സ്‌റ്റേഷനിലെത്തിച്ചപാടേ റോഡില്‍ കളിച്ചതിന്റെ ബാക്കി നൃത്തം അവര്‍ സ്വയം തന്നെ ആരംഭിക്കുകയായിരുന്നു. അല്ലാതെ ആരും ആവശ്യപ്പെടുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് പോലീസ്
ആദിവാസി സത്രീകളെ പൊലീസ് സ്‌റ്റേഷനില്‍ വച്ച് നിര്‍ബന്ധിച്ച് നൃത്തം ചെയ്യിക്കുകയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തതായി പരാതി. മദ്യലഹരിയിലായിരുന്ന ആദിവാസി സ്ത്രീകളെ സുല്‍ത്താന്‍ ബത്തേരി സ്‌റ്റേഷനു മുന്നില്‍ വച്ച് പൊലീസുദ്യോഗസ്ഥര്‍ നൃത്തം ചെയ്യിപ്പിച്ചുവെന്നും, ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചുവെന്നുമാണ് ആദിവാസി അവകാശ പ്രവര്‍ത്തകരുടെ ആരോപണം. പണിയ വിഭാഗത്തില്‍പ്പെട്ട പ്രായം ചെന്ന സ്ത്രീകള്‍ പൊലീസുകാര്‍ക്കു മുന്നില്‍ നൃത്തം ചെയ്യുന്ന രംഗങ്ങളാണ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചിട്ടുള്ളത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ബത്തേരി ഗാന്ധി ജംഗ്ഷനില്‍ മദ്യപിച്ച് നൃത്തം ചെയ്യുകയും വാഹനങ്ങള്‍ക്ക് കല്ലെറിയുകയും ചെയ്ത ആദിവാസി സ്ത്രീകളെ തങ്ങള്‍ സ്‌റ്റേഷനിലെത്തിച്ചതെന്ന് സുല്‍ത്താന്‍ ബത്തേരി സ്‌റ്റേഷനിലെ പൊലീസുദ്യോഗസ്ഥര്‍ പറയുന്നു. മദ്യലഹരിയില്‍ ഇടയ്ക്കിടെ ടൗണിലെത്താറുള്ളവരാണ് ഇരുവരുമെന്നാണ് പൊലീസിന്റെ പക്ഷം. എന്നാല്‍, മദ്യപിച്ച അവസ്ഥയില്‍ ഇവരെ കണ്ടിത്തിയിട്ടുണ്ടെങ്കില്‍ ഉടന്‍തന്നെ വീടുകളിലെത്തിക്കാന്‍ ശ്രമിക്കേണ്ടിയിരുന്നെന്നും, സ്‌റ്റേഷനില്‍ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്തിനാണെന്നും ആദിവാസി അവകാശ പ്രവര്‍ത്തകയും ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡന്റുമായി അമ്മിണി ചോദിക്കുന്നു.
‘ഇപ്പോള്‍ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നും എന്നെ വിളിച്ചിരുന്നു. പൊലീസുകാരല്ല വീഡിയോ എടുത്തതെന്നാണ് അവര്‍ പറയുന്നത്. പക്ഷേ സ്‌റ്റേഷന്‍ വരാന്തയില്‍ നിന്ന് ഇതു കണ്ട് പരിഹസിച്ച് ചിരിക്കുന്ന പൊലീസുകാരെ വീഡിയോയില്‍ വ്യക്തമായി കാണാം. കളിക്കാനൊക്കെ ഇടയ്ക്കിടെ അവര്‍ പറയുന്നുമുണ്ടായിരുന്നു. പണിയ വിഭാഗത്തിന്റെ സംസ്‌കാരത്തിന്റെ തന്നെ ഭാഗമാണ് വട്ടക്കളി. ആചാരപരമായും മറ്റും പല അവസരങ്ങളില്‍ അവതരിപ്പിക്കുന്നതാണത്. ആ നൃത്തമാണ് ഇവര്‍ നിര്‍ബന്ധപൂര്‍വം സ്‌റ്റേഷനു മുന്നില്‍ വച്ച് ചെയ്യിപ്പിച്ചിരിക്കുന്നത്. മദ്യപിച്ചു പ്രകോപനപരമായി പെരുമാറിയിട്ടുണ്ടെങ്കില്‍ ഒന്നുകില്‍ പൊലീസിന് നടപടിയെടുക്കാം, അല്ലെങ്കില്‍ അവരെ തിരികെ വീടുകളിലെത്തിക്കാം. ഇങ്ങനെ നൃത്തം ചെയ്യിപ്പിച്ച് വീഡിയോ പ്രചരിപ്പിച്ച പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകേണ്ടതാണ്. അതുണ്ടായിട്ടില്ല.’
