UPDATES

ട്രെന്‍ഡിങ്ങ്

രാജ് കുമാറിന്റെ കസ്റ്റഡി മരണം: ദുരൂഹതകള്‍ അവസാനിക്കുന്നില്ല; ഹരിത ഫിനാന്‍സും പട്ടം കോളനി സഹകരണ ബാങ്കും തമ്മിലെന്ത്?

കോണ്‍ഗ്രസ് എംഎല്‍എ മാര്‍ക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ബാങ്ക് പ്രസിഡന്റ്

നെടുങ്കണ്ടത്തെ രാജ് കുമാറിന്റെ കസ്റ്റഡി മരണത്തിനു പിന്നിലെ ദുരൂഹത വര്‍ധിപ്പിച്ച് പട്ടം കോളനി സഹകരണ ബാങ്കും. കോണ്‍ഗ്രസ് എംഎല്‍എമാരായ പി ടി തോമസും വി ഡി സതീശനും നിയമസഭയില്‍ ഉന്നയിച്ച ആരോപണളോടെയാണ് സിപിഎം ഭരിക്കുന്ന പട്ടം കോളനി സഹകരണ ബാങ്കും വിവാദത്തില്‍ അകപ്പെടുന്നത്. നിക്ഷേപകരില്‍ നിന്നും തട്ടിച്ചെടുത്ത പണം കോളനി സഹകരണ ബാങ്കിലായിരുന്നു നിക്ഷേപിച്ചിരുന്നതെന്നും ബാങ്ക് പ്രസിഡന്റും സിപിഎം നേതാവുമായ അഡ്വ. ഗോപകൃഷ്ണന് ഈ തട്ടിപ്പുമായി നേരിട്ട് ബന്ധമുണ്ടെന്നുമാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ പി ടി തോമസിന്റെയും വി ഡി സതീശന്റെയും ആരോപണങ്ങള്‍ തെറ്റാണെന്നും ഇരുവര്‍ക്കുമെതിരേ ബാങ്ക് നിയമസഭ സ്പീക്കര്‍ക്ക് പരാതി നല്‍കുകയാണെന്നുമാണ് പ്രസിഡന്റ് അഡ്വ. ഗോപകൃഷ്ണന്‍ പറയുന്നത്. ആരോപണങ്ങളുടെ നിജസ്ഥിതി ഇനിയും ബോധ്യപ്പെടേണ്ടതുണ്ടെങ്കിലും രാജ്കുമാര്‍ നടത്തിയതായി പറയുന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് ഹരിത ഫിനാന്‍സിനു പിന്നില്‍ വേറെയും ആളുകള്‍ ഉണ്ടെന്നും കോടിക്കണക്കിന് രൂപ മറ്റാരുടെയോ കൈവശം എത്തിച്ചേര്‍ന്നിട്ടുമുണ്ടെന്ന സംശയങ്ങള്‍ കൂടുതല്‍ ബലപ്പെടുത്തുന്നതാണ് പുതിയ ആരോപണങ്ങള്‍. ഹരിത ഫിനാന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് രാജ് കുമാറിന്റെ കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് ബന്ധുക്കള്‍ തന്നെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു- [രാജ് കുമാറിന്‍റേത് പോലീസ് ക്വട്ടേഷനോ? ദുരൂഹതകള്‍ വിരല്‍ ചൂണ്ടുന്നത് കുടുംബശ്രീ ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചുള്ള കോടികളുടെ പണമിടപാട് തട്ടിപ്പിലേക്ക്]

