UPDATES

സ്ത്രീകളെ മാത്രമല്ല, ബ്രാഹ്മണനല്ലാത്ത ഈ പൂജാരിയേയും ശബരിമലയില്‍ കയറ്റില്ലെന്നാണ് അവര്‍ പറയുന്നത്

ദേവസ്വം ബോര്‍ഡിന്റെ ശബരിമല ശാന്തി നിയമനം സുപ്രിംകോടതി വിധി ലംഘിച്ച്;
വിഷ്ണുനാരായണന്റെ അപേക്ഷ നിരസിച്ചത് മലയാളി ബ്രാഹ്മണനല്ലാത്തതിനാല്‍

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന സുപ്രിംകോടതി വിധിയും അതിനെ ചുറ്റിപ്പറ്റിയുണ്ടായിരിക്കുന്ന ചര്‍ച്ചകളും ഇന്ന് കേരള സമൂഹത്തെ രണ്ട് തട്ടിലാക്കിയിരിക്കുന്നു. സുപ്രിംകോടതി വിധി നടപ്പാക്കണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ ക്ഷേത്രാചാരങ്ങള്‍ പാലിക്കണമെന്നും ഹിന്ദുമത വിശ്വാസം സംരക്ഷിക്കണമെന്നുമാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്. കഴിഞ്ഞമാസത്തെ സുപ്രിംകോടതി വിധിയാണ് ഇപ്പോള്‍ ശബരിമലയെ ശ്രദ്ധയിലെത്തിച്ചിരിക്കുന്നത്. അതേസമയം 2002ലെ മറ്റൊരു സുപ്രിംകോടതി വിധി പോലും പാലിക്കാതെയാണ് ശബരിമലയുടെ പ്രവര്‍ത്തനമെന്നതിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ക്ഷേത്രങ്ങളിലെ ശാന്തി നിയമനവുമായി ബന്ധപ്പെട്ട വിധിയാണ് അത്. ശാന്തി നിയമനത്തില്‍ ജാതി യോഗ്യതയായി കണക്കാക്കാനാകില്ലെന്നും ബ്രാഹ്മണരെ മാത്രം ഈ തസ്തികയിലേക്ക് പരിഗണിക്കാനാകില്ലെന്നുമായിരുന്നു ഈ വിധി. 2002ലെ ആദിത്യന്‍ Vs തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കേസിലാണ് സുപ്രിംകോടതി ഈ ചരിത്രവിധി പ്രഖ്യാപിച്ചത്. ബ്രാഹ്മണരെ മാത്രം പൂജാരികളായി നിയമിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മനുഷ്യാവകാശത്തിന്റെയും സാമൂഹിക സമത്വത്തിന്റെയും ലംഘനമാണെന്നും പൗരന്റെ അന്തസിനെ മാനിക്കാത്തതാണെന്നും ഈ വിധിയില്‍ പറയുന്നു. കൂടാതെ ബ്രാഹ്മണരെ മാത്രം ശാന്തി നിയമനത്തില്‍ പരിഗണിക്കുകയെന്നത് ഹിന്ദു സമുദായത്തിന് ഒഴിവാക്കാനാകാത്ത ഒന്നായി കണക്കാക്കാനാകില്ലെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് യോഗ്യതകളെല്ലാമുണ്ടായിട്ടും ബ്രാഹ്മണനല്ലെന്നതിന്റെ പേരില്‍ ഒരു തൊഴിലന്വേഷകനെ ഒഴിവാക്കാനാകില്ലെന്ന് ഈ വിധിയില്‍ നിന്നും വ്യക്തമാണ്. ഈ കോടതി വിധി നിലനില്‍ക്കെയാണ് ശബരിമല മേല്‍ശാന്തി നിയമനത്തില്‍ ഇന്ന് നടന്ന അഭിമുഖത്തിലേക്ക് അപേക്ഷിച്ച ആലപ്പുഴ അരൂരിനടുത്ത് പാണാവള്ളി സ്വദേശി വിഷ്ണു നാരായണന്‍ സി വിയുടെ അപേക്ഷ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്റര്‍വ്യൂവിന് പോലും പരിഗണിക്കാതെ നിരസിച്ചിരിക്കുന്നത്. ഇതിന്റെ കാരണമായി പറയുന്നതാകട്ടെ മലയാളി ബ്രാഹ്മണനല്ലെന്ന ന്യായവും. ഇക്കഴിഞ്ഞ നാലിനാണ് വിഷ്ണുനാരായണന് ദേവസ്വം ബോര്‍ഡ് റിജക്ഷന്‍ മെമ്മോ അയച്ചത്. ഇതില്‍ നിരസിക്കുന്നതിനുള്ള കാരണം മലയാള ബ്രാഹ്മണന്‍ അല്ലാത്തതിനാല്‍ എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ആദിത്യന്‍ Vs ദേവസ്വംബോര്‍ഡ് കേസിനെക്കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ടി കെ സുനില്‍കുമാര്‍ അഴിമുഖത്തോട് പറഞ്ഞത് ഇങ്ങനെയാണ്.

