UPDATES

ട്രെന്‍ഡിങ്ങ്

അനധികൃത നിര്‍മാണങ്ങളും കയ്യേറ്റവുമാണ് മൂന്നാറിനെ ഇല്ലാതാക്കുന്നത്; മാധ്യമങ്ങളല്ല

‘മാധ്യമ ഭീകരത’യ്‌ക്കെതിരേ ഇന്നു മൂന്നാറില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കടകള്‍ അടച്ചുള്ള പ്രതിഷേധവും പൊതുയോഗങ്ങളും

മൂന്നാറിനെ തകര്‍ക്കുന്ന ‘മാധ്യമ ഭീകരത’യ്‌ക്കെതിരേ ഇന്നു മൂന്നാറില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കടകള്‍ അടച്ചുള്ള പ്രതിഷേധവും പൊതുയോഗങ്ങളും സംഘടിപ്പിക്കുകയാണ്. മൂന്നാറിലെ എല്ലാ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-മത സംഘടനനകളും ജനപ്രതിനിധികളും ഈ ജനകീയ സമിതിയില്‍ പങ്കാളികളാണ്. മൂന്നാറിലെ സ്വൈര്യജീവിതം തകര്‍ക്കുന്നു, ജില്ലയില്‍ എവിടെ കയ്യേറ്റം നടന്നാലും മൂന്നാറുമായി ബന്ധിപ്പിക്കുന്നു, ടൂറിസം സീസണ്‍ ഗൂഢാലോചനയാലെന്നപോലെ തകര്‍ക്കുന്നു എന്നീ ആരോപണങ്ങളാണ് പ്രധാനമായും മാധ്യമങ്ങളുടെ മേല്‍ പ്രതിഷേധക്കാര്‍ ചുമത്തിയിരിക്കുന്നത്.

എന്നാല്‍ വ്യാപാരികളില്‍ തന്നെ ഒരുവിഭാഗം വിട്ടുനില്‍ക്കുന്നതും, സാധാരണക്കാരായ ജനങ്ങളില്‍ ഭൂരിഭാഗവും ഇതില്‍ പങ്കാളികളാകാതെ മാറിനില്‍ക്കുന്നതും ‘ജനകീയ സമിതി’യുടെ പ്രതിഷേധത്തന്റെ മറ്റൊരു വശമാണ് കാണിക്കുന്നത്. മൂന്നാറിന്റെ യഥാര്‍ത്ഥവശം.

മാധ്യമങ്ങള്‍ എഴുതുന്നതും കാണിക്കുന്നതും മൂന്നാറിനെ തകര്‍ക്കാനുള്ള കാര്യങ്ങളാണെങ്കില്‍ മൂന്നാറിലെ കയ്യേറ്റങ്ങളെ കുറിച്ചും അനധികൃത നിര്‍മാണങ്ങളെ കുറിച്ചും ഉദ്യോഗസ്ഥര്‍ തന്നെ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ ആരെയെങ്കിലും വഞ്ചിക്കാനുള്ളതാണോ? മൂന്നാറില്‍ ഇപ്പോള്‍ രാത്രികാലങ്ങളില്‍ കിടന്നുറങ്ങാന്‍ ഫാന്‍ വേണമെന്ന നിലയിലേക്ക് കാലാവസ്ഥ മാറുന്നതും ആരെങ്കിലും ചേര്‍ന്നു നടത്തുന്ന ഗൂഢാലോചനയുടെ ഫലമാണോ? കോണ്‍ക്രീറ്റ് കെട്ടിങ്ങള്‍ മൂന്നാറിന്റെ പരിസ്ഥിതിക്ക് അനുകൂലമല്ലെന്നറിഞ്ഞിട്ടും എവിടെയും അതേ രീതിയിലുള്ള കെട്ടിടങ്ങള്‍ ഉയര്‍ന്നു വരുന്നത് മാധ്യമങ്ങളുടെ ഗൂഡാലോചനയാണോ?

ജില്ലയില്‍ എവിടെ കയ്യേറ്റമോ അനധികൃത നിര്‍മാണോ നടന്നാലും അതെല്ലാം മൂന്നാറിന്റെ പേരില്‍ റിപ്പോര്‍ട്ട് ചെയ്യുകയാണെന്ന് മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നവര്‍ ഇന്നു നടക്കുന്ന പ്രതിഷേധത്തിനു നേതൃത്വം നല്‍കുന്നവരില്‍ മൂന്നാര്‍ ടൗണിനു പുറത്തുള്ള മുതലാളിമാരുടെ പങ്കാളിത്വം മറച്ചുവയ്ക്കുകയാണോ? മാധ്യമങ്ങളായാലും ഉദ്യോഗസ്ഥരായാലും ഇപ്പോള്‍ പറയുന്ന കയ്യേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും മൂന്നാര്‍ ടൂറിസവുമായി ബന്ധപ്പെട്ട് തന്നെ നടക്കുന്നവയാണ്.

