UPDATES

ആര്‍ക്ക് വേണ്ടിയാണ് ഈ വികസനം? കണ്ണൂരില്‍ സിപിഎം തന്നെ വീണ്ടും പ്രതിസ്ഥാനത്ത്; ജനം മറുഭാഗത്തും

പദ്ധതി ടൂറിസം മേഖല ശക്തമാക്കുമെന്നും ജലക്ഷാമം പരിഹരിക്കാന്‍ സഹായിക്കുമെന്നും സര്‍ക്കാര്‍; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് തിരുവനന്തപുരത്ത് ചര്‍ച്ച

വയല്‍ക്കിളി സമരത്തിന് പിന്നാലെ സിപിഎമ്മിനും സംസ്ഥാനസര്‍ക്കാറിനും തിരിച്ചടിയായി പാര്‍ട്ടി ശക്തികേന്ദ്രമായ പാനൂരിലും അയല്‍പ്രദേശങ്ങളിലും സമരം രൂക്ഷമാകുന്നു. കൃത്രിമ ജലപാതവിരുദ്ധസമരസമിതിയാണ് സമരത്തിനു പിന്നില്‍. സമരസമിതിയില്‍ സിപിഎം പ്രദേശിക നേതൃത്വവും പിന്തുണ നല്‍കിയിരിക്കുന്നുവെന്നതാണ് പാര്‍ട്ടിക്ക് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുന്നത്. ഉള്‍നാടന്‍ ജലപാത പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ മാത്രം മൂന്നിടങ്ങളിലായി 24 കിലോമീറ്റര്‍ നീളത്തിലാണ് ജലപാത നിര്‍മ്മിക്കേണ്ടത്. ഇതില്‍ 10 കീലോമീറ്റര്‍ ദൂരം കടന്നുപോകേണ്ടത് പാനൂരിലും അയല്‍പ്രദേശങ്ങള്‍ വഴിയാണ്. പദ്ധതിയുടെ ഭാഗമായി നൂറുകണക്കിനു വീടുകള്‍ നഷ്ടപെടുമെന്നതാണ് പ്രദേശവാസികളില്‍ ആശങ്കയുണ്ടാക്കിയിരിക്കുന്നത്.

പാനൂര്‍ നഗരസഭയിലെ ആറ് പ്രദേശങ്ങളില്‍ രൂപം കൊണ്ട സമരസമിതികളുടെ കൂട്ടായ്മ കഴിഞ്ഞ ദിവസങ്ങളിലായി പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും അടക്കം വലിയ ജനപങ്കാളിത്തമാണ് സമരത്തിലുണ്ടായത്. പാനൂര്‍, എലാംത്തോട്, ചെമ്പാട്, കിഴക്കെ ചെമ്പാട്, മൊകേരി, കണ്ണംവെളളി എന്നീ പ്രദേശത്തെ സമരസമിതികളുടെ കൂട്ടായ്മയാണ് സമരകൂട്ടായ്മക്ക് രൂപം നല്‍കിയത്. പദ്ധതി നടപ്പിലാക്കുമ്പോള്‍ 400 വീടുകള്‍ പൊളിച്ചുമാറ്റേണ്ടിവരുമെന്നാണ് സമരസമിതി നേതാക്കള്‍ പറയുന്നത്. എന്നാല്‍ ജില്ലഭരണകൂടത്തിന്റെ കണക്കില്‍ 92 വീടുകള്‍ നഷ്ടമാകുമെന്നാണ്. മാത്രമല്ല, പദ്ധതി സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നുവെന്നും സമരസമിതി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ വ്യക്തത നല്‍കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തിരുവനന്തപുരത്ത് വെച്ച് സമരസമിതി നേതാക്കളും സര്‍വ്വെ നടത്തിയ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും.

