UPDATES

ചരിത്രം ആരും ഈസിയായി തിരുത്തിയതല്ല, അഗസ്ത്യകൂടം കയറാന്‍ പെണ്ണിന് അനുമതി ലഭിച്ചതിന് പിന്നില്‍ ഈ സ്ത്രീകളുടെ പോരാട്ടമാണ്

ആചാരത്തിന് മുന്നില്‍ തെന്നിക്കളിച്ചുകൊണ്ടിരുന്ന വലത്-ഇടത് സര്‍ക്കാരുകളോടും ഉദ്യോഗസ്ഥരോടും നിരന്തരം പോരാടി നേടിയതാണ് ‘അഗസ്ത്യനെ കാണാനു’ള്ള അവകാശം.

‘അഗസ്ത്യന്റെ തുഞ്ചത്ത് ചെന്ന് നിന്നപ്പോള്‍ ഞാന്‍ സന്തോഷം കൊണ്ട് ഞാന്‍ സ്തബ്ധയായി’ ഹൈക്കോടതിയുടെ ഉത്തരവും വാങ്ങി അഗസ്ത്യമല കീഴടക്കി ചരിത്രം സൃഷ്ടിച്ച പെണ്ണിന്റെ വാക്കുകള്‍. സ്ത്രീകള്‍ കയറിയാല്‍ ആചാരം ലംഘിക്കപ്പെടും, ബ്രഹ്മചാരിയായ അഗസ്ത്യന്റെ ബ്രഹ്മചര്യത്തിനത് കളങ്കമാവും.. സ്ത്രീകളെ അകറ്റാന്‍ ചിലര്‍ പറഞ്ഞിരുന്ന വാദങ്ങള്‍ ഇതായിരുന്നു. ഈ വാദങ്ങള്‍ക്ക് മുകളില്‍ ചവിട്ടി കയറി നിന്നുകൊണ്ടാണ് ധന്യ സനല്‍ ചരിത്രം കുറിച്ചത്. അതേ സമയം, ഈ ചരിത്ര നിമിഷം ഒരു വ്യക്തിക്ക് മാത്രം അവകാശപ്പെട്ടതല്ല എന്ന് ഒരുകൂട്ടം സ്ത്രീകള്‍ വാദിക്കുന്നു. കാരണം അതിന് പിന്നില്‍, കീഴ്ക്കാംതൂക്കായി കിടക്കുന്ന അഗസ്ത്യന്റെ ഉച്ചിയില്‍ പെണ്ണ് കാലുറപ്പിച്ച നിമിഷത്തിന് പിന്നില്‍ നാളുകള്‍ നീണ്ട സമരങ്ങളുടേയും പോരാട്ടങ്ങളുടേയും കലഹങ്ങളുടേയും ചരിത്രമുണ്ട്. ആചാരത്തിന് മുന്നില്‍ തെന്നിക്കളിച്ചുകൊണ്ടിരുന്ന വലത്-ഇടത് സര്‍ക്കാരുകളോടും ഉദ്യോഗസ്ഥരോടും നിരന്തരം പോരാടി നേടിയതാണ് ‘അഗസ്ത്യനെ കാണാനു’ള്ള അവകാശം.

