UPDATES

ഒരു രക്തസാക്ഷി ഉണ്ടായതുപോലും വാര്‍ത്തയായില്ല; ആരറിയുന്നു അംഗന്‍വാടി അധ്യാപകരുടെ ദുരിതം

അംഗന്‍വാടി ടീച്ചര്‍മാര്‍ക്കെന്താ ഇത്ര മലമറിക്കുന്ന പണി? ചുമ്മാ പിള്ളേരേം നോക്കിയിരുന്നാ പോരേ എന്ന് നെറ്റി ചുളിക്കുന്നവര്‍ അറിയുക.

തൃശ്ശൂര്‍ മുളംകുന്നത്തുകാവില്‍ ജോലിക്കിടെ മരിച്ച അംഗന്‍വാടി അധ്യാപിക മിനി ഒരു ബലിയാടാണ്; എടുത്താല്‍ പൊങ്ങാത്ത ജോലിഭാരം നല്‍കി നട്ടം തിരിയ്ക്കുന്ന വകുപ്പുകളുടെയും മേല്‍ ഉദ്യോഗസ്ഥരുടേയും കാട്ടിക്കൂട്ടലുകളുടെ ബലിയാട്.

മിനി എന്ന അംഗന്‍വാടി ടീച്ചര്‍ മരിച്ചത് രക്ത സമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്നാണ്‌. സ്വാശ്രയ വിഷയങ്ങള്‍ കത്തിനില്‍ക്കുന്ന സമയത്ത് മാധ്യമങ്ങള്‍ വാര്‍ത്തയ്ക്ക് വലിയ പ്രാധാന്യമൊന്നും കൊടുത്തില്ല. വാര്‍ത്തയ്ക്കകത്തെ വാര്‍ത്ത ഇതൊന്നുമല്ല, നേരത്തെ റിപ്പോര്‍ട്ട് ചെയ്ത ഇത്തരം മരണങ്ങളൊന്നുമില്ലെങ്കില്‍, അംഗന്‍വാടി ടീച്ചര്‍മാര്‍ക്കിടയിലെ അമിത ജോലിഭാരം കാരണം മരിച്ചുപോയ ആദ്യത്തെ ഇരയാകും മിനി.

അംഗന്‍വാടി ടീച്ചര്‍മാര്‍ക്കെന്താ ഇത്ര മലമറിക്കുന്ന പണി? ചുമ്മാ പിള്ളേരേം നോക്കിയിരുന്നാ പോരേ എന്ന് നെറ്റി ചുളിക്കുന്നവര്‍ അറിയുക…

ആറ് വയസ് വരെയുള്ള കുട്ടികളുടെ അഥവ ശിശുക്കളുടെ പോഷകസ്ഥിതിയും ആരോഗ്യവും നിലനിര്‍ത്താനും, കുട്ടിയുടെ മാനസിക, ശാരീരികാരോഗ്യ, ബുദ്ധിവികാസത്തിനും സഹായിക്കാനും, കുട്ടികളിലെ മരണം, രോഗം, പോഷകക്കുറവ് പരിഹരിക്കാനും, ശിശു വികസനത്തിന് അനുയോജ്യമായ വകുപ്പുകളുടെ ഏകോപനം നടത്തുന്നതിനും, കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ ട്രെയ്‌നിംഗ് നല്‍കുന്നതിനുമായാണ് അംഗന്‍വാടികള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

എന്നാല്‍ ഒരു കാലഘട്ടത്തിന് ശേഷം അംഗന്‍വാടികള്‍ നാടിന്റെ സ്ഥിതിവിവര കണക്ക് ശേഖരണത്തിനായുള്ള സ്ഥാപനം മാത്രമായി ചുരുങ്ങിപ്പോയോ എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. പാട്ടും കഥയും തമാശയും കളിയും ഭക്ഷണവും ഉറക്കവുമൊക്കെയായി താളത്തില്‍ തലമുറകളെ അധ്യയനത്തിന്റെ പാതയിലേക്ക് കൈപിടിച്ചു നടത്തിയിരുന്ന അംഗന്‍വനാടികളെ ഇന്ന് കാണാനേ ഇല്ല.

ദിവസവും രേഖപ്പെടുത്തേണ്ടതും കണക്കുകള്‍ കൃത്യമായി ബോധിപ്പിക്കേണ്ടതുമായ 28 രജിസ്റ്ററുകളുമായാണ് ഒരോ അംഗന്‍വാടി ടീച്ചറും പ്രവര്‍ത്തിക്കുന്നത്. കൃത്യസമയത്ത് രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ പലപ്പോഴും ഏല്‍ക്കാറുള്ള മാനഹാനി ഭയന്ന് ആരോഗ്യം പോലും നോക്കാതെ യന്ത്രം പോലെ അവരങ്ങനെ നാടുനീളെ ഓടി നടന്നുകൊണ്ടിരിക്കുകയാണ്.

