UPDATES

‘എത്ര നല്ലവനാണെന്ന് പറഞ്ഞാലും അവന്‍ ഒരു ബംഗാളിയല്ലേ?’; ആള്‍ക്കൂട്ട ഭ്രാന്ത് മണിക്കിന്റെ ജീവനെടുത്തതിങ്ങനെയാണ്

ജൂണ്‍ 24-ാം തീയതിയും മാണിക് റോയിക്ക് സാധാരണ ദിവസം പോലെയായിരുന്നു. കുടുംബത്തോടൊപ്പം താമസിക്കുന്ന പനയഞ്ചേരിയിലെ വാടക വീട്ടില്‍ നിന്ന് ഭാര്യയോടും മക്കളോടും യാത്ര പറഞ്ഞ് ജോലിക്ക് പോയതാണ്.

പശ്ചിമബംഗാള്‍ സ്വദേശിയായ മാണിക് റോയ് അഞ്ചല്‍ പനയഞ്ചേരിക്കാര്‍ക്ക് മണി ആയിരുന്നു. ‘സ്വഭാവ ദൂഷ്യങ്ങള്‍’ ഇല്ലാത്ത, ‘പാവം, നല്ലവനാ’യ മണി. പക്ഷെ ഒരു ദിവസം പ്രദേശത്തെ ചിലര്‍ക്ക് തന്നെ അയാള്‍ ‘ബംഗാളി’യായി. അതിന് കാരണം അയാള്‍ കോഴിക്കടയില്‍ നിന്ന് കൊല്ലാതെ വാങ്ങിച്ച ഒരു കോഴിയും. ഒരു കോഴിയുടെ പേരു പറഞ്ഞ് ആള്‍ക്കൂട്ടം അയാളെ മര്‍ദ്ദിച്ച് കൊന്നു. അന്ന് വരെ നല്ലവനായിരുന്ന ഒരാളെ കള്ളനെന്ന് വിളിക്കാനും അതിന്റെ പേരില്‍ ആള്‍ക്കൂട്ട നീതി നടപ്പാക്കാനും അവര്‍ക്ക് ഒരു കാരണമുണ്ടായിരുന്നു- ‘എത്ര നല്ലവനാണെന്ന് പറഞ്ഞാലും അവന്‍ ഒരു ബംഗാളിയല്ലേ? കക്കാനൊന്നും ഒരു മടിയും കാണില്ല’..ഇത് പറഞ്ഞായിരുന്നു, അയാള്‍ മണിയുടെ മെലിഞ്ഞ് കൊലുന്ന ശരീരത്തില്‍ മുഷ്ടി പ്രയോഗിച്ചത്.

ജൂണ്‍ 24-ാം തീയതിയും മാണിക് റോയിക്ക് സാധാരണ ദിവസം പോലെയായിരുന്നു. കുടുംബത്തോടൊപ്പം താമസിക്കുന്ന പനയഞ്ചേരിയിലെ വാടക വീട്ടില്‍ നിന്ന് ഭാര്യയോടും മക്കളോടും യാത്ര പറഞ്ഞ് ജോലിക്ക് പോയതാണ്. കെട്ടിട നിര്‍മ്മാണത്തൊഴിലാളിയായിരുന്നു അയാള്‍. ജോലി കഴിഞ്ഞ് തിരികെ അഞ്ചലില്‍ എത്തിയപ്പോള്‍ വൈകിട്ട് ആറ് മണിയോടടുത്തിരുന്നു. കോഴിക്കടയില്‍ കയറി കറിവക്കാനായി ഒരു കോഴിയെ വാങ്ങി. കോഴിയെ കൊന്ന്, ഇറച്ചിയാക്കി തരാമെന്ന് കോഴിക്കടക്കാര്‍ പറഞ്ഞെങ്കിലും താന്‍ തന്നെ കോഴിയെ കൊന്നാളാമെന്ന് പറഞ്ഞ് പണവും നല്‍കി മണി വീട്ടിലേക്ക് നടക്കുകയായിരുന്നു. കൂട്ടത്തില്‍ ഉണ്ടായിരുന്ന ‘മറ്റൊരു ബംഗാളി’ (പ്രദേശവാസികള്‍ക്ക് പേര് അറിയില്ല) ആയിരുന്നു കോഴിയെ പിടിച്ചിരുന്നത്.

