UPDATES

മാണിക് റോയി; ആംബുലന്‍സ് ഡ്രൈവറുടെ വെളിപ്പെടുത്തല്‍: മരിച്ചോ എന്നു നോക്കാന്‍ പോലും ഡോക്ടര്‍ തയാറായില്ല

മരണസര്‍ട്ടിഫിക്കറ്റ് താന്‍ തന്നെ നല്‍കേണ്ടി വരുമെന്ന കാരണത്താലാണ് അതില്‍ നിന്ന് വിട്ടുനിന്നതെന്നാണ് അഞ്ചല്‍ സൂര്യ ആശുപത്രിയിലെ ഡോ. ഷണ്‍മുഖന്റെ ന്യായീകരണം

അഞ്ചലില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി ജീവന്‍ നഷ്ടപ്പെട്ട ബംഗാള്‍ സ്വദേശി മാണിക് റോയിയുടെ നാഡീമിടിപ്പ് നോക്കാന്‍ പോലും ചികിത്സിച്ച ഡോക്ടര്‍ തയ്യാറായില്ല. അത്യാസന്ന നിലയിലായ മാണികിന്റെ ശ്വാസം നിലച്ചതായി സംശയം തോന്നിയ ആംബുലന്‍സ് ഡ്രൈവര്‍ നാഡീമിടിപ്പ് നോക്കി വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നപേക്ഷിച്ചിട്ടും ഡോക്ടര്‍ അത് നിരാകരിച്ചു. ആംബുലന്‍സ് ഡ്രൈവറായ സുഭാഷ് ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. മരണസര്‍ട്ടിഫിക്കറ്റ് താന്‍ തന്നെ നല്‍കേണ്ടി വരുമെന്ന കാരണത്താലാണ് അതില്‍ നിന്ന് വിട്ടുനിന്നതെന്നാണ് അഞ്ചല്‍ സൂര്യ ആശുപത്രിയിലെ ഡോ. ഷണ്‍മുഖന്റെ ന്യായീകരണം.

ബോധം മറഞ്ഞ് ശ്വാസം നിലച്ചത് പോലെ തോന്നിയ സമയത്ത് സുഭാഷ് ആംബുലന്‍സുമായി സൂര്യ ആശുപത്രിയില്‍ ചെന്നു. മാണികിനെ പരിശോധിക്കണമെന്ന് ഡോക്ടര്‍ ഷണ്‍മുഖനോട് അഭ്യര്‍ഥിച്ചു. എന്നാല്‍ പലതവണ അഭ്യര്‍ത്ഥിച്ചിട്ടും ഡോക്ടര്‍ അതിന് തയ്യാറായില്ല, എന്നുമാത്രമല്ല ഡോക്ടര്‍ തന്നെ കാബിനില്‍ നിന്ന് ആട്ടിയിറക്കി വിടുകയായിരുന്നു എന്നും സുഭാഷ് അഴിമുഖത്തോട് പറഞ്ഞു.

