UPDATES

ട്രെന്‍ഡിങ്ങ്

അവളെ ഡിവോഴ്‌സ് ചെയ്യാതെ ചികിത്സിച്ച് ഭേദമാക്കാനാണ് ശ്രമിച്ചത്; കുഴപ്പങ്ങളും പരാതികളും ആന്‍ലിയയ്ക്കും മാതാപിതാക്കള്‍ക്കുമെതിരേ ഉയര്‍ത്തി ജസ്റ്റിന്റെ വിശദീകരണം

കുഞ്ഞുങ്ങളെ തനിച്ചാക്കി ജോലി തേടി വിദേശത്തും മറ്റും പോകുന്നവര്‍ക്ക് ആന്‍ലിയയുടെ മാനസികാവസ്ഥയും അവളുടെ ജീവിതവും പാഠമാകണണമെന്നാണ് ജസ്റ്റിന്റെ ഉപദേശം

ആന്‍ലിയയുടെ മരണത്തിലെ ദുരൂഹതയാരോപിച്ച് പിതാവ് ഹൈജിനസ് നടത്തുന്ന പോരാട്ടങ്ങളില്‍ മകളുടെ ഭര്‍ത്താവ് ജസ്റ്റിനും കുടുംബത്തിനുമെതിരേ ഉന്നയിക്കുന്ന പരാതികളില്‍ പ്രധാനം അവര്‍ തന്റെ മകളെ മാനസിക പ്രശ്‌നമുള്ളയളാക്കി ചിത്രീകരിക്കുകയാണെന്നതായിരുന്നു. ഈ ആരോപണം ശരിവയയ്ക്കുന്ന തരത്തിലാണ് ജസ്റ്റിന്‍ ആന്‍ലിയയുടെ മരണത്തില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടി നല്‍കുന്ന വിശദീകരണം. ആന്‍ലിയയുടെ മരണം ആ പെണ്‍കുട്ടിയുടെയും അവളുടെ മാതാപിതാക്കളുടെയും കുഴപ്പം കൊണ്ടാണെന്ന് കുറ്റപ്പെടുത്തുന്ന തരത്തിലാണ് ജസ്റ്റിന്റെ വാക്കുകള്‍.

2019 ജനുവരി 19 ന് അപ് ലോഡ് ചെയ്തിരിക്കുന്ന ഒരു യൂട്യൂബ് വീഡിയോയിലാണ് ആന്‍ലിയ ഹൈജിനസിന്റെ മരണത്തില്‍ തനിക്കും കുടുംബത്തിനുമെതിരേ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നു സമര്‍ത്ഥിക്കുന്നത്. അന്‍ലിയയുടെ പിതാവും ബന്ധുക്കളും ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആന്‍ലിയയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നുമാണ് ജസ്റ്റിന്‍ ആരോപിക്കുന്നത്. ആന്‍ലിയയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ക്ക് മറുപടിയെന്നോണം ജസ്റ്റിന്റെ വിശദീകരണങ്ങള്‍ ഇപ്രകാരമാണ്; 2016 ഡിസംബര്‍ 26 നാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്. ഇപ്പോള്‍ ഒരു വയസുള്ള ആണ്‍കുട്ടിയും ഉണ്ട്. കുട്ടി ഇപ്പോള്‍ എന്റെ കൂടെ വീട്ടിലാണ്. ആന്‍ലിയയുടെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് എനിക്കെതിരേ ഉയര്‍ത്തുന്നത് തെറ്റായ ആരോപണങ്ങളാണ്.

മകളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദനയും അതുവഴി ഉണ്ടായ സമ്മര്‍ദ്ദവും കൊണ്ടാണ് അവര്‍ എന്നെ കുറ്റക്കാരനാക്കുന്നതെന്നാണ് ആദ്യം ഞാന്‍ വിചാരിച്ചിരുന്നത്. ആരോപണങ്ങള്‍ തുടരുകയും എനിക്കും എന്റെ കുടുംബത്തിനും ഇത് ഭാരമാവുകയും ചെയ്തതിനാലാണ് ഇങ്ങനെയയൊരു വിശദീകരണത്തിന് ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നത്.

