ആലുവ കരുമാലൂര്‍ സെറ്റില്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സ്കൂള്‍ മാനേജ്മെന്റിന്റെ ക്രൂരതയ്ക്ക് ഇരയായത്
“എന്റെ കൊച്ചിനോട് ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയതല്ല. എന്റെ കൊച്ചിനോട് മാത്രമല്ല, ഒരു കുഞ്ഞുങ്ങളോടും. ചൂട് കൊണ്ട് ആളുകള്‍ മരിച്ച് വീഴണ സമയമാണിത്. അപ്പോഴാണ് എട്ടു വയസുള്ള ഒരു കുഞ്ഞിനെ വെറും 950 രൂപയുടെ പേരില്‍ അവര്‍ വെയിലത്ത് ഇറക്കി നിര്‍ത്തിയത്. ഫീസ് അടയ്ക്കാന്‍ വൈകിയെന്ന പേരില്‍ ഇങ്ങനെയാണോ കുഞ്ഞുങ്ങളെ ശിക്ഷിക്കുന്നത്? മാതാപിതാക്കളെയല്ലേ ഫീസ് അടച്ചില്ലെങ്കില്‍ വിളിക്കേണ്ടതും വിവരം അറിയിക്കേണ്ടതും. അതവര്‍ ചെയ്തില്ല. പകരം എന്റെ കൊച്ചിനെ… ഇത്രയും ചെയ്തിട്ടും ഒരു കുറ്റബോധവുമില്ലാതെ ഞങ്ങളോട് തട്ടിക്കയറുന്നു. സാധാരണക്കാരായതുകൊണ്ട് എല്ലാം കേട്ട് മിണ്ടാതെ പോവുമെന്നു കരുതിക്കാണും. ഞാന്‍ കേസിനു പോയതും അതുകൊണ്ടാണ്. സാധാരണക്കാരനും എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുമെന്നു കാണിക്കാന്‍. നാളെ മറ്റൊരു കുട്ടിക്കും ഇങ്ങനെ സംഭവിക്കാതിരിക്കാതിരിക്കാന്‍”; പ്രവീണ്‍ എന്ന അച്ഛന്റെ വാക്കുകളാണിത്.
ആലുവ കരുമാലൂര്‍ സെറ്റില്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പ്രവീണിന്റെ മകന്‍. ഫീസ് അടയ്ക്കാന്‍ വൈകി എന്ന കാരണത്താല്‍ പ്രവീണിന്റെ ഉള്‍പ്പെടെ രണ്ടു കുട്ടികളെ പരീക്ഷയെഴുതിപ്പിക്കാതെ മണിക്കൂറുകളോളമാണ് പുറത്തു നിര്‍ത്തിയത്. പരീക്ഷയെഴുതിപ്പിക്കില്ലെന്ന വിവരം മാതാപിതാക്കളെ വിളിച്ചറിയിക്കാതിരുന്ന സ്‌കൂള്‍ അധികൃതര്‍ മറ്റു കുട്ടികളെല്ലാം പരീക്ഷയെഴുതി കഴിഞ്ഞ് അവരോടൊപ്പം ഒരുമിച്ചാണ് പ്രവീണിന്റെ കുട്ടിയേയും വീട്ടിലേക്ക് വിട്ടത്. വീട്ടില്‍ എത്തിയശേഷം കുട്ടിയാണ് തന്നെ പരീക്ഷയെഴുതിക്കാതിരുന്നതും പുറത്തിറക്കി നിര്‍ത്തിയതും മാതാപിതാക്കളോടു പറയുന്നത്. വെയിലത്ത് നിന്നതിന്റെ ശാരീരികാസ്വസ്ഥകള്‍ കാണിച്ച കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. വല്ലാത്ത മാനസികാവസ്ഥയിലുമാണ് തന്റെ കുട്ടിയിപ്പോഴെന്നാണ് പ്രവീണ്‍ അഴിമുഖത്തോട് പറയുന്നത്.
