UPDATES

‘അവള്‍ അവനെ വിശ്വസിച്ചു, എന്നെ വിശ്വസിച്ചില്ല; അവള്‍ക്ക് സ്ത്രീധനം കൊടുക്കാന്‍ വാങ്ങിച്ചിട്ട മണ്ണില്‍ മോളുറങ്ങുന്നുണ്ട്’, കണ്ണുകള്‍ തോരാതെ അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിയുടെ കുടുംബം

അവസാനം വന്നപ്പോള്‍ രാഖിമോള്‍ തന്നോട് സ്ത്രീധനത്തെക്കുറിച്ച് ചോദിച്ചത് അഖില്‍ പറഞ്ഞിട്ടാണോയെന്ന് അറിയില്ലെന്നും രാജന്‍

തിരുവനന്തപുരം ജില്ലയിലെ തീരദേശ പ്രദേശമായ പൂവാര്‍ ഇന്ന് ഒരു കൊലപാതകത്തിന്റെ ഞെട്ടലിലാണ്. പൂവാര്‍ മാത്രമല്ല കേരള സമൂഹമൊട്ടാകെ ഞെട്ടലോടെ കേട്ട അമ്പൂരി കൊലപാതകത്തിലെ ഇര രാഖിമോളുടെ വീട് പൂവാറിനടുത്ത് തിരുപുറം പഞ്ചായത്തിലാണ്. മറ്റൊരു വിവാഹം കഴിക്കാന്‍ കാമുകിയെ കൊലപ്പെടുത്തി നിര്‍മ്മാണം നടക്കുന്ന വീട്ടുവളപ്പില്‍ കുഴിച്ചിട്ട് കുഴിയ്ക്ക് മുകളില്‍ മരം നടുകയായിരുന്നു അഖിലെന്ന സൈനികന്‍ ചെയ്തത്. പൂവാറിലും സമീപ പ്രദേശങ്ങളിലുമുള്ള ചായക്കടകളിലും മറ്റുമെല്ലാം ഇപ്പോള്‍ ഈ കൊലപാതകമാണ് ചര്‍ച്ച ചെയ്യുന്നത്.

പൂവാര്‍ തിരുപുറം പഴയകടയില്‍ ബസിറങ്ങുമ്പോള്‍ തന്നെ രാഖി മോളുടെ ചിത്രം പതിപ്പിച്ച വലിയൊരു ഫ്‌ളക്‌സ് കാണാം. ‘രാഖിമോളുടെ കൊലയാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുക’ എന്നാണ് വിഎസ്ഡിപി തിരുപുറം പഞ്ചായത്ത് കമ്മിറ്റി സ്ഥാപിച്ച ഈ ഫ്‌ളക്‌സില്‍ ആവശ്യപ്പെടുന്നത്. ഇതുകൂടാതെ ഞയറാഴ്ച വൈകുന്നേരം നാല് മണിക്ക് വിഎസ്ഡിപി പ്രവര്‍ത്തകരും കുടുംബാംഗങ്ങളും ചേര്‍ന്ന് ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പഴയകട ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് പോകുമ്പോള്‍ അരകിലോമീറ്ററിനപ്പുറം പുതിയകടയിലാണ് രാഖിമോളുടെ വീട്. പുതിയകട ജംഗഷനിലെത്തുന്നതിന് തൊട്ടുമുമ്പാണ് രാഖിമോളുടെ വീട്. അവിടെ അച്ഛന്‍ രാജനും അമ്മ സെല്‍വിയും ചേച്ചി ഷൈനിയും അനുജന്‍ ജോയിയുമാണ് ഉള്ളത്.