‘രാമ രഘുരാമ നാമിനിയും നടക്കാം, രാവിന്നു മുമ്പേ കലന്‍ക്കാട് താണ്ടാം, നോവിന്റെ ശൂലമുന മുകളില്‍ കരേറാം, നാരായ ബിന്ദുവിലഗസ്ത്യനെ കാണാം…’ മധുസൂദനന്‍ നായരുടെ ഈ കവിതയില്‍ നിന്നുണ്ടായതാണ് ‘അഗസ്ത്യനെ കാണാം’ എന്ന കൂട്ടായ്മ. ‘അഗസ്ത്യനെ കാണാം’ കൂട്ടായ്മയാണ് അഗസ്ത്യമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ലഭിക്കാനുള്ള കാരണമായതും. മൂന്ന് വര്‍ഷം നീണ്ട പോരാട്ടങ്ങള്‍ക്ക് തുടക്കം ഇവിടെ നിന്നാണ്. അതുണ്ടാവുന്നതിന് പിന്നിലെ കാര്യങ്ങള്‍ കൂട്ടായ്മയുടെ നേതൃനിരയിലുള്ള ദിവ്യ ദിവാകരന്‍ പറയുന്നു: “2016ല്‍, ഞാന്‍ ചില്ല എന്ന വാട്‌സ്ആപ്പ് കൂട്ടായ്മയില്‍ അംഗമായിരുന്നു. അതിലാണ് അഗസ്ത്യകൂടത്തിലേക്ക് ട്രക്കിങ്ങിനായുള്ള ഒരു നോട്ടിഫിക്കേഷന്‍ കാണുന്നത്. ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ നോട്ടിഫിക്കേഷന്‍ ആയിരുന്നു. കണ്ടപ്പോള്‍ താത്പര്യം തോന്നി. എനിക്കും പോയാല്‍ക്കൊള്ളാമെന്ന് തോന്നി; നോക്കി. എന്നാല്‍ അപ്പോഴാണ് സ്ത്രീകള്‍ക്കും പതിനാല് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനമില്ല എന്ന് പ്രത്യേകം നോട്ട് ചെയ്തിരിക്കുന്നത് കണ്ടത്. അത് കണ്ടപ്പോള്‍ വല്ലാത്ത അസ്വസ്ഥതയും ദേഷ്യവും തോന്നി. ഉടനെ ഫേസ്ബുക്ക് കുറിപ്പിട്ട് ആളുകളുടെ ശ്രദ്ധ അതിലേക്ക് കൊണ്ടുവന്നു. ചര്‍ച്ചയായി. മാധ്യമങ്ങളും അത് ചര്‍ച്ചാ വിഷയമാക്കി. അന്നത്തെ വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉത്തരം പറയേണ്ടുന്ന സാഹചര്യമുണ്ടായി. അടുത്തവര്‍ഷം മുതല്‍ ട്രക്കിങ് സ്ത്രീകള്‍ക്കും അുവദിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. അതിനിടെ ‘അഗസ്ത്യനെ കാണാം’ എന്ന വാട്‌സ്ആപ്പ് കൂട്ടായ്മയും തുടങ്ങിയിരുന്നു. അടുത്ത വര്‍ഷത്തിനായി ഞങ്ങള്‍ കാത്തിരുന്നു. 2017ലെ നോട്ടിഫിക്കേഷന്‍ വന്നപ്പോഴും സ്ത്രീകള്‍ക്ക് അഗസ്ത്യമലയിലേക്ക് പ്രവേശനം അനുവദിക്കില്ല എന്ന് തന്നെയായിരുന്നു. എം സുള്‍ഫത്ത് ഉള്‍പ്പെടെയുള്ളവര്‍ അപ്പോഴാണ് സമരമുഖത്തേക്ക് വന്നത്. ഞങ്ങള്‍ മുഖ്യമന്ത്രിക്കും വനംവകുപ്പ് മന്ത്രിക്കുമെല്ലാം നിവേദനങ്ങള്‍ അയച്ചു. സെക്രട്ടറിയേറ്റിന് മുന്നിലും വനംവകുപ്പ് ഓഫീസിന് മുന്നിലും പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിച്ചു. ഒടുവില്‍ വനംവകുപ്പ് മന്ത്രി കെ. രാജു ഞങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ചു.

