UPDATES

ട്രെന്‍ഡിങ്ങ്

കടുത്തുരുത്തി അര്‍ബന്‍ ബാങ്ക് ചെയര്‍മാനും കോണ്‍ഗ്രസ് രാഷ്ട്രീയവും; പുറത്തുവരുന്നത് അമ്പരപ്പിക്കുന്ന വാര്‍ത്തകള്‍

ജാതി അധിക്ഷേപം, തൊഴില്‍ സ്ഥലത്തെ പീഡനം; നിരവധി ആരോപണങ്ങളാണ് കടുത്തുരുത്തി അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ യു പി ചാക്കപ്പനെതിരെ ഉയര്‍ന്നിരിക്കുന്നത്

കുടിശ്ശിക വരുത്തിയ വായ്പ്പക്കാരനെ വ്യക്തിപരമായി അധിക്ഷേപിക്കുകയും കിഡ്‌നി വിറ്റിട്ട് ആണെങ്കിലും പണം അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തെന്ന് ബാങ്ക് ചെയര്‍മാനെതിരേ പരാതി. കടുത്തുരുത്തി അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ യു പി ചാക്കപ്പനെതിരെയാണ് വായ്പ്പക്കാരനായ കുന്നപ്പള്ളി ചെത്തുകുന്നേല്‍ സന്തോഷ് മുഖ്യമന്ത്രി, സഹകരണ വകുപ്പ് മന്ത്രി, രജിസ്ട്രാര്‍, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. കോട്ടയം ഡിസിസി അംഗവും ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയുമായ ചാക്കപ്പന്‍ ഡ്രാഫ്റ്റ് തട്ടിപ്പ് കേസില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആള്‍ കൂടിയാണ്. ബാങ്കിലെ നിയമനങ്ങളുമായി ബന്ധപ്പെട്ടും ഇദ്ദേഹത്തിനെതിരേ പരാതികളുണ്ട്.

സന്തോഷ് കടുത്തുരുത്തി അര്‍ബന്‍ ബാങ്കിന്റെ പെരിയ ബ്രാഞ്ചില്‍ നിന്നാണ് വായ്പ്പ എടുത്തിരുന്നത്. ഷാപ്പ് ജീവനക്കാരനായ സന്തോഷിന് കഴിഞ്ഞ ഒരു വര്‍ഷമായി പലിശയിനത്തില്‍ തുകയൊന്നും അടയ്ക്കാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് നിലവിലെ വായ്പ്പ പുതുക്കി നല്‍കണമെന്ന അപേക്ഷയുമായി സന്തോഷ് ബാങ്ക് ചെയര്‍മാനായ ചാക്കപ്പനെ നേരില്‍ കണ്ടു സംസാരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന ബോര്‍ഡ് യോഗം നടന്ന മാര്‍ച്ച് 28-ന് തലേന്നാണ് വീട്ടിലെത്തി സന്തോഷ് ചാക്കപ്പനെ കണ്ട് വായ്പ പുതുക്കുന്ന കാര്യം ചോദിച്ചത്. എന്നാല്‍ അവിടെ വച്ച് തന്നെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയാണ് ചാക്കപ്പന്‍ ചെയ്തതെന്നു സന്തോഷ് അഴിമുഖത്തോട് പറഞ്ഞു. “അതിരാവിലെയാണ് ഞാന്‍ ചാക്കപ്പനെ വീട്ടില്‍ ചെന്നു കണ്ടത്. അവിടെ വച്ച് വ്യക്തിപരമായി ആക്ഷേപിക്കാനാണ് ചെയര്‍മാന്‍ ശ്രമിച്ചത്. എന്റെ കൈയില്‍ ഉണ്ടായിരുന്ന ഫോണിന് എത്ര രൂപ വരുമെന്ന് ചോദിച്ചു. പതിനായിരം രൂപയായെന്നു ഞാന്‍ മറുപടി പറഞ്ഞപ്പോള്‍, അദ്ദേഹത്തിന്റെ ഫോണ്‍ കാണിച്ചിട്ട് പറഞ്ഞത് ഇതിന് മൂവായിരം രൂപയേയുള്ളൂ. ഇത്രയും കാശ് കൊടുത്ത് ഫോണ്‍ വാങ്ങിക്കാം, നിനക്ക് ബാങ്കില്‍ കാശ് അടയ്ക്കാന്‍ മാത്രം പൈസയില്ല എന്നാണ്. ബൈക്കിലായിരുന്നു ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയത്. ബൈക്ക് കണ്ടിട്ട് ചോദിച്ചത്, നിനക്കെന്തിനാ ബൈക്കിന്റെ ആവശ്യം എന്നായിരുന്നു. വെള്ളൂരിലെ ഒരു ഷാപ്പിലാണ് എനിക്ക് ജോലി. രാത്രി ഒമ്പതു മണിക്കാണ് ഷാപ്പ് അടയ്ക്കുന്നത്. ആ സമയം അവിടെ നിന്നും ബസ് സര്‍വീസ് ഇല്ല. വീട്ടിലേക്ക് ഏഴെട്ടു കിലോമീറ്റര്‍ ഉണ്ട്. ഓട്ടോ പിടിച്ചു വന്നാല്‍ നൂറ്റമ്പത് രൂപയോളമാകും. അതുകൊണ്ടാണ് ബൈക്ക് ഉപയോഗിക്കുന്നത്. പക്ഷേ, അദ്ദേഹം പറഞ്ഞത് നിനക്കൊന്നും ബൈക്ക് വേണ്ട. നടന്നു പോയാല്‍ മതിയെന്നാണ്. ഇത്തരത്തില്‍ മാനസികമായി അപമാനിച്ചശേഷമാണ് ഹെഡ് ഓഫിസില്‍ പോയി ജനറല്‍ മാനേജറെ കാണാന്‍ പറഞ്ഞത്. എന്റെ പേരില്‍ ലോണ്‍ പുതുക്കാന്‍ കഴിയില്ലെന്നും ഭാര്യയുടെ പേരില്‍ നോക്കാമെന്നും കൂടി പറഞ്ഞിരുന്നു.

