UPDATES

സിറോ മലബാര്‍ സഭ സിനഡില്‍ വത്തിക്കാന്‍ പ്രതിനിധി എത്തിയതെന്തിന്? കന്യാസ്ത്രീക്ക് കിട്ടാത്ത സഹായം മെത്രാന്മാര്‍ക്ക് കിട്ടുന്നത് ഇങ്ങനെയൊക്കെയാണ്

പ്രത്യേകമായി വത്തിക്കാന്റെ അറിയിപ്പുകളോ മറ്റോ ഉണ്ടെങ്കിലോ ചടങ്ങുകളില്‍ പങ്കെടുക്കാനുണ്ടെങ്കിലോ അല്ലാതെ സാധാരണ ഒരു സ്വതന്ത്രസഭയുടെ സിനഡില്‍ ലത്തീന്‍ ആര്‍ച്ച് ബിഷപ്പ് കൂടിയായ നൂണ്‍ഷിയോ പങ്കെടുക്കുക പതിവില്ല.

സിറോ മലബാര്‍ സഭ സിനഡില്‍ അപ്രതീക്ഷിത അതിഥിയായാണ് വത്തിക്കാന്‍ പ്രതിനിധി(അപ്പസ്‌തോലിക്‌ നൂണ്‍ഷിയോ) ആര്‍ച്ച് ബിഷപ്പ് ഗിയാമ്പാറ്റിസ്റ്റ ഡിക്വാട്രോ പങ്കെടുത്തത്. തിങ്കളാഴ്ച്ച രാത്രിയില്‍ മംഗലാപുരത്ത് എത്തി അവിടെ നിന്നാണ് സിനഡില്‍ പങ്കെടുക്കാനായി നൂണ്‍ഷിയോ എത്തുന്നത്. സാധാരണ ഒരു സ്വതന്ത്രസഭയുടെ സിനഡില്‍ ലത്തീന്‍ ആര്‍ച്ച് ബിഷപ്പ് കൂടിയായ നൂണ്‍ഷിയോ പങ്കെടുക്കുക പതിവില്ല. എന്തെങ്കിലും പ്രത്യേകമായി വത്തിക്കാന്റെ അറിയിപ്പുകളോ മറ്റോ ഉണ്ടെങ്കില്‍ അതിനുവേണ്ടിയോ അതല്ലെങ്കില്‍ സമാപന സമ്മേളനമോ അതുപോലുള്ള ചടങ്ങുകളോ ഉണ്ടെങ്കില്‍ അതില്‍ അധ്യക്ഷം വഹിക്കാനോ ഉദ്ഘാടനം നടത്താനോ മറ്റുമാണ് വത്തിക്കാന്‍ പ്രതിനിധി സിനഡില്‍ പങ്കെടുക്കുക. ഇതില്‍ നിന്നും വിഭിന്നമായാണ് തിങ്കളാഴ്ച്ച രാത്രിയില്‍ മംഗലാപുരത്തു നിന്നും നൂണ്‍ഷിയോ കേരളത്തില്‍ എത്തിയത്.

പ്രധാനമായും രണ്ട് കാര്യങ്ങള്‍ സിനഡിന്റെ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തുക എന്ന ദൗത്യവുമായിട്ടാണ് നൂണ്‍ഷിയോ കേരളത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്നാണ് കിട്ടിയിരിക്കുന്ന വിവരം. സിനഡില്‍ എത്തിയിരിക്കുന്ന നൂണ്‍ഷിയോയുടെ പ്രധാന ദൗത്യം ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രൂപതയുടെ അധ്യക്ഷനും തൃശൂര്‍ അതിരൂപത അംഗവും മുന്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ കൂരിയ മെത്രാനുമായിരുന്ന മാര്‍ ബോസ്‌കോ പുത്തൂരമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ സിനഡിന്റെ തീരുമാനം ഉണ്ടാക്കാനാണെന്നാണ് അറിയാന്‍ കഴിയുന്നത്.

