UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇടുക്കിയില്‍ സമീപകാലത്തുണ്ടായ ആത്മഹത്യകളെല്ലാം കര്‍ഷക ആത്മഹത്യയല്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്

സംസ്ഥാനത്തെ പലയിടത്തും കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഭീതിയുണര്‍ത്തിയിട്ടുണ്ട്

ഇടുക്കിയില്‍ സമീപകാലത്തുണ്ടായ ആത്മഹത്യകളെല്ലാം കര്‍ഷക ആത്മഹത്യയല്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. ആത്മഹത്യകള്‍ സംബന്ധിച്ച് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അടുത്തിടെ ഒമ്പത് ആത്മഹത്യകളാണ് ഇടുക്കി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവയെല്ലാ കര്‍ഷക ആത്മഹത്യകളാണെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. കടംമൂലം ആത്മഹത്യ ചെയ്തവരുണ്ടെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കര്‍ഷക കുടുംബങ്ങളില്‍ നിന്നാണെങ്കിലും ആത്മഹത്യ ചെയ്തവരെല്ലാം കാര്‍ഷിക നഷ്ടം മൂലമോ കടബാധ്യത മൂലമോ അല്ല എന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്.

വണ്ടിപ്പെരിയാറില്‍ മരിച്ച രാജന് കൃഷിയോ കൃഷിഭൂമിയോ ഉണ്ടായിരുന്നില്ല. ആത്മഹത്യ ചെയ്ത ഒരാള്‍ ഭൂമി മറ്റൊരാള്‍ക്ക് കൃഷിയ്ക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയാണ്. ആത്മഹത്യകള്‍ തടയുന്നതിന് കൃഷി വകുപ്പ് തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കളക്ടര്‍ റിപ്പോര്‍ട്ട് കൈമാറിയത്. സര്‍ക്കാര്‍ പ്രത്യേക യോഗം വിളിച്ച് പ്രളയത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആത്മഹത്യകള്‍ക്ക് അമിതമായ വാര്‍ത്താപ്രാധാന്യം നല്‍കുന്ന മാധ്യമരീതി അപകടകരമാണ് ഇത് നിയന്ത്രിക്കേണ്ടതാണ്. ബാങ്ക് വായ്പകള്‍ക്ക് പുറമെ മദ്യപാനം, കുടുംബപ്രശ്നങ്ങള്‍ തുടങ്ങിയവയും മരണകാരണമായി മാറുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിന് ഉത്തേജകമായ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍.

അതേസമയം സംസ്ഥാനത്തെ പലയിടത്തും കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഭീതിയുണര്‍ത്തിയിട്ടുണ്ട്. കര്‍ഷക ആത്മഹത്യ സര്‍ക്കാരിനെതിരെയുള്ള പ്രചരണായുധമായി ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷവും. കര്‍ഷക ആത്മഹത്യകള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ഹര്‍ത്താല്‍ നടത്തുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടിയിരിക്കുകയാണ് യുഡിഎഫ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