ഇതനുസരിച്ച് ഞാന്‍ ഭാര്യയേും കൂട്ടി ഹെഡ് ഓഫീസില്‍ ചെന്ന് ജനറല്‍ മാനേജരെ കണ്ടു. എന്നാല്‍ ലോണ്‍ പുതുക്കി തരാന്‍ നിവൃത്തിയില്ലെന്നാണ് ജനറല്‍ മാനേജര്‍ പറഞ്ഞത്. അദ്ദേഹവും ഒരുതരം ദേഷ്യത്തോടെയാണ് പെരുമാറിയത്. അവിടെ നിന്നു ഞങ്ങള്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ചെയര്‍മാന്‍ വന്നു. അദ്ദേഹം ഞങ്ങളെ മുറിയിലേക്ക് വിളിപ്പിച്ചു. ജനറല്‍ മാനേജറും ഉണ്ടായിരുന്നു. നേരത്തെ സംസാരിച്ചു തീരുമാനിച്ചതുപോലെയാണ് ചെയര്‍മാന്‍ ജനറല്‍ മാനേജരോട് ഞങ്ങളുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നു ചോദിച്ചത്. പുതുക്കി കൊടുക്കാന്‍ പറ്റില്ലെന്ന് മാനേജറും പറഞ്ഞു. ഞങ്ങള്‍ വീണ്ടും വീണ്ടും അപേക്ഷിച്ചു നോക്കി. അപ്പോള്‍ ചെയര്‍മാന്‍ വീണ്ടും അദ്ദേഹത്തിന്റെ ഫോണ്‍ മേശപ്പുറത്ത് എടുത്ത് വച്ചിട്ട് രാവിലെ വീട്ടില്‍ വച്ച് പറഞ്ഞതുപോലെ, എന്റെ ഫോണിന് മൂവായിരം രൂപയെയുള്ളൂ, ഇവന്റെ ഫോണിന് പതിനായിരം രൂപയാണ്. എന്നിട്ടും ബാങ്കില്‍ അടയ്ക്കാന്‍ മാത്രം പണമില്ലെന്നു കളിയാക്കി. എന്റെ ഭാര്യയെയും കൂടി ഇരുത്തിക്കൊണ്ടാണ് പരിഹാസം. പിന്നീട് ചെയര്‍മാന്‍ അദ്ദേഹത്തിന്റെ ഡ്രൈവറെ മുറിയിലേക്ക് വിളിപ്പിച്ചു. അയാളോട് ഫോണ്‍ കാണിക്കാന്‍ പറഞ്ഞു. അത് കാണിച്ചും വീണ്ടും പരിഹാസം. ഇവന്‍ എന്റെ ഡ്രൈവറാണ്. ഇവനു വേണമെങ്കില്‍ നിന്റെ കൈയിലിരിക്കുന്നതിനെക്കാള്‍ വില കൂടിയ ഫോണ്‍ വാങ്ങിക്കാം എന്നായിരുന്നു ചെയര്‍മാന്‍ പുച്ഛത്തോടെ പറഞ്ഞത്. എല്ലാം കേട്ട് സഹിച്ച് നില്‍ക്കാനെ ഞങ്ങള്‍ക്ക് പറ്റുമായിരുന്നുള്ളു. കിടപ്പാടം പോകുന്ന കാര്യമാണല്ലോ. കുറെ അപേക്ഷിച്ചു കഴിഞ്ഞപ്പോള്‍ പെരിയ ബ്രാഞ്ചില്‍ കൊണ്ടു പോയി പതിനായിരം രൂപ ആദ്യം അടയ്ക്കാനും അതിനു ശേഷം വായ്പ പുതുക്കുന്ന കാര്യം തീരുമാനിക്കാമെന്നും ചെയര്‍മാന്‍ പറഞ്ഞു. പെട്ടെന്ന് അത്രയും പൈസ എടുക്കാന്‍ നിവൃത്തിയില്ലെന്നു പറഞ്ഞപ്പോഴാണ് നിന്റെ കിഡ്‌നി വിറ്റിട്ടാണെങ്കിലും പണം കൊണ്ടുപോയി അടയ്ക്കാന്‍ ചെയര്‍മാന്‍ ആവശ്യപ്പെട്ടത്. നീ ഇട്ടിരിക്കുന്ന വസ്ത്രവും നിന്റെ ഫോണും ബൈക്കും എല്ലാം എന്റെ പണമാണെന്നും അത് അടച്ചേ മതിയാകൂവെന്നും കഴിയില്ലെങ്കില്‍ പോയി ചത്തുകൂടെയെന്നുമാണ് ചെയര്‍മാന്‍ എന്നോട് ചോദിച്ചത്. ഒടുവില്‍ ഒമ്പതിനായിരം രൂപ കടം വാങ്ങി ബാങ്കില്‍ അടച്ചു. അതിനു ശേഷമാണ് ഭാര്യയുടെ പേരില്‍ വായ്പ്പ പുതുക്കിവച്ച് തന്നത്. പക്ഷേ, അതിനുവേണ്ടി ഞാനും എന്റെ ഭാര്യയും ഒത്തിരി അപമാനിക്കപ്പെട്ടു. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കാന്‍ തീരുമാനിച്ചത്.”