സുഭാഷ് പറയുന്നതിങ്ങനെ: “മിഷന്‍ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കെത്തിക്കാനാണ് എനിക്ക് നിര്‍ദ്ദേശം ലഭിച്ചത്. അപ്പോള്‍ തന്നെ മാണിക് അവശനായിരുന്നു. കൂട്ടത്തില്‍ ബംഗാളികളായ രണ്ട് പേരായിരുന്നു ഉണ്ടായിരുന്നത്. ആള്‍ക്കൂട്ടം മര്‍ദ്ദിച്ചയാളായതിനാല്‍ മിഷന്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് പോരും വഴി ഞാന്‍ അഞ്ചല്‍ പോലീസ് സ്‌റ്റേഷനില്‍ ചെന്ന് വിവരം അറിയിച്ചിരുന്നു. മെഡിക്കല്‍ കോളേജിലേക്ക് പൊയ്‌ക്കൊള്ളാനും വേണ്ട കാര്യങ്ങള്‍ നോക്കാമെന്നും പോലീസ് എനിക്ക് ഉറപ്പും നല്‍കിയിരുന്നു. പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഞാന്‍ തിരികെ വരുമ്പോള്‍ മുതല്‍ മാണിക് വല്ലാതെ വെപ്രാളം കാണിക്കുന്നുണ്ടായിരുന്നു. ശ്വാസമെടുക്കാന്‍ അയാള്‍ കഷ്ടപ്പെടുന്നത് പോലെ തോന്നി. വണ്ടി പെട്ടെന്ന് എടുത്തു. കുറച്ച് ദൂരം നീങ്ങിയപ്പോള്‍ തന്നെ മാണികിന്റെ ശ്വാസം നിലച്ചത് പോലെ ഒരു സംശയം തോന്നി. അയാള്‍ക്ക് അടിയന്തിര ചികിത്സ ആവശ്യമാണെന്ന് തോന്നിയപ്പോഴാണ് തൊട്ടടുത്തുള്ള സൂര്യ ആശുപത്രിയിലേക്ക് ആംബുലന്‍സുമായി ചെല്ലുന്നത്. എന്റെ വണ്ടിയില്‍ ഓക്‌സിജനും മറ്റ് സംവിധാനങ്ങളുമെല്ലാമുണ്ട്. പക്ഷെ ഡോക്ടര്‍ എത്തി പള്‍സ് നോക്കിയാല്‍ മാത്രമേ വേറെന്തും ചെയ്യാന്‍ പറ്റുമായിരുന്നുള്ളൂ. ഞാന്‍ ഡോക്ടറോട് പലതവണ അഭ്യര്‍ഥിച്ചു. വേറൊന്നിനുമല്ല, പള്‍സ് നോക്കി അയാള്‍ക്ക് ജീവനുണ്ടെന്ന് ഉറപ്പിച്ചാല്‍ ഓക്‌സിജന്‍ നല്‍കിയെങ്കിലും മെഡിക്കല്‍ കോളേജിലെത്തിക്കാമെന്നായിരുന്നു. എന്നാല്‍ ഡോക്ടര്‍ വന്നില്ല. ആ കാബിനില്‍ നിന്ന് ഇറങ്ങാന്‍ പോലും അദ്ദേഹം തയ്യാറായില്ല. അയാള്‍ പള്‍സ് പരിശോധിച്ചാല്‍, പിന്നെ കേസിനും മറ്റും പുറകെ നടക്കേണ്ടി വരുമെന്നും ഡെത്ത് സര്‍ട്ടിഫിക്കറ്റ് കൊടുക്കണ്ടി വരും എന്നൊക്കെ പറഞ്ഞ് എന്നെ ആട്ടിയിറക്കിവിടുകയായിരുന്നു.

മാണിക്കിനെ സൂര്യ ആശുപത്രിയിലാണ് ആദ്യം ചികിത്സിച്ചത്. ഡോ. ഷണ്‍മുഖന്‍ തന്നെ ചികിത്സിച്ച രോഗിയുമാണ്. എന്നിട്ടു കൂടി അയാള്‍ക്ക് ജീവന്‍ അവശേഷിക്കുന്നുണ്ടോ എന്ന് നോക്കാനുള്ള മനുഷ്യത്വം പോലും ആ ഡോക്ടര്‍ കാണിച്ചില്ല. മെഡിക്കല്‍ കോളേജിലേക്കോ അല്ലെങ്കില്‍ റഫര്‍ ചെയ്ത ആശുപത്രിയിലേക്കോ കൊണ്ടുപൊക്കോളാനാണ് ഡോക്ടര്‍ എന്നോട് പറഞ്ഞത്. ഞാന്‍ പിന്നെ സമയം കളയാതെ മിഷന്‍ ആശുപത്രിയിലേക്ക് തന്നെ തിരികെ കൊണ്ടുചെന്നു. അവിടെയെത്തി പരിശോധിച്ചപ്പോള്‍ അയാളുടെ ജീവന്‍ പോയിരുന്നു. പള്‍സ് നോക്കിയിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്നു എന്നല്ല ഞാന്‍ പറയുന്നത്. പക്ഷെ ശ്വാസം നിലച്ചപ്പോള്‍, ഒരു പക്ഷെ പള്‍സ് ഉണ്ടായിരുന്നെങ്കില്‍, അടിയന്തിര ചികിത്സയോ ഓക്‌സിജനോ നല്‍കിയാല്‍ ഒരുപക്ഷേ അയാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു എന്നാണ് എന്റെ തോന്നല്‍. 30 ശതമാനമെങ്കിലും അതിന് സാധ്യതയുണ്ടായിരുന്നു.

