UPDATES

ട്രെന്‍ഡിങ്ങ്

ആലപ്പാട്ടെ കടലെടുക്കാത്ത അവസാന തുണ്ട് ഭൂമിയില്‍ അവര്‍ സമരം തുടങ്ങി; കരിമണലെടുക്കുന്ന ജീവിതങ്ങള്‍

1960-കൾ തൊട്ട് ഖനനത്തിനെതിരെ ചെറുതും വലുതുമായ നിരവധി സമരങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.

ആലപ്പാട് കരിമണൽ ഖനനത്തിനെതിരെ തീരദേശജനതയുടെ സമരം തുടങ്ങി. തീരദേശമേഖലയിൽ 60 വർഷത്തിലേറെയായി നടന്നു വരുന്ന ഖനനത്തിനെതിരെയാണ് പ്രദേശവാസികൾ സമരം ചെയ്യുന്നത്.

ആലപ്പാട് കരിമണൽ ഖനന വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തിൽ തുടങ്ങിയ അനിശ്ചിതകാല റിലേ നിരാഹാര സത്യഗ്രഹ സമരം പാലക്കാട് പ്ലാച്ചിമട സമരനേതാവ് വിളയോടി വേണുഗോപാൽ ഉദ്‌ഘാടനം ചെയ്തു. ചെറിയഴീക്കൽ വില്ലേജ് ഓഫീസിന്റെ സമീപത്തു തുടങ്ങിയ സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്.  അശാസ്ത്രീയമായ കരിമണൽ ഖനനത്തിന്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചറിഞ്ഞവരാണ് ആലപ്പാട് ജനത. അതുകൊണ്ടുതന്നെ അവരുടെ സമരത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് സാമൂഹ്യ, സാംസ്കാരിക രംഗത്തെ നിരവധി പേര്‍ പിന്തുണയുമായി എത്തുന്നുമുണ്ട്.

ഇന്ത്യൻ റെയർ ഏര്‍ത് ലിമിറ്റഡ് (ഐ.ആർ.ഇ.എൽ) ഉം, കേരളാ മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ.എം.എം.എൽ) ഉം തീരദേശഗ്രാമങ്ങളിൽ നടത്തുന്ന അശാസ്ത്രീയമായ ഖനനം മൂലം പഞ്ചായത്തിന്റെ പരിധിയിലുൾപ്പെട്ട സ്ഥലങ്ങൾ പോലും കടലെടുത്തുപോയി. ലിത്തൊ മാപ്പ് പ്രകാരം ആലപ്പാട് പഞ്ചായത്തിന് 89. 5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇത് 7.6 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. വർഷങ്ങളായി മേഖലയിൽ നടക്കുന്ന കരിമണൽ ഖനനം തുടർന്നതോടെ ആലപ്പാട് പഞ്ചായത്ത്, ടി.എസ്‌ കനാലിനും കടലിനും ഇടയ്ക്കുള്ള മണൽ ബണ്ടായി മാറി: (ഒരു ഗ്രാമം കേരളത്തിന്റെ ഭൂപടത്തില്‍ നിന്ന് ഇല്ലാതാവുകയാണ്; കാത്തിരിക്കുന്നത് കടല്‍ ഇരച്ചു കയറുന്ന മഹാദുരന്തം)

തൊട്ടടുത്ത പൊന്മന ഗ്രാമം ഏറെക്കുറെ പൂർണമായും കടലെടുത്തു. നഷ്ടപ്പെട്ടുപോയ വിദ്യാലയങ്ങൾ, വീടുകൾ, ആശുപത്രികൾ… എടുത്ത് പറയാൻ എത്രയോ അനുഭവസാക്ഷ്യങ്ങൾ. (ഈ ഗ്രാമത്തില്‍ ഒരു ജനത ജീവിച്ചിരുന്നു; ഇന്ന് കടലെടുത്ത വീടുകള്‍, സ്കൂളുകള്‍; പൊന്മനയെ ഖനനം തകര്‍ത്തതിങ്ങനെഅതുകൊണ്ടുതന്നെയാണ് ആലപ്പാട് ജനതയുടെ സമരത്തിന് ജില്ലയ്ക്കകത്തും പുറത്തുനിന്നുമുള്ളവരുടെ പിന്തുണയേറുന്നത്.

