UPDATES

ബിഷപ്പ് ഫ്രാങ്കോ കേസില്‍ കന്യാസ്ത്രീകളെ പിന്തുണച്ചതിന് ഫാ. വട്ടോളി മാപ്പ് പറഞ്ഞോ? ബിഷപ്പ് ജേക്കബ് മനത്തോടത്ത് എന്തിനിങ്ങനെ കള്ളം പറയുന്നുവെന്ന് വിശ്വാസികള്‍

സഭ സുതാര്യ സമിതി(എഎംടി)യോട് സഹകരിക്കരുതെന്നും ഫാ. വട്ടോളിക്ക് നിര്‍ദ്ദേശം

സഭ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ ഫാ. അഗസ്റ്റിന്‍ വട്ടോളി മാപ്പ് പറഞ്ഞെന്ന തരത്തില്‍ സിറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപത അപ്പോസ്‌റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തിന്റെ കത്തിനെതിരേ വിശ്വാസികള്‍. തന്റെ പ്രവര്‍ത്തികളുടെ പേരില്‍ അതിരൂപത അധികാരികളോട് ഫാ. വട്ടോളി ക്ഷമ ചോദിച്ചിട്ടില്ലെന്നിരിക്കെ തന്നെ, അച്ചന്‍ മാപ്പ് പറഞ്ഞെന്ന തരത്തില്‍ അബദ്ധപ്രചാരണമാണ് ബിഷപ്പ് മനത്തോടത്ത് നടത്തുന്നതെന്നാണ് സഭ സുതാര്യ സമിതി (എഎംടി) ആരോപിക്കുന്നത്.

അപ്പോസ്‌റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ 2018 നവംബര്‍ 11 ന് കന്യാസ്ത്രീ സമരത്തില്‍ ഉള്‍പ്പെടെ പങ്കെടുത്തതിന്റെ പേരില്‍ വൈദികവൃത്തിയില്‍ നിന്നും പുറത്താക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ട് ഫാ. വട്ടോളിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസിന്റെ അടിസ്ഥനത്തില്‍ ഫാ. വട്ടോളി സഭ അധികാരികള്‍ക്ക് മുന്നില്‍ തനിക്കുള്ള വിശദീകരണങ്ങള്‍ എഴുതി നല്‍കിയിരുന്നു. ഈ വിശദീകരണത്തില്‍ ഒരിടത്തുപോലും തന്റെ പ്രവര്‍ത്തികള്‍ തെറ്റായിരുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നും ഫാ. വട്ടോളി പറഞ്ഞിട്ടില്ലെന്നാണ് എഎംടി ഭാരവാഹികള്‍ പറയുന്നത്. ഫാ. വട്ടോളിയോട് അപ്പോസ്‌റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നുവെന്നും അതില്‍ തന്റെ നിലപാടുകള്‍ അറിയിച്ചതിന്റെ പുറത്ത് പുതിയതായി ബിഷപ്പ് മനത്തോടം ഫാ. വട്ടോളിക്ക് നല്‍കിയ കത്തിലാണ് മാപ്പ് പറഞ്ഞെന്ന പരാമര്‍ശമുള്ളത്. കൂടാതെ സഭ സുതാര്യ സമിതിയായ എഎംടിയോട് ഇനിമേലില്‍ സഹകരിക്കരുതെന്നുള്ള ഫാ. വട്ടോളിയുള്ള ബിഷപ്പിന്റെ നിര്‍ദേശത്തേയും എഎംടി ചോദ്യം ചെയ്യുന്നുണ്ട്.

