UPDATES

ലൈംഗികപീഡനത്തിനിരയായ കുട്ടിയെ പ്രതികള്‍ക്ക് വിട്ടുകൊടുക്കാന്‍ ശ്രമം; ബാലാവകാശ കമ്മീഷന്‍ ആര്‍ക്കൊപ്പമാണ്?

ഇടുക്കിയില്‍, അമ്മയുടെ സഹായത്തോടെ ലൈംഗിക പീഡനത്തിന് ഇരകളാകേണ്ടി വന്ന സഹോദരിമാരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മിഷനും ശിശുക്ഷേമ സമിതികളും നടത്തി വരുന്നത് സംശയാസ്പദമായ കാര്യങ്ങള്‍

സംസ്ഥാന ബാലാവകാശ കമ്മിഷന്‍ അതില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ പൂര്‍ണമായി നിര്‍വഹിക്കുന്നുണ്ടോ? സംസ്ഥാനത്ത് പ്രാബല്യത്തിലുള്ള നിയമങ്ങളും സര്‍ക്കാരിന്റെ നയങ്ങളും പദ്ധതികളും, ഭരണഘടനയില്‍ അടങ്ങിയിട്ടുള്ള വ്യവസ്ഥകള്‍ക്കും 1989 നവംബര്‍ 20ന് ലോകരാഷ്ട്രങ്ങള്‍ക്കൊപ്പം ഇന്ത്യയും ഒപ്പുവെച്ച ഐക്യരാഷ്ട്രസഭയുടെ ബാലാവകാശങ്ങള്‍ സംബന്ധിച്ച ഉടമ്പടിക്കും അനുസൃതമായി ബാലാവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ പ്രാപ്തമാണെന്ന കാര്യം ഉറപ്പുവരുത്തുകയും ചെയ്യുന്നു എന്ന കമ്മിഷന്റെ സത്യപ്രസ്താവന ലംഘിക്കപ്പെടുകയാണോ? കുട്ടികള്‍ക്കൊപ്പം എന്നു പറയുകയും അവരെ ചൂഷണം ചെയ്യുന്നവര്‍ക്കു വേണ്ടി പണിയെടുക്കുകയുമാണോ ബാലാവകാശ കമ്മിഷന്‍ ചെയ്യുന്നത്?

കേരളത്തിലെ കുട്ടികള്‍ക്കു വേണ്ടി ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിക്കേണ്ട ഒരു സംവിധാനത്തിനുമേല്‍ ഉയരുന്ന ചോദ്യങ്ങള്‍ ചെറുതല്ല; കാരണം, ഈ സംവിധാനവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാര്‍ത്തകള്‍ ഒട്ടും ആശാവഹമല്ല. സംസ്ഥാനത്തെ ശിശുക്ഷേമ സമിതികള്‍ക്ക് സംഭവിക്കുന്ന വീഴ്ച്ചകള്‍ പോലും പരിശോധിച്ച് തിരുത്തേണ്ട ഉത്തരവാദിത്വമുള്ള ബാലാവകാശ കമ്മിഷന്‍, എന്നാല്‍ അതിനു മുതിരാതെ ശിശുക്ഷേമ സമിതിക്കാരുമായി ചേര്‍ന്ന് കുട്ടികളുമായി ബന്ധപ്പെട്ട പക്ഷപാതപരമായി പെരുമാറുകയാണെന്നതാണ് തെളിഞ്ഞു വരുന്നത്. കുട്ടികള്‍ക്ക് അനുകൂലമായി നില്‍ക്കാതെ പ്രതികള്‍ക്ക് ഒപ്പം ചേര്‍ന്ന് നടത്തുന്ന ചെയ്തികള്‍ ഭരണകൂടം കാണാതെ പോവുകയാണോ?

ഇടുക്കിയില്‍, അമ്മയുടെ സഹായത്തോടെ ലൈംഗിക പീഡനത്തിന് ഇരകളാകേണ്ടി വന്ന സഹോദരിമാരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മിഷനും ഇടുക്കി/തിരുവനന്തപുരം ശിശുക്ഷേമ സമിതികളും നടത്തി വരുന്ന സംശയാസ്പദമായ കാര്യങ്ങളെക്കുറിച്ച് അഴിമുഖം ഇതിനു മുമ്പ് പലതവണ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്.