“പെയിന്റിംഗും വണ്ടിയോടിക്കലുമാണ് ഞാന്‍ ചെയ്യുന്നത്. എനിക്ക് സുഖമില്ലാതെയായതും അടുത്തൊരു കൂട്ടുകാരന്റെ മരണവും കാരണം കുറച്ചു ദിവസങ്ങള്‍ ജോലിക്കു പോകാന്‍ പറ്റിയില്ല. അതാണ് ഫീസ് അടയ്ക്കാന്‍ വൈകിയത്. ഇക്കാര്യം സ്‌കൂളില്‍ പറഞ്ഞപ്പോള്‍ മാര്‍ച്ച് 31 നു മുമ്പായി അടച്ചാല്‍ മതിയെന്നു അധ്യാപകര്‍ പറഞ്ഞിരുന്നതുമാണ്. ഫീസ് കൊടുക്കാത്തതുകൊണ്ട് പരീക്ഷ എഴുതിക്കില്ലെന്നോ പുറത്തു നിര്‍ത്തുമെന്നോ ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഫീസ് അടച്ചില്ലെങ്കില്‍ കുട്ടിയെ പരീക്ഷയെഴുതിക്കില്ലെന്നു പറഞ്ഞിരുന്നെങ്കില്‍ ഇതിനു മുന്നേ എങ്ങനെയെങ്കിലും കൊണ്ടുപോയി അടച്ചേനെ. 500 രൂപ സ്‌കൂള്‍ ഫീസും 450 രൂപ ബസ് ഫീസും ഉള്‍പ്പെടെ 950 രൂപയാണ് അടയ്്‌ക്കേണ്ടത്. ഇപ്പോള്‍ രണ്ടാം വര്‍ഷമാണ് എന്റെ മോന്‍ അവിടെ. ഇതുവരെ ഫീസ് അടവ് മുടങ്ങിയിട്ടില്ല, കൃത്യസമയത്ത് തന്നെ അടയ്ക്കാറുമുണ്ട്. ആകെ താമസിച്ചെന്നു പറയുന്നത് ഈ മാസം മാത്രമാണ്. അതെനിക്ക് പണിക്കു പോകാന്‍ പറ്റാതെ വന്നതിന്റെയൊരു പ്രശ്‌നമാണ്. കഴിഞ്ഞാഴ്ച്ച അടയ്ക്കണമെന്നു കരുതിയിരുന്നതാണ്. കഴിഞ്ഞില്ല. കൊച്ചിന്റെ പഠനകാര്യത്തില്‍ ഒരു മുടക്കവും വരുത്തിയിട്ടില്ല. വേറെ എന്ത് ആവശ്യം വന്നാലും ടീച്ചര്‍മാര്‍ എന്നെ വിളിച്ചു പറയാറുള്ളതാണ്. നമുക്ക് അവരോട് ഒരു വിശ്വാസമുണ്ടായിരുന്നു. കൊച്ച് ഇടയ്ക്കൊരു ദിവസം വന്നു പറഞ്ഞിരുന്നു ടീച്ചര്‍ പറഞ്ഞിട്ടുണ്ട്, ഫീസ് അടച്ചില്ലെങ്കില്‍ പരീക്ഷയ്ക്ക് ഇരുത്തില്ലെന്ന്. അങ്ങനെ അവര്‍ ചെയ്യില്ലെന്നും അല്ലായിരുന്നെങ്കില്‍ അച്ഛനെ വിളിച്ചു പറയുമായിരുന്നുവെന്നും എത്രയും വേഗം കൊണ്ടുപോയി അച്ഛന്‍ അടച്ചോളാമെന്നും ഞാന്‍ അവനോട് പറയുകയും ചെയ്തതാണ്.
