UPDATES

ട്രെന്‍ഡിങ്ങ്

കെവിനോപ്പം പിടിച്ചുകൊണ്ടു പോയ അനീഷ്‌ സംസാരിക്കുന്നു; “അവന്‍ രക്ഷപെട്ടെന്ന് അവര്‍ പറഞ്ഞപ്പോ ഞാനത് വിശ്വസിച്ചു”

മര്‍ദ്ദിച്ചതിന് ശേഷം അവര്‍ തൊട്ടടുത്തുള്ള പുഴയില്‍ കൊണ്ടിട്ടതാവാം. അല്ലെങ്കില്‍ മുക്കിക്കൊന്നതാവാം. എന്താണ് സംഭവിച്ചതെന്നറിയില്ല. അവന്‍ പോയി എന്ന് മാത്രം ഇപ്പോള്‍ അറിയാം.

“കെവിന്‍ രക്ഷപെട്ടെന്ന് അവര്‍ പറഞ്ഞപ്പോ ഞാനത് വിശ്വസിച്ചു. നമ്മുടെ ആഗ്രഹവും പ്രതീക്ഷയും അതായതുകൊണ്ട് രക്ഷപെട്ടിരിക്കുമെന്ന് തന്നെയല്ലേ വിശ്വസിക്കാനൊക്കൂ. ഓടി ഇവിടെ വന്നപ്പോ അവനും എത്തിയിട്ടുണ്ടാവുമെന്നാണ് കരുതിയത്. ഒടുക്കം ബോഡി കിട്ടുന്നവരെ അവന്‍ തിരിച്ച് വരുമെന്ന് തന്നെയായിരുന്നു മനസ്സില്‍. പക്ഷെ അവന്‍ തീര്‍ന്നു എന്ന് പിന്നീടാണ് മനസ്സിലായത്”; കോട്ടയം മാന്നാനത്ത് ജാതിക്കൊലയ്ക്കിരയായ കെവിന്‍ ജോസഫിനൊപ്പം ഗുണ്ടാസംഘം തട്ടിക്കൊണ്ട പോയ അനീഷിന് ഇപ്പോഴും പരിഭ്രാന്തി വിട്ടൊഴിഞ്ഞിട്ടില്ല. ജീവിതത്തില്‍ ഇന്നേവരെ നേരിട്ടിട്ടില്ലാത്ത സംഭവങ്ങളിലൂടെ, പീഡനങ്ങളിലൂടെ കടന്നുപോയതിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് കെവിന്റെ മരണവാര്‍ത്ത എത്തുന്നത്.

അനീഷ് താന്‍ കണ്ടതും അറിവുള്ളതുമായ കാര്യങ്ങള്‍ അഴിമുഖവുമായി പങ്കുവക്കുന്നു: “ആറേഴ് മാസം മുമ്പാണ് കെവിനും നീനുവുമായുള്ള പ്രണയം ഞാന്‍ അറിയുന്നത്. കെവിന്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. എന്റെ സഹോദരങ്ങള്‍ക്കും അറിയാമായിരുന്നു. പക്ഷെ കെവിന്റെ വീട്ടുകാര്‍ക്ക് ഒരു പ്രണയബന്ധം ഉണ്ടെന്നറിയാമെന്നല്ലാതെ അത് ആരാണെന്നോ, എവിടെയുള്ളയാണാളെന്നോ ഒന്നും അറിയില്ലായിരുന്നു. എന്റെ അമ്മാവന്റെ മകനാണ് കെവിന്‍. പത്ത് കിലോമീറ്റര്‍ വ്യത്യാസത്തിലാണ് ഞങ്ങളുടെ വീടുകള്‍. എന്റേത് മാന്നാനത്തും കെവിന്റെ വാടകവീട് കരുനിലക്കോട്ടും. ഇവിടെ കോട്ടയത്തുള്ള ബികെ കോളേജില്‍ വിദ്യാര്‍ഥിനിയാണ് നീനു. അവിടെ വച്ച് കണ്ടാണ് കെവിനും നീനുവും പരിചയപ്പെടുന്നത്. ആദ്യം സൗഹൃദമായിരുന്നു. പിന്നീട് അത് പ്രണയമായി. നീനുവിന്റെ വീട്ടില്‍ കെവിനുമായുള്ള പ്രണയത്തെക്കുറിച്ച് അറിയില്ലായിരുന്നു എന്ന് തന്നെയാണ് വിശ്വാസം.