പനയഞ്ചേരിയില്‍ കോഴിയും ആടുകളും മോഷണം പോവുന്നത് പതിവായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു. തങ്ങളുടെ മുതല്‍ മോഷ്ടിക്കുന്നയാളുകളെ പിടിക്കാന്‍ ജാഗ്രതയോടെ നിന്ന നാട്ടുകാരുടെ മുന്നിലൂടെയാണ് മണിയും സുഹൃത്തും ജീവനുള്ള കോഴിയുമായി നടന്നത്. ഇതോടെ ഇവരുടെ കൈവശമുള്ള കോഴി മോഷ്ടിച്ചത് തന്നെയെന്ന് നാട്ടുകാരില്‍ ചിലര്‍ ‘ഉറപ്പിച്ചു’. മണിയുടെ കൂടെയുണ്ടായിരുന്ന യുവാവിനോടായിരുന്നു നാട്ടുകാരുടെ ആദ്യ ചോദ്യം. കോഴിയെവിടെ നിന്ന് കിട്ടി എന്ന ചോദ്യം കേട്ടപ്പോഴേ ആ യുവാവ് പേടിച്ച് ഓടി. തന്റെ കയ്യിലിരിക്കുന്ന കോഴിയെ തട്ടിപ്പറിക്കാന്‍ വന്നവര്‍ എന്നോ മറ്റോ ഭയന്നാണ് അയാള്‍ ഓടിയതെന്ന് ദൃക്‌സാക്ഷികളില്‍ ചിലര്‍ പറയുന്നു. ആ യുവാവ് അഞ്ചലില്‍ എത്തിയിട്ട് അധികനാളായിരുന്നില്ല എന്നും പ്രദേശത്തുള്ളവര്‍ പറയുന്നു, പിന്നെ നാട്ടുകാര്‍ക്ക് കിട്ടിയത് അവര്‍ക്ക് വര്‍ഷങ്ങളായി കണ്ട് പരിചയമുള്ള മണിയെയാണ്.

ഇപ്പോള്‍ മണിയുടെ കൊലപാതകത്തില്‍ അറസ്റ്റ് ചെയ്തിരിക്കുന്ന ശശിധരക്കുറുപ്പ് ആണ് ആദ്യം മണിയെ തള്ളിയിടുന്നത്. പിന്നീട് ആളുകള്‍ കൂടി. ചോദ്യം ചെയ്യലും കയ്യേറ്റവും ആയപ്പോള്‍ സഹിക്കാന്‍ വയ്യാതെ വന്ന മണി ശശിധരക്കുറുപ്പിന്റെ കോളറില്‍ കയറിപ്പിടിച്ച് തന്നെ തല്ലുന്നത് എന്തിനാണെന്നും, താന്‍ പൈസ കൊടുത്ത് വാങ്ങിയ കോഴിയാണ് കയ്യിലുള്ളതെന്നും പറഞ്ഞു. എന്നാല്‍ ‘ബംഗാളിയായ ഒരുത്തന്‍ നമ്മുടെ നാട്ടില്‍ വന്ന് നമ്മുടെ ഷര്‍ട്ടിന്റെ കോളറില്‍ കയറിപ്പിടിക്കുന്നോ?’ എന്നായി ആള്‍ക്കൂട്ടത്തിന്റെ മനോഭാവം. ഇതോടെ മര്‍ദ്ദനം ഇരട്ടിയായി. ശരീരമാകെ മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ് അവശനായി തളര്‍ന്നുവീണ മണിയെ അഞ്ചല്‍ സെന്റ് ജോണ്‍സ് മിഷന്‍ ആശുപത്രിയില്‍ എത്തിച്ചത് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ്.