സര്‍വേ രജിസ്റ്റര്‍, അനുപൂരക ഭക്ഷണ ശേഖരം, അനുപൂരക ഭക്ഷണ വിതരണം, പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം, ഗര്‍ഭാവസ്ഥയും പ്രസവവും, പ്രതിരോധ കുത്തിവെയ്പ്പ്, അര്‍ധവാര്‍ഷിക വിറ്റാമിന്‍, ഭവന സന്ദര്‍ശന രൂപരേഖ, പരാമര്‍ശ സേവനങ്ങള്‍, വാര്‍ഷിക സംക്ഷിപ്ത വിവരം, എസ്.സി-എസ്.ടി സംക്ഷിപ്ത വിവരം, കുട്ടികളുടെ തൂക്കം തുടങ്ങി നീളുന്ന 28 രജിസ്റ്ററുകളുടെ നിരയിങ്ങനെ പോകുന്നു. ഒന്ന് തീരുമ്പോള്‍ മറ്റൊന്ന്, അതിന് ശേഷം അടുത്തത്; ഒരിക്കലും അവസാനിക്കാത്ത സര്‍വ്വേ കണക്കുകളുമായി ടീച്ചര്‍മാര്‍ പരക്കം പായുമ്പോള്‍ പ്രതീക്ഷയോടെ അംഗന്‍വാടികളിലെത്തുന്ന ബാല്യങ്ങള്‍ നിരാശരായി മടങ്ങുന്നു. പ്രിയപ്പെട്ട ടീച്ചറിനെ കാണാന്‍ പോലും കിട്ടാതെ വരുമ്പോള്‍, രക്ഷിതാക്കള്‍ക്കൊപ്പം വീട് തേടിവരുന്ന കുട്ടികളെക്കുറിച്ച് ഇവര്‍ പറയുന്നു.

"</p

“എല്ലാവര്‍ക്കും ഭയമാണ്. ഈ ചൂഷണത്തിനെതിരെ പ്രതികരിക്കാന്‍… യൂണിയനുണ്ട്. എന്നാലും പ്രവര്‍ത്തിക്കാന്‍ സമയം പോരെന്നാണ് പരാതി. സങ്കടങ്ങള്‍ ഒരുപാടുണ്ട് പറയാന്‍. പക്ഷേ പേര് എവിടെയും പരാമര്‍ശിക്കില്ലെന്ന് വാക്ക് തന്നാല്‍ പറയാം…” ടീച്ചര്‍മാര്‍ സംസാരിച്ച് തുടങ്ങുകയാണ്. പേര് വെളിപ്പെടുത്തില്ലെന്ന് അവര്‍ക്ക് വാക്കുകൊടുത്തതിനാല്‍ നമുക്കവരെ ടീച്ചര്‍മാര്‍ എന്ന് പറയാം. പോഷകാഹാരക്കുറവിന്റെ പേരില്‍ ലോകം തന്നെ ശ്രദ്ധിക്കുന്ന തരത്തില്‍ ശിശുമരണങ്ങള്‍ നടന്ന അട്ടപ്പാടി മേഖലയിലെ ഈ അധ്യാപകര്‍ പറയുന്നതാണ് ഇവിടുത്തെ ഇന്നത്തെ അവസ്ഥ.

9.30 മുതല്‍ 3.30 വരെയാണ് അംഗന്‍വാടി പ്രവര്‍ത്തന സമയം. എന്നാല്‍, കുഞ്ഞുങ്ങള്‍ക്കൊപ്പം ചിലവഴിക്കേണ്ടുന്ന മണിക്കൂറുകള്‍ പോലും പല ദിവസങ്ങളിലും ഞങ്ങള്‍ക്ക് നഷ്ടപ്പെടുന്നു. പല കണക്കുകളുടേയും, രജിസ്റ്ററുകളുടേയും പേര് പറഞ്ഞ് പല വഴിയേ ഓടിനടന്ന് ഞങ്ങളുടെ ഇരുപത്തിനാല് മണിക്കൂറുകള്‍ തീര്‍ന്നുകിട്ടും. കുഞ്ഞുങ്ങളെ നോക്കുന്നതില്‍ യാതൊരു വിധ ട്രെയ്‌നിംഗും ലഭിക്കാത്ത ഹെല്‍പ്പര്‍മാരുടെ കയ്യില്‍ കുഞ്ഞുങ്ങളെയും ഏല്‍പിച്ചാണ് വര്‍ക്കിനായി ഇറങ്ങുന്നത്. ഇത് വലിയൊരു അപകടത്തിന് കാരണമായേക്കാം. പുതിയ സിലബസും പാഠപുസ്തകങ്ങളുമൊക്കെയുണ്ട് അംഗന്‍വാടികളില്‍. കുഞ്ഞുങ്ങളുടെ സംശയങ്ങളും, ചോദ്യങ്ങളും, ആശങ്കകളുമൊക്കെയായി എത്തുന്ന അവര്‍ക്കൊപ്പം ചിലവഴിക്കാന്‍ നേരം കിട്ടാതെവരുമ്പോള്‍ ഞങ്ങള്‍ ശരിക്കും ടീച്ചര്‍മാരൊന്നുമല്ലെന്നും, എന്യുമറേറ്റര്‍മരോ മറ്റോ ആണെന്നും തോന്നിപ്പോകും. അല്ല, അതാണല്ലോ വാസ്തവം?

