UPDATES

സോഷ്യൽ വയർ

ആണുങ്ങളെല്ലാം ഇത്ര വൃത്തികെട്ടവരായിരുന്നോ? വെറുപ്പോടെ ആന്‍ലിയ പറഞ്ഞ ആ വൈദികന്‍ ആരെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ

ഗുരുതരമായ ആരോപണങ്ങളാണ് ആന്‍ലിയയുടെ പിതാവ് തന്റെ മകളുടെ മരണവുമായി ബന്ധപ്പെടുത്തി വൈദികനെതിരേ ഉയര്‍ത്തുന്നത്

പെരിയാറില്‍ മൃതദേഹം കണ്ടെത്തിയ മട്ടാഞ്ചേരി സ്വദേശി ആന്‍ലിയയുടെ മരണത്തിലെ ദുരൂഹതയ്ക്കു പിന്നാലെ പിതാവ് ഹൈജിനസ് പോരാട്ടം തുടരുമ്പോള്‍, ആരോപണവിധേയരായ ഭര്‍തൃവീട്ടുകാര്‍ക്കൊപ്പം പ്രതിസ്ഥാനത്ത് ഉയരുന്നത് ഒരു വൈദകന്റെ പേരുകൂടിയാണ്. ആരാണ് ഈ വൈദികന്‍ എന്നാണ് സോഷ്യല്‍ മീഡിയ അടക്കം ചോദിക്കുന്നത്. മകളുടെ നീതിക്കായി ഹൈജിനസ് തുടങ്ങി ജസ്റ്റീസ് ഫോര്‍ ആന്‍ലിയ എന്ന ഫെയ്‌സബുക്ക് പേജിലും ആളുകള്‍ തിരക്കുന്നത് ആ വൈദികനെയാണ്. ഇയാള്‍ക്കെതിരേ കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിലിന് പരാതി നല്‍കിയിട്ടുണ്ടെങ്കിലും തത്കാലം വൈദികന്റെ പേരോ അദ്ദേഹം നല്‍കിയ മൊഴിയോ പുറത്തു വിടുന്നില്ലെന്നാണ് ഹൈജിനസ് പറയുന്നത്. പക്ഷേ ഗുരുതരമായ ആരോപണങ്ങളാണ് ഈ പിതാവ് തന്റെ മകളുടെ മരണവുമായി ബന്ധപ്പെടുത്തി വൈദികനെതിരേ ഉയര്‍ത്തുന്നത്.

ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന വൈദികന്റെ ഭാഗത്തു നിന്നും ഇത്തരത്തിലൊരു വഞ്ചന പ്രതീക്ഷിച്ചിരുന്നില്ലെന്നും ഹൈജിനസ് മാധ്യമങ്ങളെ കണ്ടു സംസാരിക്കുമ്പോള്‍ വെളിപ്പെടുത്തി. മകളുടെ മരണത്തിന് ഉത്തരവാദിയായി നില്‍ക്കുന്ന ഭര്‍ത്താവ് ജസ്റ്റിനെ സംരക്ഷിക്കുന്ന നിലപാടാണ് വൈദികന്‍ സ്വീകരിക്കുന്നതെന്നും ജസ്റ്റിന്‍ കീഴടങ്ങിയതിനു പിന്നാലെയും വൈദികന്‍ തന്നെ സമീപിക്കുന്നത് മകളുടെ മരണത്തിനു കാരണക്കാരനായവനെ സംരക്ഷിക്കാന്‍ ശ്രമിച്ചു കൊണ്ടാണെന്നും ഹൈജിനസ് പറയുന്നു. വൈദികന്‍ പൊലീസിനു നല്‍കിയ മൊഴി നുണകളാണെന്നും ജസ്റ്റിനെയും വീട്ടുകാരെയും സംരക്ഷിക്കാനാണ് ശ്രമമെന്നും ഹൈജിനസ് കുറ്റപ്പെടുത്തുന്നു.