‘മോഷ്ടാക്കളെ’ തല്ലിക്കൊല്ലുന്ന മലയാളിയുടെ വംശവെറി

ശരീരം മുഴുവന്‍ ചതവുകളുമായി എത്തിയ മണി രണ്ട് ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തലക്ക് പിറകിലായി ഏറ്റ ക്ഷതത്തിന്റെ ഫലമായി രക്തം കട്ടപിടിച്ചിട്ടുണ്ടായിരുന്നു. മരുന്നുകള്‍ നല്‍കി ഒരാഴ്ച വിശ്രമിച്ച് ജൂണ്‍ 30ന് ആശുപത്രിയില്‍ പരിശോധനക്കായി എത്തണമെന്ന് ആശുപത്രിയില്‍ നിന്ന് നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ മണിക്ക് ജീവിതത്തില്‍ വിശ്രമിക്കാനുള്ള സാഹചര്യം പോലുമുണ്ടായിരുന്നില്ല. വിശ്രമിച്ച് വീട്ടിലിരുന്നാല്‍ താനും കുടുംബവും കഴിച്ചിരുന്ന രണ്ട് നേരത്തെ ആഹാരം പോലും കിട്ടില്ല എന്ന് അയാള്‍ക്ക് ഉറപ്പുണ്ടായിരുന്നു. പട്ടിണി പേടിച്ച് മാത്രം രണ്ട് ദിവസം കഴിഞ്ഞ് ശരീരത്തിലെ വേദന പോലും കണക്കിലെടുക്കാതെ അയാള്‍ വീണ്ടും ജോലിക്ക് പോയി.

മണിയില്‍ മോഷണക്കുറ്റമാരോപിച്ച് മര്‍ദ്ദിച്ചതില്‍ പ്രദേശത്ത് ചിലര്‍ക്ക് പ്രതിഷേധമുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ പങ്കാളികളായവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യമുന്നയിക്കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞതോടെ, മണി സാധാരണ പോലെ ജോലിക്ക് പോയി തുടങ്ങിയതോടെ സൗകര്യപൂര്‍വം എല്ലാവരും ആ സംഭവം മറന്നു. ഇന്നലെ ജോലിക്കിടെ ചുമടെടുക്കുമ്പോഴാണ് മണി കുഴഞ്ഞുവീണത്. ആദ്യം ചികിത്സ തേടിയ സെന്റ് ജോണ്‍സ് മിഷന്‍ ആശുപത്രിയിലേക്കാണ് മണിയെ കൊണ്ട് പോയത്. എന്നാല്‍ ഗുരുതരാവസ്ഥയാണെന്ന് ബോധ്യപ്പെട്ടതോടെ ആശുപത്രി അധികൃതര്‍ മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ മെഡിക്കല്‍കോളേജിലേക്ക് പോവും വഴി മരണം സംഭവിക്കുകയായിരുന്നു.

മരിച്ചത് ഇതര സംസ്ഥാനത്തൊഴിലാളിയായതുകൊണ്ട് പ്രദേശത്ത് പ്രതിഷേധങ്ങള്‍ കടുത്തില്ല. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തതോടെ കേസില്‍ ഇടപെട്ടിരുന്ന രാഷ്ട്രീയക്കാരും മിണ്ടാതെയായി. ശശിധരക്കുറുപ്പ്, ആസിഫ് എന്നിവരെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്യുകയും കേസ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇനിയും അഞ്ച് പേരെങ്കിലും മര്‍ദ്ദനത്തില്‍ പങ്കാളികളായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കണ്ടാലറിയാവുന്ന ഇവരെക്കുറിച്ച് പറയാന്‍ പ്രദേശവാസികള്‍ക്കും ഭയമാണ്.

അഞ്ചലില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മാണിക് റോയിയുടെ ജ്യേഷ്ഠന്റെ മകന്‍ സൂര്യകുമാര്‍ റോയ് സംസാരിക്കുന്നു..

ആള്‍ക്കൂട്ട ഹിംസ അനുവദിക്കില്ലെന്ന് സുപ്രീം കോടതി; പുതിയ നിയമം കൊണ്ടുവരണം

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