“അവള്‍ അവനെ വിശ്വസിച്ചു, എന്നെ വിശ്വസിച്ചില്ല” എന്നാണ് രാജന്‍ ഒറ്റവാചകത്തില്‍ മകളുടെ അകാലത്തിലുണ്ടായ നിര്യാണത്തെക്കുറിച്ച് പ്രതികരിച്ചത്. “കഴിഞ്ഞ തവണ വന്ന് പോകുന്നതിന് മുമ്പ് ഹോട്ടലില്‍ വന്ന് പോയിരുന്നു. ചായകുടിയ്ക്കാന്‍ കുറച്ചധികം പേര്‍ വന്നിരുന്നത് കൊണ്ട് എനിക്ക് അവളോട് ഒന്നും സംസാരിക്കാന്‍ പറ്റിയില്ല. അല്ലെങ്കില്‍ ഒന്ന് കെട്ടിപ്പിടിക്കുകയും ഉമ്മ കൊടുക്കുകയും ഒക്കെ ചെയ്താണ് വിടാറ്”.- രാജന്‍ പറയുന്നു. പുതിയകട ജംഗ്ഷനില്‍ തന്നെ ഒരു ചെറിയ ഹോട്ടല്‍ നടത്തുകയാണ് രാജന്‍. ചായയും ചെറുകടിയും കൂടാതെ ഉച്ചയ്ക്കുള്ള ഊണും ഈ കടയിലുണ്ട്. രാജനോ മറ്റ് കുടുംബാംഗങ്ങള്‍ക്കോ രാഖിമോള്‍ക്ക് അഖിലുമായുള്ള ബന്ധത്തെക്കുറിച്ച് അറിയില്ലായിരുന്നു. വിവാഹം ഉടന്‍ വേണ്ടെന്ന് നീട്ടിവയ്ക്കുന്നതിന് കാരണമായി പഠിക്കണമെന്നാണ് പറഞ്ഞിരുന്നത്. എറണാകുളത്തെ കോള്‍ സെന്ററിലെ ജോലിയ്‌ക്കൊപ്പം ബിഎ ഇംഗ്ലീഷിന് പഠിക്കുന്നുമുണ്ട് രാഖി. പ്ലസ്ടുവിന് ശേഷം സിവില്‍ ഡിപ്ലോമ കഴിഞ്ഞ് കമ്പ്യൂട്ടര്‍ കോഴ്‌സുകളും ടൈപ്പ് റൈറ്റിംഗ് കോഴ്‌സുകളുമെല്ലാം ചെയ്ത ശേഷമാണ് രാഖിമോള്‍ കോള്‍ സെന്ററില്‍ ജോലിയ്ക്ക് കയറിയത്. അവിടെ വച്ചാണ് ബിഎയ്ക്ക് ചേര്‍ന്നതും. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നുവെന്നും രാഖിമോള്‍ ചേച്ചി ഷൈനിയോട് പറഞ്ഞിരുന്നു. അതേസമയം ഇതിനിടെ രാഖിമോള്‍ അഖിലുമായി എങ്ങനെ പരിചയത്തിലായെന്നതിനെക്കുറിച്ച് ഇവര്‍ക്ക് യാതൊരു ധാരണയുമില്ല.

