UPDATES

ഭൂമിയും കാടുമെല്ലാം നിങ്ങളെടുത്തില്ലേ, ഞങ്ങക്കിനി എന്തുണ്ട്? നമ്മുടെ കണ്‍മുന്നില്‍ അറനാടന്മാര്‍ വംശമറ്റു പോവുകയാണ്

നിലമ്പൂര്‍ കാട്ടിലെ അറനാടന്‍ ആദിവാസികളുടെ ചോദ്യം കേരളത്തോടാണ്

‘ഈട എല്ലാം പണ്ട് കാലത്ത് നെറയെ കാടായിരുന്നു. ഞങ്ങടെ കൂട്ടര് ആയിരുന്നു മുഴുവന്‍, പിന്നെ കുറെ മനുഷ്യര്‍ ഈടത്തേക്ക് വന്നു. അവര്‍ വന്നു ഉപദ്രവിച്ചപ്പോള്‍ പേടിച്ച് ഞങ്ങളെ ആളെല്ലാം ഓടിപ്പോയി. ഞങ്ങടെ ഭൂമിയെല്ലാം അവര് സ്വന്തമാക്കി. കാടെല്ലാം വെട്ടി അവര്‍ വലിയ വീട് കാട്ടുവഴിയെല്ലാം റോഡാക്കി മാറ്റി. ഇന്ന് ഞങ്ങക്കുള്ളത് ഈ ചെറിയ സ്ഥലമാണ്. ഞങ്ങടെ ഭൂമിയെല്ലാം എടുത്തിട്ട് അവര്‍ ഞങ്ങളെ വെറുപ്പോടെയാണ് നോക്കുന്നത്. ഈ ഭൂമിയും ഇല്ലാതായാല്‍ പോകാന്‍ വേറെ ഇടമില്ല. ഇനി ആരു വന്നാലും ഇവിടം ഞങ്ങള് വിട്ടുകൊടുക്കൂല്ല. ഞങ്ങക്കും ജീവിക്കേണ്ടേ…’; ചെറിയനീലി.

നിലമ്പൂര്‍ കരുളായി കൊട്ടുപാറ അറനാടന്‍ കോളനിയിലെ ചെറിയനീലിയുടെ ഈ വാക്കുകള്‍ നിലനില്‍പ്പിനായി കാലത്തോട് പോരടിക്കുന്ന അറനാടന്‍ സമൂഹത്തിന്റെ പ്രതിധ്വനിയാണ്. തലമുറകളായി ജീവിച്ചു വന്ന മണ്ണും വിണ്ണും മലകയറിയെത്തിയവര്‍ സ്വന്തമാക്കിയപ്പോള്‍ ഇവര്‍ക്ക് നഷ്ടപ്പെട്ടത് ജീവിതവും വംശത്തുടര്‍ച്ചയുമായിരുന്നു. പൊതുസമൂഹത്തിന്റെ കാഴ്ചയെത്താത്ത നിലമ്പൂരിന്റെ വനാതിര്‍ത്തികളില്‍ ദുരിത ജീവിതം നയിക്കുകയാണിവരിപ്പോള്‍. നിലമ്പൂര്‍ വികസനത്തിന്റെ പുതപ്പണിയുമ്പോള്‍ പിന്നാമ്പുറങ്ങളില്‍ നിന്നു പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെടുകയാണ് അറനാടന്‍മാര്‍. ഓരോ വര്‍ഷം കഴിയുംതോറും ഈ വംശത്തിലെ അംഗങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നു. ഒരുകാലത്ത് നിലമ്പൂരിന്റെ വനമേഖലകളിലെ പ്രബലവിഭാഗമായിരുന്ന അറനാടന്‍മാരുടെ എണ്ണം ഇപ്പോള്‍ 300-ല്‍ താഴെ മാത്രമാണിന്ന്.

