UPDATES

ട്രെന്‍ഡിങ്ങ്

പ്ലാച്ചിമട കണ്‍മുന്നില്‍; ബാറ്ററി നിര്‍മ്മാണശാലയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു

വീണ്ടും അസംബ്ലിംഗ് യൂണിറ്റ് എന്ന പേരിലാണ് ഓറിയോണ്‍ ബാറ്ററി ശാല പ്രവര്‍ത്തനം ആരംഭിക്കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നത്

പ്ലാച്ചിമടയിലെ ഭൂമിയിലെ ചോര വരെ വലിച്ചെടുത്ത കോള കമ്പനിക്കെതിരെ പെരുമാട്ടി പഞ്ചായത്തും അവിടത്തെ ജനങ്ങളും നടത്തിയ പോരാട്ടം വിജയം കണ്ടിരിക്കുന്നു. എന്നാല്‍ കോഴിക്കോട് കൊയിലാണ്ടിയില്‍ നാടിനെ നശിപ്പിക്കാന്‍ വരുന്ന ഒരു കമ്പനിക്കെതിരെ ജനകീയ സമരം തുടങ്ങിയിട്ട് രണ്ട് വര്‍ഷം പിന്നിടുന്നു. കൊയിലാണ്ടി മുചുകുന്നില്‍ ഓറിയോണ്‍ ബാറ്ററി നിര്‍മാണശാല പ്രവര്‍ത്തനം തുടങ്ങുന്നതിനെതിരെ കഴിഞ്ഞ രണ്ടു വര്‍ഷമായി മൂടാടി പഞ്ചായത്തും ജനങ്ങളും സമരത്തിലാണ്. തങ്ങളുടെ മണ്ണും ജലവും വായുവും വിഷമയമാക്കാന്‍ അനുവദിക്കില്ലെന്ന് ഇവര്‍ ഒരേ സ്വരത്തില്‍ വിളിച്ചു പറയുന്നു.

മുചുകുന്നിലെ സിഡ്‌ക്കോ വ്യവസായ പാര്‍ക്കിലാണ് ഓറിയോണ്‍ കമ്പനിയുടെ ലെഡ് അധിഷ്ഠിത ബാറ്ററി നിര്‍മാണം കേന്ദ്രം സ്ഥാപിക്കാന്‍ പോകുന്നത്. കെട്ടിടത്തിന്റെ നിര്‍മാണം രണ്ടു വര്‍ഷം മുന്നേ പൂര്‍ത്തീകരിച്ചെങ്കിലും ജനകീയ പ്രതിരോം നിലനില്‍ക്കുന്നതിനാല്‍ ഇതുവരെ പ്രവര്‍ത്തനം തുടങ്ങാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ വ്യവസായ വകുപ്പിന്റെ താത്പര്യ പ്രകാരം പദ്ധതിയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നെന്നാണ് സൂചന.

പ്രതിരോധത്തിന് വയസ് രണ്ട്
2015ലാണ് കൊയിലാണ്ടി മുചുകുന്നിലെ സിഡ്‌കോ വ്യവസായ പാര്‍ക്കില്‍ ബാറ്ററി നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ പഞ്ചായത്തിന് നല്‍കിയ പദ്ധതി പ്രകാരം ബാറ്ററി അസംബ്ലിങ് യൂണിറ്റ് തുടങ്ങുന്നു എന്നായിരുന്നു. എന്നാല്‍ പിന്നീട് ഇത് നിര്‍മാണ യൂണിറ്റ് തന്നെയാണെന്ന് നാട്ടുകാര്‍ക്ക് മനസിലാകുകയും ഇത് തുടങ്ങുന്നത് തടയണമെന്ന ജനാഭിപ്രായം രൂപപ്പെടുകയും ചെയ്തു. റെഡ് കാറ്റഗറിയില്‍ പെട്ട ലെഡ് ബാറ്ററികളാണ് ഓറിയോണ്‍ കമ്പനി ഇവിടെ നിന്ന് നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നത്. 2015 ജൂണ്‍ 7 ന് മുചുകുന്ന് നോര്‍ത്ത് യു.പി സ്‌കൂളില്‍ ചേര്‍ന്ന ജനകീയ കണ്‍വെന്‍ഷനോടെ പ്രക്ഷോഭപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ശാസ്ത്ര സാഹിത്യ പരിക്ഷത്ത് നേതാവ് എ.സി നമ്പ്യാര്‍ ആയിരുന്നു ആദ്യ യോഗം ഉദ്ഘാടനം ചെയ്തത്. അന്നുമുതല്‍ ജനകീയ കര്‍മ സമിതിയുടെയും പഞ്ചായത്തിന്റെയും മറ്റു രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിലും പ്രക്ഷോഭ പരിപാടികള്‍ നടന്നു വരുന്നു.

