UPDATES

ട്രെന്‍ഡിങ്ങ്

ഹൈക്കോടതി ഉത്തരവിന് പുല്ലുവില; പാടം നികത്താന്‍ ഉദ്യോഗസ്ഥര്‍ ആന്റണി പെരുമ്പാവൂരിനെ സഹായിക്കുന്ന വിധം

ഹൈക്കോടതി ഉത്തരവിനെതിരേ വില്ലേജ് ഓഫിസര്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ കഴിയുമോ? ഇതറിയാതെയാണോ എസ് ഐ അങ്ങനെ പറഞ്ഞത്?

പെരുമ്പാവൂര്‍ നഗരസഭയുടെ 13-ആം വാര്‍ഡില്‍പ്പെട്ട മനയ്ക്കത്താഴം പാടശേഖരത്തുള്ള 92 സെന്റ്‌ സ്ഥലം സിനിമ നിര്‍മാതാവും നടനുമായ ആന്റണി പെരുമ്പാവൂര്‍ നികത്തുന്നതിനെതിരെ കഴിഞ്ഞ 11 വര്‍ഷമായി പോരാട്ടത്തിലാണ് സിപിഎം പട്ടാല്‍ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി രൂപേഷ് കുമാര്‍. പോലീസിനെയും റവന്യൂ ഉദ്യോഗസ്ഥരെയും ഒക്കെ ആന്റണി സ്വാധീനിക്കുന്നുവെന്നും എന്നാല്‍ വെള്ളം പോലും ഇല്ലാതായിക്കൊണ്ടിരിക്കുന്ന നാട്ടില്‍ ഇനിയും വയല്‍ നികത്താന്‍ അനുവദിക്കില്ലെന്നുമാണ് രൂപേഷ് കുമാര്‍ പറയുന്നത്. ഈ റിപ്പോര്‍ട്ടിന്റെ ആദ്യ ഭാഗം ഇവിടെ വായിക്കാം: ഈ പാടം നികത്താന്‍ ആന്റണി പെരുമ്പാവൂരിനാകില്ല…

ഭാഗം 2

കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരേ വില്ലേജ് ഓഫിസറുടെ സ്റ്റോപ് മെമ്മോ കൊണ്ടുവരൂ… സാമാന്യ നിയമപരിജ്ഞാനമുള്ള ആരുകേട്ടാലും മൂക്കത്ത് വിരല്‍വയ്ക്കുന്ന കാര്യം. ആന്റണി പെരുമ്പാവൂരിന്റെ വയല്‍ നികത്തലിനു കുടപിടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പക്ഷേ, ഇങ്ങനെയൊരു ആവശ്യമാണ് മനയക്കത്താഴം പാടശേഖരത്തെ ആന്റണിയുടെ വയല്‍ നികത്തല്‍ തടയുന്നവരോട് പറയുന്നത്.

“പട്ടശ്ശേരി മനക്കാരുടെ കൈയില്‍ നിന്നും ആന്റണി പാടം വാങ്ങുമ്പോള്‍ അവിടെ കൊയ്ത്തു നടക്കുകയായിരുന്നു. അതേ പാടത്തെ കുറിച്ചാണ് ഇവിടെ കൃഷി ചെയ്യാന്‍ കഴിയാത്തതാണെന്ന് പിന്നീട് ആന്റണി പറയുന്നത്. ജൂണ്‍-ജൂലൈ മാസങ്ങളിലെ മഴയത്ത് വെള്ളത്തില്‍ ഒന്നു മുങ്ങിക്കേറുമെന്നല്ലാതെ, അതു കഴിഞ്ഞാല്‍ പൂനെല്‍ കൃഷിക്ക് തീര്‍ത്തും അനുയോജ്യമായ നിലമാണിത്. രണ്ടരയേക്കറോളമുള്ള മനയ്ക്കത്താഴത്ത് ഈ പാടമൊഴിച്ചാല്‍ സമീപ വയലുകള്‍ എല്ലാം തന്നെ വിസ്തൃതമേറിയതും കൃഷി നടക്കുന്നതുമാണ്. ഇവിടെയും കൃഷി നടന്നുകൊണ്ടിരുന്നിടമാണ്. ഇതെല്ലാം മൂടിവച്ചാണ് അയാളിപ്പോള്‍ പാടം നികത്താന്‍ നോക്കുന്നത്”; രൂപേഷ് തുടരുന്നു.

