UPDATES

കാശുണ്ടെങ്കില്‍ എന്തുമാകാമോ? ആന്റണിയുടെതും വയലില്‍ പണിയെടുത്ത് കഴിഞ്ഞിരുന്നൊരു കുടുംബമായിരുന്നില്ലേ…

എത്ര വലിയ ഭീഷണിയുണ്ടായാലും ആന്റണി പെരുമ്പാവൂര്‍ ആഗ്രഹിക്കുന്നപോലെ കൃഷിഭൂമി നികത്താന്‍ അനുവദിക്കില്ലെന്നതു തന്നെയാണ് തന്റെയും പാര്‍ട്ടിയുടെയും നിലപാട് എന്നും രൂപേഷ്- ഭാഗം 3

പെരുമ്പാവൂര്‍ നഗരസഭയുടെ 13-ആം വാര്‍ഡില്‍പ്പെട്ട മനയ്ക്കത്താഴം പാടശേഖരത്തുള്ള 92 സെന്റ്‌ സ്ഥലം സിനിമ നിര്‍മാതാവും നടനുമായ ആന്റണി പെരുമ്പാവൂര്‍ നികത്തുന്നതിനെതിരെ കഴിഞ്ഞ 11 വര്‍ഷമായി പോരാട്ടത്തിലാണ് സിപിഎം പട്ടാല്‍ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി രൂപേഷ് കുമാര്‍. പോലീസിനെയും റവന്യൂ ഉദ്യോഗസ്ഥരെയും ഒക്കെ ആന്റണി സ്വാധീനിക്കുന്നുവെന്നും എന്നാല്‍ വെള്ളം പോലും ഇല്ലാതായിക്കൊണ്ടിരിക്കുന്ന നാട്ടില്‍ ഇനിയും വയല്‍ നികത്താന്‍ അനുവദിക്കില്ലെന്നുമാണ് രൂപേഷ് കുമാര്‍ പറയുന്നത്. ഈ റിപ്പോര്‍ട്ടിന്റെ ആദ്യ രണ്ട് ഭാഗങ്ങള്‍ ഇവിടെ വായിക്കാം: ഈ പാടം നികത്താന്‍ ആന്റണി പെരുമ്പാവൂരിനാകില്ലഹൈക്കോടതി ഉത്തരവിന് പുല്ലുവില; പാടം നികത്താന്‍ ഉദ്യോഗസ്ഥര്‍ ആന്റണി പെരുമ്പാവൂരിനെ സഹായിക്കുന്ന വിധം