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ അവതരിപ്പിച്ച അടിയന്തരപ്രമേയങ്ങളിലാണ് ഹരിത ഫിനാന്‍സിന്റെ സാമ്പത്തിക തട്ടിപ്പിനു പിന്നില്‍ പിന്നില്‍ പട്ടം കോളനി സഹകരണ ബാങ്കിനെ ബന്ധപ്പെടുത്തുന്നത്. ഹരിത ഫിനാന്‍സിന്റെ മറവില്‍ ജനങ്ങളുടെ കൈയില്‍ നിന്നും പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് ഇപ്പോള്‍ ബോധ്യപ്പെടുന്നതെന്ന് പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍, അത് എത്രയെന്ന് ഇനിയും ബോധ്യപ്പെടേണ്ടതുണ്ടെന്നും പറയുന്നു. “ഈ പണം പട്ടം കോളനി സഹകരണ ബാങ്കില്‍ ആയിരുന്നു നിക്ഷേപിച്ചിരുന്നത്. ബാങ്ക് പ്രസിഡന്റ് ഗോപകൃഷ്ണന് തട്ടിപ്പ് സംഘവുമായും രാജ് കുമാറുമായും ബന്ധമുണ്ട്. ഹരിത ഫിനാന്‍സിന് പട്ടം കോളനി ബാങ്കില്‍ അകൗണ്ട് ഉണ്ടായിരുന്നു. ഈ അക്കൗണ്ടിലേക്കാണ് ജനങ്ങളുടെ പണം മുഴുവന്‍ വന്നിരുന്നത്. എല്ലാ ദിവസവും വൈകുന്നേരം ഈ പണം പിന്‍വലിക്കുമായിരുന്നു. പട്ടം കോളനി സഹകരണ ബാങ്കിന്റെ പ്രസിഡണ്ട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ഗോപകൃഷ്ണനാണ്. എല്ലാ ദിവസവും ആയിരക്കണക്കിന് രൂപ ആ ബാങ്കില്‍ വരികയും വൈകുന്നേരം അത് പിന്‍വലിച്ചു കൊണ്ടുപോകുകയും ചെയ്തിട്ടും ഭരണസമിതി അറിഞ്ഞില്ലെന്നാണ് പറയുന്നത്”, ഇതായിരുന്നു എംഎല്‍എമാരുടെ ആരോപണം. പട്ടം കോളനി സഹകരണ ബാങ്കിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് ഇടുക്കി കോണ്‍ഗ്രസ് നേതൃത്വവും സംസാരിക്കുന്നത്. ഹരിത ഫിനാന്‍സിന്റെ മുഴുവന്‍ അക്കൗണ്ടുകളും ഓപ്പറേറ്റ് ചെയ്തതിരുന്നത് പട്ടം കോളനി സഹകരണ ബാങ്കില്‍ ആയിരുന്നുവെന്നാണ് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറയുന്നത്.

മഞ്ജുവിനും ശാലിനിക്കും പട്ടം ബാങ്കുമായി ബന്ധം?

ഹരിത ഫിനാന്‍സ് കേസില്‍ രാജ് കുമാറിനൊപ്പം പ്രതികളായി പിടികൂടിയ മഞ്ജു, ശാലിനി ഹരിഹരന്‍ എന്നിവര്‍ക്ക് പട്ടം കോളനി സഹകരണ ബാങ്കുമായി ബന്ധമുണ്ടെന്നും ഇരുവരും സിപിഎം അംഗങ്ങളാണെന്നതുമാണ് മറ്റൊരാരോപണം. ഇരുവരും പട്ടം ബാങ്കില്‍ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നവരാണെന്നാണ് പി ടി തോമസ് അടക്കം ചൂണ്ടിക്കാണിക്കുന്ന കാര്യം. ഈ ബന്ധം വഴിയാണ് ഹരിത ഫിനാന്‍സിന്റെ അകൗണ്ടുകള്‍ ബാങ്കില്‍ തുടങ്ങിയതെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ബാങ്കിന്റെ 150 ചെക്കുകള്‍ ഹരിത ഫിനാന്‍സിലെ ഇടപാടുകാര്‍ക്ക് നല്‍കിയിരുന്നതായും മഞ്ജുവും ശാലിനിയും ബാങ്ക് ചെക്കുകള്‍ ഉപയോഗിച്ച് നിക്ഷേപകരെ കബളിപ്പിച്ചിരുന്നുവെന്ന ആരോപണവുമുണ്ട്.

എന്നാല്‍ പട്ടം സഹകരണ ബാങ്കിലെ ചെക്കുകള്‍ മഞ്ജുവിന്റെയും ശാലിനിയുടെയും കൈവശം ഉണ്ടെന്നതുകൊണ്ട് ഈ തട്ടിപ്പുമായി ബാങ്കിന് ബന്ധമുണ്ടെന്ന് എങ്ങനെ ആരോപിക്കാന്‍ കഴിയുമെന്നാണ് ബാങ്ക് പ്രസിഡന്റ് അഡ്വ. ഗോപകൃഷ്ണന്‍ അഴിമുഖത്തോട് സംസാരിക്കുമ്പോള്‍ ഉന്നയിച്ച ചോദ്യം. “പട്ടം ബാങ്കിലെ അഞ്ചു ചെക്കുകള്‍ മഞ്ജുവിന്റെ കൈയില്‍ നിന്നും പോലീസ് കണ്ടെത്തിയെന്നതാണ് ഇപ്പോള്‍ ആരോപണമുന്നയിക്കുന്നവര്‍ പറയുന്ന കാര്യം. മഞ്ജു ഈ ബാങ്കിലെ മെംബര്‍ ആണ്. ഭരണസമിതി നേരിട്ട് ചേര്‍ക്കുന്ന അംഗങ്ങളാണ് ബാങ്കിന്റെ എ ക്ലാസ് മെംബേഴ്സ്. ഇവരെ കൂടാതെ ചിട്ടി തുടങ്ങുന്നവര്‍, വായ്പ എടുക്കുന്നവരൊക്കെ ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നതിനൊപ്പം ഇടപാടുകരുടെ മെംബര്‍ഷിപ്പ് കൊടുക്കും. ഇങ്ങനെയുള്ളവര്‍ ബി ക്ലാസ് മെംബര്‍മാരാണ്. അങ്ങനെയുള്ളൊരു മെംബര്‍ ആണ് മഞ്ജു. 2008 ല്‍ അന്നത്തെ ബാങ്ക് ഭരണസമിതിയാണ് മഞ്ജുവിന് മെംബര്‍ഷിപ്പ് കൊടുക്കുന്നത്. ശാലിനി ഹരിഹരനും ഇവിടെ അക്കൗണ്ട് തുടങ്ങിയ ആളാണ്. പക്ഷേ അവര്‍ക്ക് ഇതുവരെ മെംബര്‍ഷിപ്പ് കൊടുത്തിട്ടുമില്ല. ഈ രണ്ട് അക്കൗണ്ടുകള്‍ ഇവിടെയുണ്ടെന്നതുകൊണ്ട് എങ്ങനെയാണ് ഹരിത ഫിനാന്‍സ് തട്ടിപ്പുമായി ബാങ്കിന് ബന്ധമുണ്ടെന്നു പറയാനാകുക”, ഇതാണ് ഗോപാലകൃഷ്ണന്റെ ചോദ്യം.

