UPDATES

ട്രെന്‍ഡിങ്ങ്

കേരളത്തില്‍ അമിത് ഷാ ലക്ഷ്യമിടുന്നത് 11 മണ്ഡലങ്ങൾ; ആർഎസ്എസ്സുമായി കൂടിക്കാഴ്ച

ലോകസഭാ തെരഞ്ഞെടുപ്പിൽ എന്തെങ്കിലും മുന്നേറ്റമുണ്ടാക്കാൻ സാധിക്കും എന്നുറപ്പുള്ള മണ്ഡലങ്ങളാണിവ എന്ന് അമിത് ഷാ കരുതുന്നു.

ചൊവ്വാഴ്ച കേരളത്തിലെത്തിയ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ പാർട്ടി നേതാക്കളുടെ യോഗത്തിലാണ് പ്രത്യേക മണ്ഡലങ്ങളെ മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കാന്‍ നിർദ്ദേശം നൽ‍കിയത്. 11 മണ്ഡലങ്ങളാണ് അമിത് ഷാ തെരഞ്ഞെടുത്തിരിക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിൽ എന്തെങ്കിലും മുന്നേറ്റമുണ്ടാക്കാൻ സാധിക്കും എന്നുറപ്പുള്ള മണ്ഡലങ്ങളാണിവ എന്ന് അമിത് ഷാ കരുതുന്നു.

കാസർകോട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, ചാലക്കുടി, തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര എന്നീ മണ്ഡലങ്ങളിലാണ് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുക.

കാസർകോട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, ചാലക്കുടി എന്നീ മണ്ഡലങ്ങൾ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന്റെ ചുമതലയിലായിരിക്കും. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര എന്നീ മണ്ഡലങ്ങള്‍ കർണാടകയില്‍ നിന്നുള്ള എംപി നളീൻകുമാര്‍ കട്ടീലിനാണ്.

അപ്രധാനമെന്ന് അമിത് ഷാ മനസ്സിലാക്കുന്ന മറ്റ് മണ്ഡലങ്ങളുടെ ചുമതല മാത്രമേ കേരള നേതാക്കൾക്കുള്ളൂ. വി മുരളീധരൻ എംപി, പികെ. കൃഷ്ണദാസ്, സികെ. പത്മനാഭൻ, പിഎസ് ശ്രീധരൻപിള്ള എന്നിവർക്കാണ് മറ്റു മണ്ഡലങ്ങളുടെ ചുമതല.

കുമ്മനം രാജശേഖരനെ പിൻവലിച്ച ഒഴിവിലേക്ക് മറ്റൊരാളെ നിർദ്ദേശിക്കാൻ‌ അമിത് ഷാ തുനിഞ്ഞില്ല. ഇതുമായി ബന്ധപ്പെട്ട് ചർച്ച കോർ ഗ്രൂപ്പ് യോഗത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അത് നടക്കുകയുണ്ടായില്ല. കേരളത്തിനു വേണ്ടി കേന്ദ്ര സർക്കാര്‍ അൽഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കിയിട്ടും അതിന്മേൽ അനുകൂല തരംഗമുണ്ടാക്കാൻ കേരളത്തിലെ നേതാക്കൾക്ക് കഴിഞ്ഞില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.

രാത്രിയിൽ ആർഎസ്എസ് നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. ഭാരതീയ വിചാരകേന്ദ്രം ആസ്ഥാനമായ സമന്വയ ഭവനിലായിരുന്നു കൂടിക്കാഴ്ച. കുമ്മനത്തെ തങ്ങളോടാലോചിക്കാതെ മാറ്റിയിതിലുള്ള അത‍ൃപ്തി നേതാക്കൾ അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