UPDATES

മുക്കത്ത്കരി ദ്വീപിലേക്കുള്ള റോഡ്‌ റിസോര്‍ട്ടുകാര്‍ കെട്ടിയടച്ചു; ജീവന്‍ മുറുകെപ്പിടിച്ച് ഒരു ജനത

നീതി ലഭ്യമാക്കാത്ത സാഹചര്യത്തില്‍ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് നീങ്ങുമെന്നാണ് ദ്വീപ് നിവാസികളുടെ തീരുമാനം.

അന്നപൂര്‍ണ ഇനി എല്‍കെജിയിലേക്കാണ്. അങ്കണവാടി പഠിത്തം കഴിഞ്ഞ് സ്‌കൂളില്‍ പോകുന്നതിന്റെ സന്തോഷം മനസില്‍ ഉണ്ടെങ്കിലും ഈ അഞ്ചുവയസുകാരിയുടെ മുഖത്ത് ഭയമാണ് കാണുന്നത്. അതിന്റെ കാരണം എന്തെന്നു തിരക്കിയാല്‍ പതിഞ്ഞ ശബ്ദത്തില്‍ അന്നപൂര്‍ണ പറയും; കാറ്റും തിരയും എനിക്ക് പേടിയാണ്. വള്ളത്തില്‍ പോകുമ്പോള്‍ മറിഞ്ഞാലോ…. പാതിയില്‍ നിന്നു പോയ ആ വാക്കുകളുടെ ബാക്കി അന്നപൂര്‍ണയുടെ അച്ഛന്‍ രാജേഷില്‍ നിന്നാണ് ഉണ്ടായത്. എന്റെ കുഞ്ഞിന്റെ മാത്രം പേടിയല്ലത്, ഈ ദ്വീപിലെ എല്ലാ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും എന്തിന്, ഞങ്ങളെ പോലുള്ളവര്‍ക്കു പോലും കായല്‍ യാത്ര ഭയമാണ് ഉണ്ടാക്കുന്നത്. ജീവന്‍ കൈയില്‍വച്ചാണ് ഓരോ തവണയും ഞങ്ങള്‍ കായലിലൂടെ വള്ളം തുഴഞ്ഞു പോകുന്നത്. കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ ആ ഭയം ഇരട്ടിക്കും.

എറണാകുളം ജില്ലയിലെ മുക്കത്ത്കരി ദ്വീപുകാരുടെ എല്ലാം പേടിയാണ് രാജേഷിന്റെ വാക്കുകളില്‍ നിറയുന്നത്. ഈ ദ്വീപില്‍ താമസിക്കുന്ന ഒരുപറ്റം മനുഷ്യരെ ഇത്തരം ഭയത്തിലേക്ക് ഒരു സുപ്രഭാതത്തില്‍ തള്ളിയിടുകയായിരുന്നു, കരയിലൂടെയുള്ള അവരുടെ നടവഴി തട്ടിയെടുത്ത ഒരു റിസോര്‍ട്ട്. അനധികൃത കൈയേറ്റമെന്ന് പഞ്ചായത്ത് തന്നെ പറഞ്ഞിട്ടും തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കിയവര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തിട്ടും ഇന്നും മുക്കത്ത്കരി ദ്വീപുകാര്‍ക്ക് നീതി കിട്ടിയിട്ടില്ല.

മുക്കത്ത്കരി ദ്വീപ് നിവാസികള്‍ കാലങ്ങളായി സഞ്ചരിച്ചുകൊണ്ടിരുന്ന, കായലിനോടു ചേര്‍ന്നുള്ള ഒരു കിലോമീറ്ററോളം നീളത്തില്‍ നീണ്ടു കിടന്ന വഴിയാണ് വികെഎല്‍ ഗ്രൂപ്പിന്റെ കീഴിലുള്ള പൂത്തോട്ട റിസോര്‍ട്ട് കൈയേറി അടച്ചിരിക്കുന്നത്. തങ്ങളുടെ അടിസ്ഥാന ആവശ്യത്തെപോലും ഇല്ലാതാക്കി ഒരു സുപ്രഭാതത്തില്‍ ദ്വീപിലേക്കുള്ള വഴി അടയ്ക്കുകയും സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കി മുള്ളുവേലി കെട്ടി പ്രവേശനം നിഷേധിക്കുകയുമായിരുന്നു റിസോര്‍ട്ടുകാര്‍ ചെയ്തതെന്ന് ദ്വീപുകാര്‍ ആരോപിക്കുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. വര്‍ഷങ്ങളായി നീതിക്കുവേണ്ടി പോരാടുകയാണ് ഈ മനുഷ്യര്‍.

കരയിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിന് ശേഷം മുക്കത്തുകരി നിവാസികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ഓരോരുത്തര്‍ക്കും പറയാന്‍ ഭയം നിറഞ്ഞ അനുഭവങ്ങളാണ് ഉള്ളത്. ദ്വീപ് നിവാസിയായ സജീവ് എംപി പറയുന്നു: “ഒരു കര്‍ക്കിടകമാസത്തില്‍, സ്‌കൂള്‍ വിട്ടുവന്ന എന്റെയും സഹോദരന്റെയും കുട്ടികളുമായി ദ്വീപിലേക്ക് തിരിച്ചു പോവുകയായിരുന്നു. കരയിലൂടെയുള്ള വഴിയടച്ചതിനാല്‍ വള്ളത്തില്‍ വേണം പോകാന്‍. കടവിലെത്തിയപ്പോള്‍ തന്നെ അതിശക്തമായ കാറ്റു വീശി. കായലില്‍ വലിയ ഓളങ്ങളുണ്ടായി. കാറ്റുമാറി കായല്‍ ശാന്തമാകാന്‍ മണിക്കൂറുകളോളം കാത്തുനിന്നു. മഴ പെയ്യാന്‍ സാധ്യതയുള്ളതിനാലും കുട്ടികള്‍ക്ക് വിശക്കുന്നുവെന്ന് പറഞ്ഞതു കൊണ്ടും കായലിന് ആഴം കുറഞ്ഞ ഭാഗത്തു കൂടി ചുറ്റി ദ്വീപിലെത്താമെന്ന് കരുതി വള്ളം തുഴഞ്ഞു. എന്നാല്‍ കുറച്ചു ദൂരം പിന്നിട്ടതോടെ അതിശക്തമായ തിര ഉണ്ടായി. തോണി മറിയുമെന്ന അവസ്ഥ. വള്ളം കരയിലേക്ക് അടുപ്പിക്കാന്‍ നോക്കിയിട്ടും സാധിക്കുന്നില്ല. സ്വകാര്യ വ്യക്തികള്‍ കായലിനോട് ചേര്‍ന്ന് വാങ്ങിച്ചിട്ടിരിക്കുന്ന കരയ്ക്ക് ചുറ്റും മുള്ളുവേലി കെട്ടിയിരിക്കുന്നതിനാല്‍ വള്ളം അടുപ്പിച്ചാല്‍ തന്നെ കയറാന്‍ സാധിക്കില്ല. കുട്ടികളും ഞാനും ഭയന്നു വിറച്ചു. രണ്ടു മണിക്കൂറോളം അന്നാ കായലില്‍ ഞാനും കുഞ്ഞുങ്ങളും മരണം മുന്നില്‍ കണ്ട് കരയെത്താന്‍ വേണ്ടി വെപ്രാളപ്പെട്ടു. ആ ദിവസം ഓര്‍ക്കാന്‍ പോലും എനിക്കിപ്പോള്‍ ഭയമാണ്”, സജീവിന്റെ കണ്ണുകളില്‍ ആ ഭയത്തിന്റെ തിരയിളക്കം കാണാം.

