UPDATES

ട്രെന്‍ഡിങ്ങ്

കേരള സന്ദര്‍ശനം: വിചാരിച്ചപോലെ ഒന്നും നടന്നില്ലെങ്കിലും നിരാശനല്ല അമിത് ഷാ

കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍ എന്നിവരെ കൂടാതെ മൂന്നാമതൊരു കൊള്ളാവുന്ന നേതാവ് സംസ്ഥാന ബിജെപിയില്‍ ഇല്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ കാഴ്ചപ്പാട്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒന്നരവര്‍ഷം മുന്‍പേ ഉത്തര്‍പ്രദേശിലെത്തി അമിത് ഷാ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. കല്യാണ്‍ സിങ്ങിന് ശേഷം ഒരു മുഖ്യമന്ത്രിയെ സ്വപ്നം കാണാന്‍ പോലും പറ്റാതിരുന്ന കാലത്താണ് അമിത്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്. ആര്‍എസ്എസ് ശാഖകളുടെ സഹായത്തോടെ ബൂത്ത് തല പ്രവര്‍ത്തനം ഉഷാറാക്കുകയാണ് ഷാ ചെയ്തത്. വോട്ടര്‍മാരുമായി നേരിട്ട് ഇടപെടാന്‍ കഴിയുന്ന ബൂത്ത് കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ എണ്ണയിട്ട യന്ത്രം പോലെ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനം സുഖമായി നടക്കും. കേരളത്തില്‍ എത്തിയ അമിത് ഷാ മൂന്ന് തരത്തിലെ പദ്ധതികളാണ് ഈ യാത്രയില്‍ ആസൂത്രണം ചെയ്തത്.

1. ക്രിസ്ത്യന്‍ സഭ നേതാക്കളുമായി സംസാരിച്ച് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടുക.

2. ബിജെപി അക്രമത്തിന്റെ പാര്‍ട്ടി അല്ലെന്നും ഇനി ഇന്ത്യയുടെ ഭാവി ബിജെപിയുടെ കൈകളില്‍ ആണെന്നും മാധ്യമങ്ങള്‍ വഴി പറയുക.

3. ബൂത്ത് തല പ്രവര്‍ത്തനം ശക്തിപ്പെടുത്തുക, ദളിത് വിഭാഗങ്ങളെ പാര്‍ട്ടിയോട് ചേര്‍ത്തു നിര്‍ത്തുക.

ബിഡിജെഎസുമായുള്ള ബന്ധം ഉലഞ്ഞതോടെയാണ് പുതുവഴികള്‍ തേടാന്‍ ബിജെപി നിര്‍ബന്ധിതമായത്. മാത്രമല്ല ബിഡിജെഎസ് ബാന്ധവത്തിലൂടെ ലോക്‌സഭാ മത്സരത്തില്‍ ഒരു സീറ്റ് പോലും കൈയിലൊതുക്കാന്‍ കഴിയില്ലെന്നാണ് കണക്കുകൂട്ടല്‍. ന്യൂനപക്ഷങ്ങള്‍ക്ക് ഏറ്റവും വിശ്വസിക്കാവുന്ന പാര്‍ട്ടിയാണ് ബിജെപി എന്ന് മതമേലധ്യക്ഷന്മാരെ അറിയിച്ചെങ്കിലും ആട്ടിന്‍ തോലണിഞ്ഞ ചെന്നായ് എന്ന രീതിയിലാണ് അവര്‍ തിരിച്ചു പെരുമാറിയത്. ഗ്രഹാം സ്‌റ്റെയിന്‌സിനെ ചുട്ടുകൊന്നത് മുതല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്തതൊക്കെ അവര്‍ ഓര്‍മിപ്പിച്ചു. ഫാദര്‍ ടോം ഉഴുന്നാലിനെ ഭീകരര്‍ ബന്ധിയാക്കിട്ട് ഒരു വര്‍ഷം പിന്നിട്ടെങ്കിലും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും മോചനത്തിനായി അനുകൂല നടപടി ഒന്നും ഉണ്ടായിട്ടില്ല. ഒന്നാമത്തെ ദൗത്യം പാളി.

