UPDATES

ട്രെന്‍ഡിങ്ങ്

വര്‍ഗ്ഗീയ വിഷം ചീറ്റി മോദി മുതല്‍ മുരളീധരന്‍ വരെ; തുടരുന്ന മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ എത്തുമെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ തുടങ്ങിയതാണ് ബിജെപിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നത് തുടരുകയാണ് ബിജെപി. കേന്ദ്ര നേതാക്കള്‍ തൊട്ട് സംസ്ഥാന നേതാക്കള്‍ വരെ കടുത്ത ഇസ്ലാം വിരുദ്ധതയും ഹിന്ദുത്വവാദവും നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളാണ് സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയുടെയും രാജ്യസഭ എംപി വി.മുരളീധരന്റെയും പ്രസ്താവനകള്‍.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ എത്തുമെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ തുടങ്ങിയതാണ് ബിജെപിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍. മുസ്ലിം ജനവിഭാഗത്തെ ലക്ഷ്യം വച്ചുകൊണ്ടുള്ളതായിരുന്നു ഇതിലേറെയും. വയനാട് മുസ്ലിം ഭൂരിപക്ഷ മണ്ഡലമാണെന്നും മുസ്ലിം വോട്ടുകള്‍ നേടി ജയിക്കാനാണ് രാഹുല്‍ വയനാട്ടില്‍ വരുന്നതെന്നുമായിരുന്നു പ്രധാന ആക്ഷേപം. മുസ്ലിം ലീഗിന്റെ കൊടി പാകിസ്താന്‍ കൊടിയാണെന്നു പറഞ്ഞു രാഹുല്‍ ഗാന്ധിക്ക് പാകിസ്താന്‍ സഹായം എന്ന രീതിയില്‍ ബിജെപി പ്രചാരണം നടത്തി. ഉത്തരേന്ത്യയില്‍ ലീഗിനെയും പാകിസ്താനെയും ഒരുമിച്ച് ചേര്‍ത്ത് വലിയ തോതിലുള്ള പ്രചാരണമാണ് ബിജെപി നടത്തുന്നത്. മുസ്ലിം ലീഗിന്റെ കൊടിക്കും പാകിസ്താന്റെ ദേശീയ പതാകയ്ക്കും കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുപോലും സോഷ്യല്‍ മീഡിയയില്‍ വ്യാജ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് ബിജെപി തങ്ങളുടെ പ്രചാരണവുമായി മുന്നോട്ടു പോയി. കേരളത്തിലും ഈ വ്യാജപ്രചാരണങ്ങള്‍ വലിയ രീതിയില്‍ നടക്കുന്നുണ്ട്. ബിജെപി പ്രവര്‍ത്തകയായ അഡ്വ. പ്രേരണകുമാരി രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ പാകിസ്ഥാന്‍ പതാക വീശിയെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ വര്‍ഗീയ പ്രസ്താവനകളുമായി രംഗത്തു വന്നത്. ഹിന്ദുക്കളെ പേടിച്ചാണ് രാഹുല്‍ ഗാന്ധി മുസ്ലിങ്ങള്‍ക്കിടയിലേക്ക് വന്നതെന്നായിരുന്നു മോദിയുടെ പരിഹാസം.ഹിന്ദുക്കളെ ഭയക്കുന്നതുകൊണ്ടാണ് ഹന്ദുക്കള്‍ ന്യൂനപക്ഷമായ ഒരു മണ്ഡലത്തില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായതെന്നായിരുന്നു മഹാരാഷ്ട്രയിലെ വാര്‍ധയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ മോദി ആരോപിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് ഉന്നം വച്ചതും മുസ്ലിങ്ങളെയായിരുന്നു. മുസ്ലിം ലീഗ് വൈറസ് ആണെന്നായിരുന്നു യോഗിയുടെ വിവാദ പ്രസ്താവന. ഈ വൈറസിനാല്‍ രാജ്യം ഒരിക്കല്‍ വിഭജിക്കപ്പെടുമെന്നും യോഗി ആദിത്യനാഥ് ആക്ഷേപിച്ചിരുന്നു. ഇതിനു തുടര്‍ച്ചയെന്നോണമാണ് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായ വയനാടിനെ പാകിസ്താനാക്കിയത്. വയനാട് ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്നു മനസിലാകുന്നില്ലെന്നായിരുന്നു പരിഹാസ ചുവയോടെയുള്ള അമിത് ഷായുടെ വാക്കുകള്‍. രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയോടുനുബന്ധിച്ച് നടന്ന പ്രകടനം കണ്ടാല്‍ അത് ഇന്ത്യയാണോ പാകിസ്താനാണോ എന്നു കാഴ്ച്ചക്കാര്‍ക്ക് സംശയം തോന്നുമെന്നായിരുന്നു അമിത് ഷായുടെ വാക്കുകള്‍.

