UPDATES

കിര്‍താഡ്‌സ് അനധികൃത നിയമനം; മന്ത്രി എ കെ ബാലന്റെ വാദങ്ങള്‍ പൊളിയുന്നതിങ്ങനെയാണ്‌

ഡെപ്യൂട്ടി ഡയറക്ടര്‍ ചുമതല വഹിക്കുന്ന സജിത് കുമാറിനെ വേണ്ടത്ര യോഗ്യതകളില്ലാത്തതിനാല്‍ റിസര്‍ച്ച് ഓഫീസറായി നിയമിക്കാന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ ഉത്തരവും നിയമിതരായവര്‍ക്ക് യോഗ്യതയില്ല എന്ന് തെളിയിക്കുന്നതാണ്.

കിര്‍താഡ്‌സില്‍ നടന്നത് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള നിയമനം. ഇതിന് തെളിവാണ് സര്‍ക്കാര്‍ രേഖകള്‍. എന്നാല്‍ എല്ലാ യോഗ്യതകളും ഉള്ളതിന്റെ അടിസ്ഥാനത്തിലാണ് കിര്‍താഡ്‌സിലെ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തിയതും പ്രൊബേഷന്‍ പ്രഖ്യാപിച്ചതെന്നുമാണ് മന്ത്രി എ കെ ബാലന്റെ വാദം. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുള്‍പ്പെടെ നാല് പേര്‍ക്ക് കിര്‍താഡ്‌സില്‍ അനധികൃത നിയമനം നല്‍കിയെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം എത്തിയത്. എന്നാല്‍ നിയമിക്കപ്പെടുന്നവര്‍ക്ക് സ്‌പെഷ്യല്‍റൂള്‍ അനുശാസിക്കുന്ന യോഗ്യതകളില്ലാത്തതിനാല്‍ സ്‌പെഷ്യല്‍ റൂള്‍ തന്നെ ഭേദഗതിക്ക് നീക്കം നടന്നിരുന്നു. ഇതിന്റെ രേഖകള്‍ അഴിമുഖം മുമ്പ് തന്നെ പുറത്തുവിട്ടിരുന്നു. ഡെപ്യൂട്ടി ഡയറക്ടര്‍ ചുമതല വഹിക്കുന്ന സജിത് കുമാറിനെ വേണ്ടത്ര യോഗ്യതകളില്ലാത്തതിനാല്‍ റിസര്‍ച്ച് ഓഫീസറായി നിയമിക്കാന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ ഉത്തരവും നിയമിതരായവര്‍ക്ക് യോഗ്യതയില്ല എന്ന് തെളിയിക്കുന്നതാണ്.

Read: എ.കെ ബാലന്റെ സ്റ്റാഫിനുള്‍പ്പെടെ കിര്‍താഡ്‌സില്‍ അനധികൃത നിയമനം, അന്വേഷണം ആവശ്യപ്പെട്ട് ലീഗ് നേതാവ് പി.കെ ഫിറോസ്‌; വാര്‍ത്ത‍ പുറത്തെത്തിച്ചത് അഴിമുഖം

മന്ത്രി എ കെ ബാലന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എ മണിഭൂഷണ്‍, എഴുത്തുകാരികൂടിയായ ഇന്ദു മേനോന്‍, എസ് വി സജിത്കുമാര്‍, പി വി മിനി എന്നിവര്‍ക്കാണ് കിര്‍താഡ്സില്‍ അനധികൃതമായി സ്ഥിരനിയമനം ലഭിച്ചത്. അതീവ മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് ജോലി നല്‍കുന്നതിനായാണ് സാധാരണഗതിയില്‍ ചട്ടം 39 ഉപയോഗിക്കാറ്. വരാപ്പുഴയില്‍ പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില, നിപവൈറസ് ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ്, മാന്‍ഹോളില്‍ വീണ് മരിച്ച നൗഷാദിന്റെ ഭാര്യ സഫ്രീന..ഇവര്‍ക്കെല്ലാം സര്‍ക്കാര്‍ ജോലി നല്‍കിയത് റൂള്‍ 39 പ്രകാരമാണ്. ചട്ടപ്രകാരം സര്‍ക്കാരിന് വിപുലമായ വിവേചനാധികാരമുണ്ട്. എന്നാല്‍ യോഗ്യതയില്ലായ്മ മറികടക്കാന്‍ ഈ ചട്ടം ഉപയോഗിക്കപ്പെടുകയായിരുന്നു എന്നതാണ് കിര്‍താഡ്സിലെ നിയമനവുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നത്.

