UPDATES

പതഞ്ജലിയെ സഹായിക്കാന്‍ ഭക്ഷ്യവകുപ്പ്; ഫോര്‍ട്ടിഫൈഡ് ആട്ട നിര്‍ത്തിയത് മുഖ്യമന്ത്രി ഇടപെട്ട് തിരുത്തി

സര്‍ക്കാര്‍ ആട്ട വിതരണം നിന്നതോടെ പതഞ്ജലിയുടെ മാര്‍ക്കറ്റ് വിഹിതം 200 ടണ്ണില്‍ നിന്ന് 4000 ടണ്ണായി ഉയര്‍ന്നുവെന്നും ആരോപണം

മാസങ്ങളായി നിര്‍ത്തിവെച്ച ഫോര്‍ട്ടിഫൈഡ് ആട്ട വിതരണം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഫോര്‍ട്ടിഫൈഡ് ആട്ട വിതരണം സര്‍ക്കാര്‍ നിര്‍ത്തലാക്കിയത് സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കാനാണെന്ന് ആരോപണമുയര്‍ന്നിരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. മാസങ്ങളായി മുടങ്ങിയ ഫോര്‍ട്ടിഫൈഡ് ആട്ടയുടെ വിതരണം പുനരാരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. മുടങ്ങി കിടക്കുന്ന ആട്ടയുടെ വിതരണം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടും സംഭവത്തിന് പിന്നിലെ ദുരൂഹത ചൂണ്ടിക്കാട്ടിയും മനുഷ്യാവകാശ പ്രവര്‍ത്തര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. 12 വര്‍ഷത്തിലേറെയായി സര്‍ക്കാര്‍, പൊതുവിതരണ കേന്ദ്രങ്ങളായ മാവേലി സ്റ്റോറുകളും സപ്ലൈകോ മാര്‍ക്കറ്റുകളും വഴി കിലോഗ്രാമിന് 15 രൂപ നിരക്കില്‍ വിതരണം ചെയ്തിരുന്ന ഫോര്‍ട്ടിഫൈഡ് ആട്ടയാണ് 2016 ഡിസംബര്‍ അവസാനം മുതല്‍ വിതരണം നിര്‍ത്തിവെച്ചത്.

വര്‍ഷങ്ങളായി 7500 മെട്രിക്ക് ടണ്‍ ഗോതമ്പ് സപ്ലൈകോ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മില്ലുകള്‍ വഴി സംസ്‌കരിച്ച് കിലോയ്ക്ക് 15 രൂപ നിരക്കില്‍ റേഷന്‍ കടകള്‍ വഴിയും മാവേലി സ്റ്റോറുകള്‍ വഴിയും സപ്ലൈകോ ഔട്ട്ലെറ്റുകള്‍ വഴിയുമായിരുന്നു വിപണയിലെത്തിച്ചിരുന്നത്. മാര്‍ക്കറ്റില്‍ ആട്ടയ്ക്ക് സ്വകാര്യ കമ്പനികള്‍ ഒരു കിലോ പായ്ക്കറ്റിന് 38 മുതല്‍ 60 വരെ വിലയാണ് ഈടാക്കുന്നത്. അതുകൊണ്ട് തന്നെ 15 രൂപ നിരക്കില്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ആട്ട സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമായിരുന്നു.

“ഡിസംബര്‍ വരെ റേഷന്‍ കടകളില്‍ നിന്നും മാവേലിസ്റ്റോറുകളില്‍ നിന്നും 15 രൂപയ്ക്ക് ഒരു പായ്ക്കറ്റ് ആട്ട കിട്ടുമായിരുന്നു. വീട്ടിലേക്ക് ഒരു നേരത്തെ ഭക്ഷണത്തിന് ഇത് മതിയാകുമായിരുന്നു. ഗോതമ്പ് അതുപോലെ തന്നെ ലഭിക്കുമ്പോള്‍ പലപ്പോഴും ബുദ്ധിമുട്ടാണ്. മില്ലില്‍ പൊടിക്കാന്‍ പോയാല്‍ ഒരു ദിവസം പോകും. അത്രയും തിരക്കായിരിക്കും. പൊടിക്കാന്‍ കിലോയ്ക്ക് എട്ട് രൂപയിലധികം നല്‍കണം. സര്‍ക്കാറിന്റെ പായ്ക്കറ്റ് ആട്ട കിട്ടാതായതോടെ 38 രൂപയും 45 രൂപയുമൊക്കെ നല്‍കി ആട്ട പായ്ക്കറ്റ് വാങ്ങേണ്ട അവസ്ഥയാണ്.” – കണ്ണൂരിലെ വീട്ടമ്മയായ നാരായണി പറയുന്നു.

കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ഗോതമ്പ് വിഹിതം നിര്‍ത്തലാക്കി എന്ന കാരണം പറഞ്ഞാണ് ഫോര്‍ട്ടിഫൈഡ് ആട്ടയുടെ വിതരണം ഭക്ഷ്യ- സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഡിസംബറില്‍ നിര്‍ത്തലാക്കിയത്. എന്നാല്‍ പിന്നീട് സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുകയും കേരളത്തിന്റെ വിഹിതം പുന:സ്ഥാപിക്കുകയും ചെയ്തിരുന്നു. 16,000 മെട്രിക്ക് ടണ്‍ ഗോതമ്പ് ബിപിഎല്‍ വിഭാഗത്തിന് രണ്ട് രൂപ നിരക്കിലും 6,500 മെട്രിക്ക് ടണ്‍ ടൈഡ് ഓവര്‍ കാറ്റഗറിയായി കിലോയ്ക്ക് 6.10 രൂപയ്ക്കും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ഈ 6500 മെട്രിക്ക് ടണ്‍ ഗോതമ്പാണ് ആട്ടയായി സംസ്‌കരിച്ച് 15 രൂപ നിരക്കില്‍ വിതരണം നടത്തേണ്ടിയിരുന്നത്. നിയമസഭാ സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ചോദ്യം മുന്‍ ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് ഉയര്‍ത്തിയിരുന്നുവെങ്കിലും കേന്ദ്രസര്‍ക്കാറിന് മേല്‍ പഴിചാരി ഭക്ഷ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു.

ഏപ്രിലോടെ തന്നെ കേന്ദ്രവിഹിതം പുന:സ്ഥാപിച്ചതായി രേഖകള്‍ പറയുന്നു. ഗോതമ്പ് വിഹിതം കേന്ദ്രം പഴയതുപോലെ പുന:സ്ഥാപിച്ചെങ്കിലും ഏപ്രില്‍, മെയ് മാസങ്ങളില്‍ ആട്ട വിതരണം പുന:സ്ഥാപിക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറായില്ല. മറിച്ച് ഗോതമ്പ് നേരിട്ട് ഗോതമ്പായി തന്നെ റേഷന്‍കടകള്‍ വഴി വിതരണം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി. എട്ട് ശതമാനം ഗോതമ്പ് മാത്രമാണ് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്തത്. ജനങ്ങള്‍ ഗോതമ്പ് മില്ലുകള്‍ വഴി പൊടിച്ചെടുക്കാനുള്ള ബുദ്ധിമുട്ടുള്ളതു കൊണ്ട് റേഷന്‍ കടകളില്‍ നിന്നു ഗോതമ്പ് നേരിട്ട് വാങ്ങാത്തത് റേഷന്‍ കട ഉടമകള്‍ക്കും തിരിച്ചടിയായി. ഗോതമ്പ് വിതരണം ചെയ്യാതെ ഫുഡ് കോര്‍പ്പറേഷന്‍ ഗോഡൗണില്‍ കെട്ടിക്കിടന്ന് നശിച്ചാല്‍ അത് സംസ്ഥാനത്തിന് വീണ്ടും തിരിച്ചടിയാകും. ഇതുമൂലം കേന്ദ്രം വീണ്ടും ഗോതമ്പ് വിഹിതം വെട്ടികുറക്കല്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ട്.

ഇതേ തുടര്‍ന്ന് കേരള സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയനും ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമനും ഇത് സംബന്ധിച്ച പരാതി നല്‍കി. പരാതിയില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ഡിസംബര്‍ മുതല്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ആട്ട ഇല്ലാതായതോടെ സ്വകാര്യ കമ്പനികള്‍ നേട്ടമുണ്ടാക്കി എന്നതാണ് ഇതില്‍ പ്രധാന ആരോപണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ കൃത്യമായി പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ആരോപണമാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉന്നയിച്ചിരിക്കുത്ത്. പതഞ്ജലി ഗ്രൂപ്പിനെ സഹായിക്കാനാണ് കേന്ദ്ര, കേരള സര്‍ക്കാരുകളുടെ ശ്രമമെന്നും ഇതിന്റെ ഭാഗമായാണ് 2016 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനുള്ള വിഹിതം വെട്ടിക്കുറച്ചെതെന്നും ഇവര്‍ ആരോപിക്കുന്നു.