ഭാഗം 3

“വയലില്‍ പണിയെടുത്ത കുടുംബം തന്നെയായിരുന്നു ആന്റണിയുടേതും. ഞങ്ങളുടെ അയല്‍ക്കാരായിരുന്നതിനാല്‍ അക്കാര്യങ്ങളെല്ലാം നന്നായി അറിയാം. പക്ഷേ, അന്നത്തെ ആന്റണി ഇന്നത്തെ ആന്റണി പെരുമ്പാവൂരായപ്പോള്‍ എല്ലാത്തിലും കച്ചവടം കാണുന്നു. പണം ഉണ്ടാക്കുക, ലാഭം നേടുക എന്നു മാത്രം ചിന്തയായപ്പോള്‍ ഒരിക്കല്‍ അന്നത്തിനായി ആശ്രയിച്ച വയല് തന്നെ ഇപ്പോള്‍ കച്ചവടഭൂമിയായി കാണുകയാണ്”; രൂപേഷ് പറയുന്നു. “ആന്റണിയുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ടാണ് ഞങ്ങള്‍ ഇപ്പോള്‍ അയാളെ എതിര്‍ക്കുന്നതെന്നാണ് ചിലരെക്കൊണ്ട് പറയിപ്പിക്കുന്നത്. ആദ്യ തവണ പാടത്ത് മണ്ണിറക്കാനുള്ള ശ്രമം തടഞ്ഞപ്പോള്‍ ആന്റണി എന്നെ വിളിച്ചിരുന്നു. പരസ്പരം അറിയുന്നവരല്ലേ, പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കരുതേയെന്ന് സ്‌നേഹത്തോടെയുള്ള അപേക്ഷ. അതേ സ്‌നേഹത്തോടെ ഞാന്‍ തിരിച്ചു പറഞ്ഞത്, ആ സ്‌നേഹവും ബന്ധവുമൊക്കെ അതുപോലെ നില്‍ക്കും. പക്ഷേ, ഇത് മണ്ണിന്റെ കാര്യമാണ്, നാടിന്റെ കാര്യമാണ്. പാര്‍ട്ടിക്ക് ഈ കാര്യങ്ങളിലൊക്കെ ഒരു നിലപാട് ഉണ്ട്. ആ നിലപാടു മാത്രമായിരിക്കണം എന്നില്‍ നിന്നും പ്രതീക്ഷിക്കേണ്ടതെന്നായിരുന്നു. പിന്നീട് എന്നെ വിളിച്ചിട്ടുമില്ല, കണ്ടിട്ടുമില്ല. ആന്റണിയെ ചെറിയ നാള്‍ മുതല്‍ അറിയാവുന്നൊരാള്‍ എന്ന നിലയില്‍ എനിക്കയാളുടെ വളര്‍ച്ചയില്‍ ഒരസൂയയും തോന്നേണ്ടതില്ല, ഞാന്‍ വിചാരിച്ചാല്‍ അയാളെ തകര്‍ക്കാനും പറ്റില്ല. പക്ഷേ, ഈ വിഷയത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ല. വയലില്‍ പണിയെടുത്ത് തന്നെ ജീവിതം കഴിച്ചുപോന്ന ഒരു കുടുംബത്തിലെ അംഗമാണ് ഞാന്‍. ഇന്നും ഞങ്ങളുടെ പാടത്ത് നെല്‍ കൃഷി ചെയ്യുന്നുണ്ട്. ഒരിക്കല്‍ എന്റെ അച്ഛന്‍ വരമ്പു കോരി രണ്ട് തെങ്ങിന്‍ തൈ വയ്ക്കാന്‍ പോയത് തടഞ്ഞ മകനാണ് ഞാന്‍. അന്ന് ആ പാടത്ത് ഇതുപോലൊരു ചുവന്ന കൊടിയും കുത്തി. സ്വന്തം അച്ഛനെ തടയാമെങ്കില്‍ പിന്നെ, മറ്റുള്ളവരെ തടഞ്ഞൂടേ”; രൂപേഷ് ചോദിക്കുന്നു.

“ഈ വിഷയത്തില്‍ ഒരടി പിന്നോട്ടു മാറാതെ നില്‍ക്കുന്നതു കൊണ്ട് എന്നോട് ദേഷ്യമുള്ളത് ആന്റണിക്കു മാത്രമല്ല, അയാളെ സഹായിക്കുന്ന പൊലീസിനും വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമെല്ലാമുണ്ട്. നിന്നെ കുടുക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയിട്ടുണ്ട് പൊലീസ്. കുടുങ്ങുന്നത് നിങ്ങളായിരിക്കുമെന്ന് അതേ ഭാഷയില്‍ തിരിച്ചു പറഞ്ഞിട്ടുമുണ്ട്. കാരണം ഈ വിഷയത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് കൃത്രിമത്വങ്ങളാണ്; രൂപേഷ് ചൂണ്ടിക്കാട്ടിക്കുന്നു.

രൂപേഷ് പറയുന്നതിനോട് യോജിക്കുന്നതാണ് ഈ വിഷയത്തില്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് ശ്രദ്ധിച്ചാല്‍ മനസിലാകുന്നത്.

കെഎല്‍യു-ബി റ്റി ആര്‍ പ്രകാരം നിലമായി രേഖപ്പെടുത്തിയ തന്റെ വസ്തുവില്‍ ഇടവിളകള്‍ കൃഷി ചെയ്യുന്നതിന് അനുമതി ആവശ്യപ്പെട്ടാണ് 2015 മേയില്‍ ആന്റണി ജോസഫ് മലേക്കുടി എന്ന ആന്റണി പെരുമ്പാവൂര്‍ വില്ലേജ് ഓഫിസില്‍ അപേക്ഷ നല്‍കുന്നത്.