“വട്ടോളിയച്ചന്‍ മാപ്പ് പറഞ്ഞെന്നു പറയുന്നത് നുണയാണ്. എട്ട് ചോദ്യങ്ങളായിരുന്നു അച്ചന് എതിരേ അവര്‍ ഉയര്‍ത്തിയത്. അതിന് പത്തോളം പേജുകളിലായി വ്യക്തമായി അച്ചന്‍ മറുപടി കൊടുക്കുകയും ചെയ്തു. ഒരു കാര്യത്തില്‍ പോലും അച്ചന്‍ മാപ്പ് ചോദിച്ചിട്ടുമില്ല. കാരണം കാണിക്കല്‍ നോട്ടീസിനു മറുപടിയായി തന്റെ പ്രവര്‍ത്തികളില്‍ എന്തെങ്കിലും വ്യക്തത ആവശ്യമുണ്ടെങ്കില്‍ നല്‍കാമെന്നു അദ്ദേഹം പറഞ്ഞിരുന്നു. സഭ നേതൃത്വം ഫാ. വട്ടോളിയെ നേരിട്ട് വിളിപ്പിക്കുകയും ചെയ്തിരുന്നു. ഫാ. വട്ടോളി നേരിട്ട് ചെന്നു നല്‍കിയ മറുപടിയില്‍ തൃപ്തരാണെന്നും വട്ടോളിക്കെതിരേ നടപടിയൊന്നും എടുക്കുന്നില്ലെന്നുമായിരുന്നു അപ്പോസ്‌റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചത്. ഇതിനുശേഷമാണ് ബിഷപ്പ് മനത്തോടം ഫാ. വട്ടോളിക്ക് മുന്നില്‍ മൂന്നു നിര്‍ദേശങ്ങള്‍ വച്ചത്. അതിലൊന്ന് സേവ് ഔവര്‍ സിസ്‌റ്റേഴ്‌സിന്റെ കണ്‍വീനര്‍ സ്ഥാനത്ത് അച്ചന്‍ തുടരുന്നത് ശരിയല്ലെന്നും ഒഴിയണം എന്നുമായിരുന്നു. സഭ വിരുദ്ധരായ സംഘങ്ങള്‍ ഉള്‍പ്പെടുന്നൊരു മൂവ്‌മെന്റാണ് എസ് ഒ എസ് എന്നും അതിന്റെ കണ്‍വീനര്‍ സ്ഥാനത്ത് ഒരു വൈദികന്‍ ഇരിക്കുന്നത് ശരിയല്ലെന്നുമാണ് മനത്തോടത്ത് പിതാവ് ചൂണ്ടിക്കാണിച്ചത്. എന്നാല്‍ എസ്ഒഎസ്സുമായി സഹകരിക്കുന്നതിനോ പ്രവര്‍ത്തിക്കുന്നതിനോ കുഴപ്പമില്ലെന്നും നേതൃത്വം കൊടുക്കാതിരുന്നാല്‍ മതിയെന്നും ബിഷപ്പ് വ്യക്തമാക്കുകയുണ്ടായി. ഇക്കാര്യം പരിഗണിക്കാമെന്നും അവരുമായി ഏറ്റ രണ്ട് പരിപാടികളും കഴിഞ്ഞതിനാല്‍ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറുന്ന കാര്യം ആലോചിക്കാം എന്നുമായിരുന്നു ഫാ. വട്ടോളിയുടെ മറുപടി. മറ്റൊരു നിര്‍ദേശം, മാര്‍ച്ചില്‍ നടക്കുന്ന സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടായിരുന്നു. ഒരു ഇടവകയില്‍ കൂടി അച്ചന്‍ ചുമതലയേറ്റെടുക്കണം എന്ന് മനത്തോടത്ത് പിതാവ് ആവശ്യപ്പെടു. അച്ചന് പള്ളിയില്ല, ഇടവകയില്ല എന്നൊരു തോന്നല്‍ ആളുകള്‍ക്കിടയില്‍ ഉണ്ടാകേണ്ട എന്നതാണ് അതിന്റെ കാരണമായി പറഞ്ഞത്. എന്നാല്‍ വട്ടോളിയച്ചന്‍ അതില്‍ ചെറിയ വിയോജിപ്പ് പ്രകടിപ്പിച്ചു. ഒരു വര്‍ഷത്തേക്ക് ചില പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അത് ചെയ്യേണ്ടതുണ്ട്, അത് പൂര്‍ത്തിയാക്കിയിട്ട് അടുത്ത വര്‍ഷത്തെ ട്രാന്‍സ്ഫറില്‍ ഇടവകയില്‍ ചുമതലയേല്‍ക്കാന്‍ സന്നദ്ധനാണ് എന്നായിരുന്നു വട്ടോളിയച്ചന് പറയാനുണ്ടായിരുന്നത്. ഇക്കാര്യം താനൊന്ന് ആലോചിച്ചിട്ട് തീരുമാനം പറയാമെന്നു അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു. മൂന്നാമത്തെ ആവശ്യമായിരുന്നു എഎംടിയുമായി സഹകരിക്കരുത് എന്നത്. എന്നാല്‍ എഎംടിയുമായി സഹകരിക്കാതിരിക്കണമെങ്കില്‍ അതെന്തുകൊണ്ടാണെന്നു തനിക്ക് കാരണം പറഞ്ഞു തരാന്‍ വട്ടേളിയച്ചന്‍ ആവശ്യപ്പെട്ടു. കാരണം എഴുതി തരണമെന്നുകൂടി പറഞ്ഞു. എങ്കില്‍ മാത്രമെ തനിക്ക് ഇക്കാര്യത്തില്‍ മറുപടി തരാന്‍ കഴിയൂ എന്നു പറഞ്ഞ് ഫാ. വട്ടോളി അവിടെ നിന്നും പോരുകയായിരുന്നു. ഇക്കാര്യത്തിലുള്ള മറുപടിയാണ് ഇപ്പോള്‍ അപ്പോസ്‌റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ എഴുതി കൊടുത്തിരിക്കുന്നത്. അത് രൂപത ലെറ്റര്‍ ഹെഡ്ഡില്‍ പോലുമല്ല. സുതാര്യത വേണെമെന്ന് പറയുന്നവരെ അഡ്മിനിസ്‌ട്രേറ്റര്‍ക്കും ഭയം”; സഭ സുതാര്യ സമിതി(എഎംടി)യുടെ ഭാരവാഹികള്‍ അഴിമുഖത്തോട് പറഞ്ഞ കാര്യങ്ങളാണിത്.