ബ്രാഹ്മണ സമുദായത്തിന് പുറത്തുനിന്നുമുണ്ടായ ആദ്യ തന്ത്രിമാരില്‍ ഒരാളാണ് ഈഴവ സമുദായാംഗമായ പറവൂര്‍ ശ്രീധരന്‍ തന്ത്രി. പല ബ്രാഹ്മണരേക്കാളും സംസ്‌കൃതത്തില്‍ അപാരമായ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം പല പ്രമുഖ ക്ഷേത്രങ്ങളിലും തന്ത്രി സ്ഥാനം വഹിച്ചിരുന്നു. തന്ത്രി സ്ഥാനമെന്നത് ശാന്തിയേക്കാള്‍ മുകളിലുള്ള സ്ഥാനമാണ്. ഒരേസമയം പല ക്ഷേത്രത്തിലെയും പ്രതിഷ്ഠകള്‍ക്ക് പിതൃസ്ഥാനീയരാണ് ഇവര്‍. വിശേഷാല്‍ ദിവസങ്ങളില്‍ മാത്രമാണ് ഇവര്‍ ക്ഷേത്രങ്ങളിലെത്തുന്നത്. ശ്രീധരന്‍ തന്ത്രിയുടെ മകന്‍ രാകേഷും ഇത്തരത്തില്‍ തന്ത്രവിദ്യ അഭ്യസിക്കുകയും ശാന്തി പണിക്ക് ഇറങ്ങുകയും ചെയ്ത വ്യക്തിയാണ്. എസ്എന്‍ഡിപിയ്ക്ക് കീഴിലും മറ്റുമുള്ള പല ക്ഷേത്രങ്ങളിലും രാകേഷും ശാന്തി പണി ചെയ്തിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ചപ്പോള്‍ രാകേഷ് അപേക്ഷ നല്‍കുകയും ദേവസ്വം ബോര്‍ഡ് അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു.

നിയമന ഉത്തരവ് പ്രകാരം 1993 സെപ്തംബര്‍ 20ന് എറണാകുളം ജില്ലയിലെ ആലങ്ങാട് പഞ്ചായത്തിലുള്ള കൊങ്ങോര്‍പ്പിള്ളി നീറിക്കോട് ശിവക്ഷേത്രത്തില്‍ രാകേഷ് ചുമതലയേല്‍ക്കാനെത്തിയെങ്കിലും അവിടുത്തെ ബ്രാഹ്മണ സമുദായാംഗങ്ങള്‍ ചേര്‍ന്ന് അദ്ദേഹത്തെ തടയുകയായിരുന്നു. അതോടെ ദേവസ്വം ബോര്‍ഡ് അദ്ദേഹത്തെ ഒഴിവാക്കുക്കുകയും ചെയ്തു. രാകേഷിന് മുമ്പും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നായര്‍ സമുദായാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള അബ്രാഹ്മണരെ ശാന്തിമാരായി നിയമിച്ചിട്ടുണ്ടെങ്കിലും ഇത്തരം പ്രശ്‌നങ്ങളുണ്ടായപ്പോള്‍ പലരും ക്ലറിക്കല്‍ ജോലികള്‍ സ്വീകരിച്ച് പിന്‍വാങ്ങുകയാണുണ്ടായത്. എന്നാല്‍ ഇതിന് തയ്യാറാകാതിരുന്ന രാകേഷ് ഹൈക്കോടതിയെ സമീപിച്ചു. 1993 ഒക്ടോബര്‍ 12ന് സിംഗിള്‍ ബഞ്ച് രാകേഷിന്റെ നിയമനം തടഞ്ഞുകൊണ്ട് വിധി പ്രഖ്യാപിച്ചെങ്കിലും കേസ് ഡിവിഷന്‍ ബഞ്ചില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് അനുകൂലമായ വിധിയാണ് ലഭിച്ചത്. അതോടെയാണ് ആദിത്യന്‍ Vs തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എന്ന നിലയില്‍ ഈ കേസ് സുപ്രിംകോടതിക്ക് മുന്നിലെത്തിയത്.