വന്‍തോതില്‍ രാസമാലിന്യമുണ്ടാക്കുന്ന കമ്പനിയുടെ പ്രവര്‍ത്തനം പ്രദേശമാകെ മലിനമാക്കുമെന്ന് വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ബാറ്ററി നിര്‍മാണത്തിന് ഉപയോഗിക്കുന്ന ലെഡും ലെഡ് ഓക്‌സൈഡും വിഷവസ്തുക്കളാണ്. കുറഞ്ഞ അളവില്‍ പോലും ലെഡ് മനുഷ്യശരീരത്തിലേയ്ക്ക് എത്തിയാല്‍ നാഡീവ്യവസ്ഥയെ ബാധിക്കും. വ്യക്കരോഗം, തലച്ചോര്‍ മന്ദീഭവിക്കല്‍, കുട്ടികളില്‍ ബുദ്ധിമാന്ദ്യം, പഠനവൈകല്യം എന്നിവയ്‌ക്കൊകെ ഇത് കാരണമാകുമെന്ന് വിദഗ്ദര്‍ പറയുന്നു. ബാറ്ററി നിര്‍മ്മാണ കേന്ദ്രങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ പാടില്ലെന്നാണ് ചട്ടം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നെരവത്ത് ഹരിജന്‍ കോളനി, പാലയാടി മീത്തല്‍ കോളനി എന്നിവയുടെ അടുത്താണ് കമ്പനി നിലവില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിനല്‍പ്പം ദൂരത്തായി ചെറുവാനത്ത് പൊതുകിണറും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. പുഴകളുടെയും ജലാശയങ്ങളുടെയും അടുത്ത് നിശ്ചിത ദൂരത്തില്‍ ബാറ്ററി നിര്‍മാണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതും പല സംസ്ഥാനങ്ങളിലും മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിലക്കിയിട്ടുണ്ട്. എന്നാല്‍ ഇവിടെ അകാലപ്പുഴ കായലും പുതുക്കുടി നീര്‍ത്തടവും 750 മീറ്റര്‍ മാത്രം അകലെയാണ്. കമ്പനി പ്രവര്‍ത്തനം ആരംഭിച്ചാല്‍ കുന്നിന്‍ മുകളിലുള്ള ഫാക്ടറിയില്‍ നിന്ന് ലെഡ് കലര്‍ന്ന മലിനജലം ജലാശയങ്ങളിലേക്കെത്തിച്ചേരും.

കമ്പനി സമര്‍പ്പിച്ച പ്രോജക്ടുകള്‍ പലതും കള്ളമാണെന്നാണ് ജനങ്ങളുടെ പരാതി. 80 സെന്റില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം എങ്ങനെ ചെറുകിട സ്ഥാപനമാകും. കമ്പനി അധികൃതര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത് അടുത്തൊന്നും വീടുകളോ ജലാശയങ്ങളോ ഇല്ലെന്നാണ്. ഇത് തെറ്റായ കാര്യമാണെന്നും അവര്‍ പറയുന്നു. ജനങ്ങള്‍ ഒന്നിച്ചുള്ള പ്രക്ഷോഭത്തിലൂടെ രണ്ടു വര്‍ഷമായി കമ്പനി തുറക്കാന്‍ അനുവദിച്ചില്ല. എന്നാല്‍ ഇപ്പോള്‍ വ്യവസായ വകുപ്പിന്റെ അനുമതി വാങ്ങി പോലീസ് സഹായത്തോടെ തുറക്കാനുള്ള നീക്കം നടക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ വലിയ രീതിയിലുള്ള സമരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങും. ഇത് നാടിനെ വിഷമയമാക്കില്ല എന്ന ഉറച്ച ബോധ്യത്തോടെയുള്ള സമരമാണ്. ഇത് വിജയിക്കുക തന്നെ വേണം ‘എന്ന് ജനകീയ കര്‍മ്മസമിതി കണ്‍വീനര്‍ എ.ടി വിനേഷ് പറഞ്ഞു.