മഞ്ജുവിന്റെയും ശാലിനിയുടെയും നീക്കങ്ങള്‍ സംശയമുണ്ടാക്കുന്നുവോ?

2008 ല്‍ മഞ്ജുവിന് പട്ടം കോളനി സഹകരണ ബാങ്കില്‍ ബി ക്ലാസ് മെംബര്‍ഷിപ്പ് കൊടുത്തതാണെങ്കിലും ഇവിടെയൊരു അക്കൗണ്ട് അവര്‍ തുടങ്ങുന്നത് കഴിഞ്ഞ മാസം(ജൂണില്‍) മാത്രമാണ്. തൂക്കുപാലത്ത് ഹരിത ഫിനാന്‍സ് ഒരു സ്ഥാപനമായി പ്രവര്‍ത്തനം ആരംഭിച്ചിട്ടും ഒരു മാസമേ ആകുന്നുവുള്ളൂവെന്നാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി തോമസ് പറയുന്നത്. ബാങ്ക് മെംബര്‍ ആയിട്ടും പതിനൊന്നു വര്‍ഷത്തോളം അക്കൗണ്ട് എടുക്കാതിരുന്ന മഞ്ജു പെട്ടെന്നൊരു സുപ്രഭാതത്തില്‍ വന്ന് അക്കൗണ്ട് ചേരുന്നതിനു പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടായിരുന്നോ എന്ന കാര്യം പുറത്തുവരേണ്ടതുണ്ട്. ഇവര്‍ രണ്ടുപേരും സിപിഎം പാര്‍ട്ടി അംഗങ്ങളാണെന്ന ആരോപണവും ഇതിനൊപ്പം ഉയരുന്ന ഒന്നാണ്. എന്നാല്‍ മഞ്ജുവും ശാലിനിയും സിപിഎം അംഗങ്ങള്‍ അല്ലെന്നും ഇവരുടെ കുടുംബം പാര്‍ട്ടി അനുഭാവികള്‍ ആണെന്നതുമാത്രമാണ് സത്യമെന്നും സിപിഎം നേതാക്കള്‍ പറയുന്നു.

പട്ടം ബാങ്കിന്റെ ചെക്കുകള്‍ മഞ്ജുവും ശാലിനിയും തട്ടിപ്പിന് ഉപയോഗിച്ചോ?