ആലപ്പാട് ജനതയുടെ ആവശ്യങ്ങൾ തികച്ചും ന്യായമാണെന്നും അടിയന്തിരമായി ഖനനം നിർത്തിവയ്‌ക്കേണ്ടതുണ്ടെന്നും സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ സി.ആർ. നീലകണ്ഠൻ പറയുന്നു: “കെ.എം.എം.എൽ ഇവിടത്തെ രാഷ്ട്രീയക്കാർക്ക് ഒരു സ്വർണഖനിയാണ്. മാത്രവുമല്ല, വെറുതെ കിട്ടുന്ന റോ മെറ്റീരിയൽ പ്രോസസ്സ് ചെയ്ത് നാട് മുഴുവൻ മലിനീകരിച്ച്, ലാഭമുണ്ടാക്കി ട്രേഡ് യൂണിയൻ നേതാക്കന്മാർക്കും അതിന്റെ മറ്റു ചില കച്ചവടക്കാർക്കും ഗുണമുണ്ടാക്കുന്നതൊഴിച്ചാൽ ആ പ്രദേശം മുഴുവൻ അങ്ങേയറ്റം മലിനമാണ്. കുടിവെള്ളം പോലും കിട്ടാത്തൊരു പ്രദേശമായി അത് മാറിയിരിക്കുന്നു. പല മാനങ്ങളുണ്ട് കരിമണൽ ഖനനത്തിന്. പാരിസ്ഥിതിക ആഘാതമാണ് പ്രധാനമായും എടുത്തു പറയേണ്ട ഒന്ന്. മറ്റൊന്ന്, വലിയ തോതിൽ വലിയൊരു കൊള്ള അവിടെ നടക്കുന്നുണ്ട്. മിനറൽസ് സെപറേറ്റ് ചെയ്യാൻ എന്ന രീതിയിൽ വലിയൊരളവു മണൽ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നുവെന്നൊരു ആരോപണം നിലനിൽക്കുന്നുണ്ട്. യഥാർഥത്തിൽ കെ.എം.എം.എല്ലും ഐ.ആർ.ഇ.യും അവിടെ നിന്നുണ്ടാക്കുന്ന ലാഭത്തിന്റെ പതിന്മടങ്ങു നഷ്ടം ആ പ്രദേശത്തുണ്ടായിട്ടുണ്ട്. പ്രകൃതിക്കും പ്രദേശവാസികൾക്കും വലിയ തോതിൽ ദീർഘകാല നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. അവരുടെ വീട്, മത്സ്യസമ്പത്ത്, മലിനീകരണം, തുടങ്ങി നഷ്ടങ്ങൾ വളരെ വലുതാണ്. ഇതൊന്നും പരിഹരിക്കപ്പെടുന്നേയില്ല”, അദ്ദേഹം പറഞ്ഞു.

