UPDATES

അങ്ങയുടെ നല്ല വാക്കുകള്‍ക്ക് നന്ദി, പക്ഷേ ഞങ്ങളും മനുഷ്യരല്ലേ? രാഷ്ട്രപതിക്ക് ഒരു നഴ്‌സിന്റെ തുറന്ന കത്ത്‌

ഞങ്ങളുടെ തൊഴിലിനെ താങ്കള്‍ പ്രശംസിക്കുമ്പോള്‍ ഞങ്ങള്‍ക്കറിയാം വേദനിക്കുന്നവര്‍ക്ക് ഞങ്ങള്‍ നല്‍കുന്ന സ്പര്‍ശം പോലും എത്ര മഹത്തരമാണെന്നത്

വെള്ളിയാഴ്ച  തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ പ്രസംഗത്തില്‍ കേരളത്തിന്റെ ആരോഗ്യമേഖലയെ ഏറെ പ്രശംസിക്കുന്നുണ്ട്. അതിനോടൊപ്പം അദ്ദേഹം പറയുന്ന വാചകങ്ങള്‍ ഇതായിരുന്നു; പുഞ്ചിരിച്ചുകൊണ്ട് മാത്രം രോഗികളെ ശുശ്രൂഷിക്കുന്ന മലയാളികളായ നഴ്‌സുമാരില്ലാതെ രാജ്യത്തിനകത്തും പുറത്തുമുള്ള ആശുപത്രികള്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല. രാഷ്ട്രപതിയുടെ ഈ വാക്കുകള്‍ കേരളത്തിന് അഭിമാനം നല്‍കുന്നതാണെങ്കിലും അദ്ദേഹം പ്രശംസിച്ച ആ നഴ്‌സുമാരുടെ യഥാര്‍ത്ഥ അവസ്ഥ എന്താണ്? ന്യായമായ കൂലിക്കും മാന്യമായ ജോലി സാഹചര്യങ്ങള്‍ക്കും വേണ്ടി നിരന്തരമായ സമരത്തിലാണ് കേരളത്തിലെ നഴ്‌സുമാര്‍. പ്രശംസകള്‍ക്കപ്പുറം അര്‍ഹമായ പരിഗണനകള്‍ ആരില്‍ നിന്നും കിട്ടാത്തതുകൊണ്ടാണ് കേരളത്തിലെ നഴ്‌സുമാര്‍ക്ക് പട്ടിണി സമരം ഉള്‍പ്പടെ നടത്തേണ്ടി വരുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദ്ദാഹരണമാണ് ആലപ്പുഴയിലെ ചേര്‍ത്തലയില്‍ സ്ഥിതി ചെയ്യുന്ന സ്വകാര്യ ആശുപത്രിയായ കെവിഎമ്മിലെ നഴ്‌സുമാര്‍ നടത്തി വരുന്ന സമരം. ആ സമരം രണ്ടുമാസങ്ങള്‍ പിന്നിട്ടും നീണ്ടുപോകുന്നതിനിടയില്‍ തന്നെയാണു രാഷ്ട്രപതി കേരളത്തിലെ നഴ്‌സുമാരുടെ സേവനത്തെ പ്രശംസിച്ചു സംസാരിച്ചതും. ഈയൊരു സാഹചര്യത്തില്‍ രാഷ്ട്രപതിക്കു മുന്നില്‍ തങ്ങളുടെ അവസ്ഥകള്‍ അവതരിപ്പിക്കുകയാണ് ഈ തുറന്ന കത്തിലൂടെ…