ഈ അപേക്ഷയില്‍ വില്ലേജ് ഓഫീസര്‍ മുഖേന അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രസ്തുത വസ്തു യാതൊരു കൃഷിയും ചെയ്യാതെ 15 വര്‍ഷത്തോളമായി തരിശായി കിടക്കുന്നതാണെന്നും ഈ വസ്തുവിന്റെ സമീപത്ത് പുരയിടാവസ്ഥയിലുള്ള വസ്തുക്കള്‍ നിലവിലുള്ളതാണെന്നുമാണ് പറഞ്ഞിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മൂവാറ്റുപുഴ റവന്യു ഡിവിഷണല്‍ ഓഫിസറുടെ ഓഫിസില്‍ നിന്നും നടത്തിയ സ്ഥല പരിശോധനയുടെ ഭാഗമായ റിപ്പോര്‍ട്ടില്‍, ആന്റണിയുടെ വസ്തു വില്ലേജ് റിക്കാര്‍ഡുകള്‍ പ്രകാരം നിലമാണെങ്കിലും വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ നെല്‍ക്കൃഷി ചെയ്യാത്തതും തരിശയായി കിടക്കുന്നതുമാണെന്നും പരിസരത്ത് താമസിക്കുന്ന വീടുകള്‍ ഉള്ളതാണെന്നും കണ്ടെത്തിയെന്നാണ് പറയുന്നത്. ഈ സ്ഥലത്ത് നെല്‍കൃഷി ചെയ്യാന്‍ സാധിക്കില്ലെന്നാണ് ആര്‍ഡിഒ കണ്ടെത്തിയത്. വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ട് വസ്തുതാപരമാണെന്നു ബോധ്യപ്പെട്ടതായി രേഖപ്പെടുത്തിക്കൊണ്ട് ആന്റണി പെരുമ്പാവൂരിന് കെഎല്‍യു ഉത്തരവ് 6(2) വകുപ്പിന്റെ ഇളവ് നല്‍കി നെല്‍കൃഷിയിതര കൃഷികള്‍ ചെയ്യുന്നതിന് ആര്‍ഡിഒ അനുമതി നല്‍കുകയായിരുന്നു.

"</p

ഈ ഉത്തരവിന്റെ മറവിലാണ് ആന്റണി വീണ്ടും വാഴയും കപ്പയും കൃഷി തുടങ്ങിയതെന്നും അതിനുവേണ്ടി വരമ്പ് കോരുകയും അതിനിടയില്‍ ഒളിച്ചെന്ന പോലെ വട്ട തുടങ്ങിയ പാഴ്മരത്തിന്റെ കമ്പുകള്‍ കുത്തിയതെന്നും സിപിഎം ആരോപിക്കുന്നു. വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ടും ആര്‍ഡിഒയുടെ ഉത്തരവും നിയമലംഘനം നടത്തുന്നൊരാള്‍ക്ക് സഹായം ചെയ്തു കൊടുക്കുന്നതിന് തുല്യമാണെന്നു കാണിച്ചാണ് സിപിഎം പട്ടാല്‍ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി രൂപേഷ് കളക്ടര്‍ക്ക് പരാതി നല്‍കിയതും ലാന്‍ഡ് റെവന്യു കമ്മിഷണര്‍ക്കു മുന്നില്‍ വിഷയം എത്തുന്നതും.

സിപിഎം ചൂണ്ടിക്കാണിച്ചപോലെയാണ് കാര്യങ്ങളെന്ന് സമ്മതിക്കുന്നതാണ് ലാന്‍ഡ് റവന്യു കമ്മിഷണറുടെ റിപ്പോര്‍ട്ട് എന്ന് അത് വായിക്കുമ്പോള്‍ മനസിളാകും.

ആന്റണിയുടെ വസ്തു ബിടി ആറിലും ഡാറ്റ ബാങ്കിലും ‘നിലം’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡാറ്റ ബാങ്കില്‍ നിലം എന്നു രേഖപ്പെടുത്തിയ എല്ലാ സ്ഥലങ്ങളിലും 2008-ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമേ നടപടി സ്വീകരിക്കാന്‍ പാടുള്ളു. ഇക്കാര്യം വിവിധ കേസുകളിലായി ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചിട്ടുള്ളതാണ്.