കോടതി വഴി നീതി ലഭിക്കാന്‍ വര്‍ഷങ്ങള്‍ എടുക്കും. എന്നാല്‍ എനിക്കും കുഞ്ഞിനും വീട്ടുകാര്‍ക്കുമൊക്കെ ഇവിടെ ജീവിക്കേണ്ടതല്ലേ. ആന്‍ലിയയുടെ സ്വര്‍ണം ചോദിച്ച് ഞാന്‍ പീഡിപ്പിച്ചു എന്നതാണ് പ്രധാന ആരോപണം. വിവാഹത്തിന് രണ്ട് ദിവസങ്ങള്‍ക്കുശേഷം ബാങ്കിലെ ലോക്കറില്‍ വച്ച സ്വര്‍ണം ഇന്നേവരെ തുറന്നിട്ടില്ല. അവിടെ നിന്ന് ഞാന്‍ എടുത്തിട്ടില്ല. ലോക്കര്‍ തുറന്നിട്ടുപോലുമില്ല എന്നതാണ് സത്യം. എനിക്ക് വിവാഹ ചെലവിനായി മുപ്പതിനായിരം രൂപ തന്നിട്ടുണ്ടെന്ന ആരോപണവും ശരിയല്ല. ആന്‍ലിയയ്ക്കുവേണ്ടി തൃശൂരില്‍ നിന്നും അലമാര വാങ്ങിക്കാന്‍ ആന്‍ലിയയുടെ പപ്പ എന്നോട്ടു പഞ്ഞു. ഞാന്‍ തശൂരില്‍ നിന്നും അലമാര വാങ്ങി. അതിന്റെ പണം പപ്പ എനിക്ക് ട്രാന്‍സ്ഫര്‍ ചെയ്തു തന്നു. ഇതിനു വ്യക്തമായ തെളിവുണ്ട്. ബില്ലുണ്ട്, അകൗണ്ട് സ്റ്റേറ്റ്‌മെന്റ് ഉണ്ട്. ഇതാണ് ആകപ്പാടെയുള്ള ക്യാഷ് ഡീലിംഗ്‌സ്.

ഇനി എത്ര നാള്‍ ഈ അച്ഛന് തിരക്കേണ്ടിവരും തന്റെ മകളെ കൊന്നത് ആരെന്ന്, എന്തിനെന്ന്?

കാണാതായ ദിവസം ആന്‍ലിയ എന്നെ വിളിച്ചിരുന്നു. ഞാന്‍ പോവുകയാണ്, ഇനി അന്വേഷിക്കേണ്ട, നമ്മുടെ കുഞ്ഞിനെ നോക്കണം എന്നൊക്കെ പറഞ്ഞാണ് ഫോണ്‍ കട്ട് ചെയ്തത്. തിരിച്ചു വിളിച്ചപ്പോള്‍ ആന്‍ലിയയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. എനിക്ക് പ്രശ്‌നം തോന്നിയതുകൊണ്ട് പൊലീസില്‍ പരാതിപ്പെട്ടു. അവര്‍ നടത്തിയ അന്വേഷണത്തിലാണ് ആന്‍ലിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആന്‍ലിയ നല്ല മിടുക്കിയായിരുന്നു. പാട്ടു പാടാനും പഠിക്കാനുമൊക്കെ നല്ല മിടുക്കിയായ കുട്ടിയായിട്ടായിരുന്നു ഞാന്‍ ആദ്യം വിലയിരുത്തിയത്. ഞങ്ങള്‍ നല്ല സ്‌നേഹത്തിലായിരുന്നു. പിന്നീട് ചില സമയങ്ങളില്‍ ആന്‍ലിയയുടെ പെരുമാറ്റം അസ്വഭാവിക പെരുമാറ്റമായിട്ടാണ് എനിക്ക് തോന്നിയത്. വാശിയും ദേഷ്യവുമൊക്കെയായിട്ടാണ് ആദ്യം മനസിലാക്കിയത്. മാതാപിതാക്കള്‍ വിദേശത്ത് ജോലിയായിരുന്നതിനാല്‍ ആന്‍ലിയ കുഞ്ഞുന്നാളില്‍ തൊട്ട് പപ്പയും മമ്മിയും ഇല്ലാതെ ഒറ്റപ്പെട്ട് പല വീടുകളിലും ഹോസ്റ്റലുകളിലുമൊക്കെയായിട്ടായിരുന്നു ജീവിച്ചത്. സ്‌നേഹം കിട്ടാത്തതിന്റെ പ്രശ്‌നമായിരിക്കാം എന്നായിരുന്നു ആദ്യം ഞാന്‍ മനസിലാക്കിയത്.