ബഹുമാനപ്പെട്ട ഇന്ത്യന്‍ രാഷ്ട്രപതിയോട്,

താങ്കള്‍ കഴിഞ്ഞ ദിവസം കേരളം സന്ദര്‍ശിച്ചപ്പോള്‍ ഏറെ ആശ്ചര്യത്തോടെ കേരളത്തിലെ ആരോഗ്യമാതൃകയും നഴ്‌സുമാരുടെ സേവനമനഃസ്ഥിതിതയും പ്രശംസിച്ചു പറയുകയുണ്ടായി. ഒരു മലയാളി നഴ്‌സ് എന്ന നിലക്ക് ആ വാക്കുകള്‍ ഏറെ അഭിമാനം തരുന്നു. എന്നാല്‍ താങ്കളുടെ ശ്രദ്ധയില്‍ പെടാതെ പോയ നിറം മങ്ങിയ ചില യാഥാര്‍ത്ഥ്യങ്ങള്‍ കൂടിയുണ്ട്. കേരളത്തിലെ ചെറുതും സുന്ദരവുമായ ജില്ലയായ ആലപ്പുഴയിലെ ചേര്‍ത്തല കെവിഎം ആശുപത്രിയിലെ ഒരു നഴ്‌സാണ് ഞാന്‍. ഞാനും എന്റെ സഹപ്രവര്‍ത്തകരും കഴിഞ്ഞ 69 ദിവസങ്ങളായി നിരാഹാരസമരത്തിലാണ്. 20 പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഞങ്ങള്‍ സമരം നടത്തിവരുന്നത്.

കാലങ്ങളായി ആശുപത്രി അധികൃതര്‍ പിന്തുടരുന്ന ക്രൂരമായ അവകാശലംഘനങ്ങള്‍ക്കെതിരെയാണീ സമരം. 44 വര്‍ഷങ്ങളായി കെവിഎം ആശുപത്രിയില്‍ രണ്ട് ഷിഫ്റ്റുകളായാണ് നഴ്‌സുമാര്‍ ജോലി ചെയ്ത് വരുന്നത്. മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കി തൊഴില്‍ സമയം ലഘൂകരിക്കുകയും ന്യയമായ വേതന വ്യവസ്ഥ പാലിക്കുകയും ചെയ്യാതെ അധികൃതര്‍ നിരന്തരം ഞങ്ങളെ ചൂഷണം ചെയ്തുവരികയാണ്. 25 വര്‍ഷമായി തൊഴില്‍ ചെയ്തുവരുന്ന നഴ്‌സുമാര്‍ക്കും പുതുതായി ചേരുന്നവര്‍ക്കും ഒരേ വേതനം നല്‍കി വരുന്നു. സ്വാന്തനത്തിന്റെ മാലാഖമാര്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുമ്പോള്‍ ഞങ്ങളും മനുഷ്യരാണെന്ന് അധികൃതര്‍ മറക്കുകയാണ്. മനഃപൂര്‍വ്വമുളള ഈ മറവി തൊഴില്‍ മേഖലയില്‍ ഞങ്ങള്‍ അനുഭവിക്കുന്ന അനാരോഗ്യ  പ്രവണതകളാണ് ബോധ്യപ്പെടുത്തുന്നത്. നിരന്തരമുളള അവകാശലംഘനങ്ങള്‍ നിര്‍ത്തലാക്കുന്നതിനായി ഞങ്ങള്‍ നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രിമാരായ തോമസ് ഐസക്ക് തിലോത്തമന്‍ എന്നിവരുടെ സമവായ ചര്‍ച്ചകള്‍ പോലും അധികൃതര്‍ തളളിക്കളയുകയാണുണ്ടായത്.

രാംനാഥ് കോവിന്ദിന്റെ വാക്കുകള്‍ പൊന്‍തൂവലാക്കിക്കോളൂ; പക്ഷേ, പറഞ്ഞ കൂലി നല്‍കാതെ നഴ്സുമാരെ ഇനിയും പറ്റിക്കരുത്

ഞങ്ങള്‍ മാത്രമല്ല കോട്ടയം ജില്ലയിലെ ഭാരത് ആശുപത്രിയിലും നഴ്‌സുമാര്‍ ഇപ്പോള്‍ സമരത്തിലാണ്. ഭാരത് ഹോസ്പിറ്റലിലെ സമരം ഇന്ന് 82 ദിവസം പിന്നിട്ടിരിക്കുകയാണ്. സര്‍ക്കാരും നഴ്‌സുമാരുടെ സംഘടനയും ചേര്‍ന്ന് മാന്യമായ വേതന വ്യവസ്ഥയ്ക്ക് കരാര്‍ ഉണ്ടാക്കിയെങ്കിലും കേരളത്തിലെ മിക്ക ആശുപത്രികളിലും ഇപ്പോഴും പഴയ വേതനം തന്നെയാണ് നല്‍കുന്നത്.