ആ കൊച്ചിനെ പെട്ടെന്ന് കെട്ടിച്ച് വിടാനായിരുന്നു വീട്ടുകാരുടെ തീരുമാനം. അതിനായി അവര് ചെക്കനെ കണ്ട് വയ്ക്കുകയും എത്രയും പെട്ടെന്ന് കല്യാണം നടക്കും എന്ന അവസ്ഥ വന്നപ്പോഴാണ് നീനു വീട്ടില്‍ നിന്ന് ഇറങ്ങിപ്പോരുന്നത്. രജിസ്റ്റര്‍ വിവാഹത്തിന് ഞാനും എന്റെ ഒരു സുഹൃത്തും ഉള്‍പ്പെടെ സാക്ഷികളായിരുന്നു. വിവാഹം കഴിഞ്ഞ് കെവിന്‍ നീനുവിനെ ഒരു ഹോസ്റ്റലിലാക്കി. കോളേജ് ഹോസ്റ്റലിലല്ല, മറ്റൊരു ഹോസ്റ്റലില്‍. കെവിന്‍ എന്റെയൊപ്പം മാന്നാനത്തെ വീട്ടിലേക്ക് പോന്നു. പിറ്റേന്ന് നീനുവിന്റെ അച്ഛന്‍ കേസ് കൊടുക്കുകയും ഞങ്ങളെയെല്ലാം പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു. പക്ഷെ നീനു അവരോടൊപ്പം പോവാന്‍ താത്പര്യമില്ല എന്ന് പറഞ്ഞതോടെ ഞങ്ങടൊപ്പം തന്നെ വിട്ടു. പിറ്റേന്ന് പെണ്‍കുട്ടിയുടെ അമ്മയും അവരുടെ സഹോദരിയും മകളും വേറൊരു പയ്യനുമായി വീട്ടില്‍ വന്നു. നീനുവിനെ കാണണം, സംസാരിക്കണമെന്ന് പറഞ്ഞു. പക്ഷെ അവള്‍ക്ക് അവരെ കാണാന്‍ താത്പര്യമില്ലായിരുന്നു. പെണ്ണിന് താത്പര്യമില്ലാത്തതിനാല്‍ കാണാന്‍ ഒക്കില്ല എന്ന് പറഞ്ഞ് അവരെ മടക്കി അയക്കുകയും ചെയ്തു. അന്ന് രാത്രിയാണ് ബാക്കിയുള്ള കാര്യങ്ങള്‍ നടക്കുന്നത്.

രാത്രി ഒരു മണിക്ക് ശേഷമാണ്. കുറച്ച് വാഹനങ്ങള്‍ വന്ന് നില്‍ക്കുന്നതിന്റേയും ജനലുകള്‍ തല്ലിപ്പൊട്ടിക്കുന്നതിന്റേയും ശബ്ദം കേട്ടാണ് ഞാന്‍ ഉണരുന്നത്. ഞാന്‍ കിടന്ന മുറിയുടേയും ജനല്‍ തല്ലിത്തകര്‍ക്കുന്നത് കണ്ടപ്പോള്‍ ഞാനുടനെ കെവിനെ വിളിച്ചു. എന്താണെന്ന് നോക്കാന്‍ മുറിക്ക് പുറത്തിറങ്ങിയപ്പഴേക്കും അവര്‍ അടുക്കള വാതില്‍ പൊളിച്ച് അകത്തുകടന്നിരുന്നു. ആദ്യം കെവിനെയാണ് പിടിച്ചുകൊണ്ട് പോയത്. പിന്നെ വടിവാള് കഴുത്തില്‍ വച്ച് ഭീഷണിപ്പെടുത്തി എന്നേയും വിളിച്ചുകൊണ്ട് പോയി. രണ്ട് കാറുകളിലായിരുന്നു ഞങ്ങളെ രണ്ട് പേരേയും കൊണ്ടപോയത്. അതിനാല്‍ പിന്നീട് കെവിന് സംഭവിച്ചതൊന്നും അറിയില്ല.

എന്നോടൊപ്പം കാറില്‍ അഞ്ച് പേരായിരുന്നു ഉണ്ടായിരുന്നത്. അവരെല്ലാം കൊട്ടേഷന്‍ സംഘത്തില്‍ പെട്ടവരായിരുന്നു. പെണ്ണ് എങ്ങനെയുണ്ട്? എവിടെയുണ്ട്? എന്നൊക്കെ എന്നോട് ചോദിച്ചു. ഒന്നരലക്ഷം രൂപയുടെ കൊട്ടേഷനാമെന്നും പെണ്ണിന്റെ ആങ്ങളയാണ് കൊട്ടേഷന്‍ നല്‍കിയതെന്നും അവര്‍ എന്നോട് പറഞ്ഞു. കൂടുതല്‍ ചോദ്യവും പറച്ചിലുമായിരുന്നില്ല. മര്‍ദ്ദനമായിരുന്നു. അടിയും ഇടിയും. പെണ്ണിനെ വിട്ടുകിട്ടണം, അതുകഴിഞ്ഞ് നിങ്ങളെ രണ്ട് പേരേയും കൊല്ലും എന്നാണ് അവര്‍ എന്നോട് പറഞ്ഞത്. കൊല്ലാന്‍വേണ്ടി തന്നെയായിരുന്നു അവരുടെ പോക്ക്. കുറേ നേരം കഴിഞ്ഞപ്പോള്‍ എനിക്ക് ഛര്‍ദ്ദിക്കണമെന്ന് പറഞ്ഞപ്പോള്‍ അവര്‍ വണ്ടിയില്‍ നിന്നിറക്കി. അപ്പോള്‍ ഒരു നാല് മണി സമയമായിക്കാണും. ഛര്‍ദ്ദിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് വേറൊരു വണ്ടിയില്‍ നിന്ന് കെവിനെ വലിച്ചിറക്കി റോഡിലേക്ക് കിടത്തുന്നത് കണ്ടത്. ഞാന്‍ തലകറങ്ങി വീണതുകൊണ്ട് പിന്നെ സംഭവിച്ചതെന്താണെന്ന് അറിയില്ല. കുറേ നേരം കഴിഞ്ഞ് ബോധം വീണപ്പോഴാണ് പെണ്ണിന്റെ ആങ്ങള എന്റെയടുത്ത് വന്ന് കെവിന്‍ ഓടി രക്ഷപെട്ടെന്ന് പറയുന്നത്. ഞാനത് വിശ്വസിച്ചു.