മലപ്പുറത്ത് ‘മുസ്ലിമല്ലാത്തൊരാള്‍ക്ക് വീട് വയ്ക്കാന്‍ പറ്റില്ല, റേഷന്‍ കാര്‍ഡ് കിട്ടില്ല’; ജനസംഘത്തിന്റെ പ്രചരണം തുടരുന്ന ബിജെപി: എം.എന്‍ കാരശ്ശേരി/അഭിമുഖം

കേന്ദ്ര നേതാക്കളില്‍ നിന്നും വര്‍ഗീയ പരാമര്‍ശങ്ങള്‍ തുടര്‍ച്ചയായി വന്നതോടെ സംസ്ഥാന നേതാക്കളും ഇതേറ്റു പിടിക്കുന്ന കാഴ്ച്ചയാണ് പിന്നീട് കാണാനായത്. എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ അല്‍ഫോന്‍സ് കണ്ണന്താനവും ബിജെപി ദേശീയ നേതാക്കളുടെ മുസ്ലിം വിരുദ്ധ- പാകിസ്താന്‍ പരാമര്‍ശങ്ങളെ അംഗീകരിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി വന്ന ദിവസം വയനാട്ടില്‍ പച്ചയല്ലാതെ വേറെ എന്തെങ്കിലും കാണാനുണ്ടായിരുന്നോ എന്നാണ് അല്‍ഫോന്‍സ് കണ്ണന്താനം ചോദിച്ചത്. ബിജെപി സംസ്ഥാന നേതാവ് ബി ഗോപാലകഷ്ണന്‍ മറ്റുള്ളവരെക്കാള്‍ കടുത്ത ആരോപണമാണ് ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് നടത്തിയത്. മുസ്ലിം ലീഗ് മലപ്പുറത്ത് മൂന്നു വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് ലീഗ് കലാപമുണ്ടാക്കിയിട്ടുണ്ടെന്നും േേഗാപാലകൃഷ്ണന്‍ ആരോപിച്ചു. എന്നാല്‍ ഇതൊന്നും യാതൊരു തെളിവോ അടിസ്ഥാനമോ ബിജെപി നേതാവിന് പറയാനില്ലായിരുന്നു. വ്യാജാരോപണങ്ങള്‍ ആണെന്നു ചൂണ്ടിക്കാണിക്കുമ്പോഴും തന്റെ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുകയും എതിര്‍പ്പുയര്‍ത്തിയവരെ നുണ പറയുന്നവരാക്കി ചിത്രീകരിക്കുകയുമായിരുന്നു ഗോപാലകൃഷ്ണന്‍ ചെയ്തത്. മുസ്ലീം ലീഗുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു പരാതിയോ ആരോപണമോ ഇതുവരെ ഉണ്ടായിട്ടില്ലെന്നതാണ് വാസ്തവം. എന്നാല്‍ ബിജെപി അവരുടേതായ രീതിയില്‍ നടത്തുന്ന പ്രചാരണങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയും മുസ്ലിം സമുദായത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് ഇന്നു നടത്തിയത്. ബാലാകോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും തിരയുന്നവരുണ്ട്. ഇസ്ലാമാണെങ്കില്‍ ചില അടയാളങ്ങള്‍ പരിശോധിക്കണം, ഡ്രസ് എല്ലാം മാറ്റി നോക്കണ്ടേ എന്നാണ് ശ്രീധരന്‍പിള്ള പറഞ്ഞത്. ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം. ജീവന്‍ പണയപ്പെടുത്തി വിജയം നേടുമ്പോള്‍, രാഹുല്‍ ഗാന്ധി, യെച്ചൂരി, പിണറായി എന്നിവര്‍ പറയുന്നത് അവിടെ മരിച്ചു കിടക്കുന്നവര്‍ ഏത് ജാതിക്കാരാണെന്ന് അറിയണമെന്നാണ്. ഇസ്ലാമാണെങ്കില്‍ ഏത് മതക്കാരാണെന്ന് അറിയണമല്ലോ. ഡ്രസ് എല്ലാം മാറ്റി നോക്കണമല്ലോ; ഇതായിരുന്നു ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍. മുന്‍ സംസ്ഥാന പ്രസിഡന്റും രാജ്യസഭ എംപിയുമായി വി. മുരളീധരന്‍ തന്റെ ദേശീയ നേതാക്കളുടെ വാക്കുകളെ പിന്‍പറ്റിയാണ് വര്‍ഗീയ പരാമര്‍ശം നടത്തിയത്. പാകിസ്താനെ പിന്തുണയ്ക്കുന്നവരാണ് മുസ്ലിം ലീഗിലെ ഒരു വിഭാഗം എന്നാണ് മുരളീധരന്‍ പറയുന്നത്. അമിത് ഷാ മുസ്ലിം ലീഗിനെ പാകിസ്താനോട് ഉപമിച്ചത് അവരില്‍ ഒരു വിഭാഗം പാകിസ്താനെ പിന്തുണയ്ക്കുന്നതുകൊണ്ടാണെന്നാണ് മുരളീധരന്റെ ന്യായീകരണം.

