UPDATES

ട്രെന്‍ഡിങ്ങ്

ബിനോയിക്ക് മുൻകൂർ ജാമ്യം; പൊലീസ് ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാകണമെന്ന് കോടതി

കര്‍ശന ഉപാധികളോടെയാണ് കോടതി ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയിരിക്കുന്നത്.

ബിനോയ് കോടിയേരിക്ക് മുൻകൂർ ജാമ്യം ലഭിച്ചു. ബിഹാറുകാരിയായ യുവതി നൽകിയ പീഡനക്കേസിലാണ് ജാമ്യം. കർശന ഉപാധികളും കോടതി മുമ്പോട്ടു വെച്ചിട്ടുണ്ട്. ജാമ്യത്തുകയായി 25,000 രൂപ കെട്ടിവെക്കണം. ഒരു മാസക്കാലം എല്ലാ തിങ്കളാഴ്ചയും പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണം. പോലീസ് ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാകണം. ഇതിനായി രക്ത സാമ്പിളുകൾ കൈമാറണം. സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കാന്‍ പാടില്ല തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് കോടതി ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയിരിക്കുന്നത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച മുംബയ് ദിന്‍ദോഷി കോടതിയുടെതാണ് തീരുമാനം. ജാമ്യാപേക്ഷയിൽ വിധി പറയും വരെ അറസ്റ്റ് പാടില്ലെന്നും കോടതി ആവശ്യപ്പെട്ടിരുന്നതാണ്. പരാതിക്കാരിയായ യുവതിക്കും കുട്ടിക്കും ബിനോയ് വിസ അയച്ചതിന്റെ രേഖകള്‍ ഉൾപ്പെടെ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. ഗള്‍ഫിലേയ്ക്കുള്ള ടൂറിസ്റ്റ് വിസയാണ് അയച്ചത്. ബിനോയിയുടെ ഇ മെയിലില്‍ നിന്നാണ് വിസ അയച്ചിരിക്കുന്നത്. പ്രോസിക്യൂഷന് പുറമെ തനിക്ക് അഭിഭാഷകന്‍ വേണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. ബിനോയിയ്ക്ക് ജാമ്യം നല്‍കരുത് എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസ് അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ ബിനോയിയ്ക്ക് ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടലാണ് പരാതിക്കാരിയുടെ ലക്ഷ്യമെന്ന് പ്രതിഭാഗം വാദിച്ചു. മുംബൈ അന്ധേരിയിലെ ഫ്‌ളാറ്റില്‍ ബിനോയിക്കൊപ്പം താമസിച്ചതിന്റേ രേഖകളും ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയിയുടെ പേരിലുള്ള പാസ്‌പോര്‍ട്ടിന്റെ കോപ്പിയും യുവതി നേരത്തെ പൊലീസിന് കൈമാറിയിരുന്നു.

വിവാഹരേഖ വ്യാജമാണ് എന്നാണ് ബിനോയിയുടെ വാദം. കുട്ടിയുടെ പിതാവ് താനല്ല എന്ന് പറയുന്ന ബിനോയ് പക്ഷെ ഇത് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറായിരുന്നില്ല. ആരോപണം വാർത്തയായതിന് പിന്നാലെ ഒളിവിൽ പോയ ബിനോയിയ്ക്ക് വേണ്ടി കേരളത്തില്‍ നടത്തിയ തിരച്ചില്‍ ഫലം കണ്ടിരുന്നില്ല. ഇതേത്തുടര്‍ന്ന് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.അതേസമയം പരാതിക്കാരിയായ യുവതിയുടെ കുട്ടിയുടെ പിതാവ് ബിനോയ് ആണ് എന്ന് പറയുന്നത് തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് അനിവാര്യമാണ് എന്നാണ് മുംബയ് പൊലീസ് പറയുന്നത്. ആദ്യം വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ബിനോയ് യുവതിയുടെ ഭര്‍ത്താവാണ് എന്ന് തെളിയിക്കുന്ന പാസ്‌പോര്‍ട്ട് പേജിന്റെ കോപ്പിയും വന്നു. പൊലീസിന്റെ ഈ വാദങ്ങളെ വെച്ച് നോക്കുമ്പോൾ ഡിഎൻഎ പരിശോധന വേണമെന്ന് ആവശ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്.

കുട്ടിയെ വളര്‍ത്തുന്നതിനും ജീവിത ചെലവിനുമായി യുവതി അഞ്ച് കോടി രൂപ ബിനോയിയോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യം തള്ളിയതോടെയാണ് യുവതി കോടതിയെ സമീപിച്ചത്. ബിനോയിയുടെ അമ്മ വിനോദിനി ബാലകൃഷ്ണനും ബിനോയിയും മുംബൈയിലെത്തി യുവതിയെ കണ്ട് സംസാരിച്ചിരുന്നെങ്കിലും പണം നല്‍കാന്‍ ബിനോയ് തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