മിസ്ഡ് കോളിലൂടെയാണ് പരിചയപ്പെട്ടതെന്ന് പോലീസിനോട് അഖില്‍ പറഞ്ഞ അറിവ് മാത്രമാണ് ഇവര്‍ക്കുമുള്ളത്. അതേസമയം രാജനും കുടുംബവും അമ്പൂരിയിലാണ് മുമ്പ് താമസിച്ചിരുന്നത്. രാജന്റെ ആദ്യ ഭാര്യ ക്യാന്‍സര്‍ മൂലം മരിച്ചതോടെയാണ് ഇദ്ദേഹം മൂന്ന് മക്കളുമായി പൂവാറിലേക്ക് താമസം മാറി. ഭാര്യയുടെ ചികിത്സയ്ക്കായി കടമുണ്ടായിരുന്നപ്പോള്‍ അവിടെയുണ്ടായിരുന്ന വീടും സ്ഥലവുമെല്ലാം വിറ്റിരുന്നു. ഇവിടെ വന്ന് സെല്‍വിയെ വിവാഹം കഴിച്ചു. തന്റെ രണ്ട് മക്കള്‍ക്കൊപ്പം ഈ മൂന്ന് കുട്ടികളെയും വളര്‍ത്തിയത് സെല്‍വിയാണ്. രാജനാണെങ്കിലും സെല്‍വിയാണെങ്കിലും എല്ലാവരോടും തങ്ങള്‍ക്ക് അഞ്ച് മക്കള്‍ എന്നാണ് പറയാറെന്ന് നാട്ടുകാര്‍ പറയുന്നു. എട്ടാം ക്ലാസിന് ശേഷം പ്ലസ്ടു വരെ രാഖി പഠിച്ചതെല്ലാം പൂവാറിന് അടുത്ത് ഓലത്താണി സ്‌കൂളിലാണ്. അവിടുത്തെ അധ്യാപകര്‍ക്കും ഈ കുട്ടിയെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂവെന്ന് പഴയകടയില്‍ ചായക്കട നടത്തുന്ന മാത്യു പറയുന്നു.

മാസത്തില്‍ മൂന്ന് ദിവസം മാത്രമാണ് രാഖിമോള്‍ വീട്ടിലെത്തിയിരുന്നത്. കഴിഞ്ഞ തവണ വന്നപ്പോള്‍ തനിക്ക് കാണാന്‍ സാധിച്ചിരുന്നില്ലെന്ന് ഷൈനി പറയുന്നു. വിവാഹാലോചനകളെല്ലാം ഉഴപ്പിയപ്പോള്‍ താന്‍ നിര്‍ബന്ധിച്ച് ചോദിച്ചെന്നും ഒരു പയ്യനുമായി അടുപ്പത്തിലാണെന്നും അയാളെ മാത്രമേ വിവാഹം കഴിക്കൂവെന്നും തന്നോട് പറഞ്ഞിരുന്നതായി ഷൈനി പറയുന്നു. എന്നാല്‍ അയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ഷൈനിയോടും പറയാന്‍ തയ്യാറായില്ല. പയ്യന്‍ പട്ടാളക്കാരനാണെന്ന് മാത്രം വ്യക്തമാക്കി. വീട്ടില്‍ പോയി ആലോചിക്കാമെന്ന് പറഞ്ഞപ്പോഴും പയ്യന്റെ അമ്മ സര്‍ജറി കഴിഞ്ഞിരിക്കുകയാണെന്നും അച്ഛന് ഒരു തവണ അറ്റായ്ക്ക് വന്നെന്നുമാണ് രാഖി ചേച്ചിയോട് പറഞ്ഞത്. ഈ സമയത്ത് തങ്ങള്‍ ഇത്തരമൊരു ആലോചനയുമായി ചെല്ലുന്നത് അവര്‍ക്ക് ആഘാതമാകുമെന്ന് പറഞ്ഞപ്പോള്‍ അത് വിശ്വസിക്കുകയും ചെയ്തു. വിവാഹത്തെക്കുറിച്ച് പറയുമ്പോഴെല്ലാം ‘ഇത്രയും നാള്‍ എന്നെ സഹിച്ചില്ലേ… ഇനി ഒരു ഒന്നര വര്‍ഷം കൂടി സഹിച്ചു കൂടേ…” എന്നാണ് രാഖി ചോദിച്ചുകൊണ്ടിരുന്നത്. സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന സ്വഭാവമായിരുന്നു രാഖിയുടേത്. ഒടുവില്‍ ആ സ്‌നേഹം തന്നെ അവളുടെ ജീവനെടുത്തുവെന്നും ഷൈനി പറയുന്നു. എന്നാല്‍ ക്ഷേത്രത്തില്‍ പോയി താലി കെട്ടിയ വിവരമെല്ലാം പത്രവാര്‍ത്തകളില്‍ നിന്നാണ് തങ്ങളെല്ലാവരും അറിഞ്ഞതെന്നും ഷൈനി അഴിമുഖത്തോട് വ്യക്തമാക്കി.