സന്തോഷ് ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കടത്തുരുത്തി അര്‍ബാന്‍ ബാങ്ക് ചെയര്‍മാനായ യു പി ചാക്കപ്പനെ അഴിമുഖം ബന്ധപ്പെട്ടു. താന്‍ അധിക്ഷേപിച്ചതിന് തെളിവുണ്ടോ? ഉണ്ടെങ്കില്‍ കൊണ്ടുവരൂ എന്നായിരുന്നു ചെയര്‍മാന്റെ പ്രതികരണം. കെട്ടിച്ചമച്ച വാര്‍ത്തകളാണെന്നും പരാതിയുണ്ടെങ്കില്‍ നിയമപരമായി താനതിനെ നേരിട്ടുകൊള്ളാമെന്നും ചാക്കപ്പന്‍ പറഞ്ഞു. വായ്പ്പയെടുത്ത പണം അടയ്ക്കാതിരിക്കുമ്പോള്‍ ഒരു ബാങ്ക് ചെയര്‍മാന്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ മാത്രമാണ് താനും സ്വീകരിച്ചതെന്നും അല്ലാതെ ആരെയും വ്യക്തിപരമായി അപമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “ഒരു പാവപ്പെട്ട ചെത്തു തൊഴിലാളിയാണ് സന്തോഷിന്റെ അച്ഛന്‍. ഞങ്ങള്‍ ഒരേ പ്രായക്കാരുമാണ്. ഇവരുടെ വീട്ടിലെ സാഹചര്യങ്ങള്‍ എനിക്ക് നന്നായി അറിയാം. രണ്ടു ലക്ഷം രൂപ വായ്പ്പയെടുത്തതാണ് ഇപ്പോള്‍ അഞ്ചുലക്ഷമായിരിക്കുന്നത്. സന്തോഷിന്റെ അച്ഛന്‍ ഒരു കറവപ്പശുവിനെ വിറ്റ് നാപ്പതിനായിരം രൂപ ബാങ്കില്‍ അടയ്ക്കാന്‍ ഏല്‍പ്പിച്ചിട്ട് അതുപോലം അടച്ചില്ല. നേരത്തെ എടുത്ത വായ്പ്പ അടയ്ക്കാത്തിന്റെ പേരില്‍ സ്ഥലം പോയതാണ്. ഇപ്പോള്‍ ആകെ എഴു സെന്റ് ഭൂമിയും അതിലൊരു പഴയ വീടുമാണ്. അതിലാണ് പ്രായമായ അച്ഛനും അമ്മയും ഉള്‍പ്പെടെ താമസിക്കുന്നത്. ആ വീടും കൂടി പോകാതിരിക്കാന്‍ വേണ്ടിയാണ് വായ്പ്പ കുടിശ്ശിക തീര്‍ക്കാന്‍ പറഞ്ഞത്. നാട്ടുകാരനാണെന്ന പരിഗണനയില്‍ കൂടിയാണ് സംസാരിച്ചത്. ഷാപ്പ് ജീവനക്കാരനായ സന്തോഷിന് സ്ഥിരം വരുമാനുള്ളതാണ്. കഴിഞ്ഞ ഒരു വര്‍ഷം ഒരു രൂപ പോലും ബാങ്കില്‍ അടച്ചില്ല. എന്നിട്ടാണ് വായ്പ്പ പുതുക്കി തരണമെന്നു പറഞ്ഞത്. പതിനായിരം രൂപ ആദ്യം അടയ്ക്ക് അതിനുശേഷം ഭാര്യയുടെ പേരില്‍ വായ്പ്പ പുതുക്കി തരാമെന്നു പറഞ്ഞു. അതിനാണ് ഇല്ലാത്ത കഥകള്‍ പറഞ്ഞ് പരത്തുന്നത്”; ചാക്കപ്പന്‍ പറയുന്നു.