കാലം ബാക്കിവെച്ച അറനാടന്‍ ജീവിതങ്ങളുടെ അരികിലേക്ക് ഞങ്ങള്‍ നടത്തിയ യാത്ര നാം അടങ്ങുന്ന പരിഷ്‌കൃത സമൂഹവും ഭരണകൂടങ്ങളും എങ്ങനെ ഗ്രോത്ര സമൂഹങ്ങളെ ഒന്നുമില്ലാത്തവരാക്കി വംശനാശത്തിന്റെ വക്കിലെത്തത്തിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരം നല്‍കുന്നതാണ്.

നിലമ്പൂരിനടുത്ത എടക്കര ടൗണില്‍ നിന്ന് അല്‍പ്പം സഞ്ചരിച്ചാല്‍ അറനാടന്‍ പാടത്തെത്താം. മൂന്നു കുടുംബങ്ങളാണ് ഇന്നിവിടെ അവശേഷിക്കുന്നത്.

ചുറ്റുമുള്ള മണിമാളികള്‍ക്കിടയില്‍ കാലത്തെ വെല്ലുവിളിച്ച് ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍, അവരുടെ പ്രതിനിധിയായി ചീര എന്ന അറനാടന്‍ വയോധിക അവരുടെ കഥ പറഞ്ഞു തുടങ്ങി…

അറനാടന്‍ ചരിത്രം
ചേലനായ്ക്കര്‍, പതിനായ്ക്കര്‍, കാട്ടുനായ്ക്കര്‍, പതിയര്‍, കാട്ടുപണിയര്‍, അറനാടന്‍, കുറുമര്‍, അള്ളര്‍, മലമുത്തന്‍ തുടങ്ങി പത്തിലധികം ആദിവാസി ഗ്രോത്ര വിഭാഗങ്ങളില്‍ നിലമ്പൂരിന്റെ കാടകങ്ങളുണ്ട്. ഇതില്‍ ചോലനായ്ക്കര്‍ കഴിഞ്ഞാല്‍ ഇവിടത്തെ പ്രധാന ആദിവാസി വിഭാഗമാണ് അറനാടന്‍മാര്‍. ഉള്‍ക്കാട്ടില്‍ നിന്നും ശേഖരിച്ച് തലച്ചുമടായി കൊണ്ടുവരുന്ന കാട്ടുവിഭവങ്ങളും ഔഷധങ്ങളും ഉണക്കിപൊടിച്ച് പുറത്തെത്തിച്ച് വില്‍ക്കുകയായിരുന്നു ഇവരുടെ പ്രധാനജീവിതോപാധി. നിലമ്പൂരിലെ ആദിവാസി ഗ്രോത്രവിഭാഗങ്ങളുടെ മറ്റൊരു സവിശേഷത ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയായിരുന്നു. ഗ്രോതത്തിലെ മരിച്ചുപോയ മുന്‍തലമുറയെ ദൈവമായി ആരാധിക്കുന്ന പാരമ്പര്യം അറനാടന്‍മാര്‍ക്കുണ്ട്. കാട്ടുകിഴങ്ങായിരുന്നു ഒരു കാലത്ത് പ്രധാന ഭക്ഷണം. അറനാടന്‍മാരുടെ ഇടയില്‍ അവര്‍ക്ക് സ്വന്തമായ ഗ്രോത്രഭാഷയുമുണ്ട്. കൈയേറ്റക്കാര്‍ ഭൂമിയെല്ലാം സ്വന്തമാക്കിയതോടെ ഗ്രോത്രം പലയിടങ്ങളിലേക്കായി ചിതറി. നിലമ്പൂര്‍ എടക്കര പഞ്ചായത്തിലെ അറനാടന്‍പാടം, കരുളായിയിലെ കൊട്ടുപ്പാറ, പൂക്കോട്ടുപ്പാടം തുടങ്ങിയ നിലമ്പൂര്‍ വനാര്‍ത്തികളിലാണ് ഇന്ന് കോളനികളുള്ളത്. ഒരു കാലത്ത് ഏക്കറുകണക്കോളം ഭൂമി സ്വന്തമായിരുന്ന അറനാടന്‍മാര്‍ക്കിന്ന് താമസിക്കുന്ന കൊച്ചു കൊച്ചു തുരുത്തുകള്‍ മാത്രമാണ് സമ്പാദ്യം. അറനാടന്‍ പാടമെല്ലാം മണ്ണിട്ട് നികത്തി കുടയേറ്റക്കാര്‍ തോട്ടങ്ങളാക്കി പകുത്തെടുത്തു. ‘ഞങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ഒരു കാലത്തും ഒരാളും മുന്നോട്ട് വന്നില്ല എന്നതാണ് സത്യം. ഞങ്ങളുടെ പിന്‍മുറക്കാരുടെ ഭയവും നിരക്ഷരതയും മുതലാക്കിയാണ് കുടിയേറ്റക്കാര്‍ എല്ലാം സ്വന്തമാക്കിയത്. വീടിനു പിറകിലെ റബ്ബര്‍ തോട്ടത്തിലേക്ക് കൈചൂണ്ടികാട്ടി ചീരു തുടര്‍ന്നു.. തോട്ടത്തിന്റെ ആ ഭാഗത്തായിരുന്നു ഞങ്ങടെ കൂര.. എല്ലാം പോയി… എല്ലാം…

