UPDATES

ട്രെന്‍ഡിങ്ങ്

സ്വാതന്ത്ര്യദിന പരേഡിന് കേരളവും കര്‍ണാടകയും കൈ കോര്‍ക്കുന്നു; ബിജെപി വിരുദ്ധ ഐക്യം ശക്തിപ്പെടുത്താന്‍ പിണറായിയും സിദ്ധരാമയ്യയും

ബിജെപി വിരുദ്ധ ഐക്യം ശക്തിപ്പെടുത്തുന്ന രാഷ്ട്രീയവുമായി ഈ നീക്കം ബന്ധിപ്പിക്കപ്പെടുന്നുണ്ട്.

സ്വാതന്ത്ര്യദിന പരേഡിന് കേരളവും കര്‍ണാടകയും പരസ്പരം പൊലീസ് സംഘങ്ങളെ അയയ്ക്കും. ബംഗളൂരുവില്‍ ഓഗസ്റ്റ് 15ന് നടക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ കേരള പൊലീസിന്റെ ഒരു സംഘം പങ്കെടുക്കും. പകരം കര്‍ണാടകയില്‍ നിന്നുള്ള സംഘം തിരുവനന്തപുരത്ത് നടക്കുന്ന പരേഡില്‍ പങ്കെടുക്കും. ഇത്തരം മുന്‍കൈകള്‍ അയല്‍സംസ്ഥാനങ്ങളുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് ഫേസ്ബുക്കിലൂടെ ഈ വിവരം അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ പരസ്പരബന്ധം മെച്ചപ്പെടുത്താനുള്ള പരിപാടി എന്ന് പിണറായി വിശേഷിപ്പിക്കുമ്പോഴും നടപടിക്ക് പിന്നില്‍ ചില രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ബിജെപിയുടെ അജണ്ടകള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായിയും കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ നയിക്കുന്ന സിദ്ധരാമയ്യയും. സ്വന്തം തട്ടകങ്ങളില്‍ ബിജെപിയെ ഫലപ്രദമായി നേരിടുന്നതിന് പുറമെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പല തീരുമാനങ്ങളേയും പ്രതിരോധിക്കുന്നതിലും അവര്‍ മുന്നില്‍ നില്‍ക്കുന്നു.

കന്നുകാലി വ്യാപാരം നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയപ്പോള്‍, സംസ്ഥാനങ്ങളുടെ അധികാരം കവരാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കുകയും ഭരണഘടനാ വിരുദ്ധമായ നീക്കങ്ങള്‍ക്കെതിരെ ഒരു വിശാല സഖ്യത്തിന്റെ സൂചന നല്‍കുകയും ചെയ്തുകൊണ്ട് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ചിരുന്നു. അന്ന് സിപിഎമ്മില്‍ നിന്നുള്ള ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ മാത്രമാണ് പിണറായിയുടെ കത്തിനോട് പ്രതികരിച്ചതെങ്കിലും തങ്ങള്‍ നിക്കത്തിന് പിന്തുണ നല്‍കുമെന്ന് മിക്ക ബിജെപി ഇതര മുഖ്യമന്ത്രിമാരും സൂചിപ്പിച്ചിരുന്നു. ഈ ഒരു സാഹചര്യത്തില്‍ വേണം കേരളവും കര്‍ണാടകയും തമ്മില്‍ സഹകരണത്തിന്റെ പുതിയ മേഖലകളെ നോക്കിക്കാണാന്‍. മാത്രമല്ല, ഇരു സംസ്ഥാനങ്ങളും തമ്മില്‍ കാവേരി നദീജലം പങ്കുവെക്കുന്നത് പോലുള്ള തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. അത്തരം തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടാനും പരസ്പര ബന്ധങ്ങള്‍ മെച്ചെപ്പെടുന്നത് സഹായിച്ചേക്കും.

ബിജെപി വിരുദ്ധ ഐക്യം ശക്തിപ്പെടുത്തുന്ന രാഷ്ട്രീയവുമായി ഈ നീക്കം ബന്ധിപ്പിക്കപ്പെടുന്നുണ്ട്. ശക്തമായ ബിജെപി വിരുദ്ധ, സംഘപരിവാര്‍ വിരുദ്ധ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന നേതാവാണ് സിദ്ധരാമയ്യ. ബിജെപിയെ കന്നഡവിരുദ്ധ ഹിന്ദി പാര്‍ട്ടിയായി ചിത്രീകരിക്കാന്‍ സിദ്ധരാമയ്യയും കോണ്‍ഗ്രസും കര്‍ണാടകയില്‍ ശ്രമിക്കുന്നതായി നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.
ബംഗളൂരു മെട്രോയില്‍ ഹിന്ദി സൈന്‍ നീക്കം ചെയ്യാന്‍ സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു. ഫെഡറല്‍ ഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയും സംസ്ഥാനങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്ന ആരോപണം മോദി സര്‍ക്കാരിനെതിരെ ശക്തമാണ്. ഇതിന് പ്രതീകാത്മക പ്രതിഷേധമെന്ന് വ്യാഖ്യാനിക്കാവുന്ന തരത്തില്‍
സംസ്ഥാനത്തിന് സ്വന്തമായി പതാകയും സിദ്ധരാമയ്യ സര്‍ക്കാര്‍ അവതരിപ്പിച്ചു. ജമ്മു കാശ്മീരിനെ കൂടാതെ സ്വന്തമായി പതാക അവതരിപ്പിച്ച ഒരേയൊരു ഇന്ത്യന്‍ സംസ്ഥാനമാണ് കര്‍ണാടക. മംഗലാപുരത്ത് പ്രസംഗിക്കാന്‍ പിണറായി വിജയനെ അനുവദിക്കില്ലെന്ന് സംഘപരിവാര്‍ സംഘടനകള്‍ ഭീഷണി മുഴക്കിയപ്പോള്‍ ഇത്തരത്തിലുള്ള യാതൊരു ഭീഷണിയും അംഗീകരിക്കില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