തന്നെക്കാള്‍ കൂടുതല്‍ വായ്പ്പ കുടിശ്ശിക ഉള്ളവര്‍ ഉണ്ടായിട്ടും തന്നോട് പകപോക്കുന്നതുപോലെ ചെയര്‍മാന്‍ പെരുമാറുന്നതിന് മറ്റൊരു കാരണം കൂടിയുണ്ടെന്നു സന്തോഷ് പറയുന്നു. സന്തോഷിന്റെ സഹോദരന്‍ ബൈജു ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകനാണ്. കടുത്തുരുത്തി അര്‍ബന്‍ ബാങ്കില്‍ നടന്ന നിയമന ക്രമക്കേടുകള്‍ ബൈജു വാര്‍ത്തയാക്കിയതിന്റെ പകയാണ് തന്നോട് ചെയര്‍മാന്‍ കാണിക്കുന്നതെന്നാണ് സന്തോഷ് പറയുന്നത്. ഇതേ കാര്യം തന്നെ ബാങ്ക് ചെയര്‍മാന്‍ ചാക്കപ്പനും അഴിമുഖത്തോട് പ്രതികരിക്കുമ്പോള്‍ പരാമര്‍ശിച്ചിരുന്നു. സന്തോഷിന്റെ സഹോദരന്‍ തന്റെ എതിരാളികളോട് ചേര്‍ന്ന് വ്യാജവാര്‍ത്തകള്‍ തനിക്കെതിരേ എഴുതിയ ആളാണെന്നായിരുന്നു ചാക്കപ്പന്റെ ആരോപണം.

സംവരണ നിയമങ്ങള്‍ പാലിക്കാതെ നിയമനം നടത്തിയെന്ന പേരില്‍ കടുത്തുരുത്തി അര്‍ബന്‍ ബാങ്കിനെതിരേ ഉണ്ടായ പരാതിയാണ് ആ വാര്‍ത്തകള്‍. ഈ പരാതി ഹൈക്കോടതിയില്‍ വരെ എത്തിയവയുമാണ്. എസ് സി/എസ് ടി സംവരണ തത്വം പാലിക്കാതെയാണ് ബാങ്കില്‍ നിയമനങ്ങള്‍ നടത്തിയതെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ചെയര്‍മാനെതിരേ പരാതി നല്‍കിയിട്ടുണ്ടായിരുന്നു. 73 പേര്‍ നിലവില്‍ ജോലി നോക്കുന്ന ബാങ്കില്‍ സഹകരണ നിയമം അനുശാസിക്കുന്ന എസ് എസി /എസ് ടി വിഭാഗത്തിനുള്ള 10 ശതമാനം സംവരണം പാലിക്കാതെ ഏഴു നിയമനങ്ങള്‍ നടത്തിയെന്നു കാണിച്ച് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളും ബാങ്കിലെ ഷെയര്‍ ഹോള്‍ഡറുമായ ജയന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ഉണ്ടായി. എസ് സി- എസ് ടിക്ക് പ്രത്യേകം റാങ്ക് ലിസ്റ്റ് ഉണ്ടാക്കി അതില്‍ നിന്നും നിയമനം നടത്തണമെന്നിരിക്കെ ജനറല്‍ ലിസ്റ്റില്‍ വന്ന എസ് എസി, എസ് ടിക്കാരെയാണ് പണം വാങ്ങി ചെയര്‍മാന്‍ നിയമിച്ചതെന്നായിരുന്നു ഹര്‍ജിക്കാരന്റെ പരാതി. ഈ പരാതിയില്‍ ഹര്‍ജിക്കാരനായി അനുകൂല നിലപാട് എടുത്ത ഹൈക്കോടതി സിംഗിള്‍ ബഞ്ച് ചെയര്‍മാന്‍ നിയമിച്ചവരെ പിരിച്ചുവിടാന്‍ ഉത്തരവിട്ടു. ഈ ഉത്തരവിനെതിരേ ചെയര്‍മാന്റെ നേതൃത്വത്തില്‍ ഡിവിഷന്‍ ബഞ്ചില്‍ റിട്ട് നല്‍കി. ബാങ്കിലെ ഷെയര്‍ ഹോള്‍ഡര്‍മാര്‍ ആണ് ഹര്‍ജിക്കാരെന്നതിനാല്‍ ആര്‍ബിട്രേഷന്‍ കോടതിയിലാണ് ഹര്‍ജി നല്‍കേണ്ടിയിരുന്നതെന്ന വാദമാണ് റിട്ടില്‍ ഉയര്‍ത്തിയത്. കേസ് പരിഗണിച്ച ഡിവിഷന്‍ ബഞ്ച് സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദ് ചെയ്തില്ലെങ്കിലും ബാങ്കിന്റെ ആവശ്യം പരിഗണിച്ച് പരാതിക്കാരോട് ആര്‍ബിട്രേഷന്‍ കോടതിയെ സമീപിക്കാന്‍ പറഞ്ഞു. ഇതിനെതിരേ പരാതിക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച വാര്‍ത്തകളാണ് സന്തോഷിന്റെ സഹോദരന്‍ റിപ്പോര്‍ട്ട് ചെയ്തത്. സംവരണ നിയമങ്ങള്‍ പാലിക്കാതെയാണ് ബാങ്കിലെ നിയമനങ്ങള്‍ നടന്നതെന്ന കാര്യം ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും അഴിമുഖത്തോട് സമ്മതിച്ചിട്ടുണ്ട്. സംവരണം പാലിക്കാതെ നിയമിച്ചവരെ പിരിച്ചുവിട്ടിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു.