പട്ടം കോളനി സഹകരണ ബാങ്കില്‍ നിന്നും 150 ചെക്കുകള്‍ തട്ടിപ്പ് സംഘത്തിന് നല്‍കിയെന്നു പിടി തോമസ് എംഎല്‍എ ആരോപിക്കുന്നു. പ്രതികളായ മഞ്ജുവിന്റെയും ശാലിനിയുടെ കൈവശവും ബാങ്കിന്റെ ചെക്കുകള്‍ ഉണ്ടായിരുന്നു. ഇടപാടുകാര്‍ക്കെല്ലാം ചെക്കുകള്‍ നല്‍കുന്നത് സാധാരണ നടപടിക്രമം മാത്രമാണെന്നു ബാങ്ക് പറയുമ്പോഴും പെട്ടെന്നൊരു ദിവസം മഞ്ജുവും ശാലിനിയും പട്ടം ബാങ്കിന്റെ ചെക്കുകള്‍ കൈവശപ്പെടുത്തിയത് എന്തിനു വേണ്ടിയെന്ന ചോദ്യം ബാക്കിയാണ്. ജൂണ്‍ മാസത്തില്‍ ആയിരം രൂപയുടെ അക്കൗണ്ടിലൂടെയാണ് മഞ്ജു പതിനഞ്ചോളം ചെക്കുകള്‍ ബാങ്കില്‍ നിന്നും വാങ്ങിയത്. മഞ്ജുവിനെ അറസ്റ്റ് ചെയ്യുമ്പോള്‍ പട്ടം ബാങ്കിന്റെ അഞ്ചു ചെക്കുകള്‍ പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. നെടുങ്കണ്ടം പഞ്ചായത്തിലെ തൂക്കുപാലത്ത് അഞ്ചു വര്‍ഷമായി താമസിച്ചു വരുന്നയാളാണ് മറ്റൊരു പ്രതിയായ ശാലിനി ഹരിഹരന്‍. ഇവര്‍ കരുണാപുരം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പട്ടം ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നത് ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു. ഈ മാസങ്ങളിലാണ് കൂടുതല്‍ നിക്ഷേപകര്‍ ഹരിത ഫിനാന്‍സിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നത്. ശാലിനി അക്കൗണ്ട് എടുത്തതല്ലാതെ ബാങ്കില്‍ മെംബര്‍ഷിപ്പ് കൊടുത്തിരുന്നില്ലെന്നു പ്രസിഡന്റ് പറയുന്നുണ്ട്.

പട്ടം ബാങ്കിന്റെ ചെക്കുകള്‍ നിക്ഷേപകരെ വിശ്വാസത്തില്‍ എടുക്കാന്‍ ഉപയോഗിച്ചോ?

ഒരു വ്യക്തി ഹരിത ഫിനാന്‍സില്‍ പണം നിക്ഷേപിക്കാന്‍ വന്നാല്‍ അപ്പോള്‍ തന്നെ ആയിരം രൂപയുടെ ചെക്കുമായി പട്ടം ബാങ്കിലേക്ക് വിടുകയായിരുന്നു പതിവെന്നാണ് ഇടുക്കി കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹീംകുട്ടി കല്ലാര്‍ പറയുന്നത്. ആയിരം രൂപ നിക്ഷേപിച്ചാല്‍ ഒരു ലക്ഷം രൂപ വായ്പ്, രണ്ടായിരത്തിന് രണ്ടു ലക്ഷം, പതിനായിരത്തിന് പത്തുലക്ഷം എന്നിങ്ങനെയായിരുന്നു നിക്ഷേപകര്‍ക്കും കുടുംബശ്രീ ജിഎല്‍ജി (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്) അംഗങ്ങള്‍ക്കും നല്‍കിയിരുന്ന വാഗ്ദാനം. ഇതനുസരിച്ച് നിക്ഷേപിക്കുന്ന പണമായിരുന്നു പട്ടം സഹകരണ ബാങ്ക് അകൗണ്ടില്‍ നിക്ഷേപിച്ചിരുന്നതെന്നാണ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറയുന്നത്. അങ്ങനെ പണം നിക്ഷേപിക്കുന്നവര്‍ക്ക് ബാങ്കില്‍ നിന്നും ചെക്ക് ബുക്ക് നല്‍കും. ജനങ്ങളില്‍ ഹരിത ഫിനാന്‍സിനെ കുറിച്ച് വിശ്വാസം വരുത്തനായിരുന്നു ഇതെല്ലാം. കൂടുതല്‍ പേരെ ആകര്‍ഷിച്ചതും ഇങ്ങനെയായിരുന്നു എന്നാണ് ഇബ്രാഹിം കുട്ടി കല്ലാറിന്റെ ആരോപണം.

ഇടപാടുകാര്‍ക്ക് രേഖകളൊന്നും തന്നിരുന്നില്ലെന്നും പരാതി

എന്നാല്‍ പണം നിക്ഷേപിക്കുമ്പോള്‍ ചെക്ക് ബുക്ക് നല്‍കിയെന്ന പ്രസ്താവനയെ ഖണ്ഡിക്കുകയാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സ്വതന്ത്ര അംഗം ആലിസ് തോമസ്. ഇവരും പണം നിക്ഷേപിച്ചിരുന്നു. പണം നിക്ഷേപിക്കുന്നവരോട് അങ്ങോട്ട് പല രേഖകളും വാങ്ങിക്കുന്നതല്ലാതെ പകരം ഒന്നും നിക്ഷേപകന് നല്‍കാറില്ലെന്നായിരുന്നു ആലീസ് അഴിമുഖത്തോട് സംസാരിച്ചപ്പോള്‍ വ്യക്തമാക്കിയത്.