ഇത്തരമൊരു ബന്ധത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും താന്‍ വിവാഹം നടത്തിക്കൊടുക്കുമായിരുന്നുവെന്ന് രാജനും വ്യക്തമാക്കുന്നു. “മക്കള്‍ക്ക് വേണ്ടിയാണ് ഞാന്‍ ജീവിച്ചത്. എന്റെ മക്കള്‍ക്കോ നാട്ടുകാര്‍ക്കോ യാതൊരു വിധത്തിലും കുറ്റംപറയാനിട കൊടുക്കുന്നതല്ല എന്റെ ജീവിതം. അതുകൊണ്ട് തന്നെ എന്റെ മക്കളും നല്ല അനുസരണയോടെയാണ് ജീവിച്ചത്. ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. എത്ര വെല്ലുവിളി വന്നിട്ടും ഞാന്‍ തളരാതെ മക്കള്‍ക്ക് വേണ്ടി ജീവിച്ചു. ഇതാദ്യമായാണ് മക്കളുടെ കാര്യത്തില്‍ ഒരു വീഴ്ച സംഭവിച്ചത്. ഇതും അറിഞ്ഞിരുന്നെങ്കില്‍ അവള്‍ ആഗ്രഹിക്കുന്ന ജീവിതം തന്നെ അവള്‍ക്ക് കൈപിടിച്ച് കൊടുക്കുമായിരുന്നു”. രാജന്‍ പറയുന്നു.

രാജനുമായി സംസാരിച്ചിരിക്കെ അദ്ദേഹം നടത്തുന്ന ഹോട്ടലില്‍ മീനെത്തിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഒരു വാഹനത്തില്‍ അവിടെയെത്തി. ആര്‍ത്തലച്ചുകൊണ്ടാണ് അവര്‍ കയറി വന്നത് തന്നെ. അമ്പൂരിയില്‍ നടന്ന കൊടുംകൊലപാതകത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടെങ്കിലും ആ ദുരന്തം സംഭവിച്ചത് അവരുടെ പ്രിയപ്പെട്ട രാജണ്ണന്റെ മകള്‍ക്കാണെന്ന് അവര്‍ ഇപ്പോഴാണ് അറിയുന്നത്. തിരുപുറത്തുള്ള പെണ്‍കുട്ടിയാണ് മരിച്ചതെന്ന് അറിഞ്ഞെങ്കിലും അത് ഈ രാഖിമോളാണെന്ന് തങ്ങളാരും പ്രതീക്ഷിച്ചില്ലെന്ന് അവരുടെ കൂട്ടത്തിലെ റാണിയമ്മ എന്ന സ്ത്രീ പറയുന്നു. ഒരു പെണ്‍കുട്ടിയുടെ ജീവനും ജീവിതവും രക്ഷിക്കാത്തവന്‍ എങ്ങനെയാണ് ഒരു രാജ്യത്തെ കാവല്‍ നിന്ന് രക്ഷിക്കുന്നതെന്നാണ് റാണിയമ്മ ചോദിക്കുന്നത്. രാജ്യത്തിന് വേണ്ടി ഇനി അവനെ വിടരുതെന്നും അവനെ തൂക്കിക്കൊല്ലണമെന്നുമാണ് റാണിയമ്മയുടെയും മറ്റ് മത്സ്യത്തൊഴിലാളികളുടെയും ആവശ്യം.