ചിന്നാര്‍ മുതല്‍ പെരുവന്താനം വരെയുള്ള കേരള-തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന 250 ചതുരശ്ര കിലോമീറ്ററോളം പ്രദേശങ്ങളാണ് ഇടുക്കി ജില്ലയില്‍ പശ്ചിമഘട്ടത്തിന്റെ ഭാഗമായി വരുന്നത്. വ്യാപകമായ കയ്യേറ്റങ്ങളും അനധികൃത കെട്ടിട നിര്‍മാണങ്ങളും പാറ ഖനനവും വനനശീകരണവും ജല മലിനീകരണവും പ്രകൃതിക്കു ദോഷകരമായ യൂക്കാലി, ഗ്രാന്റീസ് മരങ്ങളുടെ അമിതമായ കൃഷിയും ഈ പ്രദേശത്തെ വ്യാപകമായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

മൂന്നാര്‍ പൊലീസ് സബ് ഡിവിഷനില്‍ വരുന്ന മറയൂര്‍, മൂന്നാര്‍ അടമാലി, ദേവികുളം ശാന്തന്‍പാറ, രാജക്കാട്, വെള്ളത്തൂവല്‍ എന്നീ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളും കട്ടപ്പന സബ് ഡിവിഷനില്‍ വരുന്ന നെടുങ്കണ്ടം, കമ്പംമെട്ട്, കട്ടപ്പന, വണ്ടന്‍മേട്, കുമളി, വണ്ടിപ്പെരിയാര്‍, പീരുമേട്, വാഗമണ്‍ എന്നീ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളും തൊടുപുഴ സബ് ഡിവിഷനിലെ കാഞ്ഞാര്‍, കുളമാവ്, ഇടുക്കി, മുരിക്കാശ്ശേരി എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളുമാണ് ഇവയില്‍ ഉള്‍പ്പെടുന്നത്.

ഇതില്‍ മറയൂര്‍, മൂന്നാര്‍, അടിമാലി, ദേവികുളം, ശാന്തന്‍പാറ, രാജക്കാട്, വെള്ളത്തൂവല്‍, നെടുങ്കണ്ടം, കമ്പംമെട്ട്, കട്ടപ്പന, വണ്ടന്‍മേട്, കുമളി, വണ്ടിപ്പെരിയാര്‍, പീരുമേട്, വാഗമണ്‍, കുളമാവ് എന്നീ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ ടൂറിസം വികസനത്തിന്റെ പേരില്‍ ബന്ധപ്പെട്ട അധികാരികളുടെ മൗനാനുവാദത്തോടുകൂടി പ്രകൃതിക്ക് ദോഷം വരത്തക്കവിധം അശാസ്ത്രീയമായി മലകള്‍ ഇടിച്ചു നിരത്തിയും ചതുപ്പ് നിലങ്ങള്‍ മണ്ണിട്ട് നികത്തിയയും ജലസ്‌ത്രോതസുകള്‍ അടച്ചും ബഹുനില കെട്ടിടങ്ങള്‍ പണിതുകൊണ്ടിരിക്കുകയാണ്. കുന്നുകളുടെ അടിവാരത്തിലും ചരിവിലും നിര്‍മിച്ചു കൊണ്ടിരിക്കുന്ന ബഹുനില കെട്ടിടങ്ങള്‍ക്കൊന്നും നിയമാനുസരണമുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നതാണു വാസ്തവം.