ഇടപാടുകാരില്‍ കോണ്‍ഗ്രസ് പഞ്ചായത്തംഗങ്ങളും

നെടുങ്കണ്ടം പഞ്ചായത്ത് ഭരിക്കുന്ന കോണ്‍ഗ്രസിന്റെ മൂന്നംഗങ്ങളും ഹരിത ഫിനാന്‍സില്‍ പണം നിക്ഷേപിച്ചിരുന്നു. കൂടുതല്‍ കോണ്‍ഗ്രസുകര്‍ക്ക് ഈ തട്ടിപ്പുമായി ബന്ധമുണ്ടെന്ന് സിപിഎം ആരോപിക്കുന്നുമുണ്ട്. ഇതില്‍ ഗുരുതരമായ ആരോപണം, പഞ്ചായത്ത് അംഗം കൂടിയായ ആലീസ് തോമസിന്റെതാണ്. അവര്‍ പറയുന്നത് ഹരിത ഫിനാന്‍സിന്റെ ഓഫിസ് തുടങ്ങാന്‍ ലൈസന്‍സിനു വേണ്ടി പഞ്ചായത്ത് സെക്രട്ടറിയെ കാണാന്‍ രാജ് കുമാറിനൊപ്പം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗവും ഡിസിസി ഭാരവാഹിയുമായ കെ ആര്‍ സുകുമാരന്‍ നായരും ഉണ്ടായിരുന്നുവെന്നാണ്. എന്നാല്‍ ആ ആരോപണം സുകുമാരന്‍ നായരും ഡിസിസി പ്രസിഡന്റും നിഷേധിക്കുന്നുണ്ട്. പണമിടപാട് സ്ഥാപനം തുടങ്ങാന്‍ പഞ്ചായത്തില്‍ നിന്നുള്ള അനുവാദമല്ല വേണ്ടതെന്നിരിക്കെ എന്തിനാണ് ലൈസന്‍സിനു വേണ്ടി രാജ് കുമാറിനൊപ്പം പോകുന്നതെന്നാണ് സുകുമാരന്‍ നായരും ഡിസിസി പ്രസിഡന്റ് ഇബ്രാഹീംകുട്ടി കല്ലാറും ചോദിക്കുന്നത്. അതേസമയം മൂന്ന് പഞ്ചായത്ത് അംഗങ്ങള്‍ ഇടപാടുകാരായിരുന്നുവെന്ന കാര്യം ഡിസിസി പ്രസിഡന്റ് തള്ളിക്കളയുന്നില്ല. പാവപ്പെട്ട ചുറ്റുപാടില്‍ നിന്നുള്ള മൂന്നുപേര്‍ എന്നാണ് ആ വിഷയത്തെ അദ്ദേഹം നിസ്സാരവത്കരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ തന്നെ അംഗമായ സുകുമാരന്‍ നായര്‍, തനിക്ക് ആദ്യം മുതല്‍ക്കെ ഇതൊരു തട്ടിപ്പ് സംഘമാണെന്നു മനസിലായിരുന്നുവെന്നു പറയുകയും കോണ്‍ഗ്രസിന്റെ മറ്റു മൂന്നു പഞ്ചായത്തംഗങ്ങള്‍ പണം നിക്ഷേപിക്കുകയും ചെയ്തതിന്റെ വൈരുദ്ധ്യം വിശദീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. സിപിഎം ആണ് ഹരിത ഫിനാന്‍സിന്റെ പിന്നിലെന്നു തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നു പറയുന്ന പാര്‍ട്ടിയുടെ തന്നെ ജനപ്രതിനിധികളാണ് പണം നിക്ഷേപിച്ച മൂന്നുപേരും. കോണ്‍ഗ്രസിന് ഹരിത തട്ടിപ്പ് സംഘവുമായി ബന്ധമുണ്ടെന്നു സിപിഎം ആരോപിക്കുന്നതും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്.

150 ചെക്കുകള്‍ തട്ടിപ്പ് സംഘത്തിനു കൊടുത്തോ?