Revenue Divisinal Officer Fort Kochi and others Vs Jalaja dileep and others( civil appeal 2749/2015(Arising out of SLP(Civil 3172/2014) നമ്പര്‍ കേസിലായി 2015 മാര്‍ച്ച് പത്തിന് സുപ്രിം കോടതി നടത്തിയ വിധിന്യായത്തില്‍ ബിടിആറില്‍ നിലം എന്നു രേഖപ്പെടുത്തിയിട്ടുള്ളതും എന്നാല്‍ ഡാറ്റ ബാങ്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതുമായ ഭൂമിയില്‍ 1976 ലെ കേരള ഭൂവിനിയോഗ ഉത്തരവ് ബാധകമായിരിക്കും എന്നും എന്നാല്‍ ബിടിആറിലും ഡാറ്റ ബാങ്കിലും നിലം എന്നു രേഖപ്പെടുത്തിയ സ്ഥലങ്ങളില്‍ 2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ബാധകമായിരിക്കും എന്നും പറയുന്നുണ്ട്. ആയതുകൊണ്ട് ബിടിആറിലും ഡാറ്റ ബാങ്കിലും നിലം എന്നു രേഖപ്പെടുത്തിയ സ്ഥലത്ത് ആര്‍ഡിഒ ആന്റണി പെരുമ്പാവൂരിന് അനുകൂലമായി പറഞ്ഞതുപോലെ കേരള ഭൂവിനിയോഗ ഉത്തരവ് ബാധകമാകില്ലെന്നും 2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ആണ് ബാധകമായി വരികയെന്നുമാണ് ലാന്‍ഡ് റവന്യു കമ്മിഷണര്‍ ചൂണ്ടിക്കാണിക്കുന്നത്.

1967 ലെ കേരള ഭൂവിനിയോഗ ഉത്തരവിലെ ക്ലോസ് 6(2) പ്രകാരം നെല്‍കൃഷി ചെയ്യുന്ന ഭൂമിയില്‍ നിലം പരിവര്‍ത്തനം ചെയ്ത് മറ്റു ഭക്ഷ്യ വിളകള്‍ കൃഷി ചെയ്യുന്നതിന് അനുമതി നല്‍കുന്നതിന് ജില്ല കളക്ടര്‍, ആര്‍ഡിഒ എന്നിവര്‍ക്ക് അധികാരം ഉള്ളതാണ്. ഇതിനെ അടിസ്ഥാനമാക്കിയാണ് ആര്‍ഡിഒയ്ക്ക് ആന്റണി പെരുമ്പാവൂര്‍ അപേക്ഷ നല്‍കിയതും. അപേക്ഷയിന്മേല്‍ കേരള ഭൂവിനിയോഗ ഉത്തരവിലെ ക്ലോസ് 6(2) പ്രകാരം ആന്റണിക്ക് അനുകൂലമായി ആര്‍ഡിഒ ഉത്തരവ് നല്‍കുകയും ചെയ്തു.

എന്നാല്‍ ഇത്തരമൊരു അനുകൂല റിപ്പോര്‍ട്ട് നല്‍കിയതിലെ വീഴ്ച എന്തായിരുന്നുവെന്ന് ലാന്‍ഡ് റവന്യു കമ്മിഷണര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്ഥല പരിശോധന അടിസ്ഥാനമാക്കി മാത്രമാണ് ഡാറ്റ ബാങ്കില്‍ നിലം എന്നു രേഖപ്പെടുത്തിയ ഭൂമിയില്‍ നെല്‍കൃഷിയേതര വിളകള്‍ കൃഷി ചെയ്യുന്നതിന് ആര്‍ഡിഒ ഉത്തരവ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഡാറ്റ ബാങ്കില്‍ ഭൂമിയുടെ സ്റ്റാറ്റസ് ഒരുതലത്തിലും പരിശോധനയ്ക്ക് വിധേയമാക്കാതെയാണ് ഇത്തരമൊരു അനുകൂല ഉത്തരവ് ആന്റണിക്ക് ആര്‍ഡിഒ നല്‍കിയതെന്നാണ് മനസിലാകുക.