ജൂണ്‍ 21ന് രാഖിമോളെ കാണാതായ ദിവസത്തെക്കുറിച്ച് അമ്മ സെല്‍വി ഇതിനിടെ ഓര്‍ത്തെടുത്തു. “രാവിലെ കടയില്‍ ചായയെടുത്ത് കൊടുത്ത് നില്‍ക്കുമ്പോളാണ് അമ്മാ, ഞാന്‍ പോണെന്ന് പറഞ്ഞ് അവള്‍ ഓടിവന്നത്. ഞാന്‍ ചീത്ത പറഞ്ഞാണ് ഒരു ഗ്ലാസ് ചായയും വടയും കഴിപ്പിച്ചത്. എന്റെ മോള്‍ ഇത് തിരിച്ചുവരാത്ത പോക്കിനാണ് പോകുന്നതെന്ന് അറിഞ്ഞിരുന്നെങ്കില്‍ പോകാന്‍ സമ്മതിക്കില്ലായിരുന്നു” സെല്‍വി പറയുന്നു. കൂടാതെ രാഖിമോളുടെ കൊലപാതകത്തില്‍ അഖിലിന്റെ അച്ഛനും പങ്കുണ്ടെന്ന സംശയം ഇവര്‍ക്കുമുണ്ട്. മലേഷ്യയില്‍ നിന്നും ഏതോ മരം കൊണ്ടു വന്ന് നടാനാണെന്ന് നാട്ടുകാരോട് പറഞ്ഞാണ് അഖിലും അച്ഛന്‍ മണിയനും സഹോദരന്‍ രാഹുലും ചേര്‍ന്ന് വലിയ കുഴിയെടുത്തത്. എന്നാല്‍ അവിടെ നട്ടത് കമുകിന്‍ തൈ ആണ്. അപ്പോള്‍ പോലും അതേക്കുറിച്ച് മണിയന്‍ അന്വേഷിക്കാതിരുന്നതെന്തുകൊണ്ടാണെന്ന് രാജന്‍ ചോദിക്കുന്നു.

അമ്പൂരി സ്റ്റേഷനില്‍ നിന്നും വിളി വന്നപ്പോള്‍ രാഖി മോളെ കിട്ടിയെന്നാണ് താന്‍ കരുതിയതെന്നും അതാണ് വീട്ടില്‍ ഭാര്യയോടും മകള്‍ ഷൈനിയോടും പറഞ്ഞതെന്നും രാജന്‍ പറയുന്നു. “എന്നാല്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും നേരെ ആ വീട്ടിലേക്കാണ് കൊണ്ടുപോയത്. അവിടെ വച്ചും കാര്യം മനസിലായില്ല. ഒടുവില്‍ മകളുടെ ശരീരം കണ്ടപ്പോഴാണ് മനസ് വരവിച്ച് പോയത്”, രാജന്റെ തൊണ്ട ഇടറി തുടങ്ങിയിരുന്നു അപ്പോഴേക്കും.

