UPDATES

ട്രെന്‍ഡിങ്ങ്

പ്രളയം വന്നപ്പോള്‍ ഞങ്ങള്‍ ആലപ്പാടുകാരും നിങ്ങള്‍ വേറെ നാട്ടുകാരും എന്നായിരുന്നോ? മന്ത്രി ജയരാജനോട് കരിമണല്‍ ഖനനത്തിന്റെ ഇരകള്‍

രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലെങ്കിലും തങ്ങള്‍ അതിജീവിക്കാനായി, ബാക്കിയുള്ള മണ്ണ് അവശേഷിക്കാനായി സമരം തുടരുമെന്ന് ആലപ്പാട് നിവാസികള്‍ പറയുന്നു.

“അന്ന് കേരളമായിരുന്നു. ഇന്ന് ആലപ്പാട്ടേക്കെത്തുന്നവര്‍ മലപ്പുറത്തുകാരും പുറത്തുനിന്നുള്ളവരും. പ്രളയം വന്നപ്പോള്‍ ഞങ്ങള്‍ ആലപ്പാട്ടുകാരെന്നും നിങ്ങള്‍ വേറെ ഏതെങ്കിലും നാട്ടുകാരെന്നും ഉണ്ടായിരുന്നോ?” ആലപ്പാട്ടുകാര്‍ ചോദിക്കുന്നു. സമരം ചെയ്യുന്നത് പുറത്തുനിന്നുള്ളവരാണെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ആവര്‍ത്തിക്കുമ്പോള്‍ തങ്ങള്‍ക്ക് ചോദിക്കാനുള്ളത് ഇത് മാത്രമാണെന്ന് ആലപ്പാട്ടെ ജനങ്ങള്‍. “ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന മന്ത്രിക്ക് എന്തോ കുഴപ്പമുണ്ടെന്നാണ് പറയാനുള്ളത്. കേരളത്തിലെ ആര്‍ക്കും എവിടെയും പോവാനും സമരം ചെയ്യാനുമെല്ലാം കഴിയില്ലേ? ഇനി മലപ്പുരത്തുകാര്‍ക്കെന്താ എന്തെങ്കിലും പ്രത്യേകതയുണ്ടോ? കേരളം മുഴുവന്‍ സമരം ചെയ്തിട്ടുള്ള വലിയ ഒരു പ്രസ്ഥാനത്തിന്റെ മന്ത്രി ഇത്തരത്തില്‍ അഭിപ്രായം പറയുന്നതില്‍ സങ്കടമുണ്ട്”, രോഷത്തോടെയാണ് സമരസമിതി പ്രവര്‍ത്തകര്‍ പ്രതികരിച്ചത്. മലപ്പുറത്തു നിന്നുള്ളവരാണ് ആലപ്പാട് സമരം ചെയ്യുന്നതെന്ന മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മലപ്പുറത്തിന്റെ പേര് പരാമര്‍ശിക്കാതെ തന്നെ സമരം ചെയ്യുന്നത് പുറത്തുനിന്നുള്ളവരാണെന്ന് മന്ത്രി ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

സര്‍ക്കാരിന് ചെയ്യാവുന്നതെല്ലാം ചെയ്തുവെന്നും സമരസമിതി പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമല്ലെന്നുമാണ് മന്ത്രി ഇന്നലെയും മാധ്യമങ്ങളോട് പ്രതികരിച്ചത്. സമരസമിതി നേതാവ് ശ്രീകുമാര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: “ചര്‍ച്ചയുടെ സമയത്ത് തിര മണ്ണ് കൊണ്ടുവരുമല്ലോ എന്നാണ് മന്ത്രി ചോദിച്ചത്. ഇങ്ങനെ വിവരക്കേട് പറയുന്ന ഒരു മന്ത്രിയോട് എന്ത് ചര്‍ച്ച ചെയ്യാനാണ്? തിര മണ്ണ് കൊണ്ടുവരുമെങ്കില്‍ കേരളത്തിന്റെ തീരമെല്ലാം എങ്ങനെയാവുമായിരുന്നു? ആലപ്പാടിന്റെ കാര്യത്തില്‍ തിരകൊണ്ടുവന്ന മണ്ണിന്റെ അളവല്ല ഞങ്ങള്‍ ചോദിച്ചത്. പൊതുമേഖലാ കമ്പനികള്‍ കരിമണല്‍ ഖനനത്തിനായി എടുത്ത മണ്ണിന്റെ വെയിസ്റ്റ് എവിടെ? ഇതാണ് ഞങ്ങളുടെ ചോദ്യം. അതിന് ഉത്തരവുമില്ല. അന്വേഷണവുമില്ല.”

