UPDATES

ട്രെന്‍ഡിങ്ങ്

തന്റെ മന്ത്രിപദവി കേരളത്തിനുള്ള അംഗീകാരമെന്ന് അല്‍ഫോന്‍സ്‌ കണ്ണന്താനം

കണ്ണന്താനത്തെ രാജ്യസഭയിലൂടെ പാര്‍ലമെന്റിലെത്തിച്ചേക്കും

തന്റെ മന്ത്രിസ്ഥാനം കേരളത്തിനുള്ള അംഗീകാരമാണെന്ന് കേന്ദ്രമന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി നേതാവ് അല്‍ഫോന്‍സ് കണ്ണന്താനം. മന്ത്രിസഭയില്‍ കേരളത്തിന്റെ വക്താവായിരിക്കും. ചെറിയ വലിയ കാര്യങ്ങളൊക്കെ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഏതു വകുപ്പു കിട്ടിയാലും സന്തോഷമെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോന്‍സ് കണ്ണന്താനത്തെ ഇന്നലെയാണ് മോദി മന്ത്രിസഭയിലേക്ക് ക്ഷണിച്ചത്. നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ് ഈ സര്‍ക്കാരില്‍ കേരളത്തിന് ആദ്യ പ്രതിനിധിയെ ലഭിച്ചത്. കണ്ണന്താനം ഉള്‍പ്പെടെ ഒന്‍പത് പുതിയ മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇവരില്‍ നാലു പേര്‍ മുന്‍ ബ്യൂറോക്രാറ്റുകളാണ്.

ബീഹാര്‍ ലോകസഭാ എംപി അശ്വനി കുമാര്‍ ചൗബെ, ഉത്തര്‍പ്രദേശ് രാജ്യസഭാ എംപി ശിവ പ്രതാപ് ശുക്ല, മധ്യപ്രദശ് ലോക സഭാ എംപി വീരേന്ദ്രകുമാര്‍, കര്‍ണാടക ലോകസഭാ എംപി അനന്ത്കുമാര്‍ ഹെഗ്‌ഡേ, ബീഹാര്‍ ലോകസഭാ എംപി രാജ്കുമാര്‍ സിംഗ്, രാജസ്ഥാന്‍ ലോകസഭയില്‍ നിന്ന് ഗജേന്ദ്രസിംഗ് ശെഖാവത്ത്, ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ലോക്സഭംഗം സത്യപാല്‍ സിംഗ്, ഹര്‍ദീപ് സിംഗ് പൂരി എന്നിവരാണ് കണ്ണന്താനത്തെ കൂടാതെ കേന്ദ്ര മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

നേരത്തെ ചണ്ഡിഗഡ് അഡ്മിനിസ്ട്രേറ്റര്‍ പദവിയിലേക്ക് നിയമിക്കപ്പെടുന്നതിന്റെ തൊട്ടടുത്തെത്തിയ ശേഷമാണ് കണ്ണന്താനത്തെ ഒഴിവാക്കിയത്. ഈ സ്ഥാനം ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കണ്ണന്താനത്തെ അറിയിച്ചെങ്കിലും പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ തീരുമാനം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

കണ്ണന്താനവും ഹര്‍ദീപ് പൂരിയും ഒഴിച്ച് ബാക്കിയെല്ലാവരും നിലവില്‍ എംപിമാരാണ്. പാര്‍ലമെന്റ് അംഗത്വമില്ലാതെ കേന്ദ്രമന്ത്രിയായാല്‍ ആറ് മാസത്തിനുള്ളില്‍ രാജ്യസഭയിലോ ലോക്സഭയിലോ അംഗത്വം നേടണമെന്നാണ് ചട്ടം. ആരെയൊക്കെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ആര്‍എസ്എസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് അമിത് ഷാ മോദിയെ കാണാനെത്തിയത്.

നിലവിലെ മന്ത്രിമാരുടെ വകുപ്പുമാറ്റവും ഉണ്ടായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി സഹമന്ത്രിമാരായ രാജീവ് പ്രതാപ് റൂഡി, സഞ്ജയ് കുമാര്‍ ബല്യന്‍, ഭഗന്‍ സിങ് കുലസ്‌തെ, മഹേന്ദ്രനാഥ് പാണ്ഡെ എന്നിവര്‍ രാജിവച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