“ആലപ്പാടുകാരെ സംബന്ധിച്ചേടത്തോളം ഇതൊരു അതിജീവനത്തിന്റെയും നിലനില്പിന്റെയും പോരാട്ടമാണ്”, സമരപ്പന്തലിലെത്തിയ വിളയോടി വേണുഗോപാൽ പറഞ്ഞു. “ഈ തലമുറ മാത്രമല്ല, വരും തലമുറയും ഇവിടെ ജീവിക്കണം. ഗ്രാമപഞ്ചായത്ത് എട്ട് ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി വന്നതിനു ഭരണകൂടം മാത്രമാണ് ഉത്തരവാദി. നമ്മുടെ രാജ്യത്ത് നൂറ്റാണ്ടുകളായി ജനിച്ചുവളർന്നവരുടെ ജീവിക്കാനുള്ള അവകാശം പിഴുതെറിഞ്ഞ് അവരെ നാടോടികളാക്കുന്ന ഒരു വികസന നയം ഇന്ന് കേരളത്തിൽ വളർന്നുകൊണ്ടിരിക്കുകയാണ്. വികസനഫാസിസമെന്നും വികസന തീവ്രവാദമെന്നുമേ അതിനെ പറയാൻ കഴിയൂ.
ആർത്തിപൂണ്ട്, വരും തലമുറയ്ക്ക് കൂടി അവകാശപ്പെട്ട പ്രകൃതി വിഭവങ്ങളെ മുഴുവൻ ഭരണാധികാരികൾ ഏജന്റായി നിന്ന് കുത്തക മുതലാളിമാർക്ക് വിറ്റുകൊണ്ടിരിക്കുകയാണ്. കരിമണൽ ഖനനത്തിന്റെ പേരിൽ നടക്കുന്ന മണൽക്കൊള്ളയ്ക്കും ചൂഷണത്തിനുമെതിരെ ശക്തമായ പ്രതിഷേധം തന്നെ ഉയർന്നുവരണം”, വിളയോടി വേണുഗോപാൽ പറഞ്ഞു.

നിലവിലുണ്ടായിരുന്ന റോഡ്‌ കടല്‍ കയറി നശിച്ചു പോയതോടെ പുതുതായി നിര്‍മിച്ച റോഡ്‌

കൊല്ലം നീണ്ടകര മുതൽ കായംകുളം വരെയുള്ള 23 കി.മീ. കടൽത്തീരത്തെ മണലിൽ 1925-കളിൽത്തന്നെ വലിയ തോതിലുള്ള ധാതുമണൽ നിക്ഷേപമുള്ളതായി കണ്ടെത്തിയിരുന്നു. ഇതോടെ അക്കാലം തൊട്ട് വിദേശീയരും സ്വദേശീയരുമായ വ്യവസായികൾ കടൽത്തീരത്ത് ഖനനവുമായി ബന്ധപ്പെട്ട് എത്തിത്തുടങ്ങി. പ്രാദേശിക ജനവിഭാഗങ്ങളുടെ പ്രതിഷേധങ്ങളും സമരവും തൊഴിൽപ്രശ്നങ്ങളും മൂലം തുടക്കത്തിൽ ഇഴഞ്ഞു നീങ്ങിയ ഖനന പ്രവർത്തനങ്ങൾ സജീവമായത് ഐ.ആർ.ഇ.എല്ലിന്റെ വരവോടെയാണ്. കഴിഞ്ഞ 60 വർഷത്തിലധികമായി തുടരുന്ന കരിമണൽ ഖനനം കൂടുതൽ ആഘാതമേല്പിച്ചതാകട്ടെ കിഴക്ക് ടി.എസ് കനാലിനും പടിഞ്ഞാറ് അറബിക്കടലിനും ഇടയിലായി റിബ്ബണ്‍ പോലെ നീളത്തിൽ കിടക്കുന്ന ചവറ മുതൽ ആലപ്പാട് വരെയുള്ള പ്രദേശങ്ങളെയും. ആലപ്പാട് – ചവറ മേഖലകളിൽ വിവിധ കമ്പനികൾ നടത്തിയ അശാസ്ത്രീയമായ ഖനനം മൂലം എതാണ്ട് 7200 ഹെക്ടറിലധികം ഭൂമി നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്.