“സഭയില്‍ സുതാര്യതയും സത്യസന്ധതയും നീതിയും നടപ്പിലാക്കണം എന്ന് ആവശ്യം ഉന്നയിച്ച എഎംടിയോട് (സഭാ സുതാര്യത സമിതി)യോട് ഇനി ഒരു കാര്യത്തിലും സഹകരണം പാടില്ല എന്ന് അതിരൂപത അപ്പോസ്‌റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. വട്ടോളിയോട് ആവശ്യപ്പെട്ടതിനെതിരേ ശക്തമായ പ്രതിഷേധവും എഎംടി ഭാരവാഹികളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. കേരള ഹൈക്കോടതി, കര്‍ദിനാള്‍ ആലഞ്ചേരിയുടെ മേല്‍ സാമ്പത്തിക ക്രമക്കേട്, ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ ചൂണ്ടി കാണിച്ചാണ് വിധി പുറപ്പെടുവിച്ചത്. ഈ കോടതി വിധി നേടിയെടുത്തത് എഎംടിയുടെ നേതൃത്വത്തില്‍ ആയിരുന്നു. ഈ പറയുന്ന ഭൂമി കുംഭകോണത്തിലും സാമ്പത്തിക ഇടപാടിലും ഭാഗമല്ല എന്ന് ഞങ്ങള്‍ വിശ്വസിച്ചിരുന്ന അഡ്മിനിസ്‌ട്രേറ്ററും (ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്) ഇപ്പോള്‍ എഎംടി യെ ഭയപ്പെടുകയാണ്. കള്ളവും കള്ളത്തരവും ഇല്ലെങ്കില്‍ തന്റെ പ്രവര്‍ത്തികള്‍ നീതിയും ന്യായവും ഉള്ളതാണ് എന്ന് ഉറപ്പുണ്ടെങ്കില്‍ പിന്നെ ആരെ, എന്തിനെ പേടിക്കണം. അഡ്മിനിസ്‌ട്രേറ്റര്‍ എഎംടി യെ ഭയപ്പെടുന്നു എങ്കില്‍ ആ കൈകള്‍ ശുദ്ധമാണോ എന്ന് ഞങ്ങള്‍ സംശയിക്കുന്നു. ശുദ്ധമാണ് എങ്കില്‍ അത് തെളിയിക്കാനുള്ള ബാധ്യത അഡ്മിനിസ്‌ട്രേറ്റര്‍ക്ക് തന്നെ ആണ് എന്ന് എഎംടി അതിരൂപത കൗണ്‍സില്‍ ഓര്‍മപ്പെടുത്തുന്നു”; എഎംടി ഭാരവാഹി റിജു കാഞ്ഞൂക്കാരന്റെ വാക്കുകള്‍.