സമരസമിതിയുടെ വാദങ്ങള്‍

“മയ്യഴിപുഴ മുതല്‍ എരഞ്ഞോളി പുഴ വരെയുളള 10 കിലോമീറ്റര്‍ നീളത്തില്‍  60 മീറ്റര്‍ വീതിയില്‍ ജലപാത നിര്‍മ്മിക്കുമ്പോള്‍ നുറുകണക്കിനാളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെടും. ജലപാതയില്‍ കടലില്‍ നിന്നും വെളളം കയറുകയും വെളളത്തില്‍ ഉപ്പുരസം കലരുകയും ചെയ്യും. അങ്ങനെവന്നാല്‍ ജലപാതയുടെ ഇരുതീരങ്ങളും തീരസംരക്ഷണ നിയമത്തിന് പരിധിയില്‍ വരുമെന്നും ആശങ്കയുണ്ട്. അങ്ങനെവന്നാല്‍ ഇരുകരകളിലും 100 മീറ്ററിനകത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കില്ല. മാത്രമല്ല, നിരവധി മരങ്ങള്‍ മുറിച്ച് മാറ്റേണ്ടി വരും. നേരത്തെ തന്നെ 250 കെവി വൈദ്യുതി ലൈന്‍ വലിക്കുന്നതിനും നാലുവരിപാതയ്ക്കും നിരവധി മരങ്ങളാണ് മുറിച്ച് മാറ്റിയത്. ഇതെല്ലാം ഒരു പ്രശ്‌നം തന്നെയാണ്. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം സര്‍വ്വകക്ഷികളും ആറ് സമരസമിതികളും സംയുക്തമായി സമരം സംഘടിപ്പിച്ചത്” പാനൂര്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും സമരസമിതി നേതാക്കളില്‍ ഒരാളുമായ ബിജു അഴിമുഖത്തോട് പറഞ്ഞു.

പദ്ധതിക്ക് ഇതുവരെ പാരിസ്ഥിതികാനുമതി ലഭിച്ചിട്ടില്ലെന്നാണ് സമരസമിതി നേതവ് രത്‌നാകരന് പറയുന്നത്: “കണ്ണൂര്‍ ജില്ലയില്‍ മാത്രം മൂന്നിടങ്ങളില്‍ പുഴ കൃത്രിമമായി ബന്ധിപ്പിക്കേണ്ടതുണ്ട്. അതിനായി 24 കിലോമീറ്റര്‍ നീളത്തില്‍ ജലപാത നിര്‍മ്മിക്കണം. അതില്‍ 10 കിലേമീറ്റര്‍ പാനൂരിലും അനുബന്ധപ്രദേശങ്ങളിലുമാണ്. അതായത് പാനൂര്‍, ഏലാംതോട്, ചെമ്പാട്, കിഴക്കെ ചെമ്പാട്, മൊകേരി, കണ്ണംവളളി എന്നീ പ്രദേശങ്ങളില്‍ കൂടിയാണ് കൃത്രിമ ജലപാത നിര്‍മ്മിക്കുന്നത്. ജില്ല കളക്ടറുടെ കണക്ക് പ്രകാരം 98 വീടുകള്‍ പൊളിക്കേണ്ടിവരുമെന്നാണ്. ആ കണക്ക് ഞങ്ങള്‍ സമരസമിതിക്ക് വിശ്വാസയോഗ്യമല്ല. 400 വീടുകളെങ്കിലും നഷ്ടപ്പെടുമെന്നാണ് ഞങ്ങള്‍ രഹസ്യമായറിഞ്ഞത്. ഭരണാധികാരികള്‍ ഞങ്ങളെ കബളിപ്പിക്കുകായാണ്. ആദ്യം നൂറ് വീടുകള്‍ ഒഴിപ്പിച്ച് സമരത്തിന്റെ ശക്തികുറയ്ക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. അങ്ങനെവന്നാല്‍ ഇപ്പോള്‍ 2000 ആളുകള്‍ ഉളള സമരസമിതിയുടെ ശക്തി കുറയ്ക്കാനാകും. നൂറ് പേര്‍ക്ക് നോട്ടീസ് കൊടുത്ത് അവര്‍ക്ക് നല്ല നഷ്ടപരിഹാരം നല്‍കി അങ്ങനെ മുന്നോട്ട് നീങ്ങാനാണ് പരിപാടിയെന്നാണ് അറിയുന്നത്. ഇപ്പോള്‍ തന്നെ പത്തിരുപത് പേര്‍ക്ക് നോട്ടീസ് കൊടുത്ത് കഴിഞ്ഞു. ഇനി ബാക്കിയുളളവര്‍ക്ക് ഉടനെ നോട്ടീസ് നല്‍കും.

