UPDATES

ട്രെന്‍ഡിങ്ങ്

കാടിനെ നാടാക്കിയവന്‍, മിന്നായം പോലെ വന്ന് പായുന്നവന്‍… പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി 23 ദിവസം വനത്തില്‍ കഴിഞ്ഞ അപ്പു ജോര്‍ജിനെക്കുറിച്ച് നാട്ടുകാര്‍

75 പോലീസുകാരും 200 നാട്ടുകാരും പതിനഞ്ച് ദിവസത്തോളം രാപ്പകലില്ലാതെ നടത്തിയ തിരച്ചിലിനൊടുവിലാണ് വനത്തിനുള്ളില്‍ കഴിഞ്ഞ ഇവരെ കണ്ടെത്തിയത്

കാടിനെ നാടാക്കിയvവന്‍, മിന്നായം പോലെ വന്ന് പായുന്നയാള്‍… കുമളിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി കാട്ടില്‍ കഴിഞ്ഞ അപ്പു ജോര്‍ജിനെക്കുറിച്ച് പോലീസും നാട്ടുകാരും പറയുന്നതാണിത്. ചിങ്ങവനം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു പോക്‌സോ കേസ്, ബൈക്ക് മോഷണ കേസ് അങ്ങനെ 22 വയസ്സിനിടയില്‍ അപ്പു സമ്പാദിച്ച കേസുകളുടെ ലിസ്റ്റും പോലീസ് നിരത്തുന്നു. ഇലവീഴാപൂഞ്ചിറയ്ക്ക് സമീപമുള്ള വനത്തില്‍ ഒളിച്ച് താമസിച്ചിരുന്ന അപ്പു ജോര്‍ജിനേയും പ്ലസ്ടു വിദ്യാര്‍ഥിനിയേയും പോലീസ് പിടികൂടിയത് ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ്. 75 പോലീസുകാരും 200 നാട്ടുകാരും പതിനഞ്ച് ദിവസത്തോളം രാപ്പകലില്ലാതെ നടത്തിയ തിരച്ചിലിനൊടുവിലാണ് വനത്തിനുള്ളില്‍ കഴിഞ്ഞ ഇവരെ കണ്ടെത്തിയത്.

ഇടുക്കി-കോട്ടയം അതിര്‍ത്തിയിലുള്ള മുട്ടം മേലുകാവ് സ്വദേശിയാണ് അപ്പു ജോര്‍ജ്. ഏതാണ്ട് രണ്ട് വര്‍ഷം മുമ്പ് സമാനമായ രീതിയില്‍ അപ്പുവിനെ പോലീസ് പിടികൂടുകയും പോക്‌സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതിനായിരുന്നു കേസ്. എന്നാല്‍ ഒരു മാസം മാത്രമേ അപ്പു ജോര്‍ജ് ജയിലില്‍ കഴിഞ്ഞുള്ളൂ. പോലീസ് സ്‌റ്റേഷന്‍ തീപിടിച്ചപ്പോള്‍ അവസരം നോക്കി ഇയാള്‍ ഓടി രക്ഷപെട്ടു. അന്ന് 17 പേലീസുകാര്‍ കാട്ടിനുള്ളില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടിയത്. പിന്നീട് അപ്പുവിന് ജാമ്യം ലഭിച്ചു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്. പോലീസ് നോട്ടമിട്ടിരിക്കുന്ന പ്രതിയായിട്ടുകൂടി പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

മരംകയറ്റ ജോലികള്‍ക്കായാണ് അപ്പു കുമളിയിലെത്തുന്നത്. തെങ്ങ്, കവുങ്ങ് കയറ്റമായിരുന്നു ഇയാളുടെ പ്രധാന ജോലി. ഇതിനിടെ പ്ലസ്ടുവിന് പഠിക്കുന്ന പെണ്‍കുട്ടിയുമായി ഇയാള്‍ പരിചയത്തിലായി. ഒരു മരണവീട്ടില്‍ വച്ച് പെണ്‍കുട്ടി അപ്പുവിന് ഫോണ്‍ നമ്പര്‍ കൊടുത്തു. ഇരുവരും ഒന്നിച്ച് ജീവിക്കാനായി വനത്തിനുള്ളിലേക്ക് കടന്നതാണെന്ന് പോലീസ് പറയുന്നു. സണ്‍ഡേ സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി അപ്പുവിനൊപ്പം വനത്തിലേക്ക് പോവുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും പോലീസും ഒന്നിച്ച് വ്യാപകമായ തിരിച്ചിലിനിറങ്ങിയതോടെ ഇരുവര്‍ക്കും കാട്ടില്‍ നിന്ന് പുറത്തിറങ്ങാനുമായില്ല.