ഞാനിത് പറയുന്നത് ഇനി ഇത്തരം അനുഭവം ഒരാള്‍ക്കും ഉണ്ടാവാതിരിക്കാനാണ്. ഞാനല്ല, ഒരുപക്ഷേ മറ്റാരെങ്കിലുമായിരിക്കും ഇതുപോലെ അത്യാസന്ന നിലയിലായ ഒരാളെയും കൊണ്ട് ഏതെങ്കിലും ഡോക്ടര്‍മാരുടെ അടുത്ത് എത്തിയേക്കാം. ഡോക്ടര്‍മാര്‍ മനസ്സുവച്ചാല്‍ ഒരാളെ രക്ഷിക്കാനും, മനസില്ലെങ്കില്‍ ഒരാളുടെ ജീവന്‍ ഇല്ലാതാക്കാനും കഴിയും. മാണിക് രക്ഷപെട്ടേക്കുമെന്നല്ല, പക്ഷെ ഒരാളുടെ ജീവന്‍ പോവാതിരിക്കാന്‍ എന്തെങ്കിലും ഒരു സാധ്യതയുണ്ടോ എന്ന് പരിശോധിക്കാനെങ്കിലും ഡോക്ടര്‍മാര്‍ തയ്യാറാവണ്ടേ?”

ജൂണ്‍ 24ന് കോഴിയെ മോഷ്ടിച്ചു എന്നാരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ച മാണിക് റായ് ജൂലായ് 16-നാണ് മരണപ്പെടുന്നത്. വേണ്ട വിധത്തില്‍ തുടര്‍ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ മാണികിന് ജീവന്‍ നഷ്ടമാവില്ല എന്ന് ഡോക്ടര്‍മാരും പോലീസും പറഞ്ഞിരുന്നു. മര്‍ദ്ദനമേറ്റ മാണിക് അഞ്ചല്‍ സെന്റ് ജോണ്‍സ് മിഷന്‍ ആശുപത്രിയിലാണ് ചികിത്സ തേടിയത്. രണ്ട് ദിവസത്തെ ചികിത്സ ശേഷം ഒരാഴ്ച കഴിഞ്ഞ് പരിശോധനയ്ക്കായി വരണമെന്ന് പറഞ്ഞാണ് മിഷന്‍ ആശുപത്രിയിലെ ഡോക്ടര്‍ മാണികിനെ മടക്കിയത്. മര്‍ദ്ദനത്തെ തുടര്‍ന്ന് മാണികിന്റെ തലയ്ക്ക് പുറകിലായി രക്തം കട്ടപിടിച്ചിരുന്നു. ചികിത്സ തുടരാതിരുന്നതാണ് ഇയാളുടെ മരണത്തിന് കാരണമായതെന്നാണ് മിഷന്‍ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞിരുന്നത്.