2007 ല്‍ പാടം വാങ്ങിയതിനു പിന്നാലെ വരമ്പു കോരി നികത്താന്‍ നോക്കിയതാണെന്ന് പറഞ്ഞല്ലോ, അതു ഡിവൈഎഫ്‌ഐ ഇടപെട്ട് തടഞ്ഞതിനു പിന്നാലെ ആന്റണി വീണ്ടും വരുന്നത് 2011-ലാണ്. വൈകുന്നേര സമയത്ത് പണിക്കാരെ ഉപയോഗിച്ച് സഹോദരിയുടെ വീട് പൊളിച്ചതിന്റെ മണ്ണും മറ്റും ഉപയോഗിച്ച് നികത്താന്‍ നീക്കം നടത്തി. അതും തടഞ്ഞു. ഇതിനുശേഷം അയാളുടെ അടുത്ത നീക്കം നടന്നത് 2015-ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് സമയത്താണ്. 2015 മേയ 25-ന് ആയിരുന്നു അത്. ഇടവിള കൃഷി ചെയ്‌തോളാന്‍ ആര്‍ഡിഒ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നു പറഞ്ഞാണ് അത്തവണ വന്നത്. വാഴയും മറ്റും നടാനുള്ള ശ്രമം. ബണ്ട് കോരാനുള്ള ശ്രമവും നടത്തി. അതു ഞങ്ങള്‍ തടഞ്ഞപ്പോള്‍ എന്‍െ പേരില്‍ കേസ് കൊടുത്തു. അവര്‍ക്ക് അനുകൂലമായാണ് പൊലീസും നിന്നത്. ആര്‍ഡിഒ ഉത്തരവ് ഉണ്ടെന്നായിരുന്നു ന്യായം. ഞങ്ങള്‍ കളക്ടര്‍ക്ക് പരാതി നല്‍കി. അതിലൊരു തീരുമാനം വന്നിട്ടേ പാടത്ത് എന്തെങ്കിലും പ്രവര്‍ത്തനം ചെയ്യാന്‍ അനുവദിക്കാവൂ എന്നു ഞങ്ങള്‍ പറഞ്ഞതും പൊലീസ് ചെവിക്കൊണ്ടില്ല. ആര്‍ഡിഒ ഉത്തരവ് ഉണ്ട്, കളക്ടര്‍ ഒന്നും ഇവിടെ ഒരു വിഷയമല്ല എന്നായിരുന്നു എസ് ഐ യുടെ മറുപടി.

ഞങ്ങള്‍ കളക്ടരെ വിളിച്ചു കാര്യം പറഞ്ഞു. ഡപ്യൂട്ടി കളക്ടറോട് റിപ്പേര്‍ട്ട് തേടിയിട്ടുണ്ടെന്നും ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ അന്വേഷിക്കട്ടെ, കാത്തിരിക്കൂ എന്നൊക്കെയാണ് കളക്ടര്‍ മറുപടി പറഞ്ഞത്. ഇതിനിടയില്‍ ആന്റണി പാടത്ത് വാഴ നട്ടിരുന്നു. പിന്നീട് ഞങ്ങള്‍ ലാന്‍ഡ് റവന്യു കമ്മിഷണറുടെ അടുത്ത് പോയ സമയത്ത്, ആന്റണി വലുതായി നിന്ന വാഴകളെല്ലാം വെട്ടി. വീണ്ടും കൂമ്പല്‍ കൂട്ടി വാഴത്തൈകള്‍ നട്ടു. താനിപ്പോള്‍ വാഴകള്‍ വച്ചതേയുള്ളൂ എന്നു കാണിക്കാന്‍.