സന്തോഷിനെ ചെയര്‍മാന്‍ വ്യക്തിപരമായി അപമാനിച്ചെന്ന കാര്യത്തില്‍ വസ്തുതയുണ്ടെന്നാണ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവും മുളക്കുളം ഗ്രാമഞ്ചായത്ത് മെംബറും കോണ്‍ഗ്രസ് നേതാവുമായ കെ ആര്‍ സജീവന്‍ അഴിമുഖത്തോട് പറയുന്നത്. ഇക്കാര്യം ഏപ്രില്‍ നാലിന് ചേര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ താന്‍ ഉന്നയിച്ചതാണെന്നും അന്ന് ചെയര്‍മാനോട് തര്‍ക്കിച്ച് യോഗത്തില്‍ നിന്നും താന്‍ ഇറങ്ങിപ്പോരുകയാണുണ്ടായതെന്നും സജീവന്‍ പറയുന്നു. ചെയര്‍മാന്റെ ഭാഗത്തു നിന്നും കുറ്റകരമായ പല പ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടുണ്ടെന്നും സജീവന്‍ വ്യക്തമാക്കുന്നു. “ജീവനക്കാരുടെ യോഗം വിളിച്ച സമയത്ത് ചെയര്‍മാന്‍ നടത്തിയ ആവശ്യം സംവരണം കൊണ്ട് നിയമനം കിട്ടിയവര്‍ എഴുന്നേറ്റ് നില്‍ക്കാനായിരുന്നു. ഒരു ജീവനക്കാരി എഴുന്നേറ്റപ്പോള്‍ ചെയര്‍മാന്റെ പരിഹാസം, സംവരണത്തിലൂടെ നിനക്കൊക്കെ ജോലിക്ക് കയറാം, എഴുന്നേറ്റ് നില്‍ക്കാന്‍ പറഞ്ഞാല്‍ പറ്റില്ല എന്നായിരുന്നു. എസ് സി, എസ് ടി അട്രോസിറ്റിയാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. മാനേജര്‍ ആയി വിരമിച്ച ഒരു വ്യക്തിക്ക് ഗ്രാറ്റുവിറ്റിയായി നാല് ലക്ഷം രൂപ കിട്ടേണ്ടതാണ്. എല്‍ ഐ സി ഈ തുക ബാങ്കിലേക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ തുക വിരമിച്ച മാനേജര്‍ക്ക് കൈമാറാന്‍ ചെയര്‍മാന്‍ തയ്യാറായില്ല. ഇതിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോള്‍ മാനേജര്‍ക്ക് അനുകൂലമായ വിധിയാണ് ഉണ്ടായത്. എന്നാല്‍ ചെയര്‍മാന്‍ തുക നല്‍കാന്‍ കൂട്ടാക്കാതെ സുപ്രിം കോടതിയില്‍ ഹര്‍ജിയുമായി പോവുകയാണ് ചെയ്തത്. തങ്ങള്‍ക്കെതിരേ ഉണ്ടാകുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരേ പരാതിപ്പെടാന്‍ ജീവനക്കാര്‍ മടിക്കുകയാണ്. പരാതിപ്പെട്ടാല്‍ പലതരത്തില്‍ ചെയര്‍മാന്‍ തങ്ങളെ ദ്രോഹിക്കുമെന്നാണ് അവരുടെ ഭയം. സഹകരണ നിയമങ്ങള്‍ പോലും പാലിക്കാതെയാണ് ജീവനക്കാര്‍ക്ക് മെമ്മോ നല്‍കുന്നതും സസ്‌പെന്‍ഡ് ചെയ്യുന്നതും; സജീവന്‍ പറയുന്നു.