മാതൃഭൂമി ചാനല്‍ ചര്‍ച്ചയിലും അല്ലാതെയുമൊക്കെ അമിത് ഷാ പറയാന്‍ ശ്രമിച്ചത് എല്‍ഡിഎഫ്, യുഡിഎഫ് കൂടാതെ ബിജെപി മുന്നണിയുടെ ഭരണ സാധ്യതയെ കുറിച്ചാണ്. സിപിഎം കൊലപാതക രാഷ്ട്രീയത്തില്‍ ദേശീയ തലത്തില്‍ പ്രചരണം നടത്തുന്നതിനൊപ്പം ഈ അരുംകൊലകളുടെ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുക്കണം എന്നത് കൃത്യമായ ഒരു രാഷ്ട്രീയം പറച്ചിലായിരുന്നു.

തലസ്ഥാനത്ത് എത്തിയ അമിത് ഷായുടെ ആദ്യപരിപാടി വെള്ളയമ്പലത്തെ മഹാത്മ അയ്യങ്കാളി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തുക എന്നതായിരുന്നു. 9.8 ശതമാനം വരുന്ന പട്ടിക ജാതി വോട്ടര്‍മാരിലാണ് അമിത് ഷായുടെ കണ്ണ്. കേരളത്തില്‍ ആര്‍എസ്എസിലേക്ക് പട്ടികജാതിയില്‍പ്പെട്ട യുവാക്കളില്‍ നിന്നും ഒഴുക്ക് ശക്തമായിട്ടുണ്ട്. അവസരം കിട്ടിയാല്‍ ബിഡിജെഎസ് യുഡിഎഫിലേക്ക് മറിയാനുള്ള സാധ്യതയും ബിജെപി തള്ളിക്കളയുന്നില്ല. യുഡിഎഫിനും ഇവരുടെ സഖ്യം ആവശ്യമാണ്. ഈഴവ വിഭാഗത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം അടൂര്‍ പ്രകാശില്‍ മാത്രം ഒതുങ്ങിയതും കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പില്‍ എന്‍ഡിഎ വോട്ട് ഷെയര്‍ വര്‍ദ്ധിച്ചത് വഴി നഷ്ടം സംഭവിച്ചത് തങ്ങള്‍ക്കാണെന്നും കോണ്‍ഗ്രസ് തിരിച്ചറിയുന്നുണ്ട്. വന്‍ ഓഫറുകള്‍ ലഭിച്ച് യുഡിഎഫിലേക്ക് ബിഡിജെ എസ് പോയാല്‍ ദളിത് അടിത്തറ വിപുലപ്പെടുത്താതെ ബിജെപിക്ക് കേരളത്തില്‍ നിലം തൊടാനാവില്ല . ബിജെപിയുടെ വന്‍ അജണ്ടകള്‍ ദളിതരെ മുന്‍നിര്‍ത്തിയാണ് ആസൂത്രണം ചെയ്യുന്നത്. അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിന് ശിലയിട്ടത് കാളീചരന്‍ എന്ന ദളിതനായിരുന്നു എന്നത് ചേര്‍ത്തുവായിക്കുക.

ബൂത്ത് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനൊപ്പം ദളിത് വിഭാഗങ്ങളെ പാര്‍ട്ടിയോട് ചേര്‍ക്കാന്‍ കൂടിയാണ് ചെങ്കല്‍ച്ചൂളയിലെ രതീഷിന്റെ വീട്ടില്‍ പോയി നിലത്തിരുന്ന് അമിത് ഷാ ഇഡ്ഡലി കഴിച്ചത്.

കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍ എന്നിവരെ കൂടാതെ മൂന്നാമതൊരു കൊള്ളാവുന്ന നേതാവ് സംസ്ഥാന ബിജെപിയില്‍ ഇല്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ കാഴ്ചപ്പാട്. സമൂഹത്തില്‍ നിലയും വിലയുമുള്ള നിഷ്പക്ഷരെ ലാറ്ററല്‍ എന്‍ട്രിയിലൂടെ സംസ്ഥാന നേതൃത്വത്തില്‍ എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. അമിത് ഷായുടെ ഈ സന്ദര്‍ശനം വിചാരിച്ചത് പോലെ ഗുണം ചെയ്തില്ല; എങ്കിലും പൂര്‍ണമായും നിരാശനല്ല ഷാ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Avatar

സി ബി ശ്രീനിവാസ്‌

മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