ജനകീയ പ്രക്ഷോഭം ശക്തമായപ്പോള്‍ കളക്ടറേറ്റില്‍ യോഗം വിളിച്ചുചേര്‍ക്കുകയും ഭൂഗര്‍ഭ ജല വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവരോട് ഫാക്ടറി വന്നാല്‍ ഉണ്ടാകുന്ന പ്രശ്‌നം പഠിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. പഠനത്തില്‍ ഈ പ്രദേശത്ത് വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഭൂഗര്‍ഭ ജലം ഉള്ളൂ എന്നും കമ്പനി വന്നാല്‍ അത് ജലക്ഷാമത്തിന് കാരണമാകുമെന്നും ഉയര്‍ന്ന പ്രദേശത്തുള്ള കമ്പനിയിലെ മാലിന്യം പ്രദേശത്തെ കിണറുകളിലെ ജലം മലിനപ്പെടുത്താന്‍ ഇടയാകുമെന്നും കണ്ടെത്തി. മലിനീകരണ സാധ്യത ഏറ്റവും കൂടുതലുള്ള വ്യവസായങ്ങളെയാണ് ചുവന്ന പട്ടികയില്‍ (റെഡ് കാറ്റഗറി) പെടുത്തുക. ബാറ്ററി നിര്‍മ്മാണശാല പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഈയവും സള്‍ഫ്യൂരിക്ക് ആസിഡും മണ്ണിലേക്ക് ഊര്‍ന്നിറങ്ങി ഭൂഗര്‍ഭജലം മലിനപ്പെടുത്തും. കൂടാതെ ഫാക്ടറിയില്‍ നിന്നു പുറന്തളളുന്ന പുകയില്‍ അടങ്ങിയ ലെഡും വന്‍തോതില്‍ മലനീകരണത്തിന് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിഷേധത്തിന് നാട് ഒന്നാകെ
പ്രദേശത്തെ ഗ്രാമസഭകള്‍ പ്രത്യേകയോഗം ചേര്‍ന്ന് വ്യവസായശാല സ്ഥാപിക്കരുതെന്ന് ഏകകണ്‌ഠേന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിന്റെ ഭാഗമായി മനുഷ്യച്ചങ്ങല, പ്രതിരോധ സംഗമം, വിഷുദിനത്തില്‍ ഉപവാസം, കളക്ടറേറ്റ് മാര്‍ച്ച്, വ്യവസായ വകുപ്പിന്റെ ബോധവത്കരണ ക്യാമ്പിലേക്ക് മാര്‍ച്ച്, വനിതാ കണ്‍വെന്‍ഷന്‍, കുട്ടികളുടെ പ്രതിരോധ സംഗമം തുടങ്ങി നിരവധി പ്രക്ഷോഭ പരിപാടികള്‍ ഇതിനോടകം തന്നെ കര്‍മസമിതി സംഘടിപ്പിച്ച് കഴിഞ്ഞു. ‘നാടിനെ നശിപ്പിക്കുന്ന ഈ ഫാക്ടറി ഇവിടെ തുടങ്ങുന്നതിന് പഞ്ചായത്ത് എതിരാണ്. പഞ്ചായത്തിന്റെ് അനുവാദം ഫാക്ടറിക്ക് ആവശ്യമില്ലെന്നാണ് അവരുടെ വാദം. വ്യവസായ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും അനുമതി മതിയെന്നാണ് പറയുന്നത്. ജനകീയ സമരത്തിന് പഞ്ചായത്ത് എല്ലാവിധ പിന്തുണയും നല്‍കി കൂടെ നില്‍ക്കു’മെന്ന് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പറഞ്ഞു. ശക്തമായ പ്രതിഷേധാന്തരീക്ഷം നിലനില്‍ക്കെയാണ് ഇതിനെയൊക്കെ അവഗണിച്ച് മെയ് മാസം ചേര്‍ന്ന ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ്, അഗ്നിശമന വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും അനുമതി ലഭിച്ചാല്‍ ഉടന്‍ നിര്‍മാണ യൂണിറ്റിന് പ്രവര്‍ത്തിക്കാനുള്ള ഡീംഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ജില്ലാ വ്യവസായ കേന്ദ്ര ജനറല്‍ മാനേജരെ ചുമതലപ്പെടുത്തിയിരിക്കുന്നത്. വീണ്ടും അസംബ്ലിംഗ് യൂണിറ്റ് എന്ന പേരിലാണ് ഓറിയോണ്‍ ബാറ്ററി ശാല പ്രവര്‍ത്തനം ആരംഭിക്കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നത്. എന്നാല്‍ എന്തുവില കൊടുത്തും ഇതു തടയുമെന്നു പ്രദേശവാസികളും പറയുന്നു.

സൂരജ് കരിവെള്ളൂര്‍

സൂരജ് കരിവെള്ളൂര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