നടപടിക്രമങ്ങള്‍ പാലിക്കാതെ വ്യാജ ഒപ്പുകളിട്ട് അനധികൃതമായി 200 ല്‍ അധികം ഷെയര്‍ ഹോള്‍ഡര്‍മാരെ ബാങ്കില്‍ ചേര്‍ത്തതിനെതിരേയും ചെയര്‍മാന്‍ യു പി ചാക്കപ്പനെതിരേ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതി പ്രകാരം ചാക്കപ്പനെതിരേ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ട് ബാങ്കുകളുടെ ഭരണ സമിതിയില്‍ അംഗമായി എന്ന പേരില്‍ സുനു ജോര്‍ജ് എന്ന കടുത്തുരുത്തി അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗത്തെ ആര്‍ബിട്രേഷന്‍ കോടതി അയോഗ്യനാക്കിയിരുന്നു. അയോഗ്യത നിലനില്‍ക്കെ തന്നെ ചെയര്‍മാന്റെ നേതൃത്വത്തില്‍ ഒമ്പതംഗങ്ങള്‍ ചേര്‍ന്ന യോഗത്തില്‍ (മൊത്തം 15 അംഗങ്ങളാണ്) സുനു ജോര്‍ജിനെ പങ്കെടുപ്പിക്കുകയും അലവന്‍സ് ഉള്‍പ്പെടെ നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി പോവുകയും ഹര്‍ജിക്കാര്‍ക്ക് അനുകൂലമായി സിംഗിള്‍ ബഞ്ച് ഉത്തരവ് ഉണ്ടാവുകയും ചെയ്തു. ഈ ഉത്തരവിനെതിരേ ഡിവിഷന്‍ ബഞ്ചില്‍ നിന്നും ബാങ്ക് സ്‌റ്റേ വാങ്ങിയെങ്കിലും കഴിഞ്ഞ മാസം സ്‌റ്റേ കാലവധി അവസാനിച്ചു. ഇതിനു പിന്നാലെ ചെയര്‍മാന്‍ ഉള്‍പ്പെടെ അന്നത്തെ യോഗത്തില്‍ പങ്കെടുത്ത ഒമ്പതു മെംബര്‍മാരെ ജോയിന്റ് രജിസ്ട്രാര്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ ചെയര്‍മാനും കൂട്ടരും ഹാജരായിട്ടില്ല. ഇതിന്റെ പേരില്‍ ചെയര്‍മാന്‍ ചാക്കപ്പനെ ഉള്‍പ്പെടെ അയോഗ്യരാക്കാനുള്ള നടപടി ഉണ്ടാകുമെന്നും പറയുന്നു. മറ്റൊരു പരാതി കടുത്തുരുത്തി അര്‍ബന്‍ ബാങ്കിനെതിരേയുള്ളത്, റിസര്‍വ് ബാങ്ക് കര്‍ഷകര്‍ക്ക് വായ്പ്പ് നല്‍കാത്ത കേരളത്തിലെ 25 ബാങ്കുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ബാങ്കാണ് ഇതെന്നതാണ്.

ബാങ്ക് ചെയര്‍മാനായ യു പി ചാക്കപ്പനെതിരേ കെപിസിസി പ്രസിഡന്റിന് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുള്ളതാണെന്നും എന്നാല്‍ പാര്‍ട്ടിയിലെ ചില ഉന്നതരുമായി സാമ്പത്തിക ബന്ധം പുലര്‍ത്തുന്നതുകൊണ്ട് ചാക്കപ്പനെതിരേ നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ലെന്നുമാണ് സജീവന്‍ പറയുന്നത്. കോട്ടയം ഡിസിസി മെംബര്‍ ആയ ചാക്കപ്പന്‍ എ ഗ്രൂപ്പുകാരനാണ്. ഇയാളെ മാറ്റാന്‍ ഒരിക്കല്‍ കോണ്‍ഗ്രസുകാര്‍ യോഗം കൂടിയതാണെന്നും എന്നാല്‍ താന്‍ നൂറു രൂപയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതിലൊരു ഭാഗം എല്ലാവര്‍ക്കും വീതിച്ചു തന്നിട്ടുള്ളതുമാണെന്നും ചാക്കപ്പന്‍ പറഞ്ഞതോടെ യോഗം ചേര്‍ന്നവര്‍ നിശബ്ദരായെന്നാണ് ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവ് രഹസ്യമായി പറയുന്നത്. ജില്ലയില്‍ നിന്നുള്ള സംസ്ഥാന നേതൃത്വ നിരയിലുള്ള ഉന്നതന്മാരുമായി ചാക്കപ്പന്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും സാമ്പത്തികമായി നേതാക്കന്മാര്‍ക്ക് സഹായം ചെയ്തുകൊടുക്കുന്നതുകൊണ്ടാണ് അവര്‍ ചാക്കപ്പനെ സംരക്ഷിക്കുന്നതെന്നുമാണ് ഈ പ്രാദേശിക നേതാവ് അഴിമുഖത്തോട് പറയുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നൊരു ഡ്രാഫ്റ്റ് തട്ടിപ്പ് കേസില്‍ കഠിന തടവിന് ശിക്ഷിക്കപ്പെട്ടയാള്‍ കൂടിയാണ് യു പി ചാക്കപ്പന്‍. പ്രമാദമായ ആ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരു വര്‍ഷം കഠിന തടവിന് ശിക്ഷപ്പെട്ട് കിടന്ന ചാക്കപ്പനെ കരുണാകരന്‍ സര്‍ക്കാര്‍ ശിക്ഷ കോമ്പൗണ്ട് ചെയ്ത് പുറത്തിറക്കുകയായിരുന്നു. അന്ന് കോട്ടയം എംപിയായിരുന്ന രമേശ് ചെന്നിത്തല വഴി കരുണാകരനെ ബന്ധപ്പെടുകയും തന്റെ ഭരണകാലത്ത് ഒരു കോണ്‍ഗ്രസുകാരന്‍ ജയിലില്‍ കിടക്കുന്നത് മോശമാണെന്നു പറഞ്ഞ് അമ്പതിനായിരം രൂപ പിഴ ട്രഷറിയിലേക്ക് ഒടുക്കി തടവ് ശിക്ഷ ഒഴിവാക്കി കേസ് കോമ്പൗണ്ട് ചെയ്യുകയായിരുന്നു ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്തിരുന്ന കരുണാകരന്‍ ചെയ്തത്. ആ കേസിന്റെ വിശദാംശം ഇങ്ങനെയാണ്;

