെ വീണ്ടെടുക്കാനല്ല, മഹാദുരന്തത്തിനു ശേഷവും മനുഷ്യന്‍ ശ്രമിക്കുന്നത്, വീണ്ടും വീണ്ടും കൊല്ലാനാണ് ഉത്സാഹിക്കുന്നതെന്നതിന്റെ തെളിവ് തന്നെയാണ് മുതിരപ്പുഴയാറിന്റെ തീരത്തേക്ക് ടിപ്പറില്‍ കൊണ്ടുവന്നു തള്ളിയ മണ്ണ്…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