UPDATES

ട്രെന്‍ഡിങ്ങ്

അമ്പൂരി രാഖി കൊലപാതകം: ‘മണിയനറിയാതെ ഒന്നും നടക്കില്ല’, മൃതദേഹം കുഴിച്ചിട്ട ശേഷം പറമ്പ് കിളച്ചു മറിച്ചത് എന്തിനെന്നും നാട്ടുകാര്‍

തുടക്കം മുതല്‍ തന്നെ മണിയന് ഈ കൊലപാതകത്തിലുള്ള പങ്കിനെ പോലീസ് സംശയിക്കുന്നുണ്ട്.

അമ്പൂരിയില്‍ രാഖിയെ കൊലപ്പെടുത്തിയ കേസില്‍ കാമുകനായ അഖിലിനും സഹോദരനായ രാഹുലിനും പുറമെ അച്ഛന്‍ മണിയനും പങ്കുണ്ടെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കുന്നു. കൊലപാതകത്തില്‍ പിതാവിന് പങ്കില്ലെന്നാണ് അഖില്‍ നല്‍കിയ മൊഴി. എന്നാല്‍ രാഖിയെ കുഴിച്ചിടാനുള്ള കുഴി കുത്തുന്നതിന് മേല്‍നോട്ടം വഹിച്ചത് മണിയന്‍ ആണെന്ന് അയല്‍വാസിയായ സജി പറഞ്ഞിരുന്നു. പണിക്ക് പോകാന്‍ ഇറങ്ങിയ സമയത്താണ് സജി മണിയന്റെ പണി നടന്നു കൊണ്ടിരിക്കുന്ന വീടിനടുത്ത് കുഴിയെടുക്കുന്നത് കണ്ടത്. എന്തിനാണ് കുഴി എടുക്കുന്നത് എന്നു ചോദിച്ചപ്പോള്‍ മരം നടാനാണെന്ന് മണിയന്‍ മറുപടിയും പറഞ്ഞു. പിന്നീട് ഇവിടെ കമുകിന്‍ തൈ വച്ചിരിക്കുന്നത് കണ്ടെന്നുമാണ് സജി പോലീസിനോട് പറഞ്ഞത്.

രാഖിയുടെ മൃതദേഹം കണ്ടെടുത്തതു മുതല്‍ തന്നെ കുറ്റകൃത്യത്തില്‍ മക്കള്‍ക്കും തനിക്കുമുള്ള പങ്ക് ഒളിപ്പിക്കുന്ന രീതിയിലായിരുന്നു മണിയന്റെ പെരുമാറ്റമെന്ന് അയല്‍വാസികള്‍ ചൂണ്ടിക്കാട്ടുന്നു. അഖിലിന് കൊലപാതകത്തില്‍ യാതൊരു പങ്കുമില്ലെന്നായിരുന്നു ആദ്യം ഇയാള്‍ പറഞ്ഞിരുന്നത്. പട്ടാളത്തില്‍ തിരിച്ച് ജോയിന്‍ ചെയ്‌തെന്നും എന്നാല്‍ പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് മകന്‍ തിരിച്ചു വരുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞിരുന്നു. താന്‍ കുഴി കുത്തുക മാത്രമേ ചെയ്തിട്ടുള്ളൂ, മരം നടാനുണ്ടെന്ന് മക്കള്‍ പറഞ്ഞത് അനുസരിച്ചാണ് ഇതെന്നുമായിരുന്നു ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നത്.

അതേ സമയം, ഇന്നലെ അഖിലിനെ തെളിവെടുപ്പിനായി വീട്ടില്‍ കൊണ്ടുവന്ന സമയത്ത് അയല്‍വാസികള്‍ അടക്കമുള്ള നാട്ടുകാര്‍ പോലീസിനോട് ആവശ്യപ്പെട്ടത് മണിയനും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നും ഇയാളെ അറസ്റ്റ് ചെയ്യണമെന്നുമാണ്. നാട്ടുകാരുടെ പ്രതിഷേധം അക്രമാസക്തമായതോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാവാതെ പോലീസിന് മടങ്ങേണ്ടി വന്നു. ഒപ്പം മണിയന്റെ പങ്കും തങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പു നല്‍കിയിരുന്നു. മണിയന്‍ അറിയാതെ ഇത്തരമൊരു കൊലപാതകവും ഈ വിധത്തില്‍ കുഴിച്ചിടലും നടക്കില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

