UPDATES

ട്രെന്‍ഡിങ്ങ്

അങ്കത്തിന് മുന്നേ ‘ജയന്റ്’ കളമൊഴിഞ്ഞ് ആലപ്പുഴ; എ എം ആരിഫെന്ന ‘ജയന്റ് കില്ലറി’നെ പരിചയപ്പെടാം

കെ സി മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ച് കളമൊഴിയുന്നതോടെ ഈ വെല്ലുവിളിയുമൊഴിഞ്ഞ് ആലപ്പുഴ ആരിഫിലൂടെ പിടിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് പാര്‍ട്ടി അണികളും നേതൃത്വവും.

ഗൗരിയമ്മയ്‌ക്കെതിരെ എ എം ആരിഫ് മത്സരിക്കാനെത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. 2006ലെ നിയമസഭാ സ്ഥാനാര്‍ഥി ചര്‍ച്ചകളിലൊന്നും ആരിഫ് ഇടംപിടിച്ചിരുന്നുമില്ല. അപ്രതീക്ഷിതമായായിരുന്നു എന്‍ട്രി. യുഡിഎഫ് സര്‍ക്കാരില്‍ കൃഷിമന്ത്രിയും കേരളത്തിലെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകയുമായ കെ ആര്‍ ഗൗരിയമ്മയുടെ സ്വന്തം തട്ടകമായിരുന്ന അരൂരില്‍ മത്സരിക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ഒന്ന് പേടിച്ചിരുന്ന സമയം കൂടിയായിരുന്നു അത്. 12,000 വോട്ടിനും 16,000 വോട്ടിനുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ഗൗരിയമ്മയോട് പരാജയപ്പെട്ടിരുന്നത്. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ പലതും സ്ഥാനാര്‍ഥി പട്ടികയിലേക്ക് ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും ഒടുവില്‍ എ എം ആരിഫിനാണ് നറുക്ക് വീണത്. എന്നാല്‍ ഗൗരിയമ്മയ്‌ക്കെതിരെ മത്സരിക്കാന്‍ ആരിഫ് ഇറങ്ങുമ്പോള്‍ വിജയം ആരും പ്രതീക്ഷിച്ചിരുന്നില്ല. ഗൗരിയമ്മയുടെ ഭൂരിപക്ഷം കുറക്കാന്‍ കഴിഞ്ഞേക്കുമെന്നായിരുന്നു പാര്‍ട്ടി അണികളുടെ തന്നെ കണക്കുകൂട്ടല്‍. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് 4650 വോട്ടുകള്‍ക്ക് ആരിഫ് അട്ടിമറി ജയം കരസ്ഥമാക്കി. കേരള രാഷ്ട്രീയത്തിലെ ഏറ്റവും സീനിയറായ, പ്രഗത്ഭയായ കെ ആര്‍ ഗൗരിയമ്മയെ പരാജയപ്പെടുത്തിയ ‘ജയന്റ് കില്ലര്‍’ ആയി ആരിഫ് നിയമസഭയിലെത്തി. ഇക്കുറി പാര്‍ട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആരിഫിനെ ഇറക്കിയത് മറ്റൊരു ‘ജയന്റി’നെ പരാജയപ്പെടുത്താനുറച്ചായിരുന്നു. രണ്ട് തവണ എംഎല്‍എയായും മൂന്ന് തവണ എംപിയായും ആലപ്പുഴയില്‍ തോല്‍വിയറിഞ്ഞിട്ടില്ലാത്ത കെ സി വേണുഗോപാലിനെ നേരിടാന്‍ ശക്തനായ ഒരാള്‍- ഇതായിരുന്നു പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ കെ സി മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ച് കളമൊഴിയുന്നതോടെ ഈ വെല്ലുവിളിയുമൊഴിഞ്ഞ് ആലപ്പുഴ ആരിഫിലൂടെ പിടിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് പാര്‍ട്ടി അണികളും നേതൃത്വവും.

‘അരൂരിന്റെ ഐശ്വര്യം ഇനി ആലപ്പുഴയുടെ ഐശ്വര്യം’ എ എം ആരിഫിനായി എല്‍ഡിഎഫ് പ്രചരണം തുടങ്ങിയിത് ഇങ്ങനെയാണ്. 2011ല്‍ താന്‍ വിജയിച്ചാല്‍ അരൂരിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കി പ്രവര്‍ത്തിക്കുമെന്ന വാക്കാണ് ആരിഫ് ജനങ്ങള്‍ക്ക് നല്‍കിയിരുന്നത്. ‘അരൂരിന്റെ ഐശ്വര്യം’ എന്ന സമഗ്ര വികസന മാസ്റ്റര്‍ പ്ലാന്‍ ആയിരുന്നു 2016ല്‍ വീണ്ടും നിയമസഭയിലേക്കുള്ള ജനവിധി തേടുമ്പോള്‍ ആരിഫിന്റെ പ്രധാനപ്പെട്ട ക്രെഡിറ്റ്. മാസ്റ്റര്‍ പ്ലാനിന്റെ പേര് ‘അരൂരിന്റെ ഐശ്വര്യം’ എന്നത് ‘ആലപ്പുഴയുടെ ഐശ്വര്യ’ മായി ഉയര്‍ത്തിക്കാട്ടാന്‍ പറ്റണമെന്നാണ് പ്രവര്‍ത്തകരുടെ പ്രതീക്ഷ.