1960-കൾ തൊട്ട് ഖനനത്തിനെതിരെ ചെറുതും വലുതുമായ സമരങ്ങൾ നിരവധി നടന്നിട്ടുണ്ട്. എന്നാൽ ഭരണകൂടത്തിന്റെ സഹായത്തോടെ സമരങ്ങളെയെല്ലാം കമ്പനി അടിച്ചൊതുക്കി. ഭഗവത് സിങ് , കെ.സി ശ്രീകുമാർ തുടങ്ങി പ്രദേശത്തെ പല സാമൂഹ്യപ്രവർത്തകരും ഖനനത്തിനും അനധികൃത മണൽകടത്തിനുമെതിരെ കോടതിയെയും സമീപിക്കുകയുണ്ടായി. കൊല്ലത്ത് കളക്ടറുടെ കോൺഫറൻസ് ഹാളിൽ നടന്ന പബ്ലിക് ഹിയറിങ്ങിലും തീരദേശജനതയുടെ പ്രതിഷേധം കണ്ടതാണ്. എന്നാൽ ഇപ്പോഴും മാനദണ്ഡങ്ങൾ ലംഘിച്ചുള്ള ഖനനം തുടരുകയാണ്.

‘സേവ് ആലപ്പാട്’ എന്ന മുദ്രാവാക്യം മുന്നോട്ട് വച്ച് തുടങ്ങിയ സമരത്തിന്റെ ആദ്യദിവസം ബ്ലോക്ക് പഞ്ചായത്തംഗം വി. സാഗർ, ഗ്രാമപഞ്ചായത്തംഗങ്ങളായ സിബി ബോണി, കമലം ടീച്ചർ, ആർ. ബേബി, സുഹാസിനി, മുൻ പഞ്ചാത്ത് പ്രസിഡന്റായ ആർ. രാജപ്രിയൻ, ഡോ. വിനോദ് കോശി, രഘു ഇരവിപേരൂർ, ബിജോയ് ഡേവിഡ്, ചെറിയഴീക്കൽ അരയവംശ പരിപാലന യോഗം പ്രസിഡന്റ് പി. സതീന്ദ്രൻ, അഴീക്കൽ വ്യാസവിലാസം കരയോഗം ട്രഷറർ ഉണ്ണികൃഷ്ണൻ, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തംഗം സുധിലാൽ തൃക്കുന്നപ്പുഴ, അനിൽ വി. നാഗേന്ദ്രൻ, എം.വി ഷാജി, കാർത്തിക് ശശി എന്നിവർ അഭിവാദ്യമർപ്പിച്ചു. മൂന്ന് ദിവസങ്ങളിലായി
ജിജീഷ് മുകുന്ദൻ, ശ്രീകല, അയന എസ്. ബിജു എന്നിവർ നിരാഹാരമിരുന്നു.

ആലപ്പാട് ഗ്രാമം കടല്‍ വിഴുങ്ങുന്നുന്നതിനു മുമ്പ് ജനങ്ങള്‍ അവസാന പോരാട്ടത്തിന് തയാറെടുക്കുകയാണ്

ഈ ഗ്രാമത്തില്‍ ഒരു ജനത ജീവിച്ചിരുന്നു; ഇന്ന് കടലെടുത്ത വീടുകള്‍, സ്കൂളുകള്‍; പൊന്മനയെ ഖനനം തകര്‍ത്തതിങ്ങനെ

ആലപ്പാട്: ഒരു ഗ്രാമം കേരളത്തിന്റെ ഭൂപടത്തില്‍ നിന്ന് ഇല്ലാതാവുകയാണ്; കാത്തിരിക്കുന്നത് കടല്‍ ഇരച്ചു കയറുന്ന മഹാദുരന്തം

സമരങ്ങളും മാധ്യമങ്ങളും വികസനം തടയുന്നു, കരിമണല്‍ ഖനനം കേരളത്തെ ഖത്തറാക്കും: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

കരിമണല്‍ കണ്ട് ഒരു മുതലാളിയും പനിക്കേണ്ട- സി.ആര്‍ നീലകണ്ഠന്‍ എഴുതുന്നു

സന്ധ്യ വിനോദ്

സന്ധ്യ വിനോദ്

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