ആരോഗ്യവകുപ്പാണ് ഏറ്റവും കൂടുതലും ഭാരം ഞങ്ങള്‍ക്കുമേല്‍ കെട്ടിവെയ്ക്കുന്നത്. ജെ.പി.എച്ച്.എന്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി പലരും ചെയ്യേണ്ടുന്ന പണിയെല്ലാം ഞങ്ങളെക്കൊണ്ട് ചെയ്യിക്കുകയാണ്. നമ്മുടെ ഏരിയയിലെയും എല്ലാ വീടുകളിലും രജിസ്റ്ററുണ്ട്. ഓരോ വിസിറ്റിലും ആരോഗ്യ സംബന്ധമായ വിവരങ്ങളെല്ലാം കണ്ടെത്തി രേഖപ്പെടുത്തുന്നത് ആഴ്ചയിലെങ്കിലും വേണം. ദിവസവും പുതുക്കേണ്ടുന്ന രജിസ്റ്ററുകള്‍ വെറെയുണ്ട്. മാസാവസാനം മീറ്റിംഗ് വിളിക്കുമ്പോള്‍ കൃത്യസമയത്ത് എത്തിയില്ലെങ്കില്‍ മേലുദ്യോഗസ്ഥരുടെ വായിലിരിക്കുന്നത് മുഴുവന്‍ കേള്‍ക്കണം.

കഴിഞ്ഞ തവണ ഓഫീസിലെത്താന്‍ വൈകിപ്പോയ ഒരു ടീച്ചറിനെ വിളിച്ച് എല്ലാ ആളുകളുടേയും മുന്നില്‍ നിര്‍ത്തിയിട്ട് പൂമാലയിട്ട് ആനയിച്ച് കുത്തുവാക്കുകള്‍ പറഞ്ഞ് അപമാനിച്ചിരുന്നു. എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള ഏരിയയിലേക്ക് പോകാന്‍ സാധിക്കില്ലെന്ന് പറഞ്ഞ ടീച്ചറോട്, അവിടെപോയാലെന്താടീ നിന്റെ കയ്യിലെ വളയൂരിപോകുമോ എന്നാണ് അവര് ചോദിക്കുന്നത്. ഇങ്ങനെ പലതരത്തിലും മേലുദ്യോഗസ്ഥര്‍ ഞങ്ങളെ ചൂഷണം ചെയ്യുന്നുണ്ട്.

ഇത്തരം അപമാനങ്ങള്‍ ഓര്‍ത്തുള്ള ടെന്‍ഷന്‍ തന്നെയാണ് മിനിയെ കൊന്നുകളഞ്ഞത്. ആ കുട്ടിയുടെ വിവാഹം നടക്കാനിരിക്കുന്നതിനിടയിലാണ് ഇങ്ങനെ സംഭവിച്ചത്. കല്യാണത്തിന് ലീവ് എടുക്കുന്നതിന് മുന്‍പ് തന്നെ രജിസ്റ്ററുകളെല്ലാം പൂര്‍ത്തീകരിക്കുന്നതിനായി പകലന്തിയോളം പണിയെടുത്തും, ഭക്ഷണത്തിലും, ആരോഗ്യത്തിലും ശ്രദ്ധിക്കാതിരുന്നതുന്നതാണ് അവളുടെ മരണത്തിലേക്ക് വരെ എത്തിച്ചത്. എന്റെ കാര്യം തന്നെ പറയാം. രാവിലെ 8.30ന് ഇറങ്ങിയാല്‍ വൈകീട്ട് 6.30 ആകുമ്പോഴാണ് വീട്ടിലെത്തുന്നത്. ഈ ഓട്ടപ്പാച്ചിലിനിടയില്‍ ഭക്ഷണം കഴിക്കാന്‍പോലും മറന്നുപോകും. കഴിഞ്ഞ ദിവസം എച്ച്.ബി നോക്കിയപ്പോള്‍ കൗണ്ട് 9 ആണ്. മറ്റ് അസുഖങ്ങള്‍ വേറെയും. ഇതൊക്കെതന്നെപോരെ ഒരാള്‍ മരിച്ചുപോകാന്‍…?

അസോസിയേഷനകളൊക്കെ ഉണ്ടെങ്കില്‍പോലും അവകാശങ്ങള്‍ക്ക് വേണ്ടി കാര്യമായി പ്രവര്‍ത്തിക്കാനൊന്നും സംഘടനയ്ക്ക് ആയിട്ടില്ല. ജോലി പോകാതിരിക്കാനായി പലരും പ്രതിഷേധവുമായി എത്താറില്ല.

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