1978-ല്‍ യു പി ചാക്കപ്പന്‍ യൂണിയന്‍ ബാങ്കില്‍ ഒരു അകൗണ്ട് തുടങ്ങി. അക്കൌണ്ട് തുടങ്ങാന്‍ ബാങ്കില്‍ ചാക്കപ്പനെ പരിചയപ്പെടുത്തി കൊടുക്കുന്നത് ഇലഞ്ഞിയില്‍ മുറുക്കാന്‍ കട നടത്തിയിരുന്ന ചെന്തിട്ടയില്‍ സി ഡി എബ്രാഹാം ആയിരുന്നു. പരിചയപ്പെടുത്തല്‍ കോളത്തില്‍ ഒപ്പിട്ട് കൊടുക്കുക മാത്രമായിരുന്നു എബ്രഹാം ചെയ്തത്. എബ്രഹാം അറിയാതെ പി.ജെ ലൂക്കോസ് എന്ന പേര് എഴുതിയാണ് ചാക്കപ്പന്‍ യൂണിയന്‍ ബാങ്കില്‍ അകൗണ്ട് തുടങ്ങിയത്. ഇതിനുശേഷമാണ് പെരുവ സ്വദേശിയായ തുണി വ്യാപാരി പി ജെ ലൂക്കോസ് പട്ടര്‍കാല എന്നയാള്‍ക്ക് ഗള്‍ഫില്‍ ഉള്ള മകന്‍ 1500 രൂപയുടെ ഡ്രാഫ്റ്റ് അയച്ചു കൊടുക്കുന്നത്. ഈ ഡ്രാഫ്റ്റ് പോസ്റ്റ്മാനില്‍ നിന്നും കൈക്കലാക്കി യൂണിയന്‍ ബ്രാഞ്ചില്‍ പി ജെ ലൂക്കോസ് എന്ന പേരില്‍ താന്‍ തുടങ്ങിയ വ്യാജ അകൗണ്ട് വഴി പണം കൈപ്പറ്റിയെന്നാണ് ചാക്കപ്പനെതിരേയുള്ള പരാതി.

യഥാര്‍ത്ഥ പി ജെ ലൂക്കോസ് തനിക്ക് വന്ന ഡ്രാഫ്റ്റ് മറ്റൊരാള്‍ കൈക്കലാക്കിയെന്ന വിവരം പിന്നീടാണ് അറിഞ്ഞത്. പരാതി ആയതോടെ ചാക്കപ്പനെ ബാങ്കില്‍ പരിചയപ്പെടുത്തിയ എബ്രഹാമിനെ തേടി ലൂക്കോസും ബാങ്ക് മാനേജരും വീട്ടില്‍ ചെന്നു. ലൂക്കോസ് നല്‍കിയ കേസില്‍ താനും കൂടി പ്രതിയാകുമെന്നു മനസിലാക്കിയ എബ്രഹാം ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച് 1500 രൂപ ലൂക്കോസിന് നല്‍കി.

ചാക്കപ്പന്‍ തന്നെ ചതിക്കുകയായിരുന്നുവെന്നു മനസിലാക്കിയ എബ്രഹാം അയാള്‍ക്കെതിരേ കോണ്‍ഗ്രസ് നേതാക്കളോട് പരാതി പറഞ്ഞു. നേതാക്കള്‍ ഗൗനിക്കാതിരുന്നതോടെ എബ്രാഹം ചാക്കപ്പനെതിരേ പൊലീസില്‍ പരാതി നല്‍കി. ഇതിനു പിന്നാലെ ചാക്കപ്പന്‍ ആയിരത്തിയഞ്ഞൂറ് രൂപയുടെ ചെക്ക് എബ്രഹാമിന് നല്‍കി. എന്നാല്‍ അത് വണ്ടിച്ചെക്കായിരുന്നു! ഇതിനെതിരേ പരാതിക്കാരന്‍ വീണ്ടും പൊലീസിനെ സമീപിച്ചപ്പോള്‍ ചാക്കപ്പന്‍ മറ്റൊരു ചെക്ക് കൂടി എബ്രഹാമിന് നല്‍കി. പക്ഷേ, അതും പണമില്ലാതെ മടങ്ങി. പിന്നീട് ചാക്കപ്പന്‍ എബ്രഹാമില്‍ നിന്നും മുങ്ങി നടന്നു. എബ്രഹാമാകട്ടെ പൊലീസ്, കോട്ടയം കളക്ടര്‍, മന്ത്രി, എംഎല്‍എ തുടങ്ങി കെപിസിസി പ്രസിഡന്റിന് വരെ ചാക്കപ്പനെതിരേ പരാതി നല്‍കി നടക്കാന്‍ തുടങ്ങി. പക്ഷേ, ഒരിടത്തു നിന്നും നീതി കിട്ടിയില്ല. ഒടുവില്‍, അന്നത്തെ ആഭ്യന്തര വകുപ്പ് സെക്രട്ടറി എന്‍ കാളീശ്വരന്‍ രക്ഷകനായി. വിവരങ്ങളെല്ലാം മനസിലാക്കിയ കാളീശ്വരന്‍ എബ്രഹാമിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. അങ്ങനെ 1978 ല്‍ നടന്ന തട്ടിപ്പിന് 1985 ല്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ വര്‍ഷങ്ങള്‍ നീണ്ട കേസിനൊടുവില്‍ 1987 ല്‍ ചാക്കപ്പനെ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഇതിനെതിരേ ചാക്കപ്പന്‍ എറണാകുളം അഡി. സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും പോയി. രണ്ട് കോടതികളും ചാക്കപ്പന്റെ ശിക്ഷ ശരിവയ്ക്കുകയായിരുന്നു. അങ്ങനെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചാക്കപ്പനെത്തുന്നത്. ഇതിനു പിന്നാലെയാണ് രമേശ് ചെന്നിത്തല വഴി കരുണാകരന്റെ മുന്നില്‍ ചാക്കപ്പന്റെ ആവശ്യം എത്തുന്നതും ക്രിമിനല്‍ കുറ്റ നിയമത്തിലെ 433(സി) പ്രകാരം അധികാരപ്പെട്ട വകുപ്പ് അനുസരിച്ച് ചാക്കപ്പന്റെ ഒരു വര്‍ഷത്തെ തടവ് ശിക്ഷ 50,0000 രൂപ പിഴയാക്കി കൊണ്ട് കേസ് സര്‍ക്കാര്‍ കോബൗണ്ട് ചെയ്യുന്നതും.