പിന്നെ വെളളത്തില്‍ ഉപ്പുരസം കലരുമെന്നാണ് മറ്റൊരു പ്രശ്‌നം. അത് തടയാന്‍ മാര്‍ഗ്ഗമുണ്ടെന്ന് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ ഞങ്ങളോട് പറഞ്ഞു. റഗുലേറ്റര്‍ കം ബ്രിഡ്ജുകള്‍ നിര്‍മ്മിച്ചുകൊണ്ട് ഉപ്പുവെളളം തടയാനാവുമെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. പക്ഷെ, വേനല്‍ക്കാലത്ത് വേണ്ടത്ര വെളളം ഇല്ലാത്ത പുഴകളാണ് നമ്മുടെ നാട്ടിലുളളത്. ആ സംവിധാനങ്ങള്‍കൊണ്ട് എത്രത്തോളം ഫലപ്രദമായി ഉപ്പുവെളളം തടയാനാകുമെന്ന് ഒരുറപ്പുമില്ല. ഇപ്പോള്‍ ടൂറിസത്തിനുവേണ്ടിയും ചരക്ക്ഗതാഗതത്തിനുവേണ്ടിയുമാണ് പദ്ധതി എന്നാണ് പറയുന്നത്. അങ്ങനെയങ്കില്‍ വെളളം ധാരാളം വേണം. അതിന് കടലില്‍ നിന്നും വെളളം എടുക്കുകയല്ലാതെ വേറെ വഴികളില്ല. അതിനൊക്കെ അപ്പുറം, പദ്ധതിക്ക് പാരിസ്ഥിതികാനുമതി ഇതുവരെ കിട്ടിയിട്ടില്ല. സ്ഥലം ഏറ്റെടുക്കാനുളള അധികാരം മാത്രമാണ് സംസ്ഥാനസര്‍ക്കാറിനുളളത്. പരിസ്ഥിതികാനുമതി നല്‍കാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താമെന്ന് ബിജെപി സംസ്ഥാനപ്രസിഡണ്ട് സമരസമിതിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. അവരും സമരസമിതിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.’

ടി പി ക്ക്‌ പിന്നാലെ വയല്‍കിളികളും; സിപിഎമ്മില്‍ കുലംകുത്തികള്‍ പെരുകുന്നു

എന്നാല്‍, സമരസമിതി ഇപ്പോള്‍ മറ്റൊരു ഭീതിയിലാണെന്നും രത്‌നാകരന്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പരിപാടിയില്‍ സിപിഎം തന്ത്രപരമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. ”സമരം പൊളിക്കാനുളള തന്ത്രപരമായ സമീപനമാണ് സിപിഎം സ്വീകരിച്ചിരിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം മനസിലായത്. പാര്‍ട്ടിയുടെ പാനൂര്‍ ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുളളയുടെ പ്രസംഗത്തില്‍ അത് വ്യക്തമാണ്. നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ഏറ്റെടുക്കുന്ന സ്ഥലത്തിന് പകരമായി നല്ല പുനരധിവാസ പാക്കേജാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്, എന്നായിരുന്നു ഏരിയാ സെക്രട്ടറിയുടെ പ്രസംഗം. ഇത് സമരക്കാരെ വല്ലാതെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. സമരം തകര്‍ക്കാനുളള നീക്കമാണ് സിപിഎം നടത്തിവരുന്നതെന്നാണ് ഇപ്പോള്‍ സമരസമിത പ്രവര്‍ത്തകര്‍ സംശയിക്കുന്നത്”; രത്‌നാകരന്‍ തന്റെ ആശങ്ക പങ്ക് വെച്ചു.