ദ്വീപ് നിവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് കായലിന് അരികിലൂടെയുള്ള ഒരു കിലോമീറ്റര്‍ നീളമുള്ള മിച്ചഭൂമി റിസോര്‍ട്ട് മാഫിയ കയ്യേറി അടച്ച് കെട്ടിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. “ഞങ്ങള്‍ കയറിയിറങ്ങാത്ത സ്ഥലങ്ങളില്ല. പഞ്ചായത്ത് മുതല്‍ ഹൈക്കോടതി വരെ പോയി. പക്ഷേ, ഞങ്ങളിപ്പോഴും ജീവഭയത്തോടെ കായലില്‍ വള്ളം തുഴഞ്ഞ് ദ്വീപിനു പുറത്ത് എത്തേണ്ട അവസ്ഥ തന്നെയാണ്. പ്രശ്‌നത്തില്‍ ഇടപെടുന്ന ഉദ്യോഗസ്ഥരെ അടക്കം വിലയ്ക്ക് വാങ്ങി വ്യാജരേഖകള്‍ ഉണ്ടാക്കി റിസോര്‍ട്ട് ഉടമ ഞങ്ങള്‍ക്കെതിരെ കേസ് കൊടുക്കുകയാണ്. ഈ പ്രശ്‌നത്തില്‍ അടയന്തിരമായി പരിഹാരം കാണാന്‍ ആരെങ്കിലും മുന്നോട്ടുവരണം”; സജീവ് അപേക്ഷിക്കുന്നു.

മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്ന ധീവര സമുദായത്തില്‍പ്പെട്ട എട്ടോളം കുടുംബങ്ങളാണ് മുക്കത്ത്കരി ദ്വീപിലുള്ളത്. റിസോര്‍ട്ട് മാഫിയകള്‍ വാങ്ങുന്നതിന് മുമ്പ് മിച്ചഭൂമിയായി കിടന്നിരുന്ന ഒരു കിലോമീറ്ററോളം കരയിലൂടെ സഞ്ചരിച്ച് കടവിലെത്തിയ ശേഷം 100 മീറ്റര്‍ വള്ളത്തില്‍ സഞ്ചരിച്ചാല്‍ മുക്കത്തുകരി ദ്വീപില്‍ എത്താമായിരുന്നു. താരതമ്യേന ആഴം കുറഞ്ഞ സ്ഥലമായിരുന്നതിനാലും ദൂരം കുറവായതിനാലും ആറ് വര്‍ഷം മുമ്പുവരെ ദ്വീപ് നിവാസികള്‍ക്ക് എളുപ്പത്തില്‍ കായലിലൂടെ സഞ്ചരിച്ചിരുന്നു. ഇപ്പോള്‍ കിലോമീറ്ററുകളോളം ആഴമേറിയ കായലിലൂടെ സഞ്ചരിച്ചാണ് കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി അക്കരെ എത്തുന്നത്. ശക്തമായ തിരമാലയുള്ളപ്പോഴും മഴയുള്ള സമയങ്ങളിലും ദ്വീപിലെ ജനങ്ങള്‍ കായലിലൂടെ സഞ്ചരിക്കാറില്ല. “ഒരാശുപത്രി കേസോ മറ്റോ വരുമ്പോള്‍ ഞങ്ങള്‍ക്ക് കഴിയുംവേഗത്തില്‍ അക്കരെയെത്താനുപകരിച്ചിരുന്ന വഴിയായിരുന്നു അത്. അതാണ് ഇപ്പോള്‍ ഞങ്ങള്‍ക്ക് അന്യമായിരിക്കുന്നത്; രാജേഷ് പറയുന്നു.

കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകുന്നതിനാണ് ഏറ്റവും ബുദ്ധിമുട്ടെന്നാണ് ദ്വീപിലെ മാതാപിതാക്കള്‍ പറയുന്നത്. “കുട്ടികളുമായി വള്ളത്തില്‍ പോകുമ്പോള്‍ ആധി കൂടും. മഴക്കാലമാണ്. എപ്പോള്‍ വേണമെങ്കിലും കാറ്റും മഴയും വരാം. നടുക്കായലില്‍ വച്ചെങ്ങാനും അരുതാത്തത് വല്ലതും സംഭവിച്ചാല്‍ എന്തു ചെയ്യും? രാജേഷ് ചോദിക്കുന്നു. ഇതേ ഭയവും സ്‌കൂളില്‍ കൃത്യമായും കൃത്യസമയത്തും പോകാന്‍ കഴിയാത്തതിന്റെ വിഷമവും ദ്വീപിലെ കുട്ടികളും പങ്കുവയ്ക്കുന്നുണ്ട്.

