UPDATES

ട്രെന്‍ഡിങ്ങ്

ബിഡിജെഎസില്‍ എല്ലാം നടക്കുന്നത് വെള്ളാപ്പള്ളിയുടെ അറിവോടെ, പക്ഷേ സര്‍ക്കാര്‍ സമ്മര്‍ദ്ദപ്പെടുത്തുന്നു; രാജിവച്ച അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്‌

സര്‍ക്കാര്‍ സമ്മര്‍ദ്ദത്താല്‍ ബിഡിജെഎസിന് മുന്നോട്ട് പോവാനാവുന്നില്ലെന്ന് കാളിദാസ ഭട്ടതിരിപ്പാട്‌

ബിഡിജെഎസില്‍ എല്ലാം നടക്കുന്നത് വെള്ളാപ്പള്ളിയുടെ അറിവോടെയെന്ന് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്. സര്‍ക്കാര്‍ പലരീതിയില്‍ സമ്മര്‍ദ്ദപ്പെടുത്തുന്നതിനാല്‍ ബിഡിജെഎസ് നേതൃത്വത്തിന് പ്രതീക്ഷിച്ചത് പോലെ പ്രവര്‍ത്തിക്കാനാവുന്നില്ലെന്നും കാളിദാസ ഭട്ടതിരിപ്പാട് അഴിമുഖത്തോട് പറഞ്ഞു. സംഘടനയില്‍ വലിയ തോതില്‍ ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നു. എന്നാല്‍ താന്‍ രാജിവച്ചത് സംഘടനയോടോ നേതൃത്വത്തോടോ ഉള്ള വിയോജിപ്പുകള്‍ കൊണ്ടല്ല. രാഷ്ട്രീയ പ്രവര്‍ത്തനം തനിക്ക് പറ്റിയ മേഖലയല്ല. യോഗക്ഷേമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വ്യാപൃതനാവേണ്ടതിനാലാണ് രാജിവച്ചതെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ബിഡിജെഎസ് വിടുന്നു എന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. ഇത് സംബന്ധിച്ച് അഴിമുഖത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വെള്ളാപ്പള്ളിയ്ക്ക് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനാവില്ല. എന്നാല്‍ ബിഡിജെഎസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അദ്ദേഹം അറിയുന്നുണ്ട്. എല്ലാം അദ്ദേഹം അറിഞ്ഞ് തന്നെയാണ് നടക്കുന്നതും. എന്നാല്‍ അദ്ദേഹത്തിനുള്‍പ്പെടെ ഭരിക്കുന്ന പാര്‍ട്ടിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ഏറെ സമ്മര്‍ദ്ദങ്ങളുണ്ട്. പല കാര്യങ്ങള്‍ പറഞ്ഞ് സമ്മര്‍ദ്ദപ്പെടുത്തുന്നതിനാല്‍ വ്യക്തമായ തീരുമാനങ്ങളോ നിലപാടുകളോ എടുക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടുന്ന കാഴ്ചയാണ്. സമ്മര്‍ദ്ദപ്പെടുത്തലുകള്‍ ഉണ്ടാക്കുന്ന ആശയക്കുഴപ്പങ്ങള്‍ വ്യക്തികളിലും പാര്‍ട്ടിയിലുമുണ്ട്. പലരുടേയും വ്യക്തിപരമായ കാര്യങ്ങള്‍ പലപ്പോഴും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുന്നുമുണ്ട്. വെള്ളാപ്പള്ളിയുടെ നിലപാട് ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദപ്പെടുത്തല്‍ മൂലം വനിതാ മതിലിനെ തള്ളിപ്പറയാന്‍ പറ്റാത്ത അവസ്ഥയുണ്ടായി. മതില്‍ തീര്‍ത്തതിന് പിറ്റേന്ന് സര്‍ക്കാര്‍ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അതിനെതിരെ വെള്ളാപ്പള്ളി സംസാരിച്ചു. എന്നാല്‍ സര്‍ക്കാരിനൊപ്പമല്ലാതെ നില്‍ക്കാനും കഴിയാത്ത സ്ഥിതിയുണ്ട്. ഇതിലെല്ലാം ഒരു ചതിയുടെ സ്വഭാവം തോന്നി. അവരെയെല്ലാം സര്‍ക്കാര്‍ മിസ് യൂസ് ചെയ്യുന്നത് പോലെ. മുന്നോട്ട് നീങ്ങാന്‍ പറ്റാത്ത തരത്തില്‍ കുരുക്കിയിട്ടിരിക്കുന്നത് പോലെയാണ്. അത്തരം രാഷ്ട്രീയ സംവിധാനത്തോട് എനിക്ക് വ്യക്തിപരമായി യോജിക്കാന്‍ കഴിയില്ല. എന്നാല്‍ സംഘടന വിടുന്നത് ബിഡിജെഎസിനോടോ നേതൃത്വത്തോടോ വിയോജിപ്പോ ശത്രുതയോ ഉള്ളതുകൊണ്ടല്ല. പുരോഹിതനായ എനിക്ക് ശബരിമല വിഷയത്തില്‍ പലപ്പോഴും രാഷ്ട്രീയ പാര്‍ട്ടികള്‍ എടുത്ത നിലപാടിനോട് യോജിക്കാനാവില്ല. യഥാര്‍ഥ കാര്യങ്ങളല്ല രാഷ്ട്രീയ ചര്‍ച്ചകളില്‍ വരുന്നത്. ശബരിമലയിലെ വിഷയങ്ങള്‍ തെറ്റായി ചിത്രീകരിക്കുമ്പോള്‍ പുരോഹിതനായ എനിക്ക് വിഷമം തോന്നുന്നുണ്ട്.