മെല്‍ബണ്‍ രൂപതയില്‍ നടത്തേണ്ടുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ വിശ്വാസികളുടെ കൈയില്‍ നിന്നും ഭീമമായ തുക മാര്‍ ബോസ്‌കോ കൈപ്പറ്റിയെന്നും എന്നാല്‍ ഈ തുക ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ മറികടന്ന് മറ്റൊരു വിദേശരാജ്യത്തേക്ക് കടത്തുകയാണ് ഉണ്ടായതെന്നും പരാതി ഉയര്‍ന്നിരുന്നു. ബാങ്ക് അകൗണ്ട് വഴിയല്ലാതെ അനധികൃതമായി പണം കടത്തുകയെന്നായിരുന്നു മെത്രാനെതിരേയുള്ള പരാതി. ഇതിന്റെ പേരില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുകയും ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ കുറ്റക്കാരനാണെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. അന്വേഷണ സംഘം കേസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടും തയ്യാറാക്കി. മാര്‍ ബോസ്‌കോയെ കസ്റ്റഡിയില്‍ എടുക്കാന്‍ നീക്കങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നു. ഗുരുതരമായൊരു സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ പോകുന്നുവെന്ന് കണ്ടതിനെ തുടര്‍ന്ന് വത്തിക്കാന്‍ വിഷയത്തില്‍ നേരിട്ട് ഇടപെടുകയുണ്ടായി. ഓസ്‌ട്രേലിയയില്‍ തുടര്‍ന്നാല്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞതോടെ, ബോസ്‌കോയെ സിനഡില്‍ പങ്കെടുക്കാന്‍ എന്ന വ്യാജേന ഓസ്‌ട്രേലിയയില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരികയാണ് ചെയ്തതെന്നാണ് ഈ വിവരങ്ങള്‍ നല്‍കിയ കേന്ദ്രങ്ങള്‍ അഴിമുഖത്തോട് വിശദീകരിക്കുന്നത്.

തിരിച്ച് ഓസ്‌ട്രേലിയയില്‍ എത്തിയാല്‍ സാമ്പത്തിക ക്രമക്കേടില്‍ കുറ്റവാളിയായ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ നിയമനടപടികള്‍ നേരിട്ട് ജയില്‍ ശിക്ഷയ്ക്ക് വരെ അര്‍ഹനാകേണ്ടി വരും. ഇത് കത്തോലിക്ക സഭയ്ക്കും പ്രത്യേകിച്ച് സിറോ മലബാര്‍ സഭയ്ക്കും വളരേയെറ നാണക്കേട് ഉണ്ടാക്കുമെന്നുള്ളതുകൊണ്ടും മെല്‍ബണ്‍ രൂപതയുടെ വളര്‍ച്ചയെ മോശമായി ബാധിക്കും എന്നുള്ളതുകൊണ്ടുമാണ് വത്തിക്കാന്‍ ബിഷപ്പിന്റെ കാര്യത്തില്‍ നേരിട്ട് ഇടപെടുകയും അദ്ദേഹത്തെ ഓസ്‌ട്രേലിയയില്‍ നിന്നും ഇന്ത്യയിലേക്ക് കടക്കാനുള്ള സാഹചര്യം ഒരുക്കികൊടുക്കയും ചെയ്തതെന്നാണ് വിവരം.

ഈ വിഷയം സിനഡില്‍ അവതരിപ്പിക്കുകയെന്നതാണ് നൂണ്‍ഷിയോയുടെ പ്രഥമ ദൗത്യം എന്നാണ് അഴിമുഖത്തിന് കിട്ടിയ വിവരം. തിരിച്ച് ഓസ്‌ട്രേലിയയില്‍ എത്താന്‍ സാധ്യമല്ലാത്തതിനാല്‍, മാര്‍ ബോസ്‌കോയ്ക്ക് പകരം മറ്റൊരു മെത്രാനെ മെല്‍ബണ്‍ രൂപതയ്ക്ക് കണ്ടെത്തുക എന്ന ലക്ഷ്യവും ഇതിനൊപ്പമുണ്ട്. മെത്രാന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന വിവരം പുറത്തു പോകാതെ സൂക്ഷിച്ച്, ബോസ്‌കോ പുത്തൂരിന് നാണക്കേട് ഉണ്ടാകാത്ത വിധം ഇന്ത്യയിലോ കേരളത്തിലോ ഏതെങ്കിലും രൂപതയുടെ ചുമതല ഏല്‍പ്പിക്കാനും നീക്കമുണ്ട്.