ഒരപകടം ഉണ്ടായാല്‍ വലിയ വിലകൊടുക്കേണ്ടി വരും
മൂന്നാറിലെ ടൂറിസം വികസനത്തിന്റെ പേരില്‍ ബഹുനില മന്ദിരങ്ങളും റിസോര്‍ട്ടുകളും ഒന്നിനു പിറകെ ഒന്നായി വരുമ്പോഴും ആരും ഓര്‍ക്കാതെ പോകുന്നതോ മന:പൂര്‍വം മറച്ചുവയ്ക്കുന്നതോ ആയ ഒരു സംഗതിയുണ്ട്. മൂന്നാറില്‍ ഒരു പ്രകൃതിക്ഷോഭം ഉണ്ടായാല്‍, മനുഷ്യജീവനുകള്‍ എത്രത്തോളം രക്ഷപ്പെടുത്താമെന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു തീപിടുത്തമോ മണ്ണിടിച്ചിലോ ഉരുള്‍പൊട്ടലോ മറ്റു പ്രകൃതി ദുരന്തങ്ങളോ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ വാഹനങ്ങളോ സാധന സാമഗ്രികളോ കൊണ്ടെത്തിക്കുന്നതിനും സുരക്ഷ പ്രവര്‍ത്തകര്‍ക്ക് കടന്നു ചെല്ലുന്നതിനും ഉതകുന്ന തരത്തില്‍ റോഡുകള്‍പോലും ഈ റിസോര്‍ട്ടുകളിലേക്കോ ഹോട്ടലുകളിലേക്കോ ഇല്ലെന്നത് ഇടുക്കി ജില്ല പൊലീസ് മേധാവി സബ് കളക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്.

അതിനുള്ള ചില ഉദാഹരണങ്ങളും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പള്ളിവാസല്‍ വില്ലേജ് രണ്ടാം മൈല്‍ കരയില്‍ സര്‍വെ നമ്പര്‍ 19/1 8/21 ല്‍ പെട്ട ബ്ലോക്ക് നമ്പര്‍ 14 ല്‍ ഉള്‍പ്പെട്ട സ്ഥലത്ത് ബേബി ഫിലിപ്പ്, മുണ്ടരിക്കുന്നേല്‍ വീട്, പാമ്പടക്കുട എന്നയാള്‍ 3116.78 m2 ല്‍ പണിതു തീര്‍ത്തുകൊണ്ടിരിക്കുന്ന കെട്ടിടം കിഴക്കാം തൂക്കായി കിടക്കുന്നതും പരിസ്ഥിതി പ്രാധാന്യമുള്ളതുമായ സ്ഥലത്താണ്. ഈ പ്രദേശത്ത് ഭൂമികുലുക്കമോ മണ്ണിടിച്ചിലോ മറ്റോ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചേരാന്‍ വളരെ ബുദ്ധിമുട്ടാണ്.

പള്ളിവാസല്‍ വില്ലേജ് രണ്ടാം മൈല്‍ കരയില്‍ സര്‍വ്വെ നമ്പര്‍ 35/12 13 14 35/201 പെട്ട സ്‌ളത്ത് മാസ്റ്റര്‍ ബില്‍ഡേഴ്‌സ് പ്രൈ. ലിമിറ്റഡ് എന്ന സ്ഥാപനം 3090 M2 ല്‍ പണി തീര്‍ത്തുകൊണ്ടിരിക്കുന്ന കെട്ടിടം കുത്തനെയുള്ള കുന്ന് വന്‍തോതില്‍ ഇടിച്ചുമാറ്റി പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വിധത്തിലാണു പണിയുന്നത്. ഇവിടെയും അപകടം നടന്നാല്‍ രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടിലാകും.

ഇതുപോലെ പള്ളിവാസല്‍ വില്ലേജ് രണ്ടാം മൈല്‍ കരയില്‍ സര്‍വ്വെ നമ്പര്‍ 216/12, 216/16 ല്‍പ്പെട്ട ബ്ലോക്ക് നമ്പര്‍ 14 എന്ന സ്ഥലത്ത് മുജീബ് റഹ്മാന്‍, പച്ചപാലയില്‍ വീട്, മൂവാറ്റുപുഴ എന്നയാള്‍ 4966 82 M2 ല്‍ മൂന്നാം മൈലില്‍ പണിതു തീര്‍ത്തു കൊണ്ടിരിക്കുന്ന കെട്ടിടവും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്തതും രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടേറിയതുമാണ്.

