UPDATES

ട്രെന്‍ഡിങ്ങ്

അമ്പൂരി കൊലപാതകം: എല്ലാത്തിന്റെയും തുടക്കം ആ ‘നമ്പര്‍ തെറ്റിയ കോളി’ല്‍ നിന്ന്; ഒടുവില്‍ വേറെ വിവാഹം കഴിക്കാന്‍ കാമുകന്‍ തന്നെ രാഖിയെ കുഴിച്ചു മൂടി

തന്നെ കൊന്നു കളഞ്ഞാലും ബന്ധത്തില്‍ നിന്നും പിന്മാറില്ലെന്ന് രാഖി പറഞ്ഞപ്പോഴാണ് കൊല നടത്തിയതെന്ന് രാഹുല്‍

അഞ്ച് വര്‍ഷം മുമ്പ് ഒരു ഫോണ്‍ കോളില്‍ നിന്നാണ് അമ്പൂരിയില്‍ കാമുകന്‍ കൊലപ്പെടുത്തയ രാഖിയും അഖില്‍ എസ്. നായരും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. തന്റെ സുഹൃത്തിനെ വിളിച്ച നമ്പര്‍ രാഖി തെറ്റി വിളിച്ചത് അഖിലിനെയായിരുന്നു. ഈ പരിചയം സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും നയിച്ചു. മറ്റൊരു പെണ്‍കുട്ടിയുമായി അഖിലിന്റെ വിവാഹം നിശ്ചയിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്.

മറ്റൊരു പെണ്‍കുട്ടിയുമായി അഖിലിന്റെ വീട്ടുകാര്‍ വിവാഹം നിശ്ചയിച്ചത് അറിഞ്ഞതോടെ രാഖി ബഹളം വച്ചു. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വച്ച് അഖില്‍ രാഖിയുടെ കഴുത്തില്‍ താലികെട്ടി. എന്നിട്ടും വീട്ടുകാര്‍ നിശ്ചയിച്ച വിവാഹവുമായി മുന്നോട്ട് പോയതോടെ രാഖി പോലീസില്‍ പരാതിപ്പെടുമെന്നും വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നും ഭീഷണി മുഴക്കി. വിവാഹത്തില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് അഖിലിന്റെ പ്രതിശ്രുത വധുവിന് രാഖി വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പെണ്‍കുട്ടി പഠിക്കുന്ന സ്ഥലത്തും രാഖി പോയിരുന്നു. അപകടം മനസിലായ അഖില്‍ സഹോദരന്‍ രാഹുലും ചേര്‍ന്ന് രാഖിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഒരുമാസം നീണ്ട ഗൂഢാലോചനയ്ക്ക് ഒടുവിലാണ് അഖിലും രാഹുലും അയല്‍വാസി ആദര്‍ശും ചേര്‍ന്ന് രാഖിയെ കൊലപ്പെടുത്തിയത്.