ആ കുട്ടിയെ തേടി കോടതി വരെയെത്തി കൊലവിളി; ഇനിയെങ്കിലും എന്തെങ്കിലും ചെയ്യുമോ മന്ത്രീ?

ആ പെണ്‍കുട്ടിക്ക് അതുതന്നെ സംഭവിച്ചു; ചൂഷണത്തിനിരയായി നിര്‍ഭയയില്‍ കഴിഞ്ഞിരുന്ന 16-കാരിയെ വീട്ടിലേക്കയച്ചവര്‍ അറിഞ്ഞില്ലേ അവള്‍ക്കുണ്ടായ ദുരനുഭവം?

ആ വിഷയത്തില്‍ നടക്കുന്ന കാര്യങ്ങള്‍ വീണ്ടും പറയേണ്ടതുണ്ട്, കാരണം സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ഇപ്പോള്‍ വളരെ ‘കാര്യക്ഷമമായി’ അന്വേഷിക്കുന്ന ഒരു പരാതിയാണ് പ്രസ്തുത പെണ്‍കുട്ടിയെ കാണാനില്ലെന്നു ചൂണ്ടിക്കാണിച്ച് പിതാവ് നല്‍കിയ പരാതി. 2015-ലാണ് പെണ്‍കുട്ടി ലൈംഗീക ചൂഷണത്തിന് വിധേയായ വിവരം നിയമത്തിനു മുന്നില്‍ എത്തുന്നതും അമ്മയടക്കമുള്ള പ്രതികളെ പിടികൂടുന്നതും. പിന്നീട് ഈ കുട്ടിയെ ഇടുക്കി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് പാര്‍പ്പിച്ചിരുന്നത്. ഇവിടെ നിന്നും വീട്ടിലേക്ക് വിട്ട സമയത്ത് വീട്ടില്‍ വച്ച് കുട്ടി വീണ്ടും ആക്രമിക്കപ്പെടുകയുണ്ടായി. തുടര്‍ന്ന് ജില്ല മജിസ്‌ട്രേറ്റ് കൂടിയായ ജില്ല കളക്ടര്‍ കുട്ടിയെ വീട്ടിലേക്ക് വിട്ട ഇടുക്കി ശിശുക്ഷേമ സമിതിയുടെ തീരുമാനം റദ്ദ് ചെയ്ത്, തിരുവനന്തപുരം ശിശുക്ഷേമ സമിതിക്കു കീഴിലേക്ക് അയയ്ക്കുകയും കുട്ടിയെ നിര്‍ഭ ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിച്ച് വരികയുമായിരുന്നു.

ഇക്കഴിഞ്ഞ മേയ് മാസം (16-5-2018) കുട്ടിയുടെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുപ്പിക്കാനാണെന്നു കാണിച്ച് കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് തിരുവനന്തപുരം ശിശുക്ഷേമ സമിതിക്കു മുന്നില്‍ കുട്ടിയുടെ പിതാവ് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കുട്ടി വീട്ടില്‍ സുരക്ഷിതയല്ലാത്തതിനാലും പ്രതികളില്‍ ഒരാളായ അമ്മ വീട്ടില്‍ ഉള്ളതിനാലും അവര്‍ ആവശ്യപ്പെട്ടതനുസരിച്ചുള്ള ഏഴു ദിവസം കുട്ടിയെ വിട്ടു കൊടുക്കരുതെന്ന് ശിശുക്ഷേമ സമിതിക്കു മുന്നില്‍ മഹിള സമഖ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ കുട്ടിക്കും താത്പര്യമില്ലായിരുന്നു. എന്നാല്‍ ബാലാവകാശ കമ്മിഷന്‍ അംഗം ഉള്‍പ്പെടെ നടത്തിയ ഇടപെടല്‍ മൂലം കുട്ടിയെ വീട്ടിലേക്ക് അയച്ചു. വീട്ടില്‍ എത്തിയ ഈ കുട്ടി മുഖ്യപ്രതിയില്‍ നിന്നുള്‍പ്പെടെ വീണ്ടും ആക്രമിക്കപ്പെടുന്ന സാഹചര്യവുമുണ്ടായി.