ഞാനും കെവിനും ഫോണ്‍ എടുത്തിരുന്നില്ല. എന്നെ തിരികെ കൊണ്ടാക്കുന്നതിന് മുമ്പ് ഷാനു എന്നെ ഭീഷണിപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥനെ വിളിപ്പിച്ചു. എനിക്ക് നഷ്ടപരിഹാരമായി അമ്പതിനായിരം രൂപ തന്നെന്നും ഞാന്‍ സുരക്ഷിതനാണെന്നും കെവിന്‍ ഓടി രക്ഷപെട്ടെന്നും പറയാനായിരുന്നു ഷാനുവിന്റെ നിര്‍ദ്ദേശം. അങ്ങനെ പറഞ്ഞില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. ഒടുവില്‍ ഞാനത് അനുസരിച്ചു. അവര്‍ എന്നെ തിരികെ ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷന് സമീപത്തായി ഇറക്കിവിടുകയും ചെയ്തു. നേരെ പോയത് പോലീസ് സ്‌റ്റേഷനിലേക്കാണ്. അവിടെയെത്തി ഇത്തരം അപകടം പിടിച്ച സാഹചര്യത്തിലൂടെയാണ് ഞങ്ങള്‍ കടന്നു പോയതെന്നും ഉണ്ടായ കാര്യങ്ങളും പോലീസിനോട് പറഞ്ഞു. പക്ഷെ അവര്‍ ആദ്യം അത് കേട്ടഭാവം നടിച്ചില്ല. പതിനൊന്ന് മണിയോടെ ഞാന്‍ സ്‌റ്റേഷനിലെത്തുമ്പോള്‍ നീനുവും അവിടെയുണ്ടായിരുന്നു. പിന്നെയും കുറേ നേരം കഴിഞ്ഞാണ് പോലീസ് എന്റെ മൊഴി രേഖപ്പെടുത്തിയത് പോലും.

ഞാന്‍ അവസാനമായി കണ്ട റോഡില്‍ കിടക്കുന്ന കെവിന് ഓടി രക്ഷപെടാനുള്ള അവസ്ഥയുണ്ടായിരുന്നില്ല. കാറിലെ മര്‍ദ്ദനത്തില്‍ തന്നെ അവന് കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ട്. മര്‍ദ്ദിച്ചതിന് ശേഷം അവര്‍ തൊട്ടടുത്തുള്ള പുഴയില്‍ കൊണ്ടിട്ടതാവാം. അല്ലെങ്കില്‍ മുക്കിക്കൊന്നതാവാം. എന്താണ് സംഭവിച്ചതെന്നറിയില്ല. അവന്‍ പോയി എന്ന് മാത്രം ഇപ്പോള്‍ അറിയാം.”

എന്റെ ഭാവി തൊലയ്ക്കാന്‍ എനിക്ക് വയ്യെന്ന് നീനുവിന്റെ സഹോദരന്‍; വേണ്ടത് ചെയ്യാമെന്ന് എഎസ്‌ഐ

ഫോണ്‍ സംഭാഷണം പുറത്തുവിട്ടത് കേസ് അട്ടിമറിക്കാനോ? ഷാനുവിന്റെ ബുദ്ധി അപാരം; പക്ഷേ..

ഫാസിസം ഉത്തരേന്ത്യയില്‍ നിന്ന് വണ്ടി വിളിച്ച് കേരളത്തിലേക്ക് വരുന്ന ഒന്നല്ല; നാമവിടെ എത്തിക്കഴിഞ്ഞിരിക്കുന്നു

കെവിനെയും നീനുവിനെയും ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കാതിരുന്ന ജാതി കേരളവും അതിനു കൂട്ടുനിന്ന പൊലീസും

കെവിനെ കൊന്നത് ജാതി; പക്ഷേ, ആഭ്യന്തര വകുപ്പ് നോക്കുകുത്തിയാകരുത്

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