മുഖ്യപ്രതി അഖിലും സഹോദരന്‍ രാഹുലും അയല്‍വാസിയായ ആദര്‍ശും ഗൂഢാലോചന നടത്തി രാഖിയെ കൊലപ്പെടുത്തിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊലപ്പെടുത്തുന്നതിന് മുമ്പ് തന്നെ കുഴിച്ചിടാനുള്ള കുഴിയെടുത്തിരുന്നു. അച്ഛന്‍ മണിയന്റെ സാന്നിധ്യത്തിലായിരുന്നു അഖിലും രാഹുലും കുഴി തയ്യാറാക്കിയത്. കുഴിയെടുക്കാന്‍ മണിയനുമുണ്ടായിരുന്നതായി നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം മണിയന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് അഖില്‍ നല്‍കിയ മൊഴി. പ്രത്യേക തരം മരം നടാനാണ് കുഴിയെടുത്തതെന്നാണ് നാട്ടുകാരോട് പറഞ്ഞത്. കാറില്‍ വച്ച് രാഖിയുടെ കഴുത്ത് ആദ്യം ഞെരിച്ചത് രാഹുല്‍ ആണെന്ന് മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് രണ്ട് പ്രതികളും ചേര്‍ന്ന് കയറുപയോഗിച്ച് കഴുത്ത് കുരുക്കി മരണം ഉറപ്പാക്കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തന്നെ കൊന്നു കളഞ്ഞാലും ബന്ധത്തില്‍ നിന്നും പിന്മാറില്ലെന്ന് രാഖി പറഞ്ഞപ്പോഴാണ് കൊല നടത്തിയതെന്ന് രാഹുല്‍ മൊഴി നല്‍കിയിട്ടുണ്ട്. പിന്മാറിയിരുന്നെങ്കില്‍ കൊല്ലില്ലായിരുന്നെന്നും രാഹുല്‍ പറയുന്നു. രാഖിയെ കാറില്‍ കയറ്റിക്കൊണ്ട് വരുമ്പോള്‍ അമ്പൂരിയില്‍ കാത്തു നിന്നിരുന്ന രാഹുല്‍ പിന്‍സീറ്റില്‍ കയറി. ഇയാള്‍ക്കൊപ്പം കാത്തുനിന്ന ആദര്‍ശ് ഇരുചക്രവാഹനത്തില്‍ മടങ്ങുകയും ചെയ്തു. കുമ്പിച്ചല്‍ എന്ന പ്രദേശത്തെത്തിയപ്പോള്‍ കാര്‍ നിര്‍ത്തി അഖില്‍ പിന്‍സീറ്റില്‍ കയറി. പിന്നീട് രാഹുലാണ് കാര്‍ ഓടിച്ചത്. രാഖി അനുനയത്തിന് തയ്യാറാകുന്നില്ലെന്നും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും അഖില്‍ ജ്യേഷ്ഠനോട് പറഞ്ഞു. ‘എങ്കില്‍ പിന്നെ കൊന്നോട്ടെ’ എന്ന ചോദ്യത്തിന് ‘കൊന്നോളാന്‍’ രാഖി മറുപടി നല്‍കി. മുന്‍സീറ്റിലിരുന്ന രാഖിയെ പിന്നീല്‍ നിന്നും ആദ്യം കൈത്തണ്ട കൊണ്ട് കഴുത്ത് ഞെരിച്ചുവെന്നും കൈ കഴച്ചപ്പോള്‍ സീറ്റ് ബെല്‍റ്റിട്ട് മുറുക്കിയെന്നുമാണ് അഖിലും രാഹുലും മൊഴിനല്‍കിയത്.

കഴുത്തു ഞെരിക്കുന്നതിനിടെ രാഖി എന്തോ പറഞ്ഞെങ്കിലും അത് വ്യക്തമായില്ല. നിലപാട് മാറ്റിയതാണെങ്കിലോ എന്ന പോലീസിന്റെ ചോദ്യത്തിന് ‘കൈവച്ച് പോയില്ലേ, തീര്‍ക്കാമെന്ന് കരുതി’ എന്നായിരുന്നു അഖിലിന്റെ മറുപടി. തുടര്‍ന്ന് വീട്ടിലെത്തി മരണം ഉറപ്പിക്കാന്‍ ജ്യോഷ്ഠനും അനുജനും ചേര്‍ന്ന് സീറ്റ് ബെല്‍റ്റിട്ട് മുറുക്കി. വീഴാതിരിക്കാന്‍ പ്ലാസ്റ്റിക് കയറിട്ട് സീറ്റിനോട് ചേര്‍ത്ത് കെട്ടിയെന്നും പോലീസ് അറിയിച്ചു. കാട്ടാക്കട അമ്പൂരി തട്ടാന്‍മുക്കില്‍ നിര്‍മ്മാണം നടക്കുന്ന വീട്ടുവളപ്പിലാണ് രാഖിയെ കൊന്ന് കുഴിച്ചിട്ടത്. രാഖിയുടെ വസ്ത്രങ്ങളെല്ലാം നീക്കം ചെയ്ത ശേഷം ഉപ്പിട്ട് മൂടുകയും ശേഷം മണ്ണിടുകയുമായിരുന്നു. ഇതേ കുഴിയില്‍ തന്നെ കമുകിന്‍ തൈയും നട്ടു. അതിന് ശേഷം പറമ്പ് മുഴുവന്‍ കിളച്ച് കമുകിന്‍ തൈ നട്ടിരുന്നു. പ്രദേശത്തെ ഒരു കടയിലുണ്ടായിരുന്ന ഉപ്പ് മുഴുവന്‍ വാങ്ങി സംഭരിച്ചെന്നാണ് അഖില്‍ വെളിപ്പെടുത്തിയത്. അഖിലാണ് രാഹുലിനെയും ആദര്‍ശിനെയും തമ്പാനൂരില്‍ എത്തിച്ചത്. അവിടെ നിന്നും ദീര്‍ഘദൂര ബസില്‍ ഗുരുവായൂര്‍ക്ക് തിരിച്ചു. തമ്പാനൂര്‍ക്ക് വരുന്നതിനിടെ പാതയോരത്തെ കുറ്റിക്കാട്ടില്‍ രാഖിയുടെ വസ്ത്രങ്ങള്‍ എറിഞ്ഞു കളയുകയും ബാഗ് ബസില്‍ ഉപേക്ഷിക്കുകയും ചെയ്തു.