ഏകദേശം ഒരുവര്‍ഷം മുമ്പ് ആന്‍ലിയയുടെ എഴുത്ത് കുത്തുകളും മറ്റ് കണ്ടിട്ട് ഞാനും എന്റെ അപ്പച്ചനും ആന്‍ലിയയുടെ പപ്പയെ വിളിച്ചിട്ട് എറണാകുളത്തുള്ള അവരുടെ വീട്ടില്‍ പോയി സംസാരിക്കുകയായുണ്ടായി. ആന്‍ലിയ ആത്മഹത്യ കുറിപ്പുകളും എഴുതിയിരുന്നു. അന്ന് ആന്‍ലിയയുടെ പപ്പ പറഞ്ഞത്, ഇതവളുടെ കുട്ടിക്കളിയാണ്. ഇതൊക്കെ മാറിക്കോളും ഞാനവളോട് പറഞ്ഞ് മനസിലാക്കിക്കോളം ഇതൊന്നും പുറത്താരോടും പറയരുത് എന്നൊക്കെയാണ്. ഇതിനൊക്കെ വ്യക്തമായ രേഖകള്‍ ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കാനും തയ്യാറാണ്. ഒരു വര്‍ഷം മുമ്പ് ആന്‍ലിയ എഴുതിയതും വരച്ചതുമെല്ലാം വാങ്ങിച്ചുകൊണ്ടുപോയതാണ്. ഇപ്പോള്‍ അവ എനിക്കെതിരേ ഉപയോഗിക്കുകയാണ്. ഡയറി എഴുതുന്ന ശീലമുള്ളയാളാണെങ്കില്‍ കുഞ്ഞുന്നാളു മുതല്‍ എഴുതുമല്ലോ, വിവാഹം കഴിഞ്ഞ ശേഷം മാത്രമുള്ള ഡയറികളാണ് ആന്‍ലിയയുടെതായി അവരുടെ കൈയിലുള്ളത്. വിവാഹത്തിനു മുമ്പുള്ള ഡയറികള്‍ അവളുടെ മാതാപിതാക്കള്‍ എന്തിനു വേണ്ടിയാണ് നശിപ്പിച്ചു കളഞ്ഞത്. എന്തെങ്കിലും മറക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവും.

വിവാഹം നടക്കുന്ന സമയത്ത് ദുബായില്‍ അകൗണ്ടന്റ് ആയി സ്ഥിരം ജോലിയായിരുന്നു എനിക്ക്. വിവാഹശേഷം ആന്‍ലിയയെ ദുബായിലേക്ക് കൊണ്ടുപോയത് എന്റെ ഫാമിലി വീസയിലാണ്. ദുബായില്‍ എത്തി ഒന്നു രണ്ടു മാസങ്ങളില്‍ തന്നെ ആന്‍ലിയയുടെ സ്വഭാവത്തില്‍ വളരെ വ്യത്യസ്തമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. രാത്രികാലങ്ങളില്‍ ഉറങ്ങാതിരിക്കുകയുമൊക്കെ ചെയ്യും. ആ സമയത്ത് ആന്‍ലിയ ഗര്‍ഭിണിയുമായിരുന്നു. ഇതോടെയാണ് നല്ല വരുമാനമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചത്. കൗണ്‍സിലിംഗോ ചിക്തിസയോ കൊടുത്തു കഴിഞ്ഞാല്‍ പ്രശ്‌നങ്ങള്‍ മാറുമെന്ന് കരുതി. തിരിച്ചു പോകാം എന്ന കരുതിയാണ് ഞാന്‍ വന്നത്. താത്കാലിക ജോലിയല്ലായിരുന്നുവെന്ന് തെളിയിക്കാനുള്ള മുഴുവന്‍ തെളിവുകളുമുണ്ട്.