എന്നാല്‍ മിഷന്‍ ആശുപത്രിയില്‍ നിന്ന് പോന്നതിന് ശേഷം മാണിക് സൂര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ജൂലായ് ആറിനും ഒമ്പതിനും ആശുപത്രിയിലെത്തി ഡോ. ഷണ്‍മുഖനെ കാണുകയും ചെയ്തിരുന്നു. ഡോക്ടര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ജൂലായ് 15-ന് വൈകിട്ട് ജോലിക്കിടെ കുഴഞ്ഞുവീണ മാണിക് എത്തിയതും സൂര്യ ആശുപത്രിയിലേക്കാണ്. പിന്നീട് 16-ന് രാവിലെ ആശുപത്രിയില്‍ സിടി സ്‌കാന്‍ സൗകര്യമില്ലാത്തതിനാല്‍ മിഷന്‍ ആശുപത്രിയിലേക്ക് ഇയാളെ അയച്ചതും ഡോ. ഷണ്‍മുഖനാണ്. മിഷന്‍ ആശുപത്രിയില്‍ എത്തി സ്‌കാനിങ് കഴിഞ്ഞതോടെ മാണികിന്റെ നില ഗുരുതരമാണെന്ന് മനസ്സിലാക്കി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് അയയ്ക്കുകയായിരുന്നു.

ഡോ. ഷണ്‍മുഖന്‍ പറയുന്നത് ഇങ്ങനെ: “മിഷന്‍ ഹോസ്പിറ്റല്‍ ആയിരുന്നു അയാള്‍ ആദ്യം ചികിത്സയെടുത്തത്. രണ്ട് ദിവസം അവിടെ കിടന്നു. ജൂലായ് ആറിനും ഒമ്പതിനും ഇവിടെ വന്നു. അയാളുടെ ശ്വാസം പോയപ്പോള്‍ പള്‍സും ഇല്ലാതായോ എന്ന് ആംബുലന്‍സ് ഡ്രൈവര്‍ക്ക് സംശയമുണ്ടായിരുന്നു. ഡോക്ടര്‍ വന്ന് നോക്കണം എന്ന് എന്നോട് പറഞ്ഞു. ഒരു ആശുപത്രിയില്‍ നിന്ന് റഫറന്‍സ് കൊടുത്ത് വിട്ടാല്‍, ഇതിനിടക്ക് നമ്മള്‍ അവിടെ ചെന്ന് നോക്കിയാല്‍, ഇന്‍ കേസ് ഡെത്ത് ആയാല്‍ നമ്മള്‍ തന്നെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് കൊടുക്കണ്ടിവരും. അതുകൊണ്ട് റഫറന്‍സ് കൊടുത്ത സ്ഥലത്ത് തന്നെ കാണിക്കാന്‍ ഞാന്‍ പറഞ്ഞിരുന്നു. ഇവിടെ കിടന്നിട്ട് പോയയാളാണ്. എനിക്ക് അയാളെ അറിയാം. ഞാനാണ് സിടി സ്‌കാന്‍ എഴുതിക്കൊടുത്തത്. 15ന് ഇവിടെ വന്നു കിടന്നിരുന്നു. രാത്രി ഇവിടെ വന്നപ്പോള്‍ നോര്‍മല്‍ ആണ്. അന്നാണ് അയാള്‍ക്ക് അടി കിട്ടിയ വിവരങ്ങളൊക്കെ അറിയുന്നത്. പിറ്റേന്ന് രാവിലെ ബിപി കൂടിയപ്പോള്‍ സിടി സ്‌കാന്‍ എടുക്കാന്‍ പറഞ്ഞുവിട്ടു. എന്റെ കാബിനില്‍ വന്ന് നിന്നാണ് അയാളുടെ പള്‍സ് നോക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞത്. ഞാന്‍ പറ്റില്ല എന്ന് പറയുകയും ചെയ്തു”.

‘എത്ര നല്ലവനാണെന്ന് പറഞ്ഞാലും അവന്‍ ഒരു ബംഗാളിയല്ലേ?’; ആള്‍ക്കൂട്ട ഭ്രാന്ത് മണിക്കിന്റെ ജീവനെടുത്തതിങ്ങനെയാണ്

‘മോഷ്ടാക്കളെ’ തല്ലിക്കൊല്ലുന്ന മലയാളിയുടെ വംശവെറി

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