വംശവേരറുത്ത വന്ധീകരണം
‘നിലമ്പൂര്‍ ഗ്രോത്ര വിഭാഗത്തിലെ പ്രബലവിഭാഗമായിരുന്നു അറനാടന്‍മാര്‍. എന്നാല്‍ ഇന്ന് സര്‍ക്കാര്‍ കണക്കില്‍ ഇവരുടെ ജനസംഖ്യ 300 ല്‍ താഴെയാണ്. ഓരോ വര്‍ഷവും എണ്ണം കുറഞ്ഞു വരുന്നു. മറ്റു ഗ്രോത്രവിഭാഗങ്ങളെക്കാള്‍ വേഗത്തില്‍ വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു ഇവര്‍. ഇവരെ കുറിച്ചുള്ള കൃത്യമായ കണക്കെടുക്കാനും ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കാനും പ്രശ്‌നങ്ങള്‍ പഠിക്കാനും സര്‍ക്കാര്‍ പുതിയൊരു സമിതിയെ നിയോഗിക്കാനുള്ള നീക്കത്തിലാണ്. ഇവര്‍ നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്’- നിലമ്പൂര്‍ ട്രൈബല്‍ എക്സ്റ്റഷെന്‍ ഓഫീസര്‍ സി. അരുണ്‍കുമാര്‍ പറയുന്നു.

1975 84 കാലഘട്ടത്തില്‍ രാജ്യത്തൊട്ടാകെ നടപ്പിലാക്കിയ കുടുംബാസൂത്രണ പദ്ധതിയുടെ ഭാഗമായി 20 അറനാടന്മാര്‍ നിര്‍ബന്ധിത വന്ധീകരണത്തിനു വിധേയരായി. അവരില്‍ ചിലര്‍ മരിച്ചു. അന്നുതൊട്ട് അറനാടന്‍മാരുടെ എണ്ണം കുറയാല്‍ തുടങ്ങി. പുരുഷന്‍മാര്‍ ഇന്ന് ഭൂരിഭാഗവും അമ്പതുവയസിനു മുകളില്‍ ജീവിക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം. പലരും പകര്‍ച്ചവ്യാധികളും മറ്റും വന്ന് മരിച്ചു പോകുന്നു. ഒരു കാലത്ത് രോഗ പ്രതിരോധ ശേഷി കൂടുതലുണ്ടായിരുന്ന ഇവര്‍ക്ക് ഇന്നു അതൊക്കെ നഷ്ടപ്പെട്ടു കഴിഞ്ഞു. ഭക്ഷണരീതിയിലും രോഗപ്രതിരോധത്തിനുപയോഗിക്കുന്ന മരുന്നുകളിലും ഉണ്ടായ മാറ്റമാണ് ഇതിന് കാരണമെന്ന് അധികൃതര്‍ പറയുന്നു.