ഫീസ് അടയ്ക്കാന്‍ പോകാനിരുന്ന ദിവസം തന്നെയാണ് ഇങ്ങനെ സംഭവിച്ചത്. ഒമ്പത് മണിക്ക് പരീക്ഷ ഹാളില്‍ നിന്നും കുട്ടിയെ പുറത്തിറക്കി നിര്‍ത്തിയതാണ്. ആദ്യം വെയിലത്താണ് നിര്‍ത്തിയത്. പിന്നീട് അവിടെ നിന്നും മാറ്റിനിര്‍ത്തി. ഉച്ചയ്ക്ക് പന്ത്രണ്ടേ മുക്കാല്‍ വരെ അങ്ങനെ നിര്‍ത്തി. മറ്റ് കുട്ടികളുടെയും പരീക്ഷ കഴിഞ്ഞ്, എല്ലാവര്‍ക്കുമൊപ്പം മാത്രമാണ് അവനെയും വിട്ടത്. വീട്ടില്‍ വന്നപ്പോഴാണ് കുഞ്ഞ് അവനെ പരീക്ഷയെഴുതിപ്പിച്ചില്ലെന്നും പുറത്തിറക്കി നിര്‍ത്തിയെന്നും പറയുന്നത്. കുഞ്ഞ് മാനസികമായി തകര്‍ന്ന നിലയിലായിരുന്നു. വിവരം അറിഞ്ഞയുടനെ ഞാന്‍ പ്രിന്‍സിപ്പാളിനെ വിളിച്ചു. പല തവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. പിന്നെ ക്ലാസ് ടീച്ചറെ വിളിച്ചപ്പോഴാണ് അവര്‍ ഇക്കാര്യം സമ്മതിച്ചത്. എന്തിനാണ് അങ്ങനെ ചെയ്തത്? കുട്ടിയെ പരീക്ഷയ്ക്ക് ഇരുത്തുന്നില്ലെങ്കില്‍ ആ വിവരം ഞങ്ങളെ വിളിച്ചു പറയേണ്ടേ? ഒമ്പത് മണിക്ക് സ്‌കൂളില്‍ വന്ന കുട്ടിയെ പന്ത്രണ്ടേ മുക്കാല്‍ വരെ പുറത്തു നിര്‍ത്തിയത് ശരിയായോ? ഫീസ് അടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍തന്നെ ഞങ്ങളുടെ കൊച്ചിനെ ഞങ്ങള്‍ക്ക് വീട്ടിലേക്കെങ്കിലും വിളിച്ചുകൊണ്ടു പോരായിരുന്നല്ലോ. വെറും 950 രൂപയ്ക്കു വേണ്ടിയാണോ ഇങ്ങനെ ക്രൂരത ചെയ്തത്?
കുഞ്ഞിന് ഇങ്ങനെ സംഭവിച്ചെന്നറിഞ്ഞതോടെ ഞാനും ഭാര്യയും ആകെ തകര്‍ന്നു പോയി. ഒരു മാസത്തെ ഫീസ് അടയ്ക്കാന്‍ വൈകിയെന്ന പേരില്‍ എട്ടുവയസ് മാത്രമുള്ള ഒരു കുട്ടിയെ പുറത്തിറക്കി വെയിലത്ത് നിര്‍ത്തുക. ഒരിക്കലും പ്രതീക്ഷിച്ചില്ല, ഞാനത് സ്‌കൂളില്‍ ചെന്ന് ടീച്ചര്‍മാരോടും പറഞ്ഞു. പരീക്ഷ എഴുതിച്ചില്ലെങ്കില്‍ വേണ്ട, അവനെ വീട്ടില്‍ പറഞ്ഞു വിടായിരുന്നില്ലേ. ഞങ്ങളെ വിളിച്ച് വിവരം പറയാമായിരുന്നില്ലേ. എന്തിനാണ് എന്നെ കുഞ്ഞിനെ മണിക്കൂറോളം വെയിലത്ത് നിര്‍ത്തിയത്. അപ്പോള്‍ ടീച്ചര്‍മാര്‍ പറഞ്ഞു അവര്‍ക്ക് തെറ്റ് പറ്റിപ്പോയെന്ന്.
പക്ഷേ മാനേജ്‌മെന്റ് വളരെ മോശമായാണ് പെരുമാറിയത്. ഞങ്ങളുടെ രീതിയിങ്ങനെയാണ്. ഫീസ് അടച്ചില്ലെങ്കില്‍ ചിലപ്പോള്‍ പുറത്തു നിര്‍ത്തും പരീക്ഷയെഴുതിക്കില്ല എന്നൊക്കെ ധിക്കാരപരമായി പെരുമാറുകയായിരുന്നു. ഫീസ് അടയ്‌ക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. പറ്റുമെങ്കില്‍ ഇവിടെ പഠിപ്പിച്ചാല്‍ മതി എന്നാണവര്‍ പറഞ്ഞത്. എന്റെ കുട്ടി ഇത് രണ്ടാം വര്‍ഷമാണ്. കഴിഞ്ഞ വര്‍ഷം ഒരു മാസം പോലും ഞാന്‍ മുടക്കിയിട്ടില്ല.. ഈ വര്‍ഷവും ഇതാദ്യമായാണ് ഒരു താമസം വരുന്നത്. രണ്ടോ മൂന്നോ മാസത്തെ കുടിശ്ശിക ഉണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ പറഞ്ഞത് ഞാന്‍ അംഗീകരിച്ചേനെ. മാത്രമല്ല, ഇനിയും രണ്ടു മൂന്നു