“ഫോര്‍ട്ടിഫൈഡ് ആട്ട വിതരണം നിര്‍ത്തലാക്കിയ നടപടി സംശയകരമാണ്. 2016 ഡിസംബറില്‍ കേന്ദ്രം കേരളത്തിനുള്ള ഗോതമ്പ് വിഹിതം നിര്‍ത്തലാക്കി ഉത്തരവിറക്കുമ്പോള്‍ പതഞ്ജലി ഗ്രൂപ്പിന്റെ കേരളത്തിലെ ആട്ട വില്‍പനയിലെ മാര്‍ക്കറ്റ് വിഹിതം 200 മെട്രിക്ക് ടണ്ണിന് താഴെയായിരുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ മാര്‍ക്കറ്റില്‍ വന്‍മുന്നേറ്റം നടത്തിയ പതഞ്ജലി ഗ്രൂപ്പിന് കേരളത്തില്‍ മാത്രമായിരുന്നു പച്ച പിടിക്കാനാകാതിരുന്നത്. എന്നാല്‍ ഡിസംബറിന് ശേഷം ഇത് കുത്തനെ ഉയര്‍ന്നു. സര്‍ക്കാറിന്റെ 7000 ടണ്‍ എന്ന വിപണി പതഞ്ജലി ആട്ട അടക്കമുള്ള കമ്പനികള്‍ പിടിച്ചെടുത്തു. നിലവില്‍ 4000 മെട്രിക്ക് ടണ്ണായി പതഞ്ജലി ആട്ടയുടെ കേരളത്തിലെ മാര്‍ക്കറ്റ് വിഹിതം.

കേന്ദ്ര സര്‍ക്കാറിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ബാബ രാംദേവ്. അദ്ദേഹത്തെ സഹായിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നടപടി ഡിസംബറില്‍ സ്വീകരിച്ചതെന്ന് സംശയിക്കണം. 38 രൂപയാണ് 1 കിലോ പതഞ്ജലി ആട്ടയുടെ വില. സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ആട്ടയെക്കാള്‍ 23 രൂപ കൂടുതല്‍. മറ്റു സ്വകാര്യ കമ്പനികളുടെ ആട്ടയ്ക്ക് കിലോയ്ക്ക് 45 – 50 രൂപ ഈടാക്കുന്നു. ജനങ്ങളുടെ കൈയിലുള്ള പണം ഇത്തരം സ്വകാര്യ കമ്പനികളുടെ കീശയിലേക്കെത്താനാണ് സര്‍ക്കാര്‍ നടപടി സഹായിച്ചത്. ഒരു കിലോ ആട്ടയുണ്ടെങ്കില്‍ ഒരു സാധാരണ കുടുംബത്തിന് ഒരു നേരത്തെ ഭക്ഷണം തയ്യാറാക്കാം. വിലക്കയറ്റം ഉണ്ടാകില്ലെന്നും പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുമെന്നും പറഞ്ഞ് അധികാരത്തിലേറിയ ഇടതു സര്‍ക്കാറാണ് ഇത്തരം ജനദ്രോഹപരമായ നടപടികള്‍ക്ക് കൂട്ടുനില്‍ക്കുന്നത്. ഉദ്യോഗസ്ഥരാണ് ഈ സംഭവത്തില്‍ കൃത്യമായി തെറ്റായ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്”. – മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്ത് പറയുന്നു.

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കൂടുതല്‍ വിവാദങ്ങളും പ്രശ്നങ്ങളും ഉണ്ടായത് ഭക്ഷ്യ വകുപ്പിലാണ്. റേഷന്‍ കടകള്‍ വഴിയുള്ള അരിവിതരണം വൈകിയത് ഏറെ ചര്‍ച്ചയായിരുന്നു. വിലക്കയറ്റം തടയുമെന്ന് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ പ്രഖ്യാപിച്ചെങ്കിലും വിലക്കറ്റം തടഞ്ഞു നിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പലപ്പോഴും പരാജയപ്പെട്ടു. പുതിയ ഉത്തരവ് പ്രകാരം അരക്കിലോയുടെയും ഒരു കിലോയുടെയും രണ്ടു പായ്ക്കറ്റുകളായി ഫോര്‍ട്ടിഫൈഡ് ആട്ട പുറത്തിറക്കാനാണ് ജൂണ്‍ 16 ന് ഇറക്കിയ ഉത്തരവില്‍ പറയുന്നത്.

ഏപ്രില്‍, മെയ് മാസങ്ങളില്‍ ഈ നടപടി സ്വീകരിക്കാതെ പരാതി ലഭിക്കുമ്പോള്‍ മാത്രം നടപടി സ്വീകരിക്കുന്ന നിലപാടിന് പിന്നില്‍ കൃത്യമായി നിഗൂഢതയുണ്ട് എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. കേന്ദ്രം ഗോതമ്പ് അനുവദിച്ചിട്ടും രണ്ട് മാസം ആര്‍ക്ക് വേണ്ടിയാണ് ഫോര്‍ട്ടിഫൈഡ് ആട്ട വിതരണം തടഞ്ഞുവെച്ചതെന്ന് പരിശോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

സൂരജ് കരിവെള്ളൂര്‍

സൂരജ് കരിവെള്ളൂര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