സംസ്ഥാനബജറ്റില്‍ 650 കോടി രൂപ വിലയിരുത്തിയിട്ടുളള ഈ പദ്ധതി നേരത്തെ മാക്കൂല്‍ വഴി കൊണ്ടുപോകാനുളള ശ്രമം നടന്നിരുന്നു. 2017 ഡിസംബറില്‍ ജനകീയ പ്രക്ഷോഭം നടന്നതുകൊണ്ട് അവിടെ നിന്നും അലൈമെന്റ് മാറ്റി പാനൂരിലേക്ക് മാറ്റിയതാണെന്നും നാട്ടുകാര്‍ പറയുന്നു. സമരത്തെ അട്ടിമറിക്കാനുളള ശ്രമമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്നും നടക്കുന്നതെന്നും തന്ത്രപരമായാണ് അവര്‍ സമരത്തില്‍ പങ്കാളികളായതെന്നുമാണ് പന്ന്യന്നൂരിലെ പാര്‍ട്ടിപ്രവര്‍ത്തകനായ ഷിബിന്‍ സംശയിക്കുന്നത്. പദ്ധതിക്കെതിരായി ആദ്യം സമരം നടന്നത് പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്തിലേക്കായിരുന്നു. ഇപ്പോള്‍ പദ്ധതി ഏതുവിധേനയും നടപ്പിലാക്കുകയെന്ന ലക്ഷ്യമാണ് പാര്‍ട്ടിക്കുളളത്. എന്നാല്‍ നിരവധി പ്രാദേശിക പാര്‍ട്ടിനേതാക്കള്‍ പദ്ധതിക്ക് ആത്മാര്‍ത്ഥമായും എതിരാണ്, ഷിബിന്‍ പറയുന്നു.

സിപിഎം സ്വയം കുഴി തോണ്ടിക്കോളൂ; പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂര്‍ നന്ദിഗ്രാമാക്കാന്‍ കുമ്മനം അരികിലുണ്ട്

പദ്ധതിയുടെ ചരിത്രവും ലക്ഷ്യവും 

ഉള്‍നാടന്‍ ജലപാതയെന്നത് കേന്ദ്രസര്‍ക്കാറിന്റെ പഴയ ഒരു പദ്ധതിയാണ്. കെപി ഉണ്ണികൃഷ്ണന്‍ കേന്ദ്രമന്ത്രിയായിരുന്ന കാലത്താണ് ഉള്‍നാടന്‍ ജലപാതയെന്ന പദ്ധതി നാല്‍പ്പത് വര്‍ഷമുമ്പ് (1984) ല്‍ മുന്നോട്ട് വെച്ചത്. ആ പദ്ധതിക്കുവേണ്ടി തിരുവനന്തപുരം തൊട്ട് കാസര്‍ഗോഡ് വരെ ജലപാത നിര്‍മ്മിക്കാനുളള അലൈന്‍മെന്റ് നടത്തി. പിന്നീട് പാരിസ്ഥിതിക പരിശോധന നടത്തി ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പദ്ധതി കൊല്ലം മുതല്‍ കോഴിക്കോട് വരെയാക്കി ചുരുക്കാന്‍ തിരുമാനമായി. ശുദ്ധജലം നഷ്ടപ്പെടുമെന്ന കാരണത്താലാണ് അക്കാലത്ത് കണ്ണൂരിനെ പദ്ധതിയില്‍ നിന്നും ഒഴിവാക്കിയത്. മറ്റ് ജില്ലകളില്‍ കായലും പുഴകളും ചേരുന്ന ഇടങ്ങളാണ്, എന്നാല്‍ കണ്ണൂരില്‍ ശുദ്ധജലമേഖലയാണ് എന്നാണ് അന്ന് പാരിസ്ഥിതിക റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്. കണ്ണൂരില്‍ ഉള്‍പ്രദേശത്ത് പദ്ധതി നടപ്പിലാക്കിയാല്‍ ഉപ്പുവെളളം കയറുമെന്നതും അന്നത്തെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നതായി മനുഷ്യാവകാശപ്രവര്‍ത്തകന്‍ മനീഷ് ചൂണ്ടിക്കാട്ടുന്നു. ജലപാത കാസര്‍ഗോട്ടേക്ക് കൊണ്ടുപോകുമ്പോള്‍ 11 കുന്നുകള്‍ ഇടിക്കേണ്ടിവരുമെന്നതും ഒരു തടസമായി ഉന്നയിച്ചുവെന്നും മനീഷി പറയുന്നു. അങ്ങനെ ശാസ്ത്രീയമായ അന്വേഷണറിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് കണ്ണൂരും കാസര്‍ഗോഡും തിരുവനന്തപുരവും പദ്ധതിയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.