പത്ത് വയസുകാരനായ അദ്വൈതിനോട് ഈക്കാര്യം ചോദിക്കുമ്പോള്‍ മറുപടിയിതാണ്; ഓരോ ദിവസവും സ്‌കൂളില്‍ എത്തുന്നത് ഓരോ സമയത്താണ്. കായലിലെ തിരമാലകളും കാറ്റും നോക്കി വേണം അക്കരെ എത്താന്‍. മഴയുള്ള ദിവസങ്ങളില്‍ സ്‌കൂളില്‍ പോകാന്‍ കഴിയാറില്ല. സ്‌കൂളില്‍ പോകാന്‍ പറ്റാത്തതിന്റെ പിറ്റേ ദിവസം ടീച്ചര്‍ കാരണം ചോദിക്കുമ്പോള്‍ മഴ കാരണം പേടിച്ചാണ് വരാതിരുന്നതെന്നു പറഞ്ഞാല്‍ ക്ലാസിലുള്ള മറ്റു കുട്ടികളൊക്കെ ഞങ്ങളെ കളിയാക്കി ചിരിക്കും. ചില ദിവസങ്ങളില്‍ സ്‌കൂളില്‍ നിന്ന് വിശന്നാണ് തോണി കയറാന്‍ കടവിലെത്തുന്നത്. കാറ്റും മഴയുമാണെങ്കില്‍ കടവില്‍ കുറെ നേരം കാത്ത് നില്‍ക്കണം. എല്ലാം മാറി വീട്ടിലെത്തുമ്പോള്‍ ചിലപ്പോള്‍ എട്ടുമണിയൊക്കെ ആകും.

മിച്ചഭൂമി കയ്യേറിയെന്ന് പരാതി

ദ്വീപ് നിവാസികള്‍ കാലാകാലങ്ങളായി സഞ്ചാരത്തിന് ഉപയോഗിച്ചിരുന്ന വഴി പെട്ടെന്നൊരു സുപ്രഭാതത്തില്‍ സമീപത്തു സ്ഥലം വാങ്ങിയവരാണ് ആദ്യം കെട്ടിയടച്ചത്. പിന്നീട് സമരങ്ങളും പ്രതിഷേധങ്ങളുമൊക്കെ നടത്തി വഴി തിരിച്ചു വാങ്ങിച്ചു. എന്നാല്‍ ഇതേ സ്ഥലം റിസോര്‍ട്ട് അധികൃതര്‍ സ്വന്തമാക്കിയതോടെ തങ്ങളുടെ വഴി പൂര്‍ണമായി അടഞ്ഞെന്ന് ദ്വീപുകാര്‍ പറയുന്നു. വഴി ഇപ്പോള്‍ പൂര്‍ണമായും പൂത്തോട്ട റിസോര്‍ട്ട് അധികൃതര്‍ അധീനതയിലാക്കിയിരിക്കുകയാണെന്നാണ് ദ്വീപ് നിവാസികളായ ഷാജി പൂത്തോട്ട, കെ.ആര്‍ രാകേഷ് എന്നിവര്‍ അഴിമുഖത്തോട് പറഞ്ഞത്.

1978-ല്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭൂമിയാണ് റിസോര്‍ട്ട് ഉടമകള്‍ വേലി കെട്ടി അടച്ചിരിക്കുന്നത്, പലരില്‍ നിന്ന് കൈമാറി വന്ന ഭൂമി ഇപ്പോള്‍ വികെഎല്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഉടമസ്ഥതയിലാണ്. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് ഈ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നതെന്നും വൈദ്യുതി കളവ് ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ റിസോര്‍ട്ടില്‍ നടക്കുന്നുണ്ടെന്നും ഷാജിയും രാകേഷും ആരോപിക്കുന്നു. ഇപ്പോള്‍ വാദിയെ പ്രതിയാക്കുന്ന പണിയാണ് റിസോര്‍ട്ടുകാര്‍ ചെയ്യുന്നത്. റിസോര്‍ട്ടില്‍ അതിക്രമിച്ച് കയറി നാശനഷ്ടം ഉണ്ടാക്കുന്നുവെന്ന് കാണിച്ച് ദ്വീപ് നിവാസികള്‍ക്കെതിരെ റിസോര്‍ട്ട് അധികൃതര്‍ കള്ളക്കേസുകള്‍ കൊടുക്കുകയാണെന്നും രാകേഷും ഷാജിയും പറയുന്നു.