ഇത്തവണ അവധിക്ക് വന്നപ്പോള്‍ തന്നെ കെട്ടിച്ചുവിടാന്‍ സ്ത്രീധനമൊക്കെ റെഡിയാക്കിവച്ചിട്ടുണ്ടോയെന്ന് രാഖി മോള്‍ ചോദിച്ചതായും രാജന്‍ പറയുന്നു. അവള്‍ക്ക് വേണ്ടി കുറച്ച് ദൂരെ മാറി പള്ളിയുടെ അടുത്ത് ഇരുപത് സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. അവിടെ അവള്‍ക്കും അവള്‍ വിവാഹം കഴിക്കുന്നയാള്‍ക്കും വീട് പണിയുകയോ വിറ്റ് വേറെ എവിടെയെങ്കിലും വീട് പണിയുകയോ ചെയ്യാമെന്നാണ് താന്‍ പറഞ്ഞത്. അഖിലിനെക്കുറിച്ച് അറിയില്ലാത്തതിനാലാണ് അങ്ങനെ പറഞ്ഞത്. ഇനി സ്ത്രീധനക്കാര്യം അഖില്‍ ആവശ്യപ്പെട്ടിട്ടാണോ ചോദിച്ചതെന്ന് തനിക്കറിയില്ലെന്നും രാജന്‍ പറഞ്ഞു. അതേസമയം അഖിലിന്റെയും മാതാപിതാക്കളുടെയും ജാതി ചിന്തയാണ് തന്റെ മകളുടെ ജീവന്‍ അപഹരിച്ചതെന്ന് ഈ അച്ഛന്‍ വിശ്വസിക്കുന്നുണ്ട്. നായര്‍ ജാതിയില്‍ നിന്നുള്ള പെണ്‍കുട്ടിയെക്കൊണ്ട് വലിയ സ്ത്രീധനം വാങ്ങി മാത്രമേ മകന്റെ വിവാഹം നടത്തൂവെന്ന് മണിയന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞത്. അങ്ങനെയാണെങ്കില്‍ തന്റെ മകള്‍ ദുരഭിമാനക്കൊലയുടെ ഇരയാണെന്നും രാജന്‍ ഉറപ്പിച്ച് പറയുന്നു. താന്‍ ഈ സമൂഹത്തിലെ എല്ലാ മതവിഭാഗക്കാരുടെയും ജാതിക്കാരുടെയും ഒപ്പം ഒരേ മനസോടെ ജീവിക്കുന്നയാളാണ്. അവര്‍ ഒരു പക്ഷെ ഇങ്ങനെ ചിന്തിച്ചത് അവരുടെ അറിവില്ലായ്മ കൊണ്ടായിരിക്കും. ആ അറിവില്ലായ്മ തന്റെ മോളുടെ ജീവിതവും ആ പയ്യന്റെ കുടുംബവും തകര്‍ത്തു. ഇതില്‍ കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നും രാജന്‍ വ്യക്തമാക്കി.

നാട്ടുകാരില്‍ പലര്‍ക്കും ഇതേ അഭിപ്രായം തന്നെയാണ്. രാജന്റെ വീടിനോട് ചേര്‍ന്ന് മുറുക്ക് കട നടത്തുന്ന ഒരു അമ്മയും (അവര്‍ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല) ഇതുതന്നെയാണ് പറയുന്നത്. “മക്കളേ ഇവിടുന്ന് തുള്ളിക്കളിച്ച് പോകുന്നത് കണ്ടതാ… പിന്നെ കാണുന്നത് ഈ അവസ്ഥയിലാ… കണ്ടിട്ട് സഹിക്കാനായില്ല… വേറെ ജാതിയിലുള്ളവളെ കല്യാണം കഴിക്കാനാകില്ലെങ്കില്‍ ഒഴിവാക്കാന്‍ എന്തൊക്കെ വഴിയുണ്ടായിരുന്നു അവന്”, അവര്‍ ചോദിക്കുന്നു.

ഷൈനി പറഞ്ഞത് പോലെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി ജീവന്‍ കൊടുത്താണ് രാഖിമോള്‍ രണ്ട് നാടുകളെ കണ്ണീരിലാഴ്ത്തിയിരിക്കുന്നത്. മാസങ്ങള്‍ കഴിഞ്ഞാലും തിരുപുറത്ത് ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കില്ലെന്ന് മാത്യുവും പറയുന്നു. കാരണം തനിക്ക് സ്ത്രീധനം നല്‍കാനായി തന്റെ പപ്പ മേടിച്ചിട്ട ആ ഇരുപത് സെന്റില്‍ അന്ത്യവിശ്രമം കൊള്ളുന്നവള്‍ ഈ നാടിന് അത്രമാത്രം പ്രിയപ്പെട്ടവളായിരുന്നു.

Azhimukham Special: ആത്മീയ വ്യവസായത്തിലേക്കുള്ള ചവിട്ടുനാടകങ്ങള്‍; എന്താണ് കൃപാസനം, അവിടെ നടക്കുന്നതെന്ത്? ആ കഥ

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