കെ കെ മോഹനന്‍ പോറ്റിക്ക് വേണ്ടിയാണ് ആദിത്യന്‍ നമ്പൂതിരി കോടതിയെ സമീപിച്ചിരുന്നത്. ഈ ക്ഷേത്രത്തില്‍ താല്‍ക്കാലിക ശാന്തിയായിരുന്ന മോഹനന്‍ പോറ്റിയുടെ സ്വഭാവത്തെക്കുറിച്ചും പൂജകളെക്കുറിച്ചും പരാതി ഉയര്‍ന്നതോടെയാണ് ദേവസ്വം ബോര്‍ഡ് ഇദ്ദേഹത്തെ മാറ്റി റാങ്ക് ലിസ്റ്റ് പ്രകാരം രാകേഷിനെ നിയമിച്ചത്. ദേവസ്വം ബോര്‍ഡ് നിയമനങ്ങളിലെ ജാതി വിവേചനം ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു 2002 ഒക്ടോബര്‍ മൂന്നിലെ സുപ്രിംകോടതി വിധിയില്‍ പ്രഖ്യാപിച്ചത്.

ഈ കോടതി വിധി അനുസരിച്ച് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ശാന്തിക്കാരുടെ നിയമനത്തില്‍ മലയാള ബ്രാഹ്മണന്‍ എന്ന നിബന്ധന വയ്ക്കരുത്. കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ നാല് ദേവസ്വം ബോര്‍ഡുകളിലും ഇപ്പോഴും ശാന്തി നിയമനത്തില്‍ ബ്രാഹ്മണന്‍ എന്ന നിബന്ധന മുന്നോട്ട് വയ്ക്കുന്നുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഈ കോടതി വിധിയ്ക്ക് ശേഷം നിരവധി അബ്രാഹ്മണരെ നിയമിച്ചിട്ടുണ്ടെങ്കിലും ദലിതരെ നിയമിക്കാന്‍ തയ്യാറായിരുന്നില്ല. സമീപകാലത്ത് മാത്രമാണ് അതിനും മാറ്റമുണ്ടായത്. അതേസമയം ശബരിമലയില്‍ മാത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും മേല്‍ശാന്തി അല്ലെങ്കില്‍ ശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിക്കുമ്പോള്‍ ഇപ്പോഴും മലയാളി ബ്രാഹ്മണന്‍ എന്ന നിബന്ധന വയ്ക്കുന്നുണ്ടെന്ന് മാധ്യമപ്രവര്‍ത്തകനായ സുനില്‍ കുമാര്‍ പറയുന്നു. ശബരിമലയിലേക്ക് ശാന്തി നിയമനത്തിന് ദേവസ്വംബോര്‍ഡ് ഇറക്കിയ വിജ്ഞാപനവും ഇത് തെളിയിക്കുന്നു. ഇതിലേക്ക് മലയാളി അബ്രാഹ്മണര്‍ക്ക് മാത്രമല്ല, അന്യദേശ ബ്രാഹ്മണര്‍ക്ക് പോലും അപേക്ഷിക്കാനാകില്ല.