ഞങ്ങള്‍ ഉന്നയിക്കുന്ന 20 പ്രധാന ആവശ്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

1. മൂന്നു ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുക (രാവിലെ 7 മണി മുതല്‍ 1 മണി വരെ, 1മണി മുതല്‍ 7 വരെ, രാത്രി 7മുതല്‍ കാലത്ത്7വരെ) ബലരാമന്‍, വീരകുമാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പ്രകാരം ഇതു നടപ്പിലാക്കുക.

2. 2013 ലെ മിനിമം വേജസ് അരിയര്‍ ഉള്‍പ്പെടെ നല്‍കുക.

3 ഐഎന്‍സി നോംസ് പ്രകാരം സറ്റാഫ് പേഷ്യന്റ അനുപാതം നടപ്പിലാക്കുക.

4. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക.

5. സര്‍ക്കാര്‍ നിശ്ചയിച്ച ബോണസ് നടപ്പിലാക്കുക.

6. നൈറ്റ് ഡ്യൂട്ടി, റേഡിയേഷന്‍, ക്രിട്ടിക്കല്‍ കെയര്‍ യുണിറ്റ്, യൂണിഫോം അലവന്‍സുകള്‍ എന്നിവ നല്‍കുക.

7. മാസത്തില്‍ ഡ്യൂട്ടികളായി നൈറ്റ് ഡ്യൂട്ടി നിജപ്പെടുത്തുക. നൈറ്റ് ഡ്യുട്ടിക്കടുത്ത ദിവസം സ്ലീപ്പിങ് ഡേ ആക്കി അനുവദിക്കുക.

8. ട്രെയ്‌നി, കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക.

9. നഴ്‌സിങ് ഇതര ജോലികള്‍ ചെയ്യിപ്പിക്കാതിരിക്കുക.

10. എല്ലാ നഴ്‌സ് സറ്റാഫുകള്‍ക്ക് ഇഎസ്‌ഐ, പിഎഫ്, ഗ്രാറ്റുവിറ്റി എന്നിവ സൗകര്യപ്പെടുത്തുക.

11. അവധി സംബന്ധിച്ച് വ്യക്തത വരുത്തുക.

12. മെറ്റേണിറ്റി ആനുകൂല്യങ്ങള്‍ നല്‍കുക.

13. ഇടക്കാല ആശ്വാസം 5000 രൂപ അനുവദിക്കുക.

14. എല്ലാ നഴ്‌സിങ് സറ്റാഫുകള്‍ക്കും ഡബ്ല്യുപിസി പ്രകാരം ശമ്പളം അനുവദിക്കുക.

15. സമരം ചെയ്തതിന്റെ പേരില്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നത് അവസാനിപ്പിക്കുക.

16. ബെഡ് കപ്പാസിറ്റിയില്‍ വ്യക്തത ഉണ്ടാക്കുക.

17. സംഘടിക്കാനുളള അവകാശം അനുവദിക്കുക.

18. ഓടിയില്‍ സിഎസ്എസ്ഡി ടെക്‌നീഷ്യനെ നിയമിക്കുക. ഉപകരണങ്ങള്‍ക്കുണ്ടാവുന്ന കേടുപ്പാടുകള്‍ക്ക് ഫൈന്‍ ഈടാക്കുന്ന നടപടി അവസാനിപ്പിക്കുക.

19. ഗ്രീവിലിയന്‍സ് കമ്മിറ്റി രൂപീകരിക്കുക.

20. നഴ്‌സ്മാര്‍ക്കെതിരെ നല്‍കിയ സിവില്‍ ക്രിമിനല്‍ കേസുകള്‍ അവസാനിപ്പിക്കുക.

രോഗികളുടെ ജാതിയും മതവും ലിംഗവും നോക്കാതെ പരിചരണത്തില്‍ സദാ മുഴുകി പോകുന്ന ഞങ്ങളുടെ തൊഴിലിനെ താങ്കള്‍ പ്രശംസിക്കുമ്പോള്‍ ഞങ്ങള്‍ക്കറിയാം വേദനിക്കുന്നവര്‍ക്ക് ഞങ്ങള്‍ നല്‍കുന്ന സ്പര്‍ശം പോലും എത്ര മഹത്തരമാണെന്നത്. പക്ഷെ, സര്‍, ഞങ്ങളും മനുഷ്യരല്ലേ?

അശ്വതി,
കെവിഎം ഹോസ്പിറ്റല്‍
ചേര്‍ത്തല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