അതുമായി ബന്ധപ്പെട്ട് വീണ്ടുമൊരു കേസ് തിരുവനന്തപുരം പോക്‌സോ കോടതിയില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. മാത്രമല്ല, താന്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി നല്‍കിയ പരാതി പ്രകാരം മുണ്ടക്കയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 164 എടുക്കാന്‍ കാഞ്ഞിരപ്പിള്ളി കോടതിയില്‍ കൊണ്ടുപോയപ്പോള്‍ കോടതി വളപ്പില്‍ വച്ച് പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റി പറയണമെന്നും ഇല്ലെങ്കില്‍ വധിക്കുമെന്നും ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്യുകയും ഇയാള്‍ റിമാന്‍ഡില്‍ കഴിയുകയുമാണ്.

ഇത്രയും സാഹചര്യങ്ങള്‍ വ്യക്തമായി മനസിലാക്കിയിട്ടു തന്നെ ഇപ്പോള്‍ സംസ്ഥാന ബാലാവാകാശ കമ്മിഷന്‍ ചെയ്യുന്നതാകട്ടെ, കുട്ടിയുടെ പിതാവും ഇരയെ ഉപദ്രവിക്കുകയും വധഭീഷണി മുഴക്കുകയും ജയില്‍ കഴിയുകയും ചെയ്യുന്ന വ്യക്തിയായ പിതാവിന്റെ പരാതിയില്‍ അന്വേഷണം നടത്തുന്നു.

കുട്ടിയെ കാണാനില്ലെന്നു കാണിച്ചാണ് പിതാവ് ബാലാവാകാശ കമ്മിഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. കുട്ടികളെ കാണാനില്ലെന്ന പരാതി ഗൗരവകരമായി തന്നെ അന്വേഷണം നടത്തേണ്ട ഉത്തരവാദിത്വം കമ്മിഷനുണ്ട്. എന്നാല്‍ ഇവിടെ അതല്ല സാഹചര്യം. പ്രസ്തുത കുട്ടിയെ തങ്ങളുടെ കൂടെ വിട്ടു തരുന്നില്ലെന്ന മറ്റൊരു പരാതി കൂടി ഇതേ പിതാവ് നല്‍കിയിട്ടുണ്ട്. അപ്പോള്‍ കുട്ടിയെ എവിടെയുണ്ടെന്ന് പിതാവിനും ബാലാവകാശ കമ്മിഷനുമൊക്കെ ബോധ്യമായിട്ടുണ്ടെന്ന് വ്യക്തം. എന്നിരിക്കെ, കുട്ടിയെ കാണാനില്ലെന്നും വീട്ടില്‍ നിന്നും ബലമായി പിടിച്ചു കൊണ്ടു പോവുകയായിരുന്നുവെന്നും ഇതിനു പിന്നില്‍ മഹിളാ സമഖ്യക്കാരും പൊലീസുമൊക്കെയാണ് എന്ന പരാതിയില്‍ എന്ത് തരം അന്വേഷണമാണ് കമ്മിഷന്‍ നടത്തുന്നത്? കുട്ടി നിര്‍ഭയില്‍ ഉണ്ടെന്നിരിക്കെ കാണാനില്ലെന്നു പറഞ്ഞു നല്‍കിയ പരാതിക്ക് തന്നെ പ്രസക്തിയില്ല. അതു മനസിലാകാതെയാണോ കമ്മിഷന്‍ ഈ അന്വേഷണം നടത്തുന്നത്? അതോ ഇവിടുത്തെ നിയമവ്യവസ്ഥയേയും കുട്ടികളുടെ അവകാശത്തേയും അവര്‍ മറ്റാര്‍ക്കൊക്കെയോ വേണ്ടി അട്ടിമറിക്കുകയാണോ? ഒരു കാര്യം കൂടി; 2016 ല്‍ നിര്‍ഭയയില്‍ എത്തിയ കുട്ടി അവധിക്കാലത്ത് വീട്ടില്‍ എത്തിയപ്പോള്‍ അവിടെ വച്ച് പ്രതികളില്‍ ഒരാള്‍ കൂടിയായ അമ്മയുള്‍പ്പടെയുള്ളവരില്‍ നിന്നും ബുദ്ധിമുട്ടുകള്‍ നേരിട്ടതുമായി ബന്ധപ്പെട്ട് ഒരു പരാതി ബാലാവകാശ കമ്മിഷനില്‍ ആ സമയത്ത് തന്നെ നല്‍കിയിരുന്നതാണ്. ഈ സമയം വരെ ആ പരാതിയുമായി ബന്ധപ്പെട്ട് ഒരനക്കവും കമ്മിഷന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നാണ് അറിവ്.