പി ടി തോമസും വി ഡി സതീശനും നിയമസഭയില്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് സ്പീക്കര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് പട്ടം കോളനി സഹകരണ ബാങ്ക്. 150 ചെക്കുകള്‍ ബാങ്കില്‍ നിന്നും കൊടുത്തുവെന്നുള്ള ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്നും ഹരിത ഫിനാന്‍സിന്റെ യാതൊരു ഇടപാടുകളും പട്ടം ബാങ്കില്‍ നടന്നിട്ടില്ലെന്നുമാണ് പ്രസിഡന്റ് പറയുന്നത്. പ്രതികളായ മഞ്ജുവിന്റെയും ശാലിനിയുടെയും പേരിലുള്ള അക്കൗണ്ടുകള്‍ അല്ലാതെ ഹരിത ഫിനാന്‍സുമായി ബന്ധപ്പെട്ട ഒരക്കൗണ്ടും പട്ടം ബാങ്കില്‍ ഇല്ലെന്നും അഡ്വ. ഗോപകൃഷ്ണന്‍ ആവര്‍ത്തിക്കുന്നു. മഞ്ജുവും ശാലിനിയുമൊക്കെ സ്വയം സഹായ സംഘത്തിലൊക്കെ അംഗങ്ങളാണെന്നും ഇവരെ നാട്ടുകാര്‍ക്കെല്ലാം അറിയാമെന്നും ഇദ്ദേഹം പറയുന്നു. ഹരിത ഫിനാന്‍സ് തുടങ്ങുന്നതിനും മുമ്പേ ഏപ്രില്‍ മാസത്തിലാണ് അവര്‍ ബാങ്കില്‍ വന്ന് അക്കൗണ്ട് എടുത്തത്. അവര്‍ക്ക് ഇതുവരെ ബാങ്കില്‍ മെംബര്‍ഷിപ്പ് കൊടുത്തിട്ടുമില്ല. ഈ രണ്ട് അക്കൗണ്ടുകളും അല്ലാതെ വേറൊരു അക്കൗണ്ടും ഹരിത ഫിനാന്‍സുമായി ബന്ധപ്പെട്ട് ഞങ്ങളുടെ ബാങ്കില്‍ ഇല്ല.

രാജ് കുമാറുമായി സഹകരണ ബാങ്ക് പ്രസിഡന്റിന് ബന്ധമുണ്ടായിരുന്നോ?

രാജ് കുമാറുമായി പട്ടം കോളനി സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ഗോപകൃഷ്ണന് ബന്ധമുണ്ടായിരുന്നുവെന്നാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉയര്‍ത്തുന്ന ആരോപണം. ഹരിത ഫിനാന്‍സിന്റെ വാഹനത്തില്‍ രാജ് കുമാറിനൊപ്പം ഗോപകൃഷ്ണന്‍ സഞ്ചരിച്ചിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. എന്നാല്‍ തനിക്ക് രാജ് കുമാര്‍ എന്ന വ്യക്തിയെ അറിയുകപോലും ഇല്ലായിരുന്നുവെന്നാണ് ഗോപകൃഷ്ണന്‍ അഴിമുഖത്തോട് പറഞ്ഞത്. “അയാളുടെ മരണവാര്‍ത്ത പത്രത്തില്‍ വായിച്ചപ്പോള്‍ മാത്രമാണ് ഇങ്ങനെയൊരാളെ കുറിച്ച് കേള്‍ക്കുന്നത്”, ഗോപാലകൃഷ്ണന്‍ പറയുന്നു. അങ്ങനെയുള്ള താന്‍ രാജ് കുമാറിനൊപ്പം സഞ്ചരിച്ചു, തട്ടിപ്പിന് ഒത്താശ ചെയതു കൊടുത്തു എന്നൊക്കെ പറയുന്നത് മ്ലേച്ചമാണെന്നാണ് ഗോപകൃഷ്ണന്റെ പ്രതികരണം. ഹരിത ഫിനാന്‍സിന്റെ സാമ്പത്തിക തട്ടിപ്പില്‍ കോണ്‍ഗ്രസിനുള്ള പങ്ക് പുറത്തു വരുന്നുണ്ട്. അതു മറയ്ക്കാനാണ് സിപിഎമ്മിനെതിരേ വ്യാജാരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും ഗോപകൃഷ്ണന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ചെക്കുകള്‍ ഫെഡറല്‍ ബാങ്കിന്റെയും അര്‍ബന്‍ ബാങ്കിന്റയും

ഹരിത ഫിനാന്‍സിന്റെ ഇടപാടുകാര്‍ക്ക് പട്ടം കോളനി സഹകരണ ബാങ്കിന്റെ ചെക്കുകളായിരുന്നു നല്‍കിയിരുന്നതെന്നു കോണ്‍ഗ്രസ് ആരോപിക്കുമ്പോള്‍ ബാങ്ക് പ്രസിഡന്റ് ഗോപകൃഷ്ണന്‍ പറയുന്നത് കൂടുതല്‍ ചെക്കുകളും ഫെഡറല്‍ ബാങ്കിലേതായിരുന്നുവെന്നാണ്. പത്തുലക്ഷത്തിന്റെയും ഇരുപത് ലക്ഷത്തിന്റെയും ചെക്കുകളാണ് ഫെഡറല്‍ ബാങ്കില്‍ നിന്നും ഇടപാടുകാര്‍ക്ക് നല്‍കിയിരുന്നതെന്നും ഇദ്ദേഹം പറയുന്നു.