പരാതിക്ക് ആസ്പദമായ സ്ഥലം അടിസ്ഥാന നികുതി രജിസ്റ്റര്‍ പ്രകാരവും ഡാറ്റ ബാങ്ക് പ്രകാരവും നിലം എന്നു രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ കേരള ഭൂവിനിയോഗ ഉത്തരവിന്റെ പരിധിയില്‍പ്പെടുന്നതല്ലാത്തതും 1967 ലെ കേരള ഭൂവിനിയോഗ ഉത്തരവ് 2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഡാറ്റ ബാങ്കില്‍ നിലം എന്നു രേഖപ്പെടുത്തിയ ഭൂമിയില്‍ ബാധകമല്ലാത്തതുകൊണ്ട് 1967 ലെ കേരള ഭൂവിനിയോഗ ഉത്തരവ് പ്രകാരം പരിഗണിക്കാന്‍ ആര്‍ഡിഒയ്ക്ക് നിയമപരമായി അധികാരമില്ലെന്നുള്ളതുമാണ് മനസിലാക്കേണ്ടത്. അതുകൊണ്ട് 1967 ലെ കേരള ഭൂവിനിയോഗ ഉത്തരവ് പ്രകാരം കൃഷി പരിവര്‍ത്തനത്തിന് ഉത്തരവ് നല്‍കിയത് നിയമ വിധേയമല്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ ആന്റണിക്ക് അനുകൂലമായി നല്‍കിയ ആര്‍ഡിഒ ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്നു കണ്ട് റദ്ദാക്കി ഉത്തരവ് ഇറക്കുകയാണ് ലാന്‍ഡ് റവന്യു കമ്മിഷണര്‍ ചെയ്തത്.

"</p

എന്നാല്‍ ഈ ഉത്തരവിനെതിരേ ഹൈക്കോടതിയില്‍ പോയ ആന്റണി ലാന്‍ഡ് റവന്യു കമ്മിഷണറുടെ ഉത്തരവിന് താത്കാലിക സ്റ്റേ വാങ്ങുകയും ആര്‍ഡിഒ ഉത്തരവിന്റെ പിന്‍ബലത്തില്‍ വീണ്ടും ഇടവിള കൃഷി എന്ന പേരില്‍ വാഴയും കപ്പയും നടുകയുമാണ് ചെയ്തത്. ഹൈക്കോടതി ലാന്‍ഡ് റവന്യു കമ്മിഷണറുടെ ഉത്തരവ് റദ്ദാക്കുകയല്ല ചെയ്തതെന്നും ഈ വിഷയത്തില്‍ അഞ്ച് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പരാതിക്കാരനായ തനിക്കും പരാതി ബോധിപ്പിക്കാനുള്ള നിര്‍ദേശം നല്‍കുക മാത്രമാണ് ചെയ്തതെന്നുമാണ് രൂപേഷ് കുമാര്‍ പറയുന്നത്. പക്ഷേ, ഹൈക്കോടതി ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ആര്‍ഡിഒ ഉത്തരവ് പ്രകാരം തനിക്ക് വയലില്‍ ഇടവിള കൃഷി ചെയ്യാന്‍ സാധിക്കുമെന്നുമാണ് ഇപ്പോള്‍ ആന്റണി പറയുന്നത്. ഈ ഉത്തരവിന്റെ മറവില്‍ നിലം നികത്തല്‍ തന്നെയാണ് ആന്റണിയുടെ ലക്ഷ്യമെന്നും രൂപേഷ് ആരോപിക്കുന്നു. മാത്രമല്ല, ഇടവിള കൃഷി ചെയ്യാന്‍ അനുമതി കിട്ടുമ്പോള്‍ പോലും അത് നെല്‍കൃഷി ചെയ്തതിനുശേഷം മാത്രം ചെയ്യാനാണ് നിയമം പോലും പറയുന്നതെന്നും രൂപേഷ് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ആന്റണി ഇതല്ല അനുസരിക്കുന്നതെന്നും പരാതിക്കാരന്‍ പറയുന്നു.