കുട്ടി തനിക്ക് വീട്ടില്‍ പോകണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ നിര്‍ഭയയില്‍ ഉള്ളവര്‍ തന്നെ ബലമായി തടഞ്ഞുവച്ചിരിക്കുകയാണെന്നും കാണിച്ച് നല്‍കിയ ഒരു പരാതി ബാലാവകാശ കമ്മിഷന്റെ കൈയില്‍ ഉണ്ട്. കുട്ടി തന്നെ പേരും ഒപ്പും ഇട്ട് എഴുതിയ പരാതി. എന്നാല്‍ ഈ പരാതി എങ്ങനെ എഴുതപ്പെട്ടു എന്നത് പിന്നീട് കുട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബാലാവകാശ കമ്മിഷന്‍ അംഗമായ കന്യാസ്ത്രി അടിമാലിയിലുള്ള കോണ്‍വെന്റില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ച് തന്നെക്കൊണ്ട് എഴുതി വാങ്ങിപ്പിച്ചതാണ് ഇത്തരമൊരു പരാതിയെന്ന് കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇതേ കന്യാസ്ത്രി തന്നെയാണ് മേയ് 16 ന് പിതാവ് നല്‍കിയ അപേക്ഷയില്‍ എത്രയും വേഗം തീരുമാനമെടുത്ത് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകാനായി തീവ്രശ്രമം നടത്തിയതും. താന്‍ നേരിട്ട അക്രമങ്ങളെല്ലാം വിവരിച്ച് കുട്ടി നല്‍കിയ പരാതിയില്‍ പ്രസ്തുത കന്യാസ്ത്രീയുടെ പേരുമുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം പോക്‌സോ കോടതിയില്‍ ബാലാവകാശ കമ്മിഷന്‍ അംഗമായ ഈ കന്യാസ്ത്രിയും തിരുവനന്തപുരം ശിശുക്ഷേമ സമിതി ചെയര്‍മാനായ വൈദികനും ഹാജരായിരുന്നു. താന്‍ ചെയ്തത് തന്റെ ജോലിയാണെന്നാണ് കന്യാസ്ത്രി കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇരയാക്കപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ അവളുടെ താത്പപര്യങ്ങള്‍ക്കപ്പുറം നിര്‍ബന്ധിക്കുകയും പ്രതികള്‍ക്ക് അനുകൂലമായ രീതിയില്‍ കേസ് എത്തിക്കാന്‍ വേണ്ടി സ്വാധീനം ചെലുത്തുകയും ചെയ്യുന്നതാണോ ബാലാവകാശ കമ്മിഷന്‍ അംഗത്തിന്റെ ജോലി?

കുട്ടിയെ ഉപദ്രവിച്ച കേസില്‍ പ്രതിയായ, ജയില്‍ ജീവിതം അനുഭവിച്ചു പോരുന്ന ഒരു വ്യക്തിയുടെ, നിലനില്‍ക്കാത്ത പരാതിയില്‍ ആത്മാര്‍ത്ഥമായ അന്വേഷണം നടത്തുന്ന ബാലാവകാശ കമ്മിഷന്‍, അതേ സംവിധാനത്തിന്റെ ഭാഗമായ ഒരംഗത്തിനെതിരേ ഉണ്ടായിരിക്കുന്ന ആരോപണങ്ങളിലും കേസിലും എന്തെങ്കിലും നടപടി കൈക്കൊള്ളുകയോ വിശദീകരണം തേടുകയോ ഇതുവരെ ചെയ്തിട്ടില്ല. അതേസമയം ആ പെണ്‍കുട്ടിയെ തുടര്‍ച്ചയായി ഉപദ്രവിക്കാന്‍ ശ്രമിച്ചൊരാളുടെ പരാതിയില്‍ അന്വേഷണവും വിശദീകരണം ചോദിക്കലുമൊക്കെ മുറയ്ക്ക് നടത്തുകയും ചെയ്യുന്നു.