ചാക്കപ്പന്‍ അടച്ച അമ്പതിനായിരം പിഴത്തുകയില്‍ നിന്നും തനിക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് എബ്രഹാം സര്‍ക്കാരിന് കത്തെഴുതി. സര്‍ക്കാര്‍ ആ ആവശ്യം പരിഗണിച്ചില്ല. തുടര്‍ന്ന് എബ്രഹാം ഹൈക്കോടതിയില്‍ പോയി. അവിടെ എബ്രഹാമിന് വേണ്ടി വാദിച്ചത് മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആന്റണി ഡൊമനിക് ആയിരുന്നു. ഹൈക്കോടതിയില്‍ ജ. എം രാമചന്ദ്രന്റെ സിംഗിള്‍ ബഞ്ച് സര്‍ക്കാരിനോട് മൂന്നു മാസത്തിനുള്ളില്‍ എബ്രഹാമിന് 15,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. സിംഗിള്‍ ബഞ്ചിന്റെ ഈ ഉത്തരവിനെതിരേ സര്‍ക്കാര്‍ റിട്ട് നല്‍കി. റിട്ട് പരിഗണിച്ച ഡിവിഷന്‍ ബഞ്ചും എബ്രഹാമിന് 15,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നു തന്നെ വിധിച്ചു. ഇതോടെയാണ് വ്യവസ്ഥയ്ക്ക് വിധേയമായി എബ്രഹാമിന് പണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായത്. ഇലഞ്ഞി വില്ലേജ് ഓഫിസില്‍ എബ്രഹാമിനെ വിളിച്ചു വരുത്തി മൂവാറ്റുപുഴ തഹസില്‍ദാര്‍ 15,000 രൂപ കൈമാറി. അപ്പോള്‍ വര്‍ഷം 2002. 1978 ല്‍ എബ്രഹാം തുടങ്ങിയ നിയമയുദ്ധത്തിന് 24 വര്‍ഷങ്ങള്‍ക്കിപ്പുറം വിജയം. ആഭ്യന്തര സെക്രട്ടറിയായിരുന്ന എന്‍ കാളീശ്വരന്റെ സഹായവും പണം വാങ്ങാതെ വാദിച്ച അഭിഭാഷകരുമൊക്കെയാണ് ആ നിയമയുദ്ധത്തില്‍ എബ്രഹാമിനെ സഹായിച്ചത്. പക്ഷേ അത്രയും വര്‍ഷത്തെ നിയമപോരാട്ടത്തിന് മറ്റു പലവഴികളിലൂടെയും ഏകദേശം ഒന്നരലക്ഷത്തോളം രൂപ എബ്രഹാമിന് ചെലവായി. എങ്കിലും സത്യം ജയിച്ചതിലായിരുന്നു എബ്രഹാമിന്റെ സന്തോഷം.

ഇങ്ങനെയൊരു തട്ടിപ്പിന്റെ ചരിത്രം കൂടിയുള്ള യു പി ചാക്കപ്പന്റെ പേരില്‍ വീണ്ടും ഉണ്ടായിരിക്കുന്ന ആരോപണങ്ങളില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് ഉള്‍പ്പെടെ പരാതി അയക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഇതിനൊപ്പം തന്നെ നിയമ നടപടികള്‍ ബാങ്ക് ചെയര്‍മാനെതിരേ ഉണ്ടാകണമെന്ന് ആവശ്യവുമായി സന്തോഷും മുന്നോട്ടു പോവുകയാണ്. എന്നാല്‍ എല്ലാ ആരോപണങ്ങളും കെട്ടിച്ചമച്ചവയും തെളിവുകള്‍ ഇല്ലാത്തവയുമാണെന്ന നിലപാടിലാണ് ചാക്കപ്പന്‍.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