"</p

ലാന്‍ഡ് റവന്യു കമ്മിഷണറുടെ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നു കാണാം. അതില്‍ പറയുന്നത് ഇപ്രകാരമാണ്; 2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വകുപ്പ് 2(ix) ലെ ഇടക്കാല വിള എന്ന നിര്‍വചനവും വകുപ്പ് 3 ലെ ഉപവകുപ്പ്(2) ലെ വ്യവസ്ഥകളും കൂട്ടിയോജിപ്പിച്ച് വായിക്കുമ്പോള്‍ നെല്‍വയലിന്റെ പാരിസ്ഥിതിക സ്വഭാവത്തിന് മാറ്റം വരുത്താതെ രണ്ടു നെല്‍ക്കൃഷിക്കിടയിലുള്ള കാലയളവില്‍ പരിവര്‍ത്തനാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന ഇടക്കാല വിളകള്‍ മാത്രമേ കൃഷി ചെയ്യാന്‍ പാടുള്ളൂ എന്നു കാണുന്നു. കൂടാതെ നെല്‍കൃഷി പ്രോത്സാഹിപ്പിക്കണം എന്നും നെല്‍കൃഷി ചെയ്തു വരുന്ന ഭൂമികളുടെ പാരിസ്ഥിതിക സന്തുലനം സംരക്ഷിക്കണം എന്നും 2008 ലെ ആക്ടില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്.

"</p

എന്നാല്‍ 2007 ല്‍ ഈ വയല്‍ഭാഗം ആന്റണി വാങ്ങുന്ന സമയത്ത് കൊയ്ത്ത് നടന്നുകൊണ്ടിരിക്കുന്നതായിരുന്നിട്ടുപോലും പ്രസ്തുത സ്ഥലം വാങ്ങി പതിനൊന്നു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ നെല്‍കൃഷി ചെയ്യാന്‍ ആന്റണി തയ്യാറായിട്ടില്ല എന്നാണ് രൂപേഷ് ചൂണ്ടിക്കാണിക്കുന്നത്. നെല്‍കൃഷിക്ക് ഉപയോഗപ്രദമല്ലെന്നും കൊല്ലങ്ങളായി തരിശായി കിടക്കുന്നതാണെന്നുമുള്ള ആന്റണിയുടെ വാദം തന്നെ തെറ്റാണ്. ഇത്തരം കള്ളത്തരങ്ങള്‍ ആവര്‍ത്തിച്ച് ഇടവിള കൃഷി എന്ന തന്ത്രം ഉപയോഗിച്ച് നിലം നികത്താന്‍ തന്നെയാണ് ആന്റണി ശ്രമിക്കുന്നതെന്നും അതിനയാളെ സമ്മതിക്കാതെ ഇക്കഴിഞ്ഞ പതിനൊന്നു വര്‍ഷമായി സിപിഎം പോരാടുകയാണെന്നുമാണ് രൂപേഷ് പറയുന്നു.

"</p

ആന്റണിയെ പോലെ ഒരാളെ എതിര്‍ത്തു നില്‍ക്കുന്നതിന്റെ പേരില്‍ തനിക്ക് പല ഭീഷണികളും വരികയാണ്. പോലീസില്‍ നിന്നു തന്നെ ഇത്തരം ഭീഷണികള്‍ വരുന്നു. ഒരിക്കല്‍ താനില്ലാത്ത സമയത്ത് വീട്ടിലെത്തിയ ആന്റണിയുടെ ഗൂണ്ട തന്റെ തല വെട്ടുമെന്നു അമ്മയോടും അച്ഛനോടും ഭീഷണി മുഴക്കി പോയിട്ടുണ്ടെന്നും രൂപേഷ് പറയുന്നു. എത്ര വലിയ ഭീഷണിയുണ്ടായാലും ആന്റണി പെരുമ്പാവൂര്‍ ആഗ്രഹിക്കുന്നപോലെ കൃഷിഭൂമി നികത്താന്‍ അനുവദിക്കില്ലെന്നതു തന്നെയാണ് തന്റെയും പാര്‍ട്ടിയുടെയും നിലപാട് എന്നും രൂപേഷ് പറഞ്ഞു നിര്‍ത്തുന്നു.

ഈ പാടം നികത്താന്‍ ആന്റണി പെരുമ്പാവൂരിനാകില്ല…

ഹൈക്കോടതി ഉത്തരവിന് പുല്ലുവില; പാടം നികത്താന്‍ ഉദ്യോഗസ്ഥര്‍ ആന്റണി പെരുമ്പാവൂരിനെ സഹായിക്കുന്ന വിധം

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