ജസ്റ്റിനും കുടുംബവും ആന്‍ലിയയെ മാനസികരോഗിയാക്കാനാണ് ശ്രമിച്ചിരുന്നത്. ഇതിനു കൂട്ടുനില്‍ക്കുകയായിരുന്നു വൈദികന്‍ ചെയ്തത്. പൊലീസിനു കള്ളമൊഴി കൊടുത്തത് കൂടാതെ ജസ്റ്റിനും കുടുംബവും ആന്‍ലിയയെ മാനസിക വെല്ലുവിളി നേരിടുന്നവളെന്നു സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തു. പൊലീസും ഇവര്‍ക്കൊപ്പം നിന്നതോടെയാണ് തന്റെ മകള്‍ക്ക് നീതി കിട്ടാതെ പോയതെന്നും ഹൈജിനസ് പറയുന്നു.

മകളുടെ മരണത്തില്‍ നീതി തേടി പൊലീസില്‍ വീണ്ടും പരാതി നല്‍കാന്‍ തയ്യാറെടുത്തപ്പോള്‍ ഈ വൈദികന്‍ തന്നെ പിന്തിരിപ്പിക്കാനാണ് നോക്കിയത്. ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞത് മകളോ പോയി മകനെ സൂക്ഷിച്ചോ എന്നൊക്കെയായിരുന്നുവെന്നും ഹൈജിനസ് പറയുന്നു. പിന്നീട് പൊലീസില്‍ നിന്നും വൈദികന്‍ നല്‍കിയ മൊഴി കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്നും ഹൈജിനസ് വ്യക്തമാക്കുന്നു. മാത്രമല്ല, തനിക്കെതിരേ കമ്മിഷണര്‍ക്ക് പരാതി നല്‍കുകയും വൈദികന്‍ ചെയ്‌തെന്നും പക്ഷേ കമ്മിഷണര്‍ക്ക് കാര്യങ്ങള്‍ ബോധ്യമാവുകയും കേസുമായി മുന്നോട്ടുപോകാന്‍ തന്നെ അദ്ദേഹം പ്രേരിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്നും ആന്‍ലിയയുടെ പിതാവ് പറയുന്നു.

ആന്‍ലിയ ഈ വൈദികനെ ഒരുപാട് വെറുത്തിരുന്നുവെന്നും ഹൈജിനസ് മാധ്യമങ്ങളോട് സംസാരിക്കുന്ന കൂട്ടത്തില്‍ വ്യക്തമാക്കുന്നുണ്ട്. തന്റെ മോളെക്കുറിച്ച് മോശമായ കാര്യങ്ങളാണ് വൈദികന്‍ പറഞ്ഞത്. മോള് ഹോസ്റ്റലില്‍ ജീവിച്ചതുകൊണ്ട് അവള്‍ അഹങ്കാരിയാണെന്നാണ് വൈദികന്‍ പറഞ്ഞത്. ഇതിലൂടെ ആ വൈദികന് തന്റെ മോളോടുള്ള വൈരാഗ്യം എന്താണെന്നു മനസിലാകുമെന്നും ഈ പിതാവ് പറയുന്നു. ആന്‍ലിയയും ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങളില്‍ വൈദികന്‍ ഇടപെട്ടത് നല്ല ഉദ്ദേശത്തോടെയായിരുന്നില്ലെന്നും മകള്‍ പറഞ്ഞതായി അവളുടെ മരണശേഷം തന്റെ ഭാര്യ പറഞ്ഞത്, പപ്പയോട് പറയണം, അയാളെ(വൈദികനെ) മേലാല്‍ വീട്ടില്‍ കയറ്റരുത് എന്നായിരുന്നുവെന്നും ഹൈജിനസ് വെളിപ്പെടുത്തുന്നു. ആണുങ്ങളെല്ലാം ഇത്ര വൃത്തികെട്ടവരാണെന്ന് എനിക്കറിയില്ലായിരുന്നുവെന്നാണ് വൈദികനെക്കുറിച്ച് പറയുമ്പോള്‍ തന്റെ മോള്‍ പറഞ്ഞതെന്നും െൈഹജിനസ് വെളിപ്പെടുത്തുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