ഇപ്പോള്‍ ആ പദ്ധതിയാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് സര്‍ക്കാര്‍ പുതിയ പദ്ധതിയെപ്പറ്റി കണ്ണൂരില്‍ പ്രചരിപ്പിക്കുന്നത് എന്നാരോപണം. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ നടപ്പിലാക്കുന്നത് മലബാര്‍ ടുറിസം പദ്ധതിയെന്ന നിലക്ക് സംസ്ഥാനത്തിന്റെ പദ്ധതിയാണിത്. ഈ പദ്ധതിയാണെങ്കില്‍ 49 ശതമാനം സ്വകാര്യപങ്കാളിത്തത്തിലാണ് നടപ്പിലാക്കുക. സ്വകാര്യമൂലധനം ഇറക്കി കണ്ണൂരില്‍ നിന്നും പണം വാരാനുളള നീക്കമാണിതെന്നും മനീഷ് വാദിക്കുന്നു. ഈ പദ്ധതികൊണ്ട് പൊതുജനങ്ങള്‍ക്ക് യാതൊരു നേട്ടവുമില്ല. നേട്ടം രവിപിളള, യൂസഫലി തുടങ്ങിയ കുത്തക മുതലാളിമാര്‍ക്കാണെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

1987 ല്‍ ഈ പദ്ധതി നടപ്പിലാക്കണമെന്ന ആശയം മുന്നോട്ട് വെച്ചപ്പോള്‍ കണ്ണൂരില്‍ ഇതു വേണ്ട, തീരദേശപാത മതിയെന്ന നിലപാടായിരുന്നു ഇകെ നായനാര്‍ സ്വീകരിച്ചത്. എന്നിട്ടും ഈ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നത് അത്ഭുതമാണെന്നും മനീഷ് പറയുന്നു. മാത്രമല്ല, കൊല്ലം മുതല്‍ കോഴിക്കോട് വരെ പദ്ധതി നടപ്പിലാക്കാനുളള പാരിസ്ഥിതികാനുമതി മാത്രമേ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുളളൂ. നിലവില്‍ കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ പദ്ധതി തുടങ്ങാനുളള പരിസ്ഥിതിക അനുമതി ലഭിച്ചിട്ടില്ല. എന്നാല്‍ എന്തുവിലകൊടുത്തും പദ്ധതിയുമായി മുന്നോട്ട്‌ പോകാനുളള നീക്കം അണിയറയില്‍ പാര്‍ട്ടി തന്നെ നടത്തുന്നുണ്ട്. സമരസമിതിയാണെങ്കില്‍ അട്ടിമറിക്കാന്‍ സിപിഎം തന്നെ പ്രവര്‍ത്തിക്കുന്നതാണ് കാണുന്നത്. കഴിഞ്ഞ ദിവസം സിപിഎം ഏരിയാ സെക്രട്ടറി തന്നെ പ്രസംഗിച്ചത് അതായിരുന്നു. വലിയ തുക നഷ്ടപരിഹാരം തരാമെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി മനീഷ് പറഞ്ഞു.