ശാന്തന്‍പാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ചിന്നക്കനാല്‍ വില്ലേജ് സൂര്യനെല്ലി കരയില്‍ ലോവര്‍ സൂര്യനെല്ലി ഭാഗത്തുള്ള സര്‍വെ നമ്പര്‍ 20/1 പെട്ട ഒരേക്കര്‍ 22 സെന്റ് സ്ഥലത്ത് റോഡിനോട് ചേര്‍ന്ന് 9 നിലകളില്‍ പണിയുന്ന കെട്ടിടം, ശാന്തന്‍പാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ചിന്നക്കനാല്‍ വില്ലേജ് ലോവര്‍ സൂര്യനെല്ലി ഭാഗത്ത് സര്‍വെ നമ്പര്‍ 56/6ല്‍(TP NO 421(A) പെട്ട 34.05 സെന്റില്‍ അരുളാനന്ദം മകന്‍ സുന്ദര്‍ദാസ് മല ഇടിച്ചു നിരത്തി നിര്‍മിച്ചിട്ടുള്ള ബഹുനില മന്ദിരം, പൂപ്പാറ വില്ലേജില്‍ ആനായിറങ്കാലില്‍ നിര്‍മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ (ഈ പ്രദേശം ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും വളരെയേറെ സാധ്യതകള്‍ ഉള്ള സ്ഥലമാണ്), പള്ളിവാസല്‍ വില്ലേജില്‍ ചിത്തിരപുരം കരയിലെ കെട്ടിടം ഇവയെല്ലാം തന്നെ ഇടുക്കി ജില്ല പൊലീസ് മേധാവിയായിരുന്ന എ വി ജോര്‍ജ് ഐപിഎസ്, ദേവികുളം സബ് കളക്ടര്‍ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്ന അനധികൃത നിര്‍മാണങ്ങളാണ്. ഇതെല്ലാം തന്നെ മൂന്നാര്‍ ടൂറിസത്തിന്റെ ഭാഗമായാണ്.

മൂന്നാര്‍ ടൗണില്‍ നിന്നു മാറിയുള്ളതാണെങ്കിലും വ്യാപാരാവശ്യത്തിനായി നിര്‍മിക്കുന്ന ഈ നിര്‍മാണങ്ങളെല്ലാം തന്നെ മൂന്നാറിന്റെ ടൂറിസം സാധ്യതയില്‍ നിന്നും ലാഭം കൊയ്യാന്‍ ആയിട്ടുള്ളതാണെന്ന് വ്യക്തമാകുന്ന സ്ഥിതിക്ക് ഇവയെ കുറിച്ചു പറയുന്നതും കാണിക്കുന്നതും മാധ്യമ ഭീകരതയോ ഉദ്യോഗസ്ഥ ഗൂഢാലോചനയോ ആയി ചിത്രീകരിക്കുന്നവരല്ലേ യഥാര്‍ത്ഥത്തില്‍ മൂന്നാറിനെ തകര്‍ക്കുന്നത്?

വികസന പ്രവര്‍ത്തനങ്ങളുടെയും ടൂറിസത്തിന്റെയും പേരില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന അതിരുവിട്ട കയ്യേറ്റങ്ങളും ചൂഷണങ്ങളും പശ്ചിമഘട്ടത്തെ പൊതുവില്‍ ദുര്‍ബലപ്പെടുത്തി കൊണ്ടിരിക്കുകയാണ്. കാലവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന മഴയുടെ ലഭ്യതക്കുറവ് ഇവിടെ സാരമായി ബാധിക്കുന്നുണ്ടെന്നു പഠനങ്ങള്‍ പറയുന്നു. ജൈവസമ്പത്തിന്റെ ശോഷണം തടയുക, ജലസമ്പത്ത് നിലനിര്‍ത്തുക, സുസ്ഥിര വികസനം ഉറപ്പാക്കുക, ആദിവാസികളുടെയും വനവാസികളുടെയും ദുര്‍ബല വിഭാഗത്തില്‍പ്പെടുന്ന പാവപ്പെട്ടവരുടെയും അവകാശം (നിലവില്‍ മൂന്നാറില്‍ ഭൂമിയില്ലാത്തവരും ഇവരാണ്) സംരക്ഷിക്കുക, പരിസ്ഥിതി ദുര്‍ബല മേഖലകളെ മെച്ചപ്പെടുത്തുക എന്നിവയൊക്കെ സാധ്യമാകണമെങ്കില്‍ പശ്ചിമഘട്ടം എന്ന ആവാസവ്യവസ്ഥയെ സംരക്ഷിക്കണം. ഇവിടെ നടക്കുന്ന ഏതൊരു കയ്യേറ്റത്തേയും പ്രതിരോധിക്കണം. പക്ഷേ അതിനെതിരേ ജനങ്ങളില്‍ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ച് പ്രതിഷേധത്തിനിറക്കുകയാണ് ഇപ്പോള്‍ നടക്കുന്നത്.