ഇടപാടുകാരുടെ പണം പിന്‍വലിച്ചിരുന്നോ?

ഹരിത ഫിനാന്‍സില്‍ ഇടപാടുകാര്‍ നിക്ഷേപിച്ചിരുന്ന പണം പട്ടം കോളനി സഹകരണ ബാങ്കില്‍ നിന്നും എല്ലാ ദിവസവും പിന്‍വലിച്ചിരുന്നുവെന്ന വി ഡി സതീശന്റെ ആരോപണവും ബാങ്ക് പ്രസിഡന്റ് നിഷേധിക്കുകയാണ്. ഒരു അടിസ്ഥാനവുമില്ലാതെ ബാങ്കിനെതിര ഗുരുതരമായ ആരോപണമാണ് എംഎല്‍എ നടത്തിയിരിക്കുന്നതെന്നാണ് അഡ്വ. ഗോപകൃഷ്ണന്‍ പറയുന്നത്. പട്ടം കോളനി സഹകരണ ബാങ്കിന്റെ പ്രഭാത-സായാഹ്ന ശാഖയാണ് തൂക്കുപാലത്ത് പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിക്ഷേപിക്കുന്ന പണമാണ് എല്ലാ ദിവസവും പിന്‍വലിച്ചിരുന്നതായി എംഎല്‍എ പറയുന്നത്. ഇത് ശുദ്ധ അസംബന്ധമാണ്. ഇങ്ങനെയൊരു നീക്കം ഇവിടെ നടന്നിട്ടുണ്ടോയെന്നത് നിയമപരമായി തന്നെ പരിശോധിക്കാവുന്നതാണ്. ബാങ്ക് പ്രസിഡന്റിന് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിയില്ലെന്നത് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസിലാകുന്ന കാര്യമാണ്. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കാവുന്നതാണ്. ഹരിത ഫിനാന്‍സിന്റെ യാതൊരുവിധ ഇടപാടും ഈ ബാങ്കില്‍ നടത്തിയിട്ടില്ലെന്നരിക്കെ, പണം സ്വീകരിക്കുകയോ കൊടുക്കുകയോ ചെയ്തിട്ടുമില്ലെന്നിരിക്കെയാണ് അടിസ്ഥാനമില്ലാതെ എംഎല്‍എ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

രണ്ടു പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന പട്ടം ബാങ്കും ഹരിത ഫിനാന്‍സും

കണിയാപുരം പഞ്ചായത്തിലാണ് 1973 ല്‍ രൂപീകരിച്ച പട്ടം കോളനി സഹകരണ ബാങ്കിന്റെ ആസ്ഥാനം. ഹരിത ഫിനാന്‍സ് പ്രവര്‍ത്തിച്ചിരുന്നത് നെടുങ്കണ്ടം പഞ്ചായത്തിലെ തൂക്കുപാലത്തിലും. രണ്ട് പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന രണ്ടു സ്ഥാപനങ്ങള്‍ ആണെന്നിരിക്കെ പട്ടം ബാങ്കിനെതിരേ ആരോപണം വരുന്നതെങ്ങനെയെന്നൊരു ചോദ്യമുണ്ട്. അതിനുള്ള ബാങ്ക് പ്രസിഡന്റിന്റെ മറുപടി ഇങ്ങനെയാണ്; പട്ടം കോളനി ബാങ്കിന് നാല് ബ്രാഞ്ചുകള്‍ ഉണ്ട്. അതില്‍ പ്രഭാത-സായാഹ്ന ശാഖ പ്രവര്‍ത്തിക്കുന്നത് തൂക്കുപാലത്തിലാണ്. കണിയാപുരം പഞ്ചായത്തിന്റെ പകുതി ഭാഗമാണ് ബാങ്കിന്റെ പ്രവര്‍ത്തന മേഖലയായി വരുന്നത്. കണിയാപുരം പഞ്ചായത്തും നെടുങ്കണ്ടം പഞ്ചായത്തുമായി അധികദൂരമില്ല. ഒരു റോഡിന്റെ ഒരു വശം കണിയാപുരം പഞ്ചായത്തും മറുവശം നെടുങ്കണ്ടം പഞ്ചായത്തുമാണ്. തൂക്കുപാലം പ്രദേശത്ത് താമസക്കാര്‍ ഈ ബാങ്കില്‍ അക്കൗണ്ടുള്ളവരാണ്. തൂക്കുപാലം ബാങ്കിന്റെ പ്രധാന പ്രവര്‍ത്തനമേഖലയില്‍ പെട്ട പ്രദേശവുമാണ്. കണിയാപുരം പഞ്ചായത്തിലെ താമസക്കാരിയാണ് മഞ്ജു, ശാലിനി തൂക്കുപാലത്തുള്ളതും. ഇത്തരത്തിലാണ് ഹരിത ഫിനാന്‍സിനെയും പട്ടം കോളനി ബാങ്കിനെയും ചേര്‍ത്തു പറയുന്നത്.