അയാള്‍ കെട്ടിയ താലിയുടെ ബലത്തില്‍ അയാളുടെ വീട്ടുകാര്‍ എന്നെ തല്ലുന്നു, എന്നെയവര്‍ ഭ്രാന്തിയാക്കി മുദ്ര കുത്തുന്നു; ആന്‍ലിയയുടെ പരാതികള്‍

ആന്‍ലിയയുടെ മൃതശരീരം ഞങ്ങളുടെ പള്ളിയിലേക്ക് കൊണ്ടുവരണം എന്നായിരുന്നു ആദ്യം തീരുമാനിച്ചത്. പക്ഷേ അത് ആന്‍ലിയയുടെ ബന്ധുക്കളും മാതാപിതാക്കളും എതിര്‍ത്തു. എറണാകുളത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ പോകാന്‍ തയ്യാറെടുത്തതായിരുന്നെങ്കിലും അവരുടെ പള്ളിയിലെ വൈദികന്‍ വരേണ്ടതില്ലെന്ന് അറിയിച്ചതുകൊണ്ടാണ് പോകാതിരുന്നത്. ആന്‍ലിയയെ ബെംഗളൂരുവില്‍ എംഎസ്‌സി നഴ്‌സിംഗിന് അയച്ചത് അപകടകരമായ ചിന്തകളും വിഷാദവുമെല്ലാം മാറാന്‍ വേണ്ടിയാണ്. അല്ലാതെ വീട്ടുകാര്‍ ആരോപിക്കുന്നതുപോലെ നിര്‍ബന്ധിച്ച് അയച്ചതല്ല. തന്റെ മാതാപിതാക്കള്‍ വിദേശത്ത് ആയിരുന്നതിനാല്‍ അവരുടെ സ്‌നേഹവും വാത്സല്യവും ലഭിക്കാതെ വളര്‍ന്ന കുട്ടിയാണ് താനെന്നും ആ അവസ്ഥ നമ്മുടെ മോനുണ്ടാവരുതെന്നും ആന്‍ലിയ എപ്പോഴും പറയുമായിരുന്നു.

ആന്‍ലിയയ്ക്ക് ഇത്തരം സ്വഭാവ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ഡിവോഴ്‌സിനു ശ്രമിക്കാതിരുന്നത് എനിക്ക് ആന്‍ലിയയെ അത്രയ്ക്ക് ഇഷ്ടമായിരുന്നതുകൊണ്ടാണ്.ഞങ്ങള്‍ കുറെ സ്വപനങ്ങള്‍ കണ്ടിരുന്നു. അതുകൊണ്ടാണ് ഡിവോഴ്‌സിനു ശ്രമിക്കാതെ ആന്‍ലിയയുടെ പ്രശ്‌നങ്ങള്‍ ചികിത്സിച്ച് ഭേദമാക്കാന്‍ ശ്രമിച്ചത്.

ആണുങ്ങളെല്ലാം ഇത്ര വൃത്തികെട്ടവരായിരുന്നോ? വെറുപ്പോടെ ആന്‍ലിയ പറഞ്ഞ ആ വൈദികന്‍ ആരെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ

ആന്‍ലിയയുടെ മരണത്തില്‍ പങ്കില്ലെന്നു തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഉണ്ട്. എന്റെ കുഞ്ഞിനുവേണ്ടി ധൈര്യത്തോടെ മുന്നോട്ടു പോകും. കുഞ്ഞുങ്ങളെ തനിച്ചാക്കി ജോലി തേടി വിദേശത്തും മറ്റും പോകുന്നവര്‍ക്ക് ആന്‍ലിയയുടെ മാനസികാവസ്ഥയും അവളുടെ ജീവിതവും പാഠമാകണണം.