മൂന്നാറില്‍ നടപ്പാക്കേണ്ടത്
ജില്ല പൊലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഈ നിര്‍ദേശങ്ങള്‍ കൂടി ശ്രദ്ധിക്കുക

1- ബ്രിട്ടീഷുകാരുടെ കാലത്ത് മൂന്നാര്‍ പ്രദേശങ്ങളില്‍ ചെയ്തുവന്നിരുന്നതുപോലെ ഭൂമിയുടെ ഘടനയ്ക്കു മാറ്റം വരാതെയുള്ള കെട്ടിട നിര്‍മാണശൈലി അവലംബിക്കുക. ഒരു നില കെട്ടിയുള്ള നിര്‍മാണം മാത്രം പ്രോത്സാഹിപ്പിക്കുക, പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം മൂന്നു നിലവരെയുള്ള കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കുക, ഇതിനായി ഒരു നിയമനിര്‍മാണം നടത്തുക.

2- പശ്ചിമഘട്ട മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന വന്‍കിട കരിങ്കല്‍ ക്വാറികളുടെ അനുമതി നിഷേധിക്കുക, ഭാവിയില്‍ ഇത്തരം ക്വാറികള്‍ പ്രവര്‍ത്തിക്കില്ലെന്നും ഉറപ്പുവരുത്തുക, എന്നാല്‍ സാധാരണക്കാരായ ജനങ്ങള്‍ക്കു വീട് പണിയുന്നതിനും മറ്റും ആവശ്യമായ പരിമിതമായ പാറ പൊട്ടിച്ചെടുക്കുന്നതിന് അനുമതി നല്‍കാവുന്നതാണ്.

3 യൂക്കാലി, ഗ്രാന്റീസ് കൃഷിയുടെ ദോഷവശങ്ങളെ പറ്റി ജനങ്ങളെ ബോധവത്ക്കരിക്കുകയും മേലില്‍ യൂക്കാലി, ഗ്രാന്റീസ് മരങ്ങള്‍ നടുന്നത് നിരോധിക്കേണ്ടതും യൂക്കാലി, ഗ്രാന്റീസ് മരങ്ങള്‍ കൃഷി ചെയ്തിട്ടുള്ള മുഴുവന്‍ പ്രദേശത്തു നിന്നും അവ പിഴുതി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, ഇവിടെ ശീതകാല പച്ചക്കറി കൃഷി ആരംഭിക്കുക.

4- റവന്യു ഭൂമിയിലേയും വനഭൂമിയിലേയും അനധികൃത കയ്യേറ്റങ്ങള്‍ തടയുക, അനധികൃത നിര്‍മാണങ്ങള്‍ ഒഴിപ്പിക്കുക. കയ്യേറ്റ ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടുക.

ഇടുക്ക ജില്ല പോലുള്ള പരിസ്ഥിതിലോല പ്രദേശത്ത് പ്രകൃതിയുടെ സന്തുലിതാവസ്ഥ തകിടം മറിക്കുന്ന രീതിയില്‍ നിര്‍മാണ ചട്ടങ്ങള്‍ നഗ്നമായി ലംഘിച്ചു നടക്കുന്ന കോണ്‍ക്രീറ്റി നിര്‍മാണങ്ങള്‍ വെറും ലാഭം മാത്രം നോക്കിയുള്ളതാണെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ഇതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ കൂട്ടുനില്‍ക്കുന്നതായും ചൂണിക്കാണിക്കുന്നു. കെട്ടിടങ്ങളില്‍ തീപിടുത്തമോ മറ്റു പ്രകൃതി ദുരന്തമോ ഉണ്ടായാല്‍ മിക്ക കെടിടങ്ങളിലേയ്ക്കും ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാതെ വരികയും നിരവധി ജീവനുകള്‍ നഷ്ടപെടാന്‍ ഇടയാവുകയും ചെയ്യും. മൂന്നു നിലകളുള്ള കെട്ടിടങ്ങള്‍ക്ക് മാനദണ്ഡപ്രകാരമുള്ള റോഡ് സൗകര്യം ഉണ്ടാകേണ്ടതാണ്. അതില്ലെങ്കിലും അവര്‍ക്ക് അതിനുള്ള മൗനാനുവാദം നല്‍കുകയാണ് ഉദ്യോഗസസ്ഥര്‍ ചെയ്യുന്നത്.

ഈ വസ്തുതകളെ കുറിച്ചെല്ലാം എഴുതുമ്പോഴും പറയുമ്പോഴും അതെല്ലാം മൂന്നാറിനെ തകര്‍ക്കാന്‍ ആണെന്നു പറയുന്നവരോട് തിരിച്ചു ചോദിക്കട്ടെ, യഥാര്‍ത്ഥത്തില്‍ ആരാണ് മൂന്നാറിനെ തകര്‍ക്കുന്നത്?

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