വയല്‍ നികത്തിയുള്ള ബൈപാസ് നിര്‍മ്മാണം; കണ്ണൂര്‍ കീഴാറ്റൂരില്‍ സിപിഎം ഭീഷണിക്ക് വഴങ്ങാതെ വയൽക്കിളികള്‍ വീണ്ടും സമരത്തിന്

സര്‍ക്കാറിന്റെ പക്ഷം

റോഡ് ഗതാഗതവും ട്രെയിന്‍ ഗതാഗതവും വലിയ തോതിലായി മാറിയ സാഹചര്യത്തില്‍ ചരക്ക് ഗതാഗതം എളുപ്പമാക്കാന്‍ പുഴകളും തോടുകളും ഒക്കെ ലിങ്ക് ചെയ്താല്‍ സംസ്ഥാനത്തെ ഗതാഗതക്കുരുക്കിന് നല്ല പരിഹാരം ഉണ്ടാകും. മാത്രമല്ല, വരുമാനം ഉയര്‍ത്താന്‍ ടൂറിസം മെച്ചപ്പെടുത്തുക എന്നതിനായി കുറെ കാലങ്ങളായി ഈ ആലോചന നടക്കുന്നുണ്ട്. ഇപ്പോള്‍ പാനൂരില്‍ സര്‍വ്വെ നടത്തിയതുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങളുണ്ടായിട്ടുണ്ട്. വടകരയില്‍ ഇപ്പോള്‍ ഇത് വിജയകരമായി ചെയ്ത് കഴിഞ്ഞു. കേരളത്തില്‍ തിരുവനന്തപുരം തൊട്ട് വടക്കെ അറ്റം വരെ നടപ്പിലാക്കാനാണ് സര്‍ക്കാറിന്റെ ഉദ്ദേശ്യം. പല ജില്ലകളിലും നേരത്തെ തന്നെ ജലപാതയുണ്ട്. ചിലയിടങ്ങളില്‍ പുതുതായി നിര്‍മ്മിക്കേണ്ടതുണ്ട്. പലയിടങ്ങളിലും പുഴയും തോടുകളും പരസ്പരം ബന്ധപ്പെടുത്തിയിട്ടുണ്ട്. അതില്ലാത്ത ഇടങ്ങളില്‍ ബന്ധപ്പെടുത്താനാണ് പദ്ധതി. ഈ പദ്ധതി വന്നാല്‍ മഴവെളളം സംഭരിക്കാന്‍ കഴിയും, ജലക്ഷാമത്തിന് നിത്യപരിഹാരമാകും. അനുബന്ധപ്രദേശങ്ങളില്‍ ഭുഗര്‍ഭജലനിരപ്പ് ഉയരും. ആ പ്രദേശങ്ങളില്‍ കൃഷിക്കുളള ജലം ലഭ്യമാകും. ഇപ്പോള്‍ മഴ പെയ്താല്‍ വെളളം കടലിലേക്ക് ഒഴുകുകയാണല്ലോ? ഉള്‍നാടന്‍ ജലഗതാഗതവകുപ്പാണ് പദ്ധതിയുടെ മേല്‍നോട്ടം നടത്തുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

മുഖ്യമന്ത്രീ, പ്ലാച്ചിമടയൊന്നും മറക്കരുത്; തുള്ളിവെള്ളം കുടിക്കാനില്ലാതാക്കും ജലമൂറ്റാനുള്ള ആ ഓര്‍ഡിനന്‍സ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