ഇത്തരം വിഷയങ്ങള്‍ മുന്‍പും വയനാടിന്റെ പല ഭാഗങ്ങളിലുമുണ്ടായിട്ടുണ്ടെന്നും ആദിവാസി വിഭാഗങ്ങളെ പരിഹാസപാത്രമായി ചിത്രീകരിക്കുന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങളാണ് ഈ രീതിയില്‍ എഡിറ്റു ചെയ്ത് പ്രചരിക്കാറുള്ളതെന്നും അമ്മിണി പറയുന്നു. താനടക്കമുള്ള ആദിവാസി അവകാശ പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ ശക്തമായ നിലപാടെടുക്കുമെന്നും അമ്മിണി ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍, ആരോപണങ്ങളില്‍ കഴമ്പില്ലെന്നും, തങ്ങള്‍ ആവശ്യപ്പെട്ടിട്ടല്ല ആദിവാസി സ്ത്രീകള്‍ സ്‌റ്റേഷനു മുന്നില്‍ നൃത്തം ചെയ്തതെന്നുമാണ് ബത്തേരി സ്‌റ്റേഷനിലെ പൊലീസുദ്യോഗസ്ഥരുടെ വിശദീകരണം.
‘പണിമുടക്കിന്റെ രണ്ടാം ദിവസം മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ സ്ത്രീകളെയാണ് പിടിച്ചുകൊണ്ടുവന്നത്. ഇവര്‍ സ്ഥിരമായി ടൗണിലൊക്കെ മദ്യപിച്ചു നടക്കുന്നവരാണ്. ട്രാഫിക് പൊലീസിന്റെ ജീപ്പില്‍ സ്‌റ്റേഷനിലെത്തിച്ച്, വനിതാ പൊലീസുകാരുടെ സംഘത്തോടൊപ്പം മറ്റൊരു ജീപ്പില്‍ ഊരിലേക്ക് കയറ്റി വിടുന്നതിനിടെയുള്ള അഞ്ചു മിനുട്ട് നേരം മാത്രമാണ് അവര്‍ സ്‌റ്റേഷനിലുണ്ടായിരുന്നത്. സ്‌റ്റേഷനിലെത്തിച്ചപാടേ റോഡില്‍ കളിച്ചതിന്റെ ബാക്കി നൃത്തം അവര്‍ സ്വയം തന്നെ ആരംഭിക്കുകയായിരുന്നു. അല്ലാതെ ആരും ആവശ്യപ്പെടുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല. ആദിവാസി സ്ത്രീകളായതിനാലും പ്രായമുള്ളവരായതിനാലും നടപടികളൊന്നും എടുക്കാതെയാണ് അവരെ തിരികെയെത്തിച്ചത്. വീഡിയോ ദൃശ്യങ്ങളൊക്കെ റോഡില്‍ നിന്നും പലരും പകര്‍ത്തിയിട്ടുണ്ട്. അല്ലാതെ മനഃപൂര്‍വം പൊലീസുദ്യോഗസ്ഥര്‍ പ്രചരിപ്പിച്ചിട്ടില്ല. ആദിവാസി നേതാക്കളൊക്കെ സ്‌റ്റേഷനിലെത്തി കാര്യം ബോധ്യപ്പെട്ടപ്പോള്‍ തിരിച്ചുപോയതാണ്.‘ സുല്‍ത്താന്‍ ബത്തേരി സി.ഐ. പറയുന്നു.
വിഷയത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തതയില്ലെന്നും, സ്വമേധയാ നൃത്തം സ്‌റ്റേഷനിലെത്തി നൃത്തം ചെയ്തതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ എസ്.പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എല്‍.എ സി.ഐ ബാലകൃഷ്ണന്‍ പറയുന്നു. ആദിവാസി സ്ത്രീകളെയും ഗോത്രങ്ങളെയും അപഹസിക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി ഇക്കാര്യം ഗൗരവത്തിലെടുക്കുമെന്നാണ് അമ്മിണിയടക്കമുള്ള ആദിവാസി നേതാക്കളുടെ നിലപാട്.