എന്നാല്‍ ഈ വിശദീകരണങ്ങള്‍ നല്‍കിയതിനു പിന്നാലെയാണ് ആന്‍ലിയയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചെന്നറിഞ്ഞതോടെ ജസ്റ്റിന്‍ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇപ്പോള്‍ റിമാന്‍ഡിലുള്ള ജസ്റ്റിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും.

ജസ്റ്റിന്‍ ഈ വീഡിയോയില്‍ ഉന്നയിക്കുന്ന കാര്യങ്ങളൊക്കെ ആന്‍ലിയുടെ പിതാവ് ഹൈജിനസ് എതിര്‍ക്കുന്നുണ്ട്. ജസ്റ്റിന് വിദേശത്ത് സ്ഥിരം ജോലി ഇല്ലായിരുന്നുവെന്നാണ് ഹൈജിനസ് പറയുന്നത്. വിദേശത്ത് സീനിയര്‍ അകൗണ്ടന്റെ ആണെന്നു പറഞ്ഞായിരുന്നു ജസ്റ്റിന്‍ വിവാഹം കഴിക്കുന്നത്. എന്നാല്‍ വിവാഹശേഷമാണ് ജോലി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കള്ളമാണെന്നു മനസിലായത്. ജോലി നഷ്ടമായ വിവരമൊന്നും പറഞ്ഞിരുന്നില്ല. നാട്ടില്‍ ബിസിനസ് തുടങ്ങണമെന്നു പറഞ്ഞ് സ്ഥിരം വഴക്ക് ഉണ്ടാക്കുമായിരുന്നു. കോഴിക്കച്ചവടം തുടങ്ങണമെന്നാണ് പറഞ്ഞത്. നഴ്‌സിംഗ് കഴിഞ്ഞ മകളെ ഇതിനല്ല ഞാന്‍ കല്യാണം കഴിച്ചു നല്‍കിയതെന്നു പറഞ്ഞ് ബിസിനസ് തുടങ്ങുന്നത് വിലക്കാന്‍ നോക്കിയിരുന്നു. പക്ഷേ, എന്റെ മകളുടെ ഭാവിയോര്‍ത്ത് ഞാന്‍ വഴങ്ങിക്കൊടുത്തു. ചേട്ടനുമായി ചേര്‍ന്നുള്ള കൂട്ടുകച്ചവടത്തിനു മാത്രം സമ്മതിച്ചില്ല; ഹൈജിനസ് മനോരമ ഓണ്‍ലൈനോട് പറയുന്ന കാര്യങ്ങളാണിവ.

മിനുങ്ങും മിന്നാമിനുങ്ങേ മിന്നിമിന്നി തേടുന്നതാരേ..: കൊല്ലപ്പെട്ട ആൻലിയ വിവാഹനാളിൽ പിതാവുമൊത്ത് പാടുന്ന വീഡിയോ

ജസ്റ്റിന്റെ സ്വഭാവത്തെ കുറിച്ചും ഹൈജിനസ് പറയുന്നുണ്ട്. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ തന്റെ മകള്‍ക്ക് കൊടിയ പീഢനങ്ങളാണ് അനുഭവിക്കേണ്ടി വന്നതെന്നും ജസ്റ്റിന്‍ വേഗം വൈലന്റ് ആകുന്ന പ്രകൃതമായിരുന്നുവെന്നും ഹൈജിനസ് പറയുന്നു. ദേഷ്യം വന്ന് തന്റെ മകളെ ജസ്റ്റിന്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതെല്ലാം തങ്ങള്‍ അറിയുന്നത് ആന്‍ലിയയുടെ മരണശേഷം കിട്ടിയ ഡയറിയില്‍ നിന്നാണെന്നും പിതാവ് പറയുന്നു. തനിക്ക് ജസ്റ്റിനില്‍ നിന്നും അപകടം ഉണ്ടാകുമെന്ന് അറിയാമായിരുന്നതുകൊണ്ടാകാം ഡയറിയില്‍ എല്ലാം എഴുതിയതെന്നും ജസ്റ്റിന്‍ കാണാതെ ഷെല്‍ഫില്‍ വച്ച് പൂട്ടി താക്കോല്‍ ഫഌവര്‍വെയ്‌സിലായിരുന്നു ഇട്ടിരുന്നതെന്നും ഹൈജിനസ് പറയുന്നു. മകള്‍ക്ക് താന്‍ വാങ്ങിക്കൊടുത്ത ഫഌറ്റില്‍ ആയിരുന്നു ആന്‍ലിയയും ജസ്റ്റിനും താമസിച്ചിരുന്നതെന്നും മകളുടെ മരണശേഷം താമസസ്ഥലം പരിശോധിച്ചപ്പോഴാണ് ഡയറി കിട്ടുന്നതെന്നുമാണ് ഹൈജിനസ് പറയുന്നത്.