അഴിമുഖം ഡോക്യുമെന്ററി കാണാം

സര്‍ക്കാരും സമരക്കാരും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സീവാഷിങ് നിര്‍ത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും ഖനനം നിര്‍ത്താതെ തങ്ങള്‍ പിന്നോട്ടില്ല എന്ന ഉറച്ച് നിലപാട് സമരസമിതിയെടുത്തു. സീവാഷിങ് നേരത്തെ നിരോധിച്ചതാണ്. എന്നാല്‍ അനധികൃതമായി അത് നടക്കുന്നു. അപ്പോള്‍ വീണ്ടും സീവാഷിങ് നിരോധിച്ചെന്ന് സര്‍ക്കാര്‍ പറയുന്നതില്‍ എന്ത് യുക്തിയാണുള്ളതെന്ന് സമരക്കാര്‍ ചോദിക്കുന്നു. സെസ്സിലെ ശാസ്ത്രജ്ഞനായ ഡോ. ടി.എന്‍ പ്രകാശിന്റെ നേതൃത്വത്തിലുള്ള സമിതിയെ ആലപ്പാട്ടെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ നിയോഗിച്ചു. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ നിയമസഭാ സമിതി റിപ്പോര്‍ട്ട് ഉള്‍പ്പെടെ നിരവധി പഠന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരില്‍ സമര്‍പ്പിക്കപ്പെട്ടുണ്ടെന്നിരിക്കെ പുതിയ പഠന സമിതി എന്തിനെന്ന സംശയവും സമരക്കാര്‍ ഉന്നയിക്കുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആലപ്പാട് വിഷയം ചര്‍ച്ച ചെയ്തിരുന്നു. ജനിച്ച മണ്ണില്‍ മരിക്കണമെന്ന ആലപ്പാട്ടുകാരുടെ ആവശ്യത്തിന് കരിമണലിനേക്കാള്‍ വിലയുണ്ടെന്ന വിഎസ് അച്യുതാനന്ദന്റെ നിലപാടിന് വിരുദ്ധമായി, ഖനനം നിര്‍ത്താനാവില്ലെന്ന നിലപാടാണ് സിപിഎം സെക്രട്ടറിയേറ്റ് മുന്നോട്ട് വച്ചത്. ഖനനം താത്ക്കാലികമായി നിര്‍ത്തണമെന്നാണ് വിഎസ് ആവശ്യപ്പെട്ടത്. എന്നാല്‍ വീടും ഭൂമിയും നഷ്ടപ്പെട്ടു എന്നത് വസ്തുതയാണെങ്കിലും പൊതുമേഖലാ സ്ഥാപനം അടച്ചുപൂട്ടാനാവില്ലെന്നാണ് സിപിഎം നിലപാട്. ആശങ്കകള്‍ പരിഹരിക്കണമെങ്കിലും ഖനനം നിര്‍ത്തിവക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അറിയിച്ചത്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലെങ്കിലും തങ്ങള്‍ അതിജീവിക്കാനായി, ബാക്കിയുള്ള മണ്ണ് അവശേഷിക്കാനായി സമരം തുടരുമെന്ന് ആലപ്പാട്ടുകാര്‍ പറയുന്നു.

Also Read: കേരളം സ്വന്തം ജനതയോട് ചെയ്യുന്ന നെറികേടുകള്‍; ഇനി വിട്ടുകൊടുക്കില്ല ആലപ്പാടിനെ

People who are suffering due to black sand mining in Alappad district at Kollam district in Kerala says they will continue their struggle, even after Minister EP Jayarajan slams the protesters

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