കമ്മിഷണര്‍ ആദ്യ സിറ്റിംഗിന് വിളിച്ചു, ഞാന്‍ പോയി. ആന്റണി വന്നില്ല, പകരം ബന്ധുവായ സാഡുവിനെ വിട്ടു, കൂടെ ഒരു തിയേറ്റര്‍ ജീവനക്കാരനെയും. കമ്മിഷണര്‍ ആന്റണി വന്നില്ലേ എന്നു തിരക്കിയപ്പോള്‍, വന്നിട്ടില്ലെന്നും പകരം ജീവനക്കാരായ തങ്ങളെ ആണ് അയച്ചതെന്നും പറഞ്ഞു. ഓഥറൈസ്ഡ് ലെറ്റര്‍ പോലും ഇല്ലാതെ വന്ന ആ രണ്ടുപേരെയും കമ്മിഷണര്‍ മടക്കി അയച്ചു. രണ്ടാമത്തെ സിറ്റിംഗിലും അവര്‍ ഇരുവരും തന്നെയാണ് വന്നത്. അന്ന് ഓഥറൈസ്ഡ് ലെറ്റര്‍ ഉണ്ടായിരുന്നു. ആ സിറ്റിംഗില്‍, തങ്ങള്‍ വയല്‍ നികത്തുകയല്ലെന്നും ആര്‍ഡിഒ ഉത്തരവ് പ്രകാരം ഇടവിള കൃഷി ചെയ്യുകയാണെന്നുമാണ് അവര്‍ വാദിച്ചത്.

ഈ പാടം നികത്താന്‍ ആന്റണി പെരുമ്പാവൂരിനാകില്ല…

സ്ഥലം സന്ദര്‍ശിക്കുക പോലും ചെയ്യാതെ ഉത്തരവ് കൊടുത്ത ആര്‍ഡിഒ നടപടി ചോദ്യം ചെയ്ത ലാന്‍ഡ് റവന്യു കമ്മിഷണര്‍ നല്‍കിയ ഉത്തരവ് പ്രകാരം, ഇടവിള കൃഷി ചെയ്യുന്നുണ്ടെങ്കില്‍ അത്, രണ്ട് പൂനെല്‍ കൃഷിക്ക് ശേഷവും അതേസമയം പാടത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് മാറ്റം വരാതെയും നീരൊഴുക്കിന് ഒരു തടസവും വരാതെയും വേണമെന്നായിരുന്നു. എന്നാല്‍ ആന്റണി ചെയ്തതെന്തായിരുന്നു? ഈ ഉത്തരവിന്റെ മറവില്‍ അയാള്‍ പാടം മണ്ണിട്ട് പൊക്കി, വാഴ വയ്ക്കുന്നതിന്റെ മറവില്‍ പാഴ്മരങ്ങളുടെ കമ്പുകളും വച്ചു… ഇതിനെതിരേ ഞാന്‍ കേസ് കൊടുത്തു. എന്നാല്‍ സി ഐ ഓഫിസില്‍ നിന്നും എനിക്കു കിട്ടിയ മറുപടി റവന്യു കാര്യമായതിനാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്നായിരുന്നു. ആന്റണി നല്‍കിയ പരാതിയില്‍ എനിക്കെതിരേ കേസ് എടുത്തവര്‍ ഞാന്‍ ആന്റണിക്കെതിരേ നല്‍കിയ പരാതിയില്‍ കേസ് എടുക്കാന്‍ വിസമ്മതിച്ചു.