ഈ കോളനികളും കേരളത്തിലാണ്
കൊട്ടുപാറ കോളനിയിലെത്തുമ്പോള്‍ അവിടെ ഭൂരിഭാഗവും അറനാടന്‍ സ്ത്രീകളായിരുന്നു. കോളനികളിലെ വീടുകളില്‍ ചിലത് സര്‍ക്കാര്‍ സഹായം ലഭിച്ച് കോണ്‍ക്രീറ്റ് ചെയ്തവയാണെങ്കിലും പണി പാതിവഴിയില്‍ മുടങ്ങി. കല്‍ച്ചുവരുകളും പൊട്ടിപൊളിഞ്ഞ നിലവും അതിനിടയില്‍ കിടന്നുറങ്ങുന്ന കുറച്ചു ജീവിതങ്ങളും. പലരും പനി പിടിച്ച് കിടപ്പിലായിരുന്നു. പലപ്പോഴും പട്ടിണിയും സാമ്പത്തികമില്ലായ്മയുമാണ് ഇവര്‍ക്കു വിലങ്ങുതടിയായി മാറുന്നത്. അവരുടെ ജീവിതം കാടും അതിന്റെ ചുറ്റുപാടുമായിരുന്നു.

‘മഴക്കാലമായാല്‍ ഇങ്ങനെയാണ്. പനി പടരും. സര്‍ക്കാര്‍ ആശുപത്രിയില്‍ പോയാല്‍ പനി ഗുളിക തരും. നല്ല ആശുപത്രിയില്‍ പോകാന്‍ കാശില്ല. പല വീടുകളും പട്ടിണിയിലാണ്. കോളനിയില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ്. കുറെ പേര്‍ കാട്ടില്‍ പോയിരിക്കുകയാണ്. ഒരാഴ്ച കഴിഞ്ഞാലേ വരൂ. അവര്‍ വന്നാല്‍ എന്തെങ്കിലും കാട്ടുവിഭവങ്ങളും മറ്റും കൊണ്ടുവരും, അതു വിറ്റ് കിട്ടുന്ന പണം കൊണ്ടാണ് ഭക്ഷണസാധനങ്ങളൊക്കെ വാങ്ങുന്നത്. സര്‍ക്കാര്‍ ഞങ്ങള്‍ക്കായി കോടികള്‍ അനുവദിക്കുന്നുണ്ടെന്ന് പലരും പറയുന്നു. ഒന്നും ഞങ്ങള്‍ക്ക് കിട്ടുന്നില്ല. കോടിയില്‍ കുറച്ച് പൈസ ഞങ്ങള്‍ക്ക് തന്നാല്‍ മതി. കുട്ടികളെ പട്ടിണിയാക്കാതിരിക്കാനാണ്. കാട്ടില്‍ ആന ആക്രമണം ഇപ്പോള്‍ കൂടുതലാണ്. കാടൊക്കെ ആകെ മാറിയിരിക്കുന്നു. കാടിനെ അറിയാത്ത മനുഷ്യര്‍ കാട്ടില്‍ പോകുന്നതു കൊണ്ടാണത്; കൊട്ടുപാറ അറനാടന്‍ കോളനിയിലെ നീലി പറയുന്നു.

വേനല്‍ക്കാലമായാല്‍ ഇവിടെ വെള്ളത്തിനു ക്ഷാമമാണ്. പല വീടുകളിലും വൈദ്യുതി എത്തിയത് ഇപ്പോഴാണ്. വീടുകളുടെ പലതിന്റെയും സ്ഥിതിയും പരിതാപകരമാണ്.