ബാലാവകാശ കമ്മിഷനും ശിശുക്ഷേമ സമിതിക്കാരുമൊക്കെ ചേര്‍ന്ന് നടത്തുന്നത് കള്ളത്തരങ്ങളാണെന്നതിന് തെളിവാണ്, കുട്ടി നിര്‍ഭയക്കാര്‍ക്കെതിരേ നല്‍കിയിട്ടുണ്ടെന്നു പറയുന്ന പരാതി. ഈ പരാതിയില്‍ പറയുന്ന തീയതി 12-5-2018 ആണ്. തനിക്ക് പിതാവിനൊപ്പം വീട്ടില്‍ പോകണമെന്നും സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കണമെന്നും എന്നാല്‍ തന്നെ നിര്‍ഭയക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നുമൊക്കെയാണ് ആ കുട്ടിയുടെ മൊഴിയായി പരാതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കുട്ടിയെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് കാണിച്ച് പിതാവ് ശിശുക്ഷേമ സമിതിക്ക് അപേക്ഷ നല്‍കിയിരിക്കുന്ന തീയതി 16-5-2018 ആണ്. 16-ആം തീയതി നല്‍കിയ അപേക്ഷയിലാണ് കുട്ടിയെ വിട്ടുകൊടുക്കാന്‍ നിര്‍ഭയക്കാര്‍ സമ്മതിക്കുന്നില്ലെന്നു പറയുന്നത്. എന്നാല്‍ നിര്‍ഭയക്കാര്‍ക്കെതിരേ ഇതേ വിഷയത്തില്‍ 12-ആം തീയതി തന്നെ കുട്ടി പരാതി എഴുതിയോ? അപ്പോള്‍ ബാലാവകാശ കമ്മിഷന്‍ കൊണ്ടു നടക്കുന്ന, കുട്ടിയുടേതെന്നു പറയുന്ന നിര്‍ഭയക്കാര്‍ക്കെതിരേയുള്ള പരാതി യഥാര്‍ത്ഥത്തില്‍ കുട്ടി എഴുതിയത് അല്ലെന്നു തന്നെയാണ് വ്യക്തമാകുന്നത്. അതേസമയം കോണ്‍വെന്റില്‍ വച്ച് തന്നെക്കൊണ്ട് നിര്‍ബന്ധപൂര്‍വം കന്യാസ്ത്രീ എഴുതി വാങ്ങിച്ഛതാണ് ആ പരാതി എന്ന പെണ്‍കുട്ടിയുടെ മൊഴി നിലനില്‍ക്കുകായും ചെയ്യുന്നു. ഇത്ര വലിയൊരു തെറ്റ് ചെയ്തിട്ടും ആ കമ്മിഷന്‍ അംഗം ഇപ്പോഴും ബാലാവകാശ സംരക്ഷകയായി തുടരുകയാണ്. ആര്‍ക്കും അതില്‍ പരാതിയോ എതിര്‍പ്പോ ഇല്ല… എന്നാല്‍ കുട്ടികളുടെ സംരക്ഷണത്തിനു വേണ്ടി ശബ്ദിക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജജ്ജിതമായി നടക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ ഈ കാര്യത്തില്‍ ആര്‍ക്കൊപ്പം നില്‍ക്കും?

ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തിരക്കാന്‍ ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്റെ ഓഫിസില്‍ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം ടൂറില്‍ ആയതിനാല്‍ ഔട്ട് ഓഫ് സ്റ്റേഷന്‍ ആണ് എന്നാണ് മറുപടി കിട്ടിയത്.

ഇത്തരം ‘ശിശുക്ഷേമ’ക്കാരോട് കടക്ക് പുറത്തെന്നു പറയാന്‍ ശൈലജ ടീച്ചര്‍ ആര്‍ജ്ജവം കാണിക്കുമോ?

ആ കുഞ്ഞുങ്ങള്‍ക്ക് നാളെ എന്തെങ്കിലും സംഭവിച്ചാലോ? മലപ്പുറം ശിശുക്ഷേമ സമിതിയുടെ നടപടി എന്തുകൊണ്ട് ചോദ്യം ചെയ്യപ്പെടണം

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