2018 ജനുവരി 29-ന് ഹൈക്കോടതിയില്‍ നിന്നും ലാന്‍ഡ് റവന്യു കമ്മിഷണറുടെ ഉത്തരവിനു മേല്‍ ആന്റണി സ്‌റ്റേ ഓഡര്‍ സ്വന്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അയാള്‍ പാടം നികത്താനുള്ള നടപടികളുമായി മുന്നോട്ടു വന്നു. ഞങ്ങള്‍ അത് തടഞ്ഞു. വീണ്ടും എനിക്കെതിരേ പെരുമ്പാവൂര്‍ എസ് ഐക്ക് പരാതി കൊടുത്തു. ഒരു വണ്ടി പൊലീസ് ആണ് എന്നെത്തേടി വന്നത്. ഹൈക്കോടതി സ്‌റ്റേ നല്‍കിയതിനാല്‍ ആന്റണിയെ തടയരുതെന്നായിരുന്നു പൊലീസിന്റെ ആവശ്യം. ഹൈക്കോടതി പറഞ്ഞത് ആന്റണിക്ക് ഇഷ്ടമുള്ളത് അവിടെ ചെയ്‌തോളാന്‍ ആയിരുന്നില്ല. ലാന്‍ഡ് റവന്യു കമ്മഷണറുടെ ഉത്തരവ് താത്കാലികമായി സ്‌റ്റേ ചെയ്തിരിക്കുക മാത്രമാണ്. ഇതിന്‍മേല്‍ അഞ്ച് സര്‍ക്കാര്‍ വകുപ്പുകളോടും പരാതിക്കാരനായ എന്നോടും പരാതി ഉണ്ടെങ്കില്‍ ബോധിപ്പിക്കാനുമാണ് കോടതി പറഞ്ഞത്. കോടതി ഉത്തരവിന്റെ പകര്‍പ്പ് ഞാനും സ്വന്തമാക്കിയിരുന്നു. ഇക്കാര്യങ്ങള്‍ ഞാന്‍ എസ് ഐയോട് പറഞ്ഞു. സംശയം ഉണ്ടെങ്കില്‍ വില്ലേജ് ഓഫിസറോട് ചോദിക്കാമെന്ന് ഞാന്‍ എസ് ഐയോടു പറഞ്ഞു.

എസ് ഐ വില്ലേജ് ഓഫിസറെ വിളിച്ചു. ഫോണ്‍ സ്പീക്കര്‍ ഫോണില്‍ ഇട്ടു. മറ്റു പൊലീസുകാരൊക്കെ കേള്‍ക്കുന്നുണ്ട്. വില്ലേജ് ഓഫിസര്‍ ഉറപ്പിച്ചു പറഞ്ഞകാര്യം, ആന്റണിക്ക് ഇഷ്ടമുള്ള കൃഷി ചെയ്യാന്‍ അനുവദിക്കണം എന്ന തരത്തിലുള്ള ഉത്തരവ് ഒന്നും തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നും തത്സ്ഥിതി തുടരാന്‍ മാത്രമാണ് നിര്‍ദേശമെന്നുമാണ്. വില്ലേജ് ഓഫിസറുടെ മറുപടി കേട്ടശേഷം എസ് ഐ തിരിച്ചു ചോദിച്ചത്, തങ്ങള്‍ ഇനി എന്താണ് ആന്റണിയോട് പറയേണ്ടതെന്നാണ്. നിയമപ്രകാരം നെല്‍കൃഷിയാണ് ചെയ്യേണ്ടതെന്നു തന്നെ പറയാന്‍ വില്ലേജ് ഓഫിസര്‍ അതിനുള്ള ഉത്തരം നല്‍കി. അത് ശരിവച്ച് പിരിഞ്ഞ പൊലീസ് പിറ്റേദിവസം എന്നെ വിളിച്ചു പറഞ്ഞത്, വില്ലേജ് ഓഫിസര്‍ പറഞ്ഞത് ശരിയല്ലെന്നും ഇടവിള കൃഷി ചെയ്യാന്‍ തങ്ങള്‍ക്ക് അനുമതിയുണ്ടെന്നുമാണ് ആന്റണിയുടെ വക്കീല്‍ പറഞ്ഞതെന്നാണ്. അതുകൊണ്ട് അവരവിടെ വാഴയും കപ്പയുമൊക്കെ നടുമെന്ന്. അതു തടയണമെങ്കില്‍ ഹൈക്കോടതി ഉത്തരവിനെതിരേ വില്ലേജ് ഓഫിസറുടെ സ്‌റ്റോപ്പ് മെമ്മോ വാങ്ങി കൊണ്ടു വരാന്‍.