ചുമരുകളില്‍ നിന്നും മനസില്‍ നിന്നും മായ്ക്കപ്പെടേണ്ട കാഴ്ചകള്‍
കൊട്ടുപാറ കോളനിയിലെ ഒരു വീടിന്റെ ചുമരില്‍ കണ്ട ചിത്രം എന്നെ ഭയപ്പെടുത്തി. അവിടെ പത്രങ്ങളില്‍ വന്ന സ്വര്‍ണമാലകളുടെ ചിത്രങ്ങള്‍ മുറിച്ചെടുത്ത് കൗമാരക്കാരായ പെണ്‍കുട്ടികള്‍ ഒട്ടിച്ചിരിക്കുന്നു. പിന്നെ തൊലി വെളുത്ത കുറെ സിനിമാ നടിമാരുടെ ചിത്രങ്ങളും. പല കുട്ടികളും (ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ) ഞങ്ങളെ കണ്ടപ്പോള്‍ അകത്ത് കയറി ഒളിക്കുന്നു. ചില കുട്ടികള്‍ മുഖം മറയ്ക്കുന്നു. ടെലിവിഷന്‍ കണ്ട് ആ കുട്ടികള്‍ വെളുപ്പാണ് ലോകത്തിനിഷ്ടപ്പെട്ട നിറമെന്നും സ്വര്‍ണാഭരണങ്ങളിഞ്ഞ് വെളുത്ത ശരീരവുമായി നടക്കുന്ന പെണ്‍കുട്ടികളെയാണ് ലോകം അംഗീകരിക്കുന്നതെന്നുമുള്ള സങ്കല്‍പ്പം മനസുകളില്‍ ഉറപ്പിച്ചിരിക്കുന്നു. അതിന്റെ അടയാളമായിരുന്നു ആ ചിത്രങ്ങള്‍. അവരുടെ കറുപ്പിനെ, ശരീരത്തെ അവര്‍ മറ്റുള്ളവരുടെ മുന്നില്‍ ഭയക്കുന്നു. അവര്‍ പഠിച്ച സ്‌കൂളുകളില്‍ നിന്നുണ്ടായിട്ടുള്ള വിവേചനവും ടിവി അടക്കമുള്ള നമ്മുടെ ഉപഭോക്തൃ സമൂഹത്തിന്റെ ശീലങ്ങളുമാണ് ആ തെറ്റായ ബോധം കുട്ടികളില്‍ ഉറപ്പിച്ചത്.

ബിരുദത്തില്‍ സുരേഷ് ജയിച്ചു പക്ഷേ ജീവിതത്തില്‍…
‘ബിരുദം കഴിഞ്ഞിട്ട് വര്‍ഷങ്ങളായി. ഇതുവരെ ഒരു സ്ഥിര ജോലി ആയിട്ടില്ല. അമ്മ വീട്ടുജോലികളെടുത്തും പലരില്‍ നിന്നു കാശു വാങ്ങിയുമൊക്കെയാണ് എന്നെ പഠിപ്പിച്ചത്. കുറച്ചു കാലം ഒരു പ്രൈവറ്റ്‌ സ്ഥാപനത്തില്‍ ജോലിചെയ്തു. അതുപോയപ്പോള്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ താത്കാലിക ജീവനക്കാരനായി കുറച്ചുകാലം ജോലി ചെയ്തു. ഇപ്പോ അതും ഇല്ല. ഫോറസ്റ്റ് ബീറ്റ് ഓഫീസറുടെ എല്ലാ പരീക്ഷകളും പാസായെങ്കിലും മെഡിക്കല്‍ ടെസ്റ്റില്‍ കണ്ണിനു കാഴ്ച കുറവാണെന്നു പറഞ്ഞ് ഒഴിവാക്കി. ഇപ്പോ പല ജോലികള്‍ക്കും പി.ജിയാണു യോഗ്യത. തുടര്‍ന്നു പഠിക്കണമെന്നാഗ്രഹമുണ്ടെങ്കിലും കാശില്ല. എന്നെ ആശ്രയിച്ചാണ് ഇവിടത്തെ മൂന്നു കുടുംബങ്ങള്‍ കഴിയുന്നത്. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയാണിപ്പോള്‍‘; എടക്കര അറനാടന്‍പാടത്തെ സുരേഷ്‌കുമാര്‍ വി.കെ പറയുന്നു.

അറനാടന്‍ വിഭാഗത്തിലെ ആദ്യ ബിരുദധാരിയാണ് സുരേഷ്‌കുമാര്‍. കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്നു ഇംഗ്ലീഷ് സാഹിത്യത്തില്‍ സുരേഷ് ബിരുദ പഠനം പൂര്‍ത്തിയാക്കി. പുറംലോകത്തെ കുറിച്ചും ധാരണയുള്ളതുകൊണ്ടു തന്നെ പൊതുസമൂഹമായി നല്ല രീതിയില്‍ ഇടപെടുന്ന അറനാടന്‍ യുവാവാണ് സുരേഷ്. അതുകൊണ്ടു തന്നെ വംശമറ്റുകൊണ്ടിരിക്കുന്ന അറനാടന്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പുറംലോകത്തെത്തിക്കാന്‍ സുരേഷ് എപ്പോഴും ശ്രമിക്കുന്നു.