ബിഷപ്പ് ബോസ്‌കോ പുത്തൂരിനു പകരക്കാരനായി മെല്‍ബണ്‍ രൂപതയിലേക്ക് പുതിയൊരാള്‍ പോകുന്നതിനെക്കാള്‍, നിലവിലുള്ള ഏതെങ്കിലും സഹായമെത്രാന്‍ ആയാല്‍ നല്ലതെന്നൊരു ആവശ്യം വത്തിക്കാനുണ്ടെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. ഇത്തരമൊരു ആലോചന നൂണ്‍ഷിയോ എത്തുന്നതിനും മുന്നേ ഉണ്ടായിട്ടുണ്ട് എന്നതാണ് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിനെ മെല്‍ബണിലേക്ക് അയക്കും എന്ന തരത്തില്‍ സിനഡില്‍ ചര്‍ച്ച നടന്നെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തു വന്നത് കാണിക്കുന്നത്. എന്നാല്‍ താന്‍ ഇങ്ങനെയൊരു മാറ്റത്തിന് ഒരുകാരണവശാലും തയ്യറാല്ലെന്നു മുന്‍കൂട്ടി തന്നെ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് സിനഡിനെ അറിയിച്ചിട്ടുണ്ട്. മേജര്‍ ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെ കുറ്റാരോപിതരായ ഭൂമികുംഭകോണം എറണാകുളം അങ്കമാലി അതിരൂപതയെ വിവാദത്തില്‍ ആക്കിനിര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു സ്ഥാനമാറ്റം ഉണ്ടാവുകയാണെങ്കില്‍ അത് തനിക്കെതിരേയുള്ള ശിക്ഷണ നടപടിയായി ചിത്രീകരിക്കപ്പെടുമെന്നുള്ളതുകൊണ്ട് അന്വേഷണം പൂര്‍ത്തിയായി അവസാന റിപ്പോര്‍ട്ട് വത്തിക്കാന് സമര്‍പ്പിക്കുന്നതുവരെ സഹായമെത്രാനായി തുടരാനാണ് താത്പര്യമെന്ന് ബിഷപ്പ് എടയന്ത്രത്ത് അറിയിച്ചിട്ടുണ്ട്. മെത്രന്മാരുടെ അനുമതിയോടെയല്ലാതെ, സിനഡിനോ വത്തിക്കാനോ ഒരു സ്ഥാനമാറ്റത്തിന് സാധ്യമല്ലെന്നതിനാല്‍ എടയന്ത്രത്ത് എതിര്‍പ്പ് ഉയര്‍ത്തുന്ന സാഹചര്യത്തില്‍ മെല്‍ബണിലേക്ക് മറ്റേതെങ്കിലും സഹായമെത്രാനോ അല്ലെങ്കില്‍ പുതിയൊരാള്‍ എന്ന ഒത്തുതീര്‍പ്പിലേക്കോ ചര്‍ച്ച പോകും എന്നും അറിയുന്നു.

മാര്‍ ബോസ്‌കോ പുത്തൂരിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കുന്നത് കൂടാതെ നൂണ്‍ഷിയോടുടെ സന്ദര്‍ശനത്തിന്റെ മറ്റൊരു ഉദ്ദേശം സിറോ മലബാര്‍ സഭയിലെ പ്രമുഖരായ മെത്രന്മാരുമായി(മേജര്‍ ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെ)ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് സിനഡില്‍ ചര്‍ച്ച നടത്തുകയാണെന്നാണ് അറിയാന്‍ കഴിയുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ(മേജര്‍ ആര്‍ച്ച് ബിഷപ്പ്) കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പാല രൂപത മെത്രാന്‍ ജോസഫ് കല്ലറങ്ങാട്ട്, മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പെരുന്നോടം, തൃശൂര്‍ അതിരൂപത ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറക്കല്‍ എന്നിവര്‍ എല്ലാവരും തന്നെ പല സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ആരോപണവിധേയരായവരാണ്. ഈ മെത്രാന്മാരുമായി ബന്ധപ്പെട്ട പരാതികള്‍ എറണാകുളം അതിരൂപതയിലുള്ള നാലപ്പാട്ട് അച്ചന്‍ വഴി നേരിട്ട് മാര്‍പാപ്പയെ ധരിപ്പിക്കുവാന്‍ എറണാകുളം അതിരൂപതയിലെ വൈദിക സമിതിക്ക് സാധിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് ഒരു രഹസ്യാന്വേഷണം ഇതിനിടയില്‍ നടക്കുകയും ചെയ്തതായാണ് വിവരം. മേജര്‍ ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെ സാമ്പത്തിക കുറ്റങ്ങള്‍ ചെയ്‌തെന്ന് ആരോപണം പേറുന്ന മെത്രാന്മാരുമായി ബന്ധപ്പെട്ട ചില വിവരങ്ങളും സിനഡിനെ അറിയിക്കുക എന്ന ദൗത്യവും നൂണ്‍ഷിയോയുടെ വരവിന് പിറകിലുണ്ട് എന്നാണ് അറിയാന്‍ സാധിക്കുന്നത്. ഈ രണ്ടു വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് രണ്ട് ദിവസത്തെ സിനഡിന്റെ ചര്‍ച്ചയില്‍ നൂണ്‍ഷിയോ പങ്കെടുക്കുന്നത്. എന്നാല്‍ ഇക്കാര്യങ്ങളില്‍ തീരുമാനം എന്തായിരിക്കുമെന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തതയായിട്ടില്ല.