അന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും, ഞങ്ങളും കാണി സമുദായക്കാരും ചര്‍ച്ചയ്‌ക്കെത്തി. സ്ത്രീകളെ കയറ്റില്ല, അഗസ്ത്യമുനി ബ്രഹ്മചാരിയാണെന്നും സ്ത്രീകള്‍ കയറിയാല്‍ പ്രശ്‌നമാവുമെന്നും കാണി സമുദായക്കാര്‍ എതിര്‍പ്പ് പറഞ്ഞു. എന്തുവന്നാലും സ്ത്രീകളെ കയറ്റില്ല എന്നും അവര്‍ ശഠിച്ചു. വനംവകുപ്പ് അവര്‍ക്ക് നിശബ്ദരായി കൂട്ടുനില്‍ക്കുന്നത് പോലെയാണ് ഞങ്ങള്‍ക്ക് തോന്നിയത്. അഗസ്ത്യമലയില്‍ ട്രക്കിങ്ങിന് പോവാന്‍ 12 പേരുടെ ലിസ്റ്റ് അന്ന് ഞങ്ങള്‍ കൈമാറി. ചര്‍ച്ചയില്‍ തീരുമാനമാവാതെ കുറേ നേരം ഇരുന്നു. അഗസ്ത്യകൂടം വരെ പോവാന്‍ അനുവാദം തരാതെ യോഗത്തില്‍ നിന്ന് പോവില്ല എന്നുറപ്പിച്ച് പറഞ്ഞ് ഞങ്ങളും നിന്നു. ഒടുവില്‍ സ്ത്രീകളെ അനുവദിക്കാമെന്ന തീരുമാനത്തില്‍ യോഗം പിരിഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ പത്ത് പേരടങ്ങുന്ന സ്ത്രീസംഘത്തെ ഫെബ്രുവരി 25-ന് അഗസ്ത്യാര്‍കൂടത്തില്‍ പ്രവേശിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. യോഗത്തിന്റെ മിനുട്‌സ് വീട്ടിലേക്ക് ലഭിക്കുമെന്നും അവര്‍ പറഞ്ഞു. ഞങ്ങള്‍ ട്രക്കിങ്ങിനുള്ള എല്ലാ കാര്യങ്ങളും റെഡിയാക്കി കാത്തിരിക്കുകയായിരുന്നു. മലകയറാനുള്ള ഡേറ്റ് കിട്ടിയതിന് രണ്ട് ദിവസം മുമ്പ് മിനുട്‌സ് വീട്ടിലേക്കെത്തി. അതില്‍ ഞങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. എന്നാല്‍ അതിനൊപ്പം കാണി സമുദായക്കാര്‍ നല്‍കിയ സ്റ്റേ അംഗീകരിച്ചുകൊണ്ടുള്ള കോടതി ഉത്തരവും ഞങ്ങളുടെ കയ്യില്‍ കിട്ടി. ഞങ്ങള്‍ക്ക് വേണമെങ്കില്‍ അതിരുമലവരെ പൊയ്‌ക്കോ എന്നായിരുന്നു. ട്രക്കിങ് സാധനങ്ങളുമെല്ലാം എടുത്ത് നേരെ സെക്രട്ടറിയേറ്റ് പടിക്കലേക്ക് പോയി. അതിരുമല എന്ന ഔദാര്യം ഞങ്ങള്‍ക്ക് വേണ്ട എന്ന മുദ്രാവാക്യമുയര്‍ത്തി ഞങ്ങള്‍ പ്രതിഷേധിച്ചു. ആ വര്‍ഷം തന്നെ ഞങ്ങള്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഹൈക്കോടതിയുടെ പരിഗണനാ വിഷയമായിട്ടുകൂടി അടുത്ത വര്‍ഷവും സ്ത്രീകളെ ഒഴിവാക്കി നോട്ടിഫിക്കേഷന്‍ വന്നു. അന്ന് വി പി സുഹ്‌റയുള്‍പ്പെടെ ഞങ്ങള്‍ എല്ലാവരും ബോണക്കാട് പോയി ശക്തമായ പ്രതിഷേധം നടത്തി. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല. ഒടുവില്‍ 2018 ഡിസംബറില്‍ ഞങ്ങള്‍ക്ക് അനുകൂലമായി വിധി വന്നു.”

Also Read: ‘അഗസ്ത്യകൂടം… അഗസ്ത്യകൂടം… അഗസ്ത്യകൂടം കോളിങ്, അതിരുമല.. അതിരുമല.. അതിരുമല.. അവര്‍ ടോപ്പിലെത്തി!’: ധന്യ സനല്‍ സംസാരിക്കുന്നു /ചിത്രങ്ങള്‍