ബിജെപിയും സംഘപരിവാറും കേരളത്തില്‍ പടര്‍ത്തുന്ന നുണകളെ തിരുത്തിക്കൊണ്ടിരുന്നില്ലെങ്കില്‍ അപകടമാണ്; രാജന്‍ ഗുരുക്കള്‍/അഭിമുഖം

ഒരുവശത്ത് ശബരിമല വൈകാരികമായി ഉപയോഗപ്പെടുത്തി ഹിന്ദു വോട്ടുകള്‍ നേടാന്‍ ശ്രമിക്കുന്നതിനൊപ്പം തന്നെയാണ് ഇപ്പുറത്ത് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ തുടരുന്നതും. മതത്തിന്റെയോ ദൈവത്തിന്റെയോ പേരില്‍ വോട്ട് തേടരുതെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടും ഇത് ലംഘിച്ചാണ് ശബരിമല പ്രധാന പ്രചാരണ ആയുധമാക്കി ബിജെപി മാറ്റിയിരിക്കുന്നത്. അയ്യപ്പന്റെ പേരില്‍ പരസ്യമായി തന്നെ വോട്ട് പിടിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് ചെയ്യാന്‍ പറ്റുന്നതെന്തായാലും ചെയ്‌തോളാനും ബിജെപി നേതാക്കള്‍ വെല്ലുവിളിക്കുന്നുണ്ട്. ശബരിമല എന്ന സുവര്‍ണാവസരം ഉപയോഗിക്കുമെന്നു തന്നെ പി എസ് ശ്രീധരന്‍ പിള്ളയും വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തില്‍ എത്തിയ സമയത്ത് ശബരിമലയും ആചാര സംരക്ഷണങ്ങളുമൊക്കെയാണ് വിഷയമാക്കിയത്. ശബരിമലയെന്ന് പറയാതെ തന്നെ ശബരിമലയാണ് വോട്ടെടുപ്പിനെ സ്വാധീനിക്കേണ്ടതെന്ന് ഹിന്ദുമത വിശ്വാസികളോട് ആഹ്വാനം ചെയ്യുകയായിരുന്നു കോഴിക്കോട് നടത്തിയ പ്രസംഗത്തില്‍ മോദി ചെയ്തത്. തെരഞ്ഞെടുപ്പ് തീയതി അടുക്കുന്നതോടെ മതവും വര്‍ഗീയതയും ഒരുപോലെ വിഷയമാക്കുന്ന ബിജെപി നടപടിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനടക്കം, മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തു വരുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