ഈ സാഹചര്യത്തിലാണ് നിലവില്‍ കോട്ടയം പള്ളത്ത് എസ്എന്‍ഡിപിക്ക് കീഴിലുള്ള സുബ്രഹ്മണ്യ ക്ഷേത്രത്തിലെ മേല്‍ശാന്തിയും ഈഴവ സമുദായാംഗവുമായ വിഷ്ണുനാരായണന്‍ സുപ്രിംകോടതി വിധിയുടെ ബലത്തില്‍ ശബരിമല മേല്‍ശാന്തി നിയമനത്തിന് അപേക്ഷിച്ചത്. വിവിധ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ള വിഷ്ണു അപേക്ഷിച്ച മറ്റ് ബ്രാഹ്മണ ഉദ്യോഗാര്‍ത്ഥികളെ പോലെ ഈ ജോലിക്ക് യോഗ്യനാണ്. ശബരിമലയിലായാലും മേല്‍ശാന്തി, ശാന്തി നിയമനത്തിലേക്ക് യോഗ്യരായ മലയാളി ബ്രാഹ്മണരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നുവെന്ന വിജ്ഞാപനം സുപ്രിംകോടതി വിധിക്ക് വിരുദ്ധമാണെന്ന് വന്നതോടെ ദേവസ്വം ബോര്‍ഡ് വിജ്ഞാപനം തങ്ങളുടെ സൈറ്റിലേക്ക് ഒതുക്കുകയായിരുന്നു. അപേക്ഷ ക്ഷണിക്കുന്നുവെന്ന പരസ്യം മാത്രമാണ് പത്രത്തിലുണ്ടായിരുന്നത്. വിശദവിവരങ്ങള്‍ക്ക് സൈറ്റ് സന്ദര്‍ശിക്കാനുള്ള നിര്‍ദ്ദേശവും. ഇത്തവണത്തെ വിജ്ഞാപനത്തിലെ നിബന്ധന ഇങ്ങനെയാണ് ‘1194 ചിങ്ങമാസം ഒന്നാം തിയതി 35 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ളവരും എസ്എസ്എല്‍സിയോ തത്തുല്യ പരീക്ഷയോ വിജയിച്ചവരും രണ്ട് നേരം നടതുറന്നിരിക്കുന്നവരും മൂന്ന് പൂജകളുള്ളതും എല്ലാ ദിവസവും പൊതുജനങ്ങള്‍ക്ക് ദര്‍ശനത്തിന് അവസരം നല്‍കുന്നതുമായ ക്ഷേത്രത്തിലോ/ക്ഷേത്രങ്ങളിലോ ആകെ പന്ത്രണ്ട് വര്‍ഷങ്ങളില്‍ പത്തു വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മേല്‍ശാന്തി സേവനം നടത്തിയിട്ടുള്ളവരും സല്‍സ്വഭാവികളും സദാചാര വിരുദ്ധ നടപടികളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവരും നല്ല ശാന്തിക്കാരന്‍ എന്ന നിലയില്‍ സമൂഹത്തില്‍ അംഗീകാരമുള്ളവരും ക്രിമിനല്‍ കേസില്‍ പ്രതിചേര്‍ക്കുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്തവരും അംഗവൈകല്യമോ ഗുരുതരമായ അസുഖങ്ങളോ ഇല്ലാത്തവരും നിലവില്‍ പൂര്‍ണമായും ശാന്തി ജോലി നോക്കുന്നവരും സംസ്‌കൃതഭാഷയിലും ശബരിമല, മാളികപ്പുറം ദേവസങ്കല്‍പ്പങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും അറിവുള്ളവരും ആയ കേരളത്തില്‍ ജനിച്ചതും കേരളീയ ആചാര പ്രകാരം പൂജ/താന്ത്രിക കര്‍മ്മങ്ങള്‍ അഭ്യസിച്ചിട്ടുള്ളതുമായ മലയാള ബ്രാഹ്മണര്‍ ആയിരിക്കണം. ഈ വിജ്ഞാപനം സുപ്രിംകോടതി വിധിയുടെ നഗ്നമായ ലംഘനമാണ്. ജാതി വിവേചനം മാത്രമല്ല, വികലാംഗരെയും വിവേചിച്ചു നിര്‍ത്തുന്നതാണ് ഈ വിജ്ഞാപനമെന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ ശബരിമല മേല്‍ശാന്തി ജോലിക്കായി അപേക്ഷിക്കുന്നുവെന്ന് വിഷ്ണുനാരായണന്‍ അഴിമുഖത്തോട് പറഞ്ഞു. കഴിഞ്ഞവര്‍ഷം ദേവസ്വം ബോര്‍ഡില്‍ നിന്നും യാതൊരു വിധത്തിലുള്ള അറിയിപ്പും ലഭിച്ചിരുന്നില്ല. എന്നാല്‍ ഇക്കുറി അപേക്ഷയെക്കുറിച്ച് അന്വേഷണം വന്നതോടെ റിജക്ഷന്‍ മെമ്മോ അയയ്ക്കാന്‍ ദേവസ്വം ബോര്‍ഡ് നിര്‍ബന്ധിതരാകുകയായിരുന്നു. ദേവസ്വം ബോര്‍ഡ് ഒക്ടോബര്‍ നാലിന് അയച്ച മെമ്മോയാണെങ്കിലും രണ്ട് ദിവസം മുമ്പ് മാത്രമാണ് വിഷ്ണുനാരായണന് ലഭിച്ചത്. മെമ്മോയ്ക്ക് വിശദീകരണം നല്‍കാനുള്ള അവസാന തിയതി ഒക്ടോബര്‍ 11 ആയിരുന്നു പറഞ്ഞിരുന്നത്. ഇതനുസരിച്ച് വിഷ്ണു വ്യാഴാഴ്ച തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡിന്റെ ഓഫീസിലെത്തി വിശദീകരണ കുറിപ്പ് നല്‍കിയെങ്കിലും വെറുതെ അത് വാങ്ങിച്ചുവയ്ക്കുക മാത്രമാണ് അധികൃതര്‍ ചെയ്തതെന്ന് വിഷ്ണു അഴിമുഖത്തോട് വ്യക്തമാക്കി. ഇന്നലെയും ഇന്നുമായാണ് മേല്‍ശാന്തി നിയമനത്തിലെ അഭിമുഖം നടക്കേണ്ടത്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടിരുന്ന മുന്‍ശബരിമല തന്ത്രി കണ്ഠരര് മോഹനര് ഇന്നലെ രാവിലെ ഇവിടെയെത്തിയതോടെ തര്‍ക്കമുണ്ടാകുകയും ഇന്റര്‍വ്യൂ നീണ്ടുപോകുകയുമായിരുന്നു. ഇതിനിടെ മോഹനര് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കരുതെന്ന് ഹൈക്കോടതിയുടെ വിധിയും വന്നു.

ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ നിന്നുള്ള വിധിക്കെതിരെ ആദിത്യന്‍ സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍ ദേവസ്വം ബോര്‍ഡായിരുന്നു എതിര്‍കക്ഷി. ദേവസ്വം ബോര്‍ഡ് ഈ ഹര്‍ജിയെ എതിര്‍ത്തതിനാലാണ് അബ്രാഹ്മണരെയും ശാന്തി നിയമനത്തിന് പരിഗണിക്കാമെന്ന വിധി ലഭിച്ചത്. യഥാര്‍ത്ഥത്തില്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യപ്രകാരമുള്ള ഒരു വിധിയാണുണ്ടായതെന്ന് പട്ടികജാതി വര്‍ഗ്ഗ പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ മുന്‍ ഡയറക്ടറും നാഷണല്‍ ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന സന്നദ്ധ സംഘടനയുടെ കോഓര്‍ഡിനേറ്ററുമായ വി ആര്‍ ജോഷി ചൂണ്ടിക്കാട്ടുന്നു. ഈ ജോലി ബ്രാഹ്മണര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അര്‍ഹതയുള്ള മറ്റുള്ളവരെയും ഇതിലേക്ക് പരിഗണിക്കണമെന്നുമാണ് 2002ലെ കോടതി വിധിയില്‍ പറയുന്നത്.