ദിവസം സമയം ഉണ്ട്. അതും നിങ്ങള്‍ തന്നെ സമ്മതിച്ച കാര്യമല്ലേ,ഞനവരോട് തിരിച്ചു ചോദിച്ചു. കേസിനും ഒന്നിനും പോകാന്‍ ഞങ്ങള്‍ക്ക് ഉദ്ദേശമില്ലായിരുന്നു. തെറ്റ് പറ്റിയെന്ന് ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ കൂടി ഞങ്ങള്‍ ക്ഷമിക്കുമായിരുന്നു. പക്ഷേ അവര്‍ കാണിച്ചത് ധിക്കാരമാണ് അതുകൊണ്ടാണ് പരാതി കൊടുത്തത്. സാധാരണക്കാരായതുകൊണ്ട് ഞങ്ങള്‍ ഒന്നിനും പോകില്ല, ഞങ്ങള്‍ക്കൊന്നിനും ആകില്ലെന്നാണ് അവര്‍ കരുതിയത്. ആ തരത്തിലായിരുന്നു പെരുമാറ്റവും. എന്റെ കൊച്ചിനു വേണ്ടി മാത്രമല്ല നാളെ മറ്റൊരു കുഞ്ഞിനും ഇത്തരം അനുഭവം ഉണ്ടാകരുത്. കൊച്ചു മനസാണ്. അത് വേദനിക്കരുത്.
ഈ വിഷയം പുറത്തു വന്നതോടെ ചിലര്‍ ഞങ്ങളെ കുറ്റപ്പെടുത്തിയും പരിഹസിച്ചും വന്നിരുന്നു. ഫീസ് അടയ്ക്കാന്‍ ഗതിയില്ലാത്തവന്‍ എന്തിനാ കൊച്ചിനെ ഇത്തരം സ്കൂളില്‍ ചേര്‍ക്കണത്, എണ്ണൂറു രൂപപോലും അടയ്ക്കാന്‍ നിവൃത്തിയില്ലാത്തവരാണോ എന്നൊക്കെയാണ് ചോദ്യം. ഒരു സാധാരണക്കാരന് അവന്റെ കുട്ടിക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാന്‍ പാടില്ലേ? എനിക്ക് കിട്ടാതെ പോയ സൗകര്യങ്ങളും അവസരങ്ങളും എന്റെ കൊച്ചിനു കിട്ടണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. അതിനുവേണ്ടി നല്ലോണം കഷ്ടപ്പെടുന്നുമുണ്ട്. കുറച്ചു ദിവസങ്ങളൊന്നു താമസിച്ചു പോയതിനാണ് ഇപ്പോള്‍ ഇങ്ങനെയൊരു ക്രൂരത എന്റെ കൊച്ച് നേരിട്ടത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാനത് കാര്യമാക്കുന്നില്ല. ഈ ദ്രോഹം ചെയ്തവര്‍ നിയമപരമായി തന്നെ ശിക്ഷിക്കപ്പെടണം.”
വിവരം അറിഞ്ഞ് കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെംബര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സ്‌കൂളില്‍ എത്തി മനേജ്‌മെന്റ് പ്രതിനിധികളോട് സംസാരിച്ചിരുന്നു. സ്‌കൂളിന്റെ ഭാഗത്തു നിന്നും പ്രതികൂലമായ രീതിയില്‍ ഇടപെടല്‍ ഉണ്ടായതെന്നാരോപിച്ച് തുടര്‍ന്ന് ഇവര്‍ ഉപരോധ സമരം നടത്തി. തുടര്‍ന്ന ആലുവ ഡിഇഒ സ്ഥലത്തെത്തുകയും വിവരങ്ങള്‍ അന്വേഷിച്ച് അറിയുകയും നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു. ശിശുക്ഷേമ സമിതിയും കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്. പ്രവീണിന്റെ പരാതിയില്‍ ആലങ്ങാട് പൊലീസ് സ്റ്റേഷനില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരേ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. മാനേജ്‌മെന്റ് പ്രതിനിധികള്‍ക്ക് ഈ വിഷയത്തില്‍ ഉള്ള പ്രതികരണം, അവര്‍ പലവട്ടം കുട്ടിയുടെ രക്ഷകര്‍ത്താക്കളോട് ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും അടയ്ക്കാതിരുന്നതുകൊണ്ടാണ് കുട്ടിയെ പുറത്ത് നിര്‍ത്തേണ്ടി വന്നതെന്നാണ്.