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ സ്ത്രീകളെ അഗസ്ത്യാര്‍കൂടത്തിലേക്ക് പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഒടുവില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ട് നോട്ടിഫിക്കേഷന്‍ ഇറങ്ങി. എന്നാല്‍ സര്‍ക്കാര്‍ സംവിധാനം വഴിയുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏറെ ദുഷ്‌ക്കരമായിരുന്നു എന്ന് ദിവ്യ പറയുന്നു. പാസ് കിട്ടാതിരുന്നതുകൊണ്ടു മാത്രമാണ് പോരാടി നേടിയ തങ്ങള്‍ക്ക് അഗസ്ത്യനില്‍ ആദ്യ ദിവസം തന്നെ കയറാന്‍ കഴിയാതെ പോയതെന്നും നാളെ ‘അഗസ്ത്യനെ കാണാന്‍’ പുറപ്പെടുകയാണെന്നും ദിവ്യ പറഞ്ഞു. “ഞങ്ങളുടെ കൂട്ടത്തില്‍ നന്നായി ട്രക്ക് ചെയ്യുന്ന കുട്ടികള്‍ ഉണ്ട്. രണ്ട് മണിക്കൂര്‍ കൊണ്ട് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫില്‍ ആവും. മണിക്കൂറുകളോളം സിസ്റ്റത്തിന് മുന്നില്‍ കുത്തിയിരുന്നിട്ടാണ് 10 പേര്‍ക്കെങ്കിലും പാസ് ലഭിച്ചത്. നന്നായി ട്രക്ക് ചെയ്യുന്ന പലര്‍ക്കും പാസ് കിട്ടിയതുമില്ല. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ പോരായ്മകൊണ്ടും പ്രിവിലേജ്ഡ് അല്ലാത്തുകൊണ്ടുമാണ് നന്നായി ട്രക്ക് ചെയ്യുന്ന പല സ്ത്രീകള്‍ക്കും ചരിത്രം കുറിക്കാനാവാതിരുന്നത്. അല്ലാതെ കഴിവുകേടുകൊണ്ടല്ല. പ്രിവിലേജ്ഡ് ആയവര്‍ക്കും അധികാര സ്ഥാനത്തിരിക്കുന്നവര്‍ക്കും ആദ്യ ദിവസങ്ങളില്‍ തന്നെ പാസ് സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടുമുണ്ടാവാറില്ല. മൂന്ന് വര്‍ഷമായി ഇതിനായി പോരാടിയ സ്ത്രീകളുണ്ട്. ഈ സീസണില്‍ കയറുന്ന എല്ലാ സ്ത്രീകളും ചരിത്രം കുറിക്കുന്നവര്‍ തന്നെയാണ്. അത് പതിനാലാം തീയതി കയറിയ ഒരാള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല. ആദ്യം അഗസ്ത്യാര്‍കൂടത്തെത്തി എന്നതുകൊണ്ട് മാത്രം ചരിത്രം മാറുന്നില്ല. അതിന് വേണ്ടിയുള്ള സമരങ്ങളും നിയമയുദ്ധങ്ങളുമാണ് ചരിത്രം മാറ്റിയത്. ചരിത്രം തിരുത്തിയവര്‍ 18ന് അഗസ്ത്യനെ കാണാന്‍ പോവും. ചരിത്രം ആരും ഈസിയായി തിരുത്തിയതല്ല. അതിന് പിന്നില്‍ പോരാട്ടങ്ങളുടെയും ചരിത്രമുണ്ട്. ഇതിന് വേണ്ടി മൂന്ന് വര്‍ഷമായി പോരാടിയവര്‍ എന്ന നിലയ്ക്ക് ഞങ്ങള്‍ക്ക് അത് പറയാനുള്ള അവകാശമുണ്ട്”, ദിവ്യ പറയുന്നു.

നിഷ, ഷര്‍ലി, ദിവ്യ, മീന, രജിത, സചിത്ര, എം സുള്‍ഫത്ത്,ഷൈനി രാജ്കുമാര്‍, അഡ്വ. സിസിലി, രമ എന്നിവരടങ്ങുന്ന സംഘമാണ് നാളെ അഗസ്ത്യാര്‍കൂടത്തിലേക്ക് പുറപ്പെടുന്നത്. ഇതില്‍ സിസിലി, സുള്‍ഫത്ത്, രമ എന്നിവര്‍ അമ്പത് വയസ്സ് പിന്നിട്ടവരാണ്. “ട്രക്കേഴ്‌സ് എന്ന നിലയ്ക്കല്ല അവര്‍ വരുന്നത്. നമ്മള്‍ നേടിയെടുത്ത ഒരു സ്വാതന്ത്ര്യം, അവകാശം ആസ്വദിക്കാനാണ്. വരാന്‍ കഴിയുന്നിടത്തോളം ദൂരം അവരും വരും”, ദിവ്യ കൂട്ടിച്ചേര്‍ത്തു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