ശബരിമലയില്‍ ഈ വിധി പാലിക്കപ്പെടുന്നില്ലെന്ന് കണ്ടതോടെ കേരളത്തിലെ ഹിന്ദു എംഎല്‍എമാര്‍ക്ക് ഇതില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് താന്‍ കത്തയച്ചിരുന്നെന്നും എന്നാല്‍ ആരും അത് കണക്കിലെടുത്തില്ലെന്നും ജോഷി വെളിപ്പെടുത്തി. പിന്നീട് മനുഷ്യാവകാശ കമ്മിഷനെയും സമീപിച്ചു. ജോഷിയുടെ വാദങ്ങള്‍ അംഗീകരിച്ച മനുഷ്യാവകാശ കമ്മിഷന്‍ എന്നാല്‍ തങ്ങള്‍ക്ക് ഒരു ഉപദേശക സ്ഥാനം മാത്രമേയുള്ളൂവെന്നും അതിനാല്‍ കേരള ഹൈക്കോടതിയിലെ ദേവസ്വം ബോര്‍ഡ് ബഞ്ചിനെ സമീപിക്കാനുമായിരുന്നു മറുപടി നല്‍കിയത്. അന്ന് സര്‍വീസില്‍ നില്‍ക്കുന്നതിനാലും ദേവസ്വം ബോര്‍ഡിനെതിരെ കേസ് നടത്തിപ്പിക്കുമ്പോഴുണ്ടാകുന്ന ചെലവും ഓര്‍ത്ത് അദ്ദേഹം അതില്‍ നിന്നും പിന്തിരിയുകയായിരുന്നു. മാത്രമല്ല, കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു നീക്കം നടത്തണമെങ്കില്‍ അതിന് ഒരു കക്ഷി ആവശ്യമായിരുന്നു. പൊതുതാല്‍പര്യ ഹര്‍ജിയേക്കാള്‍ സാധ്യത അതിനുള്ളതിനാലാണ് അങ്ങനെ ചിന്തിച്ചത്. എന്നാല്‍ താന്‍ സമീപിച്ച പലരും ദേവസ്വം ബോര്‍ഡിനെതിരെ കേസ് കൊടുക്കാന്‍ ഒരുക്കമായിരുന്നില്ല. ശബരിമലയില്‍ ഇല്ലെങ്കിലും മറ്റ് ക്ഷേത്രങ്ങളില്‍ പൂജയും ജ്യോതിഷവുമൊക്കെയായി നടക്കുമ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ രക്ഷകര്‍തൃത്വം അവര്‍ക്കാവശ്യമാണെന്നതാണ് അതിന് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അങ്ങനെയിരിക്കുമ്പോഴാണ് കഴിഞ്ഞ വര്‍ഷം വിഷ്ണുനാരായണന്‍ ഈ കേസുമായി മുന്നോട്ട് പോകാന്‍ തയ്യാറായത്. എന്നാല്‍ ശബരിമല മാളികപ്പുറം ക്ഷേത്രങ്ങളിലെ ശാന്തി നിയമനം കഴിയുന്നത് വരെ കേസ് അവധിക്ക് വച്ച് ദേവസ്വം ബോര്‍ഡ് കഴിഞ്ഞ വര്‍ഷം ഇതില്‍ നിന്നും രക്ഷപ്പെടുകയായിരുന്നെന്നും ജോഷി കൂട്ടിച്ചേര്‍ത്തു.