ശബരിമലയില്‍ നിലനില്‍ക്കുന്ന ശാസ്ത്രമാണ് അവിടുത്തെ ആചാരം. പ്രതിഷ്ഠ നടത്തിയപ്പോള്‍ തന്നെ നിശ്ചയിച്ച ശാസ്ത്രമാണത്. ആശ്രമത്തിലിരിക്കുന്ന സന്യാസിയെപ്പോലെയാണ് ശബരിമല പ്രതിഷ്ഠ. അവിടെയെത്തുന്നവര്‍ ഏത് സ്വഭാവത്തിലുള്ളവരായിരിക്കണമെന്ന് പോലും പറയുന്നു. അതൊന്നും കണക്കിലെടുക്കാതെ സ്ത്രീകളോടുള്ള ശത്രുതയോ ആര്‍ത്തവവിഷയങ്ങളോ ചര്‍ച്ചയാക്കി തെറ്റായ പ്രചരണമാണ് നടത്തുന്നത്. ഹിന്ദുവിന്റെ ശരിയായ വിഷയമല്ല പുറത്തേക്ക് വന്നത്. തിരഞ്ഞെടുപ്പും വോട്ടും മാത്രം കേന്ദ്രീകരിച്ചുള്ള പ്രചരണങ്ങളാണ്. അതിലെല്ലാം വേദനയുണ്ട്. രാഷ്ട്രീയം എന്റെ വഴിയല്ല. ഞാനൊരു രാഷ്ട്രീയക്കാരനുമല്ല. അതിനാല്‍ യോഗക്ഷേമ സഭയുടെ പ്രവര്‍ത്തനങ്ങളിലേക്ക് സജീവമായി ഇറങ്ങാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഓള്‍ ഇന്ത്യ ബ്രാഹ്മിന്‍ ഫെഡറേഷന്‍ ദേശീയ അധ്യക്ഷനായി എന്നെ തിരഞ്ഞെടുത്തപ്പോള്‍ തന്നെ ബിഡിജെഎസില്‍ ഇനി തുടരാനാവില്ലെന്ന് ഞാന്‍ നേതൃത്വത്തെ അറിയിച്ചതാണ്. അതിനാല്‍ നേതൃത്വത്തിന് എന്റെ വിട്ടുപോകലില്‍ അതിശയം ഒന്നുമുണ്ടാവില്ല.

Also Read: ബിഡിജെഎസില്‍ വീണ്ടും പൊട്ടിത്തെറി, വൈസ് പ്രസിഡന്റ് അക്കീരമണ്‍ ഭട്ടതിരിപ്പാട് പാര്‍ട്ടി വിടുന്നു

നായാടി മുതല്‍ നമ്പൂതിരി വരെ എന്ന ബൃഹത് ആശയവുമായി എത്തിയ വെള്ളാപ്പള്ളിയുടെ നവ മുന്നേറ്റ യാത്രയുടേയും അതിന് ശേഷം രൂപം കൊണ്ട ബിഡിജെഎസിന്റെയും ഉദ്ദേശലക്ഷ്യങ്ങള്‍ വളരെ വലുതും നല്ലവയുമായിരുന്നു. എന്നാല്‍ അതിന്റെ ലക്ഷ്യങ്ങള്‍ ഇടക്ക് ബ്രേക്ക് ആയിട്ടുണ്ടെന്ന് പറയാതെ വയ്യ. സി കെ ജാനു ഉള്‍പ്പെടെ അതില്‍ നിന്ന് വിട്ടുപോയി. മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയാത്ത ഒരുവസ്ഥയുണ്ട്. ബൗദ്ധികമായ തീരുമാനങ്ങളും നടപടിക്രമങ്ങളും പാര്‍ട്ടിക്കുണ്ടാവേണ്ടതായിരുന്നു എന്ന് തോന്നുന്നു. സത്യസന്ധതയും സുതാര്യതയും വേണമെന്ന് ആഗ്രഹിച്ചാലും അവരെ സര്‍ക്കാര്‍ പെടുത്തുകയാണ്. നിലനില്‍ക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കി സമ്മര്‍ദ്ദപ്പെടുത്തി അവരെ ഉപയോഗിക്കുകയാണ്. വെള്ളാപ്പള്ളിയുടേയും തുഷാറിന്റെയും ആശയങ്ങള്‍ വളരെ വലുതാണ്. പക്ഷെ അവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമില്ല എന്നതാണ്. ശബരിമല വിഷയത്തില്‍ പോലും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടല്‍ കൊണ്ട് വ്യക്തമായ ഒരു രാഷ്ട്രീയ നിലപാട് പാര്‍ട്ടിയില്‍ നിന്നുണ്ടായിട്ടില്ല”, അക്കീരമണ്‍ പറഞ്ഞു.

എന്നാല്‍ ചൂഴാല്‍ നിര്‍മ്മലിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പിളര്‍ത്തിയതിനോട് തനിക്ക് കടുത്ത എതിര്‍പ്പുണ്ടെന്നും അക്കീരമണ്‍ പറഞ്ഞു. ആരംഭദശയിലുള്ള ഒരു പാര്‍ട്ടിയെ പിളര്‍ത്തുന്നത് ശരിയായ നടപടിയല്ലെന്നും ഒറ്റക്കെട്ടായി നിന്നാല്‍ വലിയ ശക്തിയായി മാറിയേക്കാവുന്ന പാര്‍ട്ടിയാണ് ബിഡിജെഎസ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