തങ്ങള്‍ വിദേശത്തായിരുന്നതുകൊണ്ട് ആന്‍ലിയയെ ശ്രദ്ധിച്ചിരുന്നില്ലെന്നും കുഞ്ഞുനാള്‍ മുതല്‍ ഒറ്റപ്പെട്ട്് ജീവിച്ചതിന്റെ പ്രശ്‌നങ്ങളായിരുന്നു ആന്‍ലിയയ്‌ക്കെന്നുമുള്ള ജസ്റ്റിന്റെ ആരോപണങ്ങളെയും ഹൈജിനസ് ഖണ്ഡിക്കുന്നുണ്ട്. താന്‍ വിദേശത്ത് പോകുന്നത് 2010ലും ഭാര്യ എത്തുന്നത് 2011 ലും മാത്രമാണ്. അതിനു മുമ്പ് വരെ ആന്‍ലിയയെ കോളേജില്‍ കൊണ്ടുപോകുന്നതും തിരികെ കൊണ്ടുവന്നിരുന്നതുമെല്ലാം താനായിരുന്നുവെന്നു ഹൈജിനസ് പറയുന്നു. ആന്‍ലിയ അഹങ്കാരിയും ത്ന്നിഷ്ടക്കാരിയുമായിരുന്നുവെന്നും ഹോസ്റ്റലില്‍ വളര്‍ന്നതിന്റെ പ്രശ്‌നങ്ങളാണതെല്ലാമെന്നുമുള്ള ജസ്റ്റിന്റെ ആക്ഷേപങ്ങളും ഈ പിതാവ് തള്ളിക്കളയുന്നു. ആകെ ഒരു വര്‍ഷം മാത്രമാണ് ആന്‍ലിയ ഹോസ്റ്റലില്‍ നിന്നതെന്നാണ് ഹൈജിനസ് പറയുന്നത്.

‘ഈ മാലാഖയുടെ കയ്യിലിരിപ്പ് അവനല്ലേ അറിയൂ, ചുമ്മാതെ ആരും ആരേയും കൊല്ലില്ല’ -ആൻലിയയ്ക്കെതിരെ സോഷ്യൽ മീഡിയയില്‍ വ്യക്ത്യധിക്ഷേപം