ശബരിമല ശാന്തി നിയമനം ഒരു വര്‍ഷത്തേക്കാണ്. ആ ഒരു വര്‍ഷം കൊണ്ട് ഒരു തലമുറയ്ക്കുള്ളത് മുഴുവന്‍ അവര്‍ക്ക് സമ്പാദിക്കാനാകും. ഒരു വര്‍ഷത്തിനിടെ ശബരിമലയില്‍ ദക്ഷിണയായി ലഭിക്കുന്ന പണം മാത്രം മതി ഇവരുടെ ഒരു തലമുറയ്ക്ക് സുഭിക്ഷമായി ജീവിക്കാന്‍. ഇതിന്റെ ഒരു പങ്ക് തന്ത്രി കുടുംബത്തിന് ഇവര്‍ സമ്മാനമായും നല്‍കാറുണ്ട്. അതിനാല്‍ തന്നെ ഇഷ്ടക്കാരായ ബ്രാഹ്മണരെ ഈ സ്ഥാനത്ത് എത്തിക്കാനാണ് തന്ത്രി കുടുംബത്തിനും താല്‍പര്യം. ഇത് കൂടാതെ അവിടെ നിന്നും ഇറങ്ങിക്കഴിയുമ്പോള്‍ മുന്‍ശബരിമല ശാന്തി എന്ന സല്‍പ്പേരില്‍ ലഭിക്കുന്ന വരുമാനം വേറെയും. ഇവര്‍ നടത്തുന്ന പൂജകള്‍ക്ക് ലക്ഷങ്ങളായിരിക്കും പ്രതിഫലമായി കൈപ്പറ്റുന്നത്. ശബരിമലയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്ന തന്ത്രി താഴമണ്‍ കുടുംബത്തിലെ ഏറ്റവും മുതിര്‍ന്നയാളായിരിക്കുമെന്നാണ് ചട്ടം. ആ തന്ത്രി ഒരു മനോരോഗിയാണെങ്കില്‍ പോലും അതിന് മാറ്റമുണ്ടാകില്ലെന്ന് ജോഷി പറയുന്നു. കഴിഞ്ഞവര്‍ഷം കോടതിയില്‍ പോയതിനാലും ഈവര്‍ഷം നിയമനത്തില്‍ കടുംപിടുത്തമുണ്ടായേക്കുമെന്നും വന്നതിനാലാണ് വിഷ്ണുനാരായണന്‍ അപേക്ഷിച്ചപ്പോള്‍ റിജക്ഷന്‍ മെമ്മോ നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാലപ്പഴക്കമല്ലാത്ത ഒരു ആചാരമാണെന്ന് വ്യക്തമായതോടെയാണ് ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന വിധിയുണ്ടായത്. ശാന്തിക്കാരുടെ അഭിമുഖത്തിന്റെ വീഡിയോ പുറത്തു വിടണമെന്ന കോടതി ഉത്തരവൊന്നും ദേവസ്വം ബോര്‍ഡിനെ ബാധിക്കില്ല. കാരണം, ഇന്നലെയും ഇന്നുമായി നടക്കുന്ന അഭിമുഖത്തിലെത്തിയിരിക്കുന്നത് മലയാളി ബ്രാഹ്മണര്‍ മാത്രമായിരിക്കും. നമ്മുടെ പ്രശ്‌നം ഇവിടുത്തെ ജാതി വിവേചനമാണെന്ന് ജോഷി ഓര്‍മ്മിപ്പിക്കുന്നു. കേരളത്തില്‍ ജാതിവിവേചനമില്ലെന്ന് സര്‍ക്കാര്‍ പലയിടങ്ങളിലും അവകാശപ്പെടുമ്പോഴും ദേവസ്വം ബോര്‍ഡ് ശാന്തിക്കാരെ നിയമിക്കുന്നത് ജാതിവിവേചനത്തോടെയാണെന്ന് ജോഷി ചൂണ്ടിക്കാട്ടുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശന വിധി നടപ്പാക്കേണ്ടത് തന്നെയാണ്. ആ വിധി നടപ്പാക്കണമെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയനാണെങ്കിലും മന്ത്രി കടകംപള്ളിയാണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണെങ്കിലും ജാതിവിവേചനം തള്ളിക്കളയുന്ന ഈ കോടതി വിധി എന്തുകൊണ്ടാണ് മറക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. വെയില്‍ കൊള്ളാതെ എല്ലാ ആനുകൂല്യങ്ങളും അടിച്ചെടുത്ത സവര്‍ണ വിഭാഗമാണ് ഇപ്പോള്‍ ശബരിമല സംരക്ഷിക്കാനായി സമരം ചെയ്യാനിറങ്ങിയിരിക്കുന്നത്.

ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥ നിയമനവുമായി ബന്ധപ്പെട്ട് മുന്നോക്ക സംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് കീഴിലുള്ളതല്ലെന്നും ഭരണഘടനയ്ക്ക് വിധേയമല്ലെന്നുമാണ് മുഖ്യമന്ത്രിയും ദേവസ്വംബോര്‍ഡ് മന്ത്രിയും പറഞ്ഞത്. എന്നാല്‍ ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങളിലെ ശമ്പളത്തിന്റെ കാര്യത്തില്‍ വരുമ്പോള്‍ അത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമായി മാറുകയും ചെയ്യുന്നു. ചുരുക്കത്തില്‍ ദേവസ്വം ബോര്‍ഡിന് ആവശ്യം വരുമ്പോള്‍ ഭരണഘടനയ്ക്ക് വിധേയരാകുകയും അല്ലാത്തപ്പോള്‍ ഒരു സ്വതന്ത്ര സ്ഥാപനവുമാകുന്ന ഇരട്ടത്താപ്പാണ് ദേവസ്വം ബോര്‍ഡിന്റേത്. ശബരിമലയില്‍ അബ്രാഹ്മണ ശാന്തിയെ നിയമിക്കുന്ന കാര്യത്തിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഈ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്. മറ്റ് ക്ഷേത്രങ്ങളില്‍ സുപ്രിംകോടതി വിധി പാലിക്കുന്ന അവര്‍ ശബരിമലയില്‍ മാത്രം അതിന് തയ്യാറാകുന്നില്ല.