പട്ടം ബാങ്കില്‍ ഇല്ലെങ്കില്‍ പണം എവിടെ?

ഹരിത ഫിനാന്‍സ് വഴി തട്ടിയെടുത്ത പണം പട്ടം ബാങ്കില്‍ നിക്ഷേപിച്ചില്ലെങ്കില്‍ പിന്നെയെവിടെ പോയി എന്ന ചോദ്യത്തിന് ബാങ്ക് പ്രസിഡന്റ് ഗോപകൃഷ്ണന്റെ മറുപടി ആ പണം എവിടെ പോയെന്നു തന്നെയാണ് തങ്ങളും ചോദിക്കുന്നതെന്നാണ്. ആരൊക്കെയോ രാജ് കുമാറിന്റെ പിന്നില്‍ ഉണ്ടെന്നു സംശയിക്കാമെന്നും അവരാരൊക്കെയെന്നു കണ്ടത്തേണ്ടത് പോലീസ് ആണെന്നും ഗോപകൃഷ്ണന്‍ പറയുന്നു. രാജ് കുമാര്‍ ഇവിടെയൊരു ഇന്നോവ കാറില്‍ ആയിരുന്നു സഞ്ചരിച്ചിരുന്നതെന്നു പറയുന്നു. ആ കാര്‍ ആര് നല്‍കി? എവിടെ നിന്നും കിട്ടി? തുടങ്ങിയ ചോദ്യങ്ങളുണ്ട്. അത് പോലീസ് കണ്ടെത്തണം. കോലാഹലമേട്ടിലെ ഒരു ലയത്തിലായിരുന്നു രാജ് കുമാറിന്റെ വീടെന്നു പറയുന്നു. ഇന്നോവ കാര്‍ അയാളുടെ സ്വന്തമായിരുന്നുവെങ്കില്‍ ഉടമസ്ഥാവകാശത്തില്‍ ആ ലയത്തിന്റെ പേര് ഉണ്ടാകുമല്ലോ. അതു തന്നെയായിരുന്നോ വാഹനത്തിന്റെ ഉടമസ്ഥാവകാശത്തില്‍ പറഞ്ഞിരിക്കത്? പോലീസ് കണ്ടെത്തേണ്ട കാര്യമാണ്. ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകളില്‍ മലപ്പുറത്തുകാരായ രാജു, നവാസ് എന്നീ പേരുകള്‍ പറയുന്നുണ്ട്. ഇവരുടെ കൈയിലാണോ പണം എത്തിയത്. അതും അന്വേഷിക്കേണ്ടത് പോലീസാണ്. നാട്ടുകാര്‍ മര്‍ദ്ദിച്ചതാണ് രാജ് കുമാറിന്റെ മരണംകാരണമെന്നു പോലീസ് പറയുന്നു. 12 -ാം തീയതിയാണ് നാട്ടുകാര്‍ രാജ് കുമാറിനെ പോലീസിന് കൈമാറുന്നത്. രാജ് കുമാര്‍ മരിക്കുന്നത് 22 -ാം തീയതിയും. നാട്ടുകാരുടെ മര്‍ദ്ദനത്തിലായിരുന്നു മരണം സംഭവിക്കുന്നതെങ്കില്‍ ഇത്രയും താമസിക്കില്ലല്ലോ. അപ്പോള്‍ സംഭവിച്ചിരിക്കുന്നത് കസ്റ്റഡി മരണം തന്നെയാണ്. അതുകൊണ്ട് ഈ സംഭവത്തില്‍ പോലീസിനും ബന്ധമുണ്ട്. ഇക്കാര്യങ്ങളെല്ലാം പുറത്തു വരുന്നുണ്ട്. അതല്ലാതെ എല്ലാ കുറ്റവും സിപിഎമ്മിന്റെ മുകളില്‍ വച്ചുകെട്ടാന്‍ അല്ല നോക്കേണ്ടത്- ഗോപാലകൃഷ്ണന്‍ പറയുന്നു.

രാജ് കുമാറും ഹരിത ഫിനാന്‍സുമായി ബന്ധമുണ്ടായിരുന്നോ? ആരായിരുന്നു രാജ് കുമാര്‍? ഇവിടെ വായിക്കാം: രാജ് കുമാറിന്‍റേത് പോലീസ് ക്വട്ടേഷനോ? ദുരൂഹതകള്‍ വിരല്‍ ചൂണ്ടുന്നത് കുടുംബശ്രീ ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചുള്ള കോടികളുടെ പണമിടപാട് തട്ടിപ്പിലേക്ക്

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