2018 ഡിസംബര്‍ 29 ന് തന്റെ പേരിലുള്ള ലെറ്റര്‍ ഹെഡ്ഡില്‍ ഫാ. അഗസ്റ്റിന്‍ വട്ടോളിക്ക് അതിരൂപത അപ്പോസ്‌റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് നല്‍കിയ കത്തിലാണ് ഫാ. വട്ടോളി മാപ്പ് പറഞ്ഞതായുള്ള പരാമര്‍ശം ഉള്ളത്. തന്റെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയായ 2018 നവംബര്‍ 24 ന് നല്‍കിയ വിശദീകരണത്തില്‍ തന്റെ തെറ്റ് സമ്മതിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തതിന്‍ പ്രകാരം ഒരുതരത്തിലുമുള്ള അച്ചടക്കനടപടിയെടുക്കില്ലെന്നാണ് ഫാ. വട്ടോളിയോട് ഈ കത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞിരിക്കുന്നത്. സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് മൂവ്‌മെന്റ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും മാറാന്‍ ഫാ. വട്ടോളി സമ്മതിച്ചെന്നകാര്യവും പ്രതിപാദിക്കുന്ന കത്തില്‍ തന്നെയാണ് സഭ സുതാര്യ സമിതിയായ എഎംടിയുമായി ചേര്‍ന്നു ഭാവിയില്‍ ഒരുതരത്തിലുള്ള പ്രവര്‍ത്തനങ്ങളും പാടില്ലെന്ന വിലക്ക് പറയുന്നത്. സഭയേയും വിശ്വാസത്തേയും വൃണപ്പെടുത്തുന്ന യാതൊന്നിലും പങ്കാളിയാകരുതെന്നാണ് എഎംടിയുമായുള്ള സഹകരണം വിലക്കിക്കൊണ്ട് പറയുന്ന കാരണം.

2019 ലെ ജനറല്‍ ട്രാന്‍സ്ഫര്‍ പ്രകാരം ഒരു ഇടവകയില്‍ കൂടി ചാര്‍ജ് എടുക്കണമെന്ന തന്റെ നിര്‍ദേശവും അതിനുള്ള മറുപടിയില്‍ എറണാകുളം വാതുതുത്തി കോളനിയുമായി ബന്ധപ്പെട്ട് ഏറ്റെടുത്തിട്ടുള്ള പരിപാടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരുു വര്‍ഷത്തെ സമയം കൂടി തനിക്ക് ആവശ്യമുണ്ടെന്നും അത് അനുവദിക്കണമെന്നുള്ള അഭ്യര്‍ത്ഥന സ്വീകരിച്ച് ഈ കത്ത് നല്‍കുന്ന അന്നേ തീയതി മുതല്‍ ഒരു വര്‍ഷം നിലവില്‍ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നുവെന്നും അപ്പോസ്‌റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പറയുന്നുണ്ട്. ഈ കത്തിനുള്ള മറുപടി രേഖാമുളം ഒരാഴ്ച്ച സമയത്തിനുള്ളില്‍ നല്‍കണമെന്നും അപ്പോസ്‌റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