Also Read: മരച്ചുവട്ടിലും പാറയിടുക്കിലും താമസം, വനവിഭവങ്ങൾ ഭക്ഷണം; 23 ദിവസം ഘോരവനത്തിൽ കഴിഞ്ഞ പ്ലസ്ടു വിദ്യാര്‍ഥിനിയും യുവാവും പിടിയിൽ

കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ കുമളി എസ് ആ പ്രശാന്ത് ബി നായര്‍ പറയുന്നു, “അപ്പുവിനെ ഇലവീഴാപൂഞ്ചിറ ഭാഗങ്ങളില്‍ പലരും കണ്ടിരുന്നു. എന്നാല്‍ മിന്നായം പോലെ ഇവന്‍ ഓടി മറയും. അതാണ് അവന്റെ പ്രത്യേകതയും. നോക്കി നില്‍ക്കുമ്പോള്‍ ഇവന്‍ വന്നപോലെ മറയും. എവിടേക്കാണ് പോയതെന്ന് ആര്‍ക്കും മനസ്സിലാവില്ല. കാട് അവന് നാട് പോലെയാണ്. കാടുകളിലാണ് ഇവന്‍ പലപ്പോഴും. കാട് അവന് മന:പാഠമാണ്. അതുകൊണ്ടാണ് പിടിക്കാന്‍ കഴിയാതെയിരുന്നതും. 75 പോലീസുകാരും 200 നാട്ടുകാരും തിരച്ചില്‍ നടത്തിയിട്ടും ഇരുവരെയും പിടികൂടാന്‍ ഇത്രയും ദിവസമെടുത്തത് അതുകൊണ്ടാണ്. പെണ്‍കുട്ടിയുടെ അച്ഛനും തിരച്ചില്‍ നടത്താന്‍ പോലീസിനൊപ്പമുണ്ടായിരുന്നു. പെണ്‍കുട്ടിയെ കാണാതായത് മുതല്‍ വീട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നു. അതിനാല്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു.”

പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഷെല്‍റ്റര്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. വീട്ടുകാര്‍ പെണ്‍കുട്ടിയെ ഏറ്റെടുക്കാന്‍ തയ്യാറായില്ല എന്ന് വാര്‍ത്തകളുണ്ടെങ്കിലും പോലീസ് അത് നിഷേധിച്ചു. കേസിന്റെ സാധാരണ നടപടികള്‍ പൂര്‍ത്തിയായാല്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് അയക്കുമെന്ന് പോലീസ് പറയുന്നു. അപ്പുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പെണ്‍കുട്ടിയുടെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇലവീഴാപൂഞ്ചിറക്ക് സമീപം ഇവരുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് പ്രദേശം കേന്ദ്രീകരിച്ച് പരിശോധന നടത്തുകയായിരുന്നു. അപ്പുവിന്റെ ബൈക്ക് കഴിഞ്ഞ ദിവസം അടൂര്‍ മലയില്‍ നിന്നും പോലീസ് കണ്ടെത്തി. വനത്തിനുള്ളില്‍ ആഹാരം പാകംചെയ്യാന്‍ ഉപയോഗിച്ച് അടുപ്പും പാത്രങ്ങളും ഇവരുടെ വസ്ത്രങ്ങളും പെണ്‍കുട്ടിയുടെ ബാഗും പോലീസ് കണ്ടെടുത്തു. മാങ്ങയും പച്ചക്കായും നാളികേരവും കഴിച്ചാണ് ഇവര്‍ വിശപ്പടക്കിയിരുന്നതെന്നും പോലീസ് പറയുന്നു. പോലീസ് വളരെ ശ്രമകരമായാണ് ഇരുവരെയും പിടികൂടിയത്. അടൂര്‍മല സിഎസ്‌ഐ പള്ളിയുടെ പാരിഷ് ഹാളില്‍ പോലീസും നാട്ടുകാരും രഹസ്യമായി താമസിച്ച് ഇവരെക്കുറിച്ച് അന്വേഷിച്ച് വരികയായിരുന്നു. ഇന്നലെ പുലര്‍ച്ചെ അടൂര്‍മലയില്‍ നിന്നും കൊളപ്ര ഭാഗത്തേക്ക് വരുന്ന വഴി ഇവര്‍ പോലീസിന്റെ മുന്നില്‍ പെട്ടു. എന്നാല്‍ ഇരുവരും രണ്ട് ഭാഗത്തേക്കായി ഓടി രക്ഷപെട്ടു. പെണ്‍കുട്ടി ശരംകുത്തിയിലെ ഒരു വീട്ടില്‍ ആശ്രയം തേടി. പെണ്‍കുട്ടിക്ക് വെള്ളവും ഭക്ഷണവും നല്‍കിയ ശേഷം പോലീസില്‍ വിവരമറിയിച്ചു. ആനക്കയം ഭഗത്തേക്ക് ഓടിയ അപ്പുവിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടി.

കട്ടപ്പന ഡിവൈഎസ്പി എന്‍ സി റാംമോഹനാണ് നിലവില്‍ അന്വേഷണ ചുമതല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