Read:  Exclusive: കിര്‍താഡ്‌സില്‍ മന്ത്രി എ.കെ ബാലന്റെ സ്റ്റാഫ്, എഴുത്തുകാരി ഇന്ദു മേനോന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് അനധികൃത നിയമനം; അയോഗ്യതയെ മറികടക്കാന്‍ കുറുക്കുവഴി

2017 ലാണ് നാല് പേരുടേയും പ്രൊബേഷന്‍ ചട്ടം 39 പ്രകാരം ഡിക്ലയര്‍ ചെയ്യുന്നത്. മന്ത്രി അവകാശപ്പെടുന്നത് പോലെ വേണ്ടത്ര യോഗ്യതകള്‍ ഉണ്ടായിരുന്നു എങ്കില്‍ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാന്‍ ചട്ടം 39 എന്ന കുറുക്കുവഴി എന്തിന് ഉപയോഗിച്ചു എന്നതാണ് നിയമവിദഗ്ദ്ധര്‍ ഉന്നയിക്കുന്ന ചോദ്യം. നിയമനം ലഭിച്ച മണിഭൂഷണ്‍ നിലവില്‍ കിര്‍താഡ്സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആണ്. പി വി മിനി ഡവലപ്മെന്റ് സ്റ്റഡീസില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍-ചാര്‍ജും, സജിത് കുമാര്‍ ആന്ത്രപ്പോളജി ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍-ചാര്‍ജും, ഇന്ദുമേനോന്‍ ലക്ചററും മ്യൂസിയം മാനേജര്‍ പോസ്റ്റിലും ഉള്ളയാളുകളാണ്. നാല് പേരും കരാര്‍ അടിസ്ഥാനത്തിലാണ് കിര്‍താഡ്സില്‍ ജോലിക്ക് കയറിയത്. മണിഭൂഷണ്‍ ലക്ചറര്‍ ആയും, മിനി റിസര്‍ച്ച് അസിസ്റ്റന്റ് ആയും, ഇന്ദുമേനോന്‍ ലക്ചററായും സജിത് റിസര്‍ച്ച് ഓഫീസറായുമാണ് ജോലിയില്‍ പ്രവേശിച്ചത്. മണിഭൂഷണും മിനിയും 1996 മാര്‍ച്ചില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്ക് കയറി. സജിത് 2004-ലും ഇന്ദു മേനോന്‍ 2005-ലുമാണ് കിര്‍താഡ്സില്‍ നിയമിതരായത്.

2007-ലാണ് കിര്‍താഡ്സ് സ്പെഷ്യല്‍ റൂള്‍ നിലവില്‍ വരുന്നത്. നിയമനങ്ങള്‍ പിഎസ് സി വഴിയാക്കിക്കൊണ്ടുള്ളതാണ് ഇതിലെ പ്രധാന വ്യവസ്ഥ. ഇതില്‍ ഓരോ തസ്തികയ്ക്കും നിശ്ചിത യോഗ്യതയും നിശ്ചയിച്ചിരുന്നു. സ്പെഷ്യല്‍റൂളിലെ സേവിങ് ക്ലോസ് പ്രകാരം നിശ്ചിത യോഗ്യതയുള്ളവരെ മാത്രമേ സ്ഥിരപ്പെടുത്താനാവൂ. ഇതിനിടെ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ഒമ്പത് പേര്‍ക്ക് സ്ഥിരനിയമനം നല്‍കാന്‍ വകുപ്പ് തീരുമാനിച്ചു. എന്നാല്‍ ഇതില്‍ ഈ നാല് പേരുടെ നിയമനം സ്ഥിരപ്പെടുത്തിയ നടപടി വേണ്ടത്ര യോഗ്യതകളില്ലാത്തതിനാല്‍ ക്രമരഹിതവും ചട്ടവിരുദ്ധവുമാണെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പും നിയമവകുപ്പും അഭിപ്രായപ്പെട്ടിരുന്നു. സ്ഥിരപ്പെടുത്തിയത് റദ്ദാക്കിയില്ലെങ്കിലും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നീളുകയായിരുന്നു. ചര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നിയമനം സ്ഥിരപ്പെടുത്തുന്നത് ചട്ടവിരുദ്ധമാണെന്ന് നിയമവകുപ്പും ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാരവകുപ്പും ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ലക്ചര്‍ പോസ്റ്റിലും റിസര്‍ച്ച് ഓഫീസര്‍ തസ്തികയിലേക്കും നിയമിതരാവണമെങ്കില്‍ ആന്ത്രപ്പോളജിയിലോ സോഷ്യോളജിയിലോ എംഫില്‍ നിര്‍ബന്ധമാണെന്ന് കിര്‍താഡ്സ് സ്പെഷ്യല്‍ റൂളില്‍ പറയുന്നു. എന്നാല്‍ മണിഭൂഷന് ആന്ത്രപ്പോളജിയില്‍ ബിരുദാനന്തരബിരുദവും, ഇന്ദുമേനോന് സോഷ്യോളജിയില്‍ ബിരുദാനന്തരബിരുദവും, സജിത്കുമാറിന് സോഷ്യല്‍ സയന്‍സില്‍ എംഎയും ഫ്യൂച്ചര്‍ സ്റ്റഡീസില്‍ ഇന്റര്‍ ഡിസിപ്ലിനറി സോഷ്യല്‍സയന്‍സ് എംഫിലുമാണുള്ളത്. റിസര്‍ച്ച് അസിസ്റ്റന്റ് ആയി ജോലിയില്‍ കയറുകയും പിന്നീട് കരാര്‍ അടിസ്ഥാനത്തില്‍ തന്നെ ഡവലപ്മെന്റ് സറ്റഡീസില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍-ചാര്‍ജ് ആയി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്ത മിനിക്ക് റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയ്ക്കുള്ള യോഗ്യതയുണ്ട്. ആന്ത്രപ്പോളജിയിലും ഫോക്ലോറിലും ഇവര്‍ക്ക് ബിരുദാനന്തര ബിരുദമുണ്ട്.

