UPDATES

‘ഞാൻ ദേശീയ മുസ്ലീം; ദേശസ്നേഹം ഞങ്ങളുടെ ഈമാന്‍; മോദിയുടെ കൈകളില്‍ ന്യൂനപക്ഷം സുരക്ഷിതർ’: എപി അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും ആശിർവാദത്തോടെയാണ് താൻ അംഗത്വം നേടിയതെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്സിൽ നിന്നും പുറത്താക്കപ്പെട്ട എപി അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നു. ബിജെപി വർക്കിങ് കമ്മറ്റി ഓഫീസിൽ വെച്ച് ജെപി നദ്ദയിൽ നിന്നാണ് അംഗത്വം ഏറ്റുവാങ്ങിയത്. രാജ്യസഭാംഗങ്ങളായ വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ, ബിജെപി ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും ആശിർവാദത്തോടെയാണ് താൻ അംഗത്വം നേടിയതെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയിൽ കുറെ സ്ഥലങ്ങളിലെങ്കിലും ബിജെപിയും മുസ്ലിങ്ങളും തമ്മില്‍ അകൽച്ചയുണ്ട്. ഇത് കുറച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് താൻ ശ്രമിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

തന്നെ സിപിഎമ്മും കോൺഗ്രസ്സും പുറത്താക്കിയത് ഒരേ കാരണത്തിനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നരേന്ദ്രമോദിയുടെ വികസന നയത്തെ പിന്തുണച്ചതിനായിരുന്നു അത്. മോദിയുടെ കൈകളിൽ രാജ്യത്തെ മുസ്ലിങ്ങൾ സുരക്ഷിതരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ജൂൺ 24ന് അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയിൽ തന്നോട് ‘ധൈര്യമായി മുമ്പോട്ടു വരാൻ’ അദ്ദേഹം ആവശ്യപ്പെട്ടെന്ന് അബ്ദുള്ളക്കുട്ടി പറയുകയുണ്ടായി. ലോക യോഗാദിനത്തിൽ യോഗ ചെയ്തതിനു ശേഷമായിരുന്നു അബ്ദുള്ളക്കുട്ടി മോദിയെ കാണാന്‍ ചെന്നത്.

ഫേസ്ബുക്കിൽ മോദി സ്തുതി നടത്തിയതിനു പിന്നാലെയാണ് കോൺഗ്രസ്സിൽ അബ്ദുള്ളക്കുട്ടിക്കെതിരെ മുതിർന്ന നേതാക്കൾ രംഗത്തു വന്നത്. വിഎം സുധീരനായിരുന്നു മുമ്പിൽ. അബ്ദുള്ളക്കുട്ടി ചില ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും ബിജെപിയിൽ ചേരാൻ പദ്ധതിയുണ്ടെന്നുമുള്ള വിവരം കോൺഗ്രസ്സിന് നേരത്തെ തന്നെ കിട്ടിയിരുന്നതായി വാർത്തകൾ വരികയുണ്ടായി. ഇതോടെ പാർട്ടിയിൽ നിന്നും അദ്ദേഹം പുറത്താക്കപ്പെടുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