ജൂണ്‍ 21 മുതല്‍ രാഖിയെ കാണാതായിരുന്നു. ജോലി ചെയ്യുന്ന എറണാകുളത്ത് ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. ഇവിടെ എത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെ ജൂലൈ ആറിനാണ് പോലീസില്‍ പരാതി നല്‍കിയത്. രാഖിയുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ലഭിക്കാന്‍ കാലതാമസം നേരിട്ടു. ഇത് കിട്ടിയപ്പോഴാണ് അഖിലുമായുള്ള ബന്ധം പോലീസ് സ്ഥിരീകരിച്ചത്. അന്വേഷണം വഴിതെറ്റിക്കാനായി രാഖിയുടെ സിം കാര്‍ഡ് ഇവര്‍ മറ്റൊരു ഫോണില്‍ ഇട്ടിരുന്നു. ജീവിച്ചിരിപ്പുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ 24ന് അതില്‍ നിന്നും വീട്ടിലേക്ക് സന്ദേശം അയയ്ക്കുകയും ചെയ്തു. എന്നാല്‍ ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി(ഇഎംഎഐ) മാറിയത് തിരിച്ചറിഞ്ഞ പോലീസ് ആ ഫോണ്‍ വാങ്ങിയയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് അന്വേഷണം അഖിലിലേക്ക് നീണ്ടു. രാഖിയുടെ സിംകാര്‍ഡ് മറ്റൊരു ഫോണിലിട്ട് മെസേജ് അയയ്ക്കുകയും വിളിക്കുകയും ചെയ്തതാണ് അന്വേഷണത്തിന് തുമ്പായത്.

അതോടെ അന്വേഷണം ആദര്‍ശിലെത്തി. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ആദര്‍ശ് പോലീസ് തേടിയെത്തിയപ്പോള്‍ തന്നെ തനിക്ക് അറിയാവുന്നതെല്ലാം പറഞ്ഞു. തുടര്‍ന്ന് മൃതദേഹം കുഴിച്ച് മൂടിയ സ്ഥലവും കാട്ടിക്കൊടുത്തു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ നാട്ടിലുണ്ടായിരുന്ന രാഹുല്‍ പോലീസ് വിളിപ്പിച്ചതോടെ ഒളിവില്‍ പോയി. ആദര്‍ശ് മൃതദേഹം കാട്ടിക്കൊടുത്തതിന്റെ പിറ്റേന്ന് തന്നെ രാഹുല്‍ കീഴടങ്ങിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

കുട്ടിക്കാലത്ത് തന്നെ അമ്മ മരിച്ച രാഖിയെയും രണ്ട് സഹോദരങ്ങളെയും അച്ഛന്‍ മോഹനന്‍(രാജന്‍) രണ്ടാമത് വിവാഹം കഴിച്ച സെല്‍വിയാണ് വളര്‍ത്തിയത്. മലയിന്‍കീഴില്‍ തട്ടുകട നടത്തുകയാണ് രാജന്‍. മരിക്കുന്ന ദിവസവും രാവിലെ രാഖി രാജന്റെ കടയിലെത്തിയിരുന്നു. എറണാകുളത്തെ കോള്‍ സെന്ററിലാണ് രാഖി ജോലി ചെയ്യുന്നത്.

read more:അമ്പൂരി കൊലപാതകം: രാഖിയെ കുഴിച്ചിട്ട സ്ഥലത്ത്‌ ഉപ്പ് വിതറിയത് ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാന്‍, പിന്നില്‍ അഖിലിന്റെയും രാഹുലിന്റെയും ക്രിമിനല്‍ ബുദ്ധി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