ആന്‍ലിയയുടെതായി കണ്ടെത്തിയ ഡയറിയിലും ജസ്റ്റിനും കുടുംബവും ചേര്‍ന്ന് തന്നെ മാനസിക പ്രശ്‌നമുള്ളയാളാക്കി മാറ്റാന്‍ ശ്രമിച്ചിരുന്നുവെന്ന് പറയുന്നുണ്ട്. തന്നെ ഒരു ഭ്രാന്തിയാക്കി ചിത്രീകരിക്കുകയാണ് ജസ്റ്റിനും കുടുംബവും എന്നാണ് ആന്‍ലിയ ഈ പരാതിയില്‍ കുറിച്ചിരിക്കുന്നു. എന്റെ കുഞ്ഞിനേയും കൊണ്ട് എത്രനാള്‍ ഈ പീഢനം സഹിക്കുമെന്ന് ആന്‍ലിയ ചോദിക്കുന്നുണ്ട്. വിദ്യാഭ്യാസമുള്ള ഒരു പെണ്ണാണ്. എന്നെ ഒരു ഭ്രാന്തിയായി മുദ്രകുത്തുന്നു. സൈക്യാട്രിസ്റ്റിനോട് ഇയാള്‍ ഞാന്‍ ചെയ്യാത്ത കാര്യങ്ങള്‍ പറഞ്ഞ് എന്നെ മെഡിസിന്‍ കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു. കുഞ്ഞിനെ കാണിക്കാന്‍ കൊണ്ടുപോകുന്നു എന്ന പേരിലാണ് എന്നെ നിര്‍ബന്ധിച്ച് എന്നെ ഹോസ്പിറ്റിലില്‍ കൊണ്ടുപോയത്; ആന്‍ലിയ എഴുതിയിരിക്കുന്ന കാര്യമാണിത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ ജസ്റ്റിന്റെ ഉദ്ദേശം മനസിലാക്കി പ്രതിരോധിക്കാന്‍ ശ്രമിച്ച ആന്‍ലിയയെ ഡോക്ടറുടെ മുറിയിലേക്ക് തള്ളിക്കയറ്റുകയാണ് ചെയ്തതെന്ന് മകളുടെ ഡയറിയില്‍ നിന്നും മനസിലാക്കിയ കാര്യമായി ഹൈജിനസ് പറയുന്നുണ്ട്. തനിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ജോലി ചെയ്തിരുന്നിടത്തും പഠിച്ചിടത്തും നാട്ടുകാരോടും ചോദിക്കാനും ആന്‍ലിയ പൊലീസിന് നല്‍കാന്‍ എഴുതിയ പരാതിയില്‍ പറയുന്നുണ്ട്.

ആന്‍ലിയ ആത്മഹത്യ കുറിപ്പുകള്‍ എഴുതിയിരുന്നുവെന്നും ആത്മഹത്യ പ്രവണത കാണിച്ചിരുന്നുവെന്നും ജസ്റ്റിന്‍ പറയുമ്പോള്‍ പൊലീസിന് എഴുതിയ പരാതിയിലും ഡയറിയിലും തനിക്ക് സമാധനത്തോടെ ജീവിക്കണം എന്നു തന്നെയായിരുന്നു ആന്‍ലിയ ആവര്‍ത്തിച്ചിരുന്നത്. ചില സുഹൃത്തുക്കളോടും പറഞ്ഞിരുന്നത് ഈ സാഹചര്യങ്ങളെ താന്‍ അതിജീവിക്കുമെന്നുമായിരുന്നു. ജസ്റ്റിന്റെയും വീട്ടുകാരുടെയും ഉപദ്രവം കൂടാതെ തനിക്ക് ജീവിക്കണമെന്നും ജസ്റ്റിന്റെ കൂടെ പേടിയില്ലാതെ ജീവിക്കണമെന്നും ആ പരാതിയില്‍ ആന്‍ലിയ പറയുന്നുണ്ട്. താലി താന്‍ ഊരിമാറ്റിയെന്നും ജസ്റ്റിന്‍ കെട്ടിയ താലിയുടെ ബലത്തില്‍ ജസ്റ്റിന്റെ വീട്ടുകാര്‍ തന്നെ വരുന്നേ എന്നും ആന്‍ലിയ പരാതിപ്പെടുമ്പോഴും എന്റെ കുഞ്ഞിന് ഒരു അപ്പന്‍ വേണം, എനിക്ക് എന്റെ ഭര്‍ത്താവ് വേണം. എനിക്ക് വേറെ ആരുമില്ല. എന്റെ വീട്ടുകാരും ഇവിടെ ഇല്ല എന്നായിരുന്നു ആന്‍ലിയയ്ക്ക് പൊലീസിനോട് അപേക്ഷിക്കാനുണ്ടായിരുന്നത്. ഇങ്ങനെ പറഞ്ഞൊരാളെയാണ് ബെംഗളൂരുവിലേക്ക് പോകുന്നുവെന്നു പറഞ്ഞ യാത്രയില്‍ കാണാതാവുകയും പിന്നീട് പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