ഞങ്ങള്‍ക്കും ജീവിക്കണം
‘ഓരോ ദിവസവും തള്ളിനീക്കുന്നത് ഭയത്തോടെയാണ്. അറനാടന്‍ സമൂഹത്തിന്റെ തനതായ പലതും നഷ്ടപ്പെട്ടിരിക്കുന്നു. പലരും ഇവിടെ വന്ന് എല്ലാം ചോദിച്ചു പോകും. അത്ര തന്നെ. സര്‍ക്കാര്‍ ഇടപെട്ട് ഞങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. കുട്ടികള്‍ക്കൊക്കെ ഗ്രോത്രത്തിന്റെ പഴയരീതികളറിയില്ല. അതുകൊണ്ടു തന്നെ ഞങ്ങള്‍ ഇല്ലാതായാല്‍ ഇങ്ങനെയൊരു ഗ്രോത്രത്തിന്റെ കഥ ആരും അറിയാതെ പോകും. ഞങ്ങടെ മണ്ണില്‍ ഞങ്ങ ഇപ്പോ വെറുക്കപ്പെട്ടവരെ പോലെയാണ്. ഞാനടങ്ങുന്ന പണ്ടത്തെ തലമുറ ദൂരേ നാട്ടിലേക്കൊന്നും അധികം പോയിട്ടില്ല. കോഴിക്കോടു തന്നെ പോയത് കിര്‍ത്താഡ്‌സ് ഒരു ക്ലാസിനു കൊണ്ടുപോയപ്പോഴാണ്. ഈ കാടും അതിന്റെ ചുറ്റുപാടുമായിരുന്നു ഞങ്ങടെ ലോകം. ഇപ്പ ഈ കോളനിയിലും…’ കരുളായ് അറനാടന്‍ കോളനിയിലെ സുമതിയമ്മ പറയുന്നു.

ഓരോ അറനാടന്‍കോളനിയും അത് സ്ഥിതി ചെയ്യുന്ന സമൂഹത്തില്‍ നിന്നു വേറിട്ടു നില്‍ക്കുന്ന തുരുത്തുകളാണ്. ആര്‍ക്കും മനസിലാക്കാത്ത കാരണങ്ങളുടെ പേരില്‍ മനസുകളില്‍ വേലികെട്ടി പൊതുസമൂഹം ഇവരെ മാറ്റിനിര്‍ത്തുന്നു. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ആദിവാസി ക്ഷേമത്തിനു പ്രഖ്യാപിക്കുന്ന പദ്ധതികളൊന്നും അതിന്റെ ലക്ഷ്യ സ്ഥാനത്തേക്കെത്തുന്നില്ലെന്നതിനുള്ള തെളിവാണ് അറനാടന്‍മാരുടെ ജീവിതം. അമേരിക്കയില്‍ ആ മണ്ണിന്റെ യാഥാര്‍ഥ ഉടമകളായ റെഡ് ഇന്ത്യന്‍ സമൂഹത്തിന്റെ വംശം വെള്ളക്കാര്‍ നശിപ്പിച്ചതു പോലെ അറനാടനെയും കേരളത്തിലെ പരിഷ്‌കൃത സമൂഹം ഇല്ലാതാക്കുകയാണ്. അറനാടന്‍മാര്‍ മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല, കൂടെ നിര്‍ത്തേണ്ടവരാണ്. അവര്‍ പൊരുതുന്നത് അവരുടെ മണ്ണില്‍ ജീവിക്കാനാണ്… ജീവിക്കാന്‍ വേണ്ടി മാത്രം…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സൂരജ് കരിവെള്ളൂര്‍

സൂരജ് കരിവെള്ളൂര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