ഹൈക്കോടതി ഉത്തരവിനെതിരേ വില്ലേജ് ഓഫിസര്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ കഴിയുമോ? ഇതറിയാതെയാണോ എസ് ഐ എന്നോട് അങ്ങനെ പറഞ്ഞത്? അപ്പോള്‍ പൊലീസ് ആന്റണിക്ക് കൂട്ടുനില്‍ക്കുകയല്ലേ ചെയ്യുന്നത്? ഞാന്‍ തഹസില്‍ദാര്‍ക്ക് പരാതി നല്‍കി. അദ്ദേഹം സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അദ്ദേഹം നല്‍കി. തുടര്‍ന്ന് പെരുമ്പാവൂര്‍ സി ഐയോട് വിവരം ധരിപ്പിച്ചു. ഹൈക്കോടതി സ്‌റ്റേ ഓഡറിന്റെ മറവില്‍ പാടം നികത്താനാണ് ആന്റണി ശ്രമിക്കുന്നതെന്നു ഞാന്‍ പരാതി കൊടുത്തു. പണിക്കാരെ നിര്‍ത്തി നടത്തുന്ന ജോലികളുടെ ഫോട്ടോ സഹിതം തെളിവുകള്‍ നല്‍കി. പൊലീസ് അപ്പോഴും പറയുന്നത് വില്ലേജ് ഓഫിസറുടെ സ്റ്റോപ്പ് മെമ്മോ കൊണ്ടു വരാനാണ്. ആര്‍ഡിഒയെ വിളിച്ചപ്പോള്‍ വില്ലേജ് ഓഫിസറോട് പറയാനാണ് പറയുന്നത്. ഒടുവില്‍ വില്ലേജ് ഓഫിസര്‍ വില്ലേജ് അസിസ്റ്റന്റിനെ വിട്ട് സ്ഥലം പരിശോധിപ്പിച്ചു. പണി നിര്‍ത്തിവയ്ക്കണമെന്ന് പറഞ്ഞു. എന്നാല്‍ കോടതിയുടെ സ്‌റ്റേ ഓഡര്‍ തങ്ങള്‍ക്ക് അനുകൂലമാണെന്നും അതല്ലെങ്കില്‍ കോടതി ഉത്തരവിനെതിരേ വില്ലേജ് ഓഫിസര്‍ പുറപ്പെടുവിച്ച സ്റ്റോപ്പ് മെമ്മോ കൊണ്ടുവരാനുമാണ് ആന്റണിയുടെ ആള്‍ക്കാരും പറഞ്ഞത്. ഇതാരാണ് അവരെ പഠിപ്പിച്ചത്? പൊലീസ് തന്നെ… ഇതില്‍ നിന്നും വ്യക്തമല്ലേ, പൊലീസും ഉദ്യോഗസ്ഥരുമെല്ലാം ആന്റണിയുടെ പോക്കറ്റിലാണെന്ന്… പക്ഷേ, ഈ വിഷയം മാധ്യമങ്ങളുടെ ശ്രദ്ധയില്‍ വരികയും അവരിവിടെ വരാന്‍ തുടങ്ങിയതോടെ ആന്റണിയുടെ ആള്‍ക്കാര്‍ പാടത്തു നിന്നും പണിക്കാരെ ഓടിച്ചു കയറ്റുകയായിരുന്നു. നിയമമനുസരിച്ചാണ് പാടത്തെ പണി നടന്നിരുന്നതെങ്കില്‍ എന്തിന് മാധ്യമങ്ങളെ കണ്ടപ്പോള്‍ പേടിച്ചോടണം? അപ്പോള്‍ കള്ളത്തരമാണ് ചെയ്യുന്നത്, അതിന് കുടപിടിക്കാന്‍ ഉദ്യോഗസ്ഥരും. പക്ഷേ ആരൊക്കെ കൂട്ടു നിന്നാലും ആന്റണിയുടെ കളി ജയിക്കാന്‍ പോണില്ല…അതിന്റെ പേരില്‍ പല ഭീഷണികളും മുഴക്കുന്നുണ്ട്… അയാളുടെ ശിങ്കിടകളുടെ വക ദുരാരോപണങ്ങളും… അതേക്കുറിച്ചും പറയാം.

(തുടരും)

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