മെല്‍ബണ്‍ രൂപത ബിഷപ്പിനെ സംരക്ഷിക്കാന്‍ വത്തിക്കാന്‍ പ്രതിനിധി നേരിട്ട് ഇടപെടുന്നു എന്ന വിവരം പുറത്തു വരുമ്പോള്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഢനക്കേസില്‍ കത്തോലിക്ക സഭയുടെ ഭാഗത്തു നിന്നും ഇരയ്ക്കും കൂട്ടര്‍ക്കും ഒരുതരത്തിലുള്ള സഹായവും കിട്ടിയിരുന്നില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്. എറണാകുളത്തെ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ വത്തിക്കാന്‍ പ്രതിനിധി ഇതിനു മുമ്പ് വന്ന സമയത്ത് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ക്ക് അദ്ദേഹത്തെ കാണാന്‍പോലുമുള്ള അവസരം കിട്ടിയിരുന്നില്ല. നൂണ്‍ഷിയോ എറണാകുളത്ത് എത്തുന്ന സമയത്ത് നേരില്‍ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചാല്‍ വത്തിക്കാന്റെ ഇടപെടല്‍ ഉറപ്പിക്കാമെന്നു കരുതി കാത്തിരുന്നെങ്കിലും നൂണ്‍ഷിയോ വന്നുപോയെന്ന വിവരം മാത്രമാണ് പിന്നീട് കന്യാസ്ത്രീകള്‍ക്ക് കിട്ടുന്നത്. സാമ്പത്തിക തട്ടിപ്പ് നടത്തിയ ഒരു മെത്രാനെ സംരക്ഷിക്കാന്‍ വത്തിക്കാന്‍ പ്രതിനിധി നേരിട്ട് എത്തുന്ന സാഹചര്യമാണ് ഇപ്പോഴുണ്ടായതെങ്കില്‍, ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് മാര്‍പാപ്പയ്ക്ക് അടയ്ക്കം മൂന്നു പരാതി കത്തുകളാണ് കന്യാസ്ത്രീകള്‍ റോമിലേക്ക് അയച്ചത്. ഒന്നിനും മറുപടി കിട്ടിയില്ല. ബിഷപ്പ് ഫ്രാങ്കോ തങ്ങളെ കേസുകളില്‍ കുടുക്കാന്‍ ശ്രമം നടത്തിയതോടെ വീണ്ടും വത്തിക്കാന്‍ പ്രതിനിധിക്കും(ഇമെയില്‍ വഴിയും) വത്തിക്കാനിലെ സ്‌റ്റേറ്റ് സെക്രട്ടറിക്കും(ബ്ലുഡാര്‍റ്റ് വഴി) അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് എഴുതിയിട്ടും ഒരു മറുപടിയും ഉണ്ടായില്ലെന്നും കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കന്യാസ്ത്രീകളുടെ കാര്യത്തില്‍ ഉണ്ടാകാത്ത ഇടപെടലാണ് ഒരു കുറ്റവാളിയായ ബിഷപ്പ് ബോസ്‌കോ പുത്തൂരിന്റെ കാര്യത്തില്‍ വത്തിക്കാനില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് ഇപ്പോള്‍ ഉയരുന്ന പരാതി.

അതിരൂപതയെ വെട്ടിമുറിക്കണം, അല്ലെങ്കില്‍ റോമിലേക്ക് വിടണം; ആലഞ്ചേരിയുടെ തന്ത്രങ്ങള്‍ മറികടക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് എന്ന ആവശ്യവുമായി എറണാകുളം അതിരൂപത

ചരിത്രത്തില്‍ ഇടം നേടിയ ഈ അഞ്ചു സ്ത്രീകള്‍ കേരളത്തോട് വീണ്ടും പറയുന്നു; മരിക്കേണ്ടി വന്നാലും സത്യം വെടിയില്ല, നീതിയില്ലെങ്കില്‍ വീണ്ടും തെരുവിലേക്ക്

ബിഎംഡബ്ല്യുവില്‍ സഞ്ചരിക്കുന്ന അച്ചനു വേണ്ടാത്തതും പുസ്തകമെഴുതുന്ന കന്യാസ്ത്രീക്ക് ബാധകമായതും; ഇതാണ് കത്തോലിക്കാ സഭ

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