ഗൗരിയമ്മയെ അടിയറവ് പറയിച്ച ആത്മവിശ്വാസത്തിലാണ് രണ്ടാം തവണ ആരിഫ് മത്സരിക്കാനിറങ്ങിയത്. ഡി സി സി പ്രസിഡന്റും എംഎല്‍എയുമായിരുന്ന എ എ ഷുക്കൂര്‍ ആയിരുന്നു എതിര്‍. 16850 വോട്ടുകള്‍ക്കാണ് ആരിഫ് അന്ന് ജയിച്ചത്. ഭൂരിപക്ഷം മൂന്നിരട്ടി വര്‍ധിപ്പിച്ചു. 2016ല്‍ മൂന്നാം മത്സരം. ഈ മത്സരത്തില്‍ കായംകുളം നഗരസഭാ ചെയര്‍മാനും കെ പി സിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന അഡ്വ. സി ആര്‍ ജയപ്രകാശിനെതിരെ 38519 വോട്ടിന്റെ ഭൂരിപക്ഷത്തിന് മികച്ച വിജയം നേടി. ആലപ്പുഴയിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ഇത്. 2016ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച മൂന്നാമത്തെ മണ്ഡലമായി അരൂര്‍ മാറി.

ചേര്‍ത്തല എസ് എന്‍ കോളേജില്‍ ബിഎസ്സി സുവോളജിയ്ക്ക് പഠിക്കുമ്പോഴാണ് ആരിഫ് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം ആരംഭിക്കുന്നത്. രണ്ടാം വര്‍ഷം കോളേജ് യൂണിയന്‍ മാഗസിന്‍ എഡിറ്ററും മൂന്നാം വര്‍ഷം കോളേജ് യൂണിയന്‍ ചെയര്‍മാനുമായി. എസ്എഫ്‌ഐ മാരാരിക്കുളം ഉപഭാരവാഹി, ചേര്‍ത്തല ഏരിയ പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി എന്നിങ്ങനെ വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനത്തില്‍ സജീവമായി. തിരുവനന്തപുരം ലോ കോളേജില്‍ എല്‍എല്‍ബിയ്ക്ക് പഠിക്കുമ്പോഴാണ് ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്. പൊതുജനാധിപത്യവേദിയിലെ ആരിഫിന്റെ ആദ്യ മത്സരമായിരുന്നു അത്. കെ സി അബ്ദുള്‍ കരീമിനെ 3600 വോട്ടിന് പരാജയപ്പെടുത്തിയാണ് ജില്ലാ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഈ കാലയളവില്‍ കേരള സര്‍വ്വകലാശാല സെനറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1986ല്‍ സിപിഎം അംഗമായി. പാര്‍ട്ടി ലോക്കല്‍ കമ്മറ്റി ഏരിയാ കമ്മിറ്രി ഭാരവാഹിത്വങ്ങളും ആരിഫിനെ തേടിയെത്തി. 1996ല്‍ സിപിഎം ജില്ലാ കമ്മറ്റി അംഗമായ ആരിഫ് ഇപ്പോഴും ജില്ലാ കമ്മറ്റിയംഗമായി തുടരുന്നു. 2000 മുതല്‍ 2006ല്‍ എംഎല്‍എയയി തിരഞ്ഞെടുക്കപ്പെടുന്നത് വരെ ചേര്‍ത്തല ഏരിയാ സെക്രട്ടറി ആയിരുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വിജയങ്ങള്‍ നേടിയപ്പോഴും സംഘടനാ തലത്തില്‍ ആരിഫിന് കാര്യമായ ഉയര്‍ച്ചയുണ്ടായില്ല. ജില്ലാ കമ്മറ്റി അംഗമായി 23 വര്‍ഷങ്ങളാവുമ്പോഴും ജില്ലാ സെക്രട്ടറിയേറ്റിലേക്ക് ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടില്ല. പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പാണ് ഇതിന് കാരണമെന്നാണ് സംസാരം. ജില്ലയിലെ വിഎസ് അനുകൂലികളായിരുന്നവരില്‍ ഒരാളായിരുന്നു ആരിഫ്. എന്നാല്‍ മലപ്പുറം സമ്മേളനത്തോടെ മലക്കം മറിഞ്ഞ് ഔദ്യോഗിക പക്ഷത്തേക്ക് ചാഞ്ഞുവെങ്കിലും ഔദ്യോഗിക പക്ഷത്തില്‍ നിന്ന് പ്രതീക്ഷിച്ച സ്വീകരണം ആരിഫിന് കിട്ടിയതുമില്ല. ഇതാണ് സംഘടനാ തലത്തില്‍ കാര്യമായ വളര്‍ച്ച കൈവരിക്കാന്‍ കഴിയാത്തതിന്റെ കാരണമായി പറയുന്നത്. പക്ഷെ പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പുകളെ പോലും ഇല്ലാതാക്കുന്നതായിരുന്നു ആരിഫിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ തന്ത്രങ്ങളും വിജയങ്ങളും. ഒരുവേള 2016ല്‍ ആരിഫിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ആരിഫ് യുഡിഎഫിലേക്ക് ചേക്കാറാന്‍ ശ്രമം നടത്തുന്നതായി പോലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജില്ലാ നേതൃത്വത്തിലെ ചില നേതാക്കളുടെ എതിര്‍പ്പുകള്‍ വകവക്കാതെ ആരിഫിന് തന്നെ സീറ്റ് നല്‍കാന്‍ കാരണമായത് വിജയസാധ്യതയായിരുന്നു. ചുരുങ്ങിയത് 2000 വോട്ടുകള്‍ക്ക് യുഡിഎഫിന് മേല്‍ക്കൈ ഉള്ള മണ്ഡലമാണ് അരൂര്‍. ആ മണ്ഡലത്തില്‍ യുഡിഎഫ് വോട്ടുകള്‍ പോലും നേടി വിജയിക്കുന്ന ആരിഫിനെ പാര്‍ട്ടി കൈവിട്ടില്ല.

പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ ജനങ്ങളുടെ മതിപ്പ് നേടിയെടുക്കാന്‍ കഴിഞ്ഞ നേതാവാണ് ആരിഫ്. എംഎല്‍എയായിരുന്ന കാലയളവില്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ആരിഫിന്റെ ഏറ്റവും വലിയ പ്രചരണായുധമായത്. 10 രൂപ ചിലവഴിച്ചാല്‍ 25 രൂപയുടെ പബ്ലിസ്റ്റി ഹണ്ട് നടത്തുമെന്ന വിമര്‍ശനങ്ങള്‍ ഒഴിച്ചാല്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പൊതുജനത്തിനോ എതിര്‍ പാര്‍ട്ടികള്‍ക്കോ കാര്യമായ ആക്ഷേപമില്ല. പബ്ലിസിറ്റി ഹണ്ടും, ഇമേജ് സംരക്ഷണ പ്രവര്‍ത്തനങ്ങളുമാണ് ആരിഫിനെ നിലനിര്‍ത്തുന്നതെന്ന വിമര്‍ശനം മറ്റൊരു വഴിക്ക് ശക്തമാണ് താനും. എന്നാല്‍ യുഡിഎഫിന് മേല്‍ക്കൈ ഉള്ള മണ്ഡലത്തില്‍ യുഡിഎഫുകാര്‍ മത്സരിക്കാന്‍ പേടിക്കുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതിന്റെ ക്രെഡിറ്റ് ആരിഫിനുള്ളതാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിവാദ വ്യവസായിയുടെ കാര്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദമൊഴിച്ചാല്‍ കാര്യമായ വിവാദങ്ങളോ അഴിമതി ആരോപണങ്ങളോ ആരിഫിന് നേരെ ഉയര്‍ന്നില്ല എന്നതാണ് എല്‍ഡിഎഫ് പ്രചരണത്തിനുപയോഗിക്കാന്‍ പോവുന്നത്.

ഏത് രാത്രിയും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്ന എംഎല്‍എ എന്ന നിലയിലും ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പഞ്ചായത്ത് അംഗത്തേക്കാള്‍ സജീവമായി ഇടപെടുമെന്നുമുള്ളതിനാലും ജനകീയനാണ് എ എം ആരിഫ് എന്ന എംഎല്‍എ. ഒരു കാര്യത്തിനായി ബന്ധപ്പെട്ടാല്‍, അക്കാര്യം നടക്കുമോ ഇല്ലയോ എന്ന കാര്യം വരെ ആവശ്യക്കാരെ വിളിച്ച് അറിയിക്കുന്ന ഈ എംഎല്‍എയ്ക്ക് സാധാരണ ജനങ്ങള്‍ ഫുള്‍ മാര്‍ക്കാണ് കൊടുക്കുന്നതും. ഇക്കാര്യത്തില്‍ കക്ഷി രാഷ്ട്രീയ ഭേദങ്ങള്‍ നോക്കാറില്ലെന്നതും ആരിഫിന്റെ സ്വീകാര്യതയേറ്റുന്നു. അതിനാല്‍ തന്നെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനൊപ്പവും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പവും നില്‍ക്കുന്ന മണ്ഡലം ആരിഫിന്റെ ജനസമ്മതി ഉപയോഗിച്ച് പിടിക്കാമെന്നാണ് പാര്‍ട്ടിയുടേയും പ്രതീക്ഷ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