ഇതിനിടെ സേവിങ് റൂള്‍ ഭേദഗതി ചെയ്യുന്നതിനും നീക്കം നടന്നു.
കിര്‍താഡ്സ് സ്പെഷ്യല്‍ റൂള്‍സിലെ സേവിങ് ക്ലോസിന്റെ പരിധിയില്‍ നിയമനം നല്‍കിയ നാല് പേരെ കൂടെ ഉള്‍പ്പെടുത്താനാണെങ്കില്‍ സേവിങ് ക്ലോസില്‍ ഭേദഗതി വേണമെന്ന നിര്‍ദ്ദേശമാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പ് വച്ചത്. പിന്നീട് 2016 ജനുവരി 14-ന് പട്ടികജാതിപട്ടികവര്‍ഗ വികസന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്തു. സേവിങ് ക്ലോസിലെ ‘ യോഗ്യതയുള്ളവര്‍’ എന്ന പദം നീക്കി നിയമം ഭേദഗതി ചെയ്യാന്‍ വകുപ്പ് തലത്തില്‍ നീക്കം നടന്നെങ്കിലും സര്‍വീസ് സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നീക്കം പാളുകയായിരുന്നു. സേവിങ് ക്ലോസ് ഭേദഗതി അനുവദിക്കേണ്ടതില്ലെന്നും സര്‍ക്കാരിന് വേണമെങ്കില്‍ നയപരമായ തീരുമാനമെടുക്കാവുന്നതുമാണെന്ന തീരുമാനമാണ് ചര്‍ച്ചയില്‍ ഉണ്ടായത്. തുടര്‍ന്നാണ് ചട്ടം 39 ഉപയോഗിച്ച് നിയമനം സ്ഥിരപ്പെടുത്തുന്നത്.

മണിഭൂഷണനൊപ്പം മറ്റ് മൂന്ന് പേര്‍ക്കും വേണ്ട യോഗ്യതകളുണ്ടെന്നാണ് മന്ത്രിയുടെ വാദം. എന്നാല്‍ ആ വാദത്തെ ഖണ്ഡിക്കുന്നതാണ് 2015 ഡിസംബര്‍ ഏഴിന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. കിര്‍താഡ്സിന്റെ സ്പെഷ്യല്‍ റൂള്‍ പ്രകാരം റിസര്‍ച്ച് ഓഫീസര്‍ ആയി നിയമിതനാവാനുള്ള യോഗ്യത സജിത് കുമാറിനില്ലെന്ന് ഈ ഉത്തരവില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ പ്രൊബേഷന്‍ പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നും പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ് ജോയിന്റെ സെക്രട്ടറി ഒപ്പിട്ട ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇക്കാരണം കൊണ്ട് തന്നെ സജിത് കുമാറിന്റെ പ്രൊബേഷന്‍ പ്രഖ്യാപിക്കുന്നതിനും അദ്ദേഹത്തെ ആന്ത്രപ്പോളജി വിഭാഗം ഡെപ്യൂട്ടി ജയറക്ടര്‍ ചുമതലയിലേക്ക് പരിഗണിക്കണമെന്നുമുള്ള ആവശ്യം തള്ളിക്കളയുന്നു എന്നും ഉത്തരവ് പറയുന്നു. ഇത്തരത്തില്‍ നിയമനവുമായി ബന്ധപ്പട്ട മന്ത്രിയുടെ വാദങ്ങള്‍ എല്ലാം തള്ളുന്നതാണ് സര്‍ക്കാര്‍ രേഖകള്‍.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