“ഞങ്ങള്‍ക്കു സഞ്ചാരത്തിനുള്ള വഴി ലഭ്യമാക്കാന്‍ കളക്ടറുടെ അധ്യക്ഷതയില്‍ റിസോര്‍ട്ട് ഉടമകളുമായി ചര്‍ച്ച നടത്തിയപ്പോള്‍ ഇവര്‍ ഹാജരാക്കിയ റവന്യൂ രേഖകള്‍ വ്യാജമായിരുന്നു. റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇത്തരമൊരു രേഖ നല്‍കിയതിന് തെളിവുകളില്ലെന്ന് ഉദ്യോഗസ്ഥന്‍ തന്നെ വ്യക്തമാക്കിയതാണ്. രേഖകള്‍ വ്യാജമാണെന്ന പറഞ്ഞ ഉദ്യോഗസ്ഥനെ പിന്നീട് സഥലം മാറ്റുകയാണ് ചെയ്തത്”, കെ.ആര്‍ രാകേഷ് പറയുന്നു. കായല്‍ കരയില്‍ നിയമം ലംഘിച്ച് ഇക്കോ ടൂറിസമാണ് റിസോര്‍ട്ട് നടത്തുന്നതെന്നും ഇതിനെതിരെ പ്രതികരിക്കുന്നവര്‍ക്കെതിരെ കേസ് കൊടുക്കുകയും പണവും സ്വാധീനവും ഉപയോഗിച്ച് ഉദ്യോഗസ്ഥരെ വശത്താക്കുകയുമാണ് റിസോര്‍ട്ട് ഉടമകള്‍ ചെയ്യുന്നതെന്നും രാകേഷ് പറയുന്നു.

വിഷയത്തില്‍ പഞ്ചായത്ത് തലം മുതല്‍ ബാലവകാശ കമ്മീഷന്‍ വരെ കേസെടുത്തിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തില്‍ അടിയന്തിരമായി പ്രശ്‌നപരിഹാരമുണ്ടാക്കണം എന്നാണ് മുക്കത്തുകരി ദ്വീപ് നിവാസികളുടെ ആവശ്യം. എന്നാല്‍ അധികാരികള്‍ ഇടപെട്ട് തങ്ങള്‍ക്ക് നീതി ലഭ്യമാക്കാത്ത സാഹചര്യത്തില്‍ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് നീങ്ങുമെന്നാണ് ദ്വീപ് നിവാസികളുടെ തീരുമാനം.

പട്ടയം ഉണ്ടെന്ന് റിസോര്‍ട്ട്‌
മുക്കത്ത്കരി ദ്വീപ് നിവാസികള്‍ സഞ്ചാരത്തിന് ഉപയോഗിക്കുന്നു എന്ന് പറയുന്ന വഴി ഉള്‍പ്പെടെ 1986-ല്‍ പട്ടയം കിട്ടിയതാണെന്നും വര്‍ഷങ്ങളായി കരം അടച്ചുകൊണ്ടിരിക്കുന്ന ഈ ഭൂമി തങ്ങളുടേതാണെന്നും വികെഎല്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ജനറല്‍ മാനേജര്‍ ചാര്‍ളി വര്‍ഗീസ് അഴിമുഖത്തോട് പറഞ്ഞു. ദ്വീപ് നിവാസികളുടേത് തെറ്റായ വാദങ്ങളാണെന്നും തങ്ങള്‍ കൈവശമാക്കിയിരിക്കുന്ന സ്ഥലം തങ്ങളുടേത് തന്നെയാണെന്നും ഇതെല്ലാം തെളിയിക്കുന്നതിന് തങ്ങള്‍ക്ക് അനുകൂല കോടതി വിധിയുണ്ടെന്നും ചാര്‍ളി വര്‍ഗീസ് പറയുന്നു. തങ്ങളുടെ ഭൂമി കൈയ്യേറിയതിന് ദ്വപ് നിവാസികള്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ടെന്നും ആരുടെയും വഴി തടസപ്പെടുത്തുകയെന്നതല്ല തങ്ങളുടെ ലക്ഷ്യമെന്നും അവകാശപ്പെട്ട ഭൂമി കെട്ടിയടയ്ക്കുകയാണ് ചെയ്തതെന്നും ചാര്‍ളി വര്‍ഗീസ് പറഞ്ഞു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