തന്റെ പത്താം വയസില്‍ തന്ത്രവിദ്യ അഭ്യസിക്കാന്‍ ആരംഭിച്ച വിഷ്ണു 28 വര്‍ഷമായി ഈ തൊഴില്‍ ചെയ്യുന്നു. ദേവസ്വം ബോര്‍ഡിന്റെ വിജ്ഞാപനമനുസരിച്ച് ബ്രാഹ്മണനല്ല എന്നത് മാത്രമാണ് ഇദ്ദേഹത്തിന്റെ അയോഗ്യത. ഈ നിബന്ധനയാകട്ടെ ഭരണഘടനയ്ക്കും സുപ്രിംകോടതി വിധിക്കും എതിരാണ്. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കുന്നതിന് സമാനമായ ഒരു സുപ്രിംകോടതി വിധിയാണ് യോഗ്യതയുള്ള അബ്രാഹ്മണര്‍ക്കും അവിടെ ശാന്തിപ്പണി ചെയ്യാമെന്നത്. എന്നാല്‍ തന്റെ അപേക്ഷ പരിഗണിക്കാന്‍ പോലും തയ്യാറാകാത്തതിലൂടെ ദേവസ്വം ബോര്‍ഡ് ഈ കോടതി വിധിയെ ലംഘിക്കുകയാണെന്ന് വിഷ്ണുനാരായണന്‍ പറയുന്നു. യുവതികളുടെ പ്രവേശനം നടപ്പാക്കാന്‍ മുന്‍കൈയെടുക്കുന്ന സര്‍ക്കാര്‍ ജാതിവിവേചനത്തിനെതിരായ ഈ വിധി നടപ്പാക്കാനും തയ്യാറാകണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.

ദേവസ്വംബോര്‍ഡിനെതിരെ കേസുമായി മുന്നോട്ട് പോകാനുള്ള സാമ്പത്തിക ശേഷി തനിക്കില്ലെന്ന് പറയുന്ന വിഷ്ണുനാരായണന്‍ ഈ ജാതിവിവേചനം അവസാനിപ്പിക്കാന്‍ ജനകീയ സമരങ്ങള്‍ക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ്. സമൂഹത്തിലെ താഴേത്തട്ടില്‍ നിന്നുള്ള പ്രതിഷേധങ്ങളിലൂടെ മാത്രമേ ഈ ജാതിവിവേചനത്തിന് മാറ്റം വരികയുള്ളൂവെന്നും വിഷ്ണുനാരായണന്‍ ഓര്‍മ്മിപ്പിക്കുന്നു. ശബരിമലയിലെ ശാന്തി പദവി ബ്രാഹ്മണര്‍ക്ക് മാത്രമെന്നത് പഴയ സങ്കല്‍പ്പമാണെന്നും അത് മാറേണ്ട കാലമായെന്നും വിഷ്ണുനാരായണന്‍ കൂട്ടിച്ചേര്‍ത്തു. സുപ്രിംകോടതി വിധിയുടെ കൂടെ പിന്‍ബലമുള്ള സാഹചര്യത്തില്‍ ഇനിയും ഇതിനെതിരെ ആരും ശബ്ദിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഇത് അങ്ങനെ തന്നെ മുമ്പോട്ട് പോകും.

ശബരിമലയില്‍ അവകാശമുണ്ടായിരുന്ന ഈഴവ കുടുംബത്തിന് സംഭവിച്ചത് ഇതാണ്; വിശ്വാസ സംരക്ഷകര്‍ ഓര്‍ക്കേണ്ട ചരിത്രം

ശബരിമലയില്‍ നൂറ്റാണ്ടുകളുടെ അവകാശവാദം ഉന്നയിക്കുന്ന താഴമണ്‍ തന്ത്രിമാര്‍ ആരാണ്? രാഹുല്‍ ഈശ്വര്‍ തന്ത്രികുടുംബമാണോ?

തന്ത്രിക്ക് തിരിച്ചടി: ശബരിമല ഇന്റർവ്യൂ ബോർ‌ഡിൽ കണ്ഠര് മോഹനരെ ഉൾപ്പെടുത്തേണ്ടെന്ന് ഹൈക്കോടതി

ചെട്ടികുളങ്ങരയിലെ ഈഴവശാന്തി ഇന്നും ശ്രീകോവിലിന് പുറത്തുതന്നെ; ‘എന്നെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഈ സവര്‍ണന്മാരാണ് ഹിന്ദുക്കളോട് ഒന്നിക്കാന്‍ പറയുന്നത്’

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