രാഖിയുടെ പിതാവ് രാജനും ബന്ധുക്കളും അഖിലിന്റെ കുടുംബത്തിന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ത്തുന്നുണ്ട്. അവര്‍ അറിയാതെ ഈ കൊലപാതകം നടക്കില്ലെന്ന് രാജന്‍ പറയുന്നു. മണിയനേയും അറസ്റ്റ് ചെയ്യണമെന്നതാണ് ഇവരുടെ ആവശ്യം. ഒപ്പം ഇവര്‍ക്ക് പിന്നില്‍ ശക്തമായ ബന്ധങ്ങളുള്ള ആരോ ഉണ്ടെന്ന സംശയവും രാഖിയുടെ ബന്ധുക്കള്‍ പ്രകടിപ്പിക്കുന്നുണ്ട്.

ഒരു കടയില്‍ നിന്ന് ചാക്കുകണക്കിന് ഉപ്പ് വാങ്ങി കുഴിയില്‍ വിതറിയത് അടക്കമുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി ആസുത്രണം ചെയ്തതായിരുന്നു. ഈ സാഹചര്യത്തില്‍ ഇതൊന്നും മണിയന്‍ അറിയാതെ നടക്കില്ലെന്നാണ് വാദം. രാഖിയുടെ മൃതദേഹം കണ്ടെത്തിയ ദിവസം വെളുപ്പിനെ അഖിലിനെ ഓട്ടോയില്‍ കയറ്റി വിട്ടതും മണിയനാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. കൊലപാതക വിവരം അറിയില്ലെങ്കില്‍ എന്തിനാണ് ധൃതിപിടിച്ച് ഇത്തരമൊരു നടപടി എന്നാണ് നാട്ടുകാരുടെ ചോദ്യം. രാഖിയുടേയും അഖിലിന്റേയും ബന്ധത്തില്‍ ഏറ്റവും എതിര്‍പ്പും മണിയനായിരുന്നു എന്നതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സ്വന്തം പറമ്പില്‍ ഇത്തരത്തില്‍ വലിയ കുഴി വെട്ടാന്‍ മക്കള്‍ പറഞ്ഞത് മരം വയ്ക്കാനല്ലെന്നത് സ്വന്തമായി കൃഷിയിടമുള്ള മണിയന് അറിയാത്ത കാര്യമല്ലെന്നും അതുകൊണ്ടു തന്നെ താന്‍ ഒന്നും അറിഞ്ഞില്ല എന്ന വാദം മുഖവിലയ്‌ക്കെടുക്കാന്‍ കഴിയില്ല എന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

തുടക്കം മുതല്‍ തന്നെ മണിയന് ഈ കൊലപാതകത്തിലുള്ള പങ്കിനെ പോലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ അഖിലും രാഹുലും നല്‍കിയ മൊഴിയും ഇയാളുടെ മൊഴിയും വിശദമായി പരിശോധിച്ചു വരികയാണ് പോലീസ്. രാഹുലിനെ ഒളിവില്‍ പോകാന്‍ സഹായിച്ചതിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന നിഗമനവും പോലീസിനുണ്ട്. മലയന്‍കീഴില്‍ ഒളിവിലായിരുന്ന രാഹുലിനെ അവിടെ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു എന്നാണ് പറയുന്നതെങ്കിലും രാഹുല്‍ കീഴടങ്ങുകയായിരുന്നു എന്നാണ് മണിയന്‍ പറയുന്നത്. കൊലപാതകത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും മണിയന് അറിയാമായിരുന്നുവെന്നും അതിനു വേണ്ടി കാര്യങ്ങള്‍ ആസൂത്രണം ചെയ്തതടക്കം ഇയാള്‍ അറിഞ്ഞിരുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. കമുകിന്‍ തൈ വയ്ക്കാനായിരുന്നു എങ്കില്‍ മൃതദേഹം കുഴിച്ചിട്ട ശേഷം പറമ്പ് മൂഴുവന്‍ അച്ഛനും മക്കളും ചേര്‍ന്ന് കിളച്ച് മറിച്ചത് എന്തിനെന്നും നാട്ടുകാര്‍ ചോദിക്കുന്നുണ്ട്. ഈ ചോദ്യങ്ങള്‍ ഒക്കെത്തന്നെയാണ് ഇന്നലെ അഖിലിനെ തെളിവെടുപ്പിന് കൊണ്ടു വന്നപ്പോള്‍ നാട്ടുകാര്‍ ചോദിച്ചതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