UPDATES

പുറത്താക്കേണ്ടത് വട്ടോളിയച്ചനെയല്ല, കാഞ്ഞിരപ്പള്ളി, പാലാ, തൃശൂര്‍, മാനന്തവാടി ബിഷപ്പുമാരെ; കുറ്റപത്രവുമായി എഎംടി

ബിഷപ്പുമാര്‍ തല്‍സ്ഥാനത്ത് നിന്നും മാറി അന്വേഷണം നേരിടണം എന്നാണ് എഎംടി കെസിബിസിയോടും സീറോ മലബാര്‍ സിനഡിനോടും ആവശ്യപ്പെട്ടിരിക്കുന്നത്

തെറ്റുകാരായ മെത്രാന്മാര്‍ക്കെതിരേ നടപടികള്‍ എടുക്കുന്നതിനും കത്തോലിക്ക സഭകളില്‍ നടക്കുന്ന അഴിമതികളും പീഡനങ്ങളും ക്രിമനല്‍ പ്രവര്‍ത്തികളും പുറത്തുകൊണ്ടുവരുന്നതിനും മുന്നില്‍ നില്‍ക്കുന്നതിന്റെ പേരിലാണ് ഫാ. അഗസ്റ്റിന്‍ വട്ടോളിയെ പുറത്താക്കാന്‍ നീക്കങ്ങള്‍ നടത്തുന്നതെന്ന് ആര്‍ച്ച് ഡയസിയന്‍ മൂവ്‌മെന്റ് ഓഫ് ട്രാന്‍സ്പരന്‍സി (എഎംടി)യുടെ പരാതി. ഫാ. അഗസ്റ്റിന്‍ വട്ടോളിയെയല്ല, സഭയിലെ കുറ്റക്കാരായ മെത്രാന്മാരെയാണ് തല്‍സ്ഥാനങ്ങളില്‍ നിന്നും നീക്കേണ്ടതെന്നും നടപടികള്‍ക്കു വിധേയരാക്കേണ്ടതെന്നും എഎംടി ആവശ്യപ്പെടുന്നു. ഈ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കെസിബിസിയോടും സിറോ മലബാര്‍ സിനഡിനോടും എഎംടി ആവശ്യപ്പെട്ടിട്ടുമുണ്ട്.

ആര്‍ച്ച് ഡയസിയന്‍ മൂവ്‌മെന്റ് ഓഫ് ട്രാന്‍സ്പരന്‍സി(എഎംടി) എന്ന കത്തോലിക്കാ സഭാ നവീകരണ മുന്നേറ്റം കേരള സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ച രണ്ടു പ്രധാന പ്രശ്‌നങ്ങളില്‍ രണ്ടിലും ആരോപണ വിധേയരായ ബിഷപ്പുമാര്‍ക്കെതിരെ നടപടികളുണ്ടായി എന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാണിക്കുന്നു. ഭൂമി കുംഭകോണം നടത്തിയ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ മാര്‍പാപ്പ നടപടി എടുത്തുപ്പോള്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ബിഷപ്പ് ഫ്രാങ്കോക്കെതിരെ പൊലീസ് നടപടി കൂടാതെ വത്തിക്കാനില്‍ നിന്ന് മാര്‍പാപ്പയുടെ നടപടിയും ഉണ്ടായി. ഈ രണ്ടു വിഷയങ്ങളും അതിന്റെ തുടര്‍ നടപടികളും ഉണ്ടാക്കിയ അങ്കലാപ്പില്‍ നിന്ന് മോചിതരാകാത്ത ബിഷപ്പുമാര്‍ വൈരാഗ്യബുദ്ധിയോടെ എതിര്‍ ശബ്ദങ്ങള്‍ അടിച്ചമര്‍ത്താന്‍ നോക്കുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ സഭയില്‍ കാണുന്നതെന്നും അതിന് കാരണം സീറോ മലബാര്‍ സഭയിലുള്‍പ്പെടെ കേരള കത്തോലിക്കാ സഭയിലെ വിവിധ ഇടങ്ങളിലുള്ള തുടര്‍ ചലനങ്ങളാണെന്നും എഎംടി വ്യക്തമാക്കുന്നു.

പല മെത്രാന്മാര്‍ക്കെതിരേയും രൂക്ഷമായ ആരോപണങ്ങളും എഎംടി ഉയര്‍ത്തുന്നുണ്ട്. മെത്രാന്മാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് കെസിബിസിയോടും സീറോ മലബാര്‍ സിനഡിനോടും കത്തോലിക്ക സഭയില്‍ നവീകരണം ഉണ്ടാകണമെന്ന് വാദിക്കുന്നവര്‍ ആവശ്യപ്പെടുന്നത്. കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ മാത്യു അറയ്ക്കല്‍, പാല രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, തൃശൂര്‍ അതിരൂപത ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്, മാനന്തവാടി ബിഷപ്പ് ജോസ് പൊരുന്നേടം എന്നിവര്‍ക്കെതിരെയാണ് എഎംടി പ്രധാനമായും ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.

കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ ബിഷപ്പ് മാത്യു അറക്കല്‍ രണ്ടു കേസുകളാണ് നേരിടുന്നതെന്ന് എഎംടി വ്യക്തമാക്കുന്നു. രണ്ടും സ്വന്തം ഭൂമി തട്ടി എടുക്കാന്‍ നോക്കുന്നു എന്ന് രണ്ട് ബലഹീനരായ ആളുകള്‍ നല്‍കിയ കേസുകളാണ്. 87 വയസുള്ള ഒരു വൃദ്ധ വൈദികനാണ് ഒരാള്‍. മറ്റൊന്ന് വിധവയായ ഒരു സ്ത്രീയാണ്; എഎംടി ഭാരവാഹികള്‍ പറയുന്നു. പാലാ രൂപതാ ബിഷപ്പ് ഒരു മെഡിക്കല്‍ കോളജ് തുടങ്ങണമെന്ന ആവശ്യത്തില്‍ വര്‍ഷങ്ങളായി രൂപത മുഴുവന്‍ നടന്നു പിരിവാണ്. പൊറുതി മുട്ടിയ രൂപതാംഗങ്ങള്‍ വിവിധ ഇടങ്ങളില്‍ യോഗം ചേര്‍ന്നു പ്രതിഷേധിക്കുകയാണ്. ആറു ലക്ഷം സ്‌ക്വയര്‍ ഫീററ് കെട്ടിടത്തിന്റ അസ്ഥിക്കൂടം പാവപ്പെട്ട ജനങ്ങളെ നോക്കി പല്ലിളിക്കുകയാണ്. തൃശൂര്‍ രൂപതയില്‍ അടിമുടി അഴിമതി ആരോപണമാണ്. റിയല്‍ എസ്‌റ്റേറ്റ് മുതല്‍ നിര്‍ബന്ധിത പിരിവും ഏകാധിപത്യവും വരെ ആളുകള്‍ ചോദ്യം ചെയ്യുന്നു. മാനന്തവാടി രൂപതയില്‍ 700 ഏക്കര്‍ സ്ഥലം ചുളുവിലക്കു വിറ്റു എന്നത് ആളുകള്‍ ചോദ്യം ചെയ്യുന്നു. അവിടെ റോബിന്‍ എന്ന വൈദികന്‍ ഇപ്പോള്‍ ഒരു കുട്ടിയുടെ പിതാവ് ആണ്(കൊട്ടിയൂര്‍ പീഡനക്കേസ്). അത് DNA ടെസ്റ്റ് വരെ എത്തി. എന്നിട്ടും സഭ വൈദികനെ ന്യായീകരിക്കാന്‍ നോക്കുന്നു; എഎംടി ഭാരവാഹികള്‍ ഉയര്‍ത്തുന്ന പരാതികളാണ്.

സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണം നേരിടുന്ന ബിഷപ്പുമാരില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് മനസ്സിലായ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറക്കല്‍, പാലാ ബിഷപ്പ് മാര്‍ കല്ലറങ്ങാട്ട്, തൃശൂര്‍ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാനന്തവാടി രൂപതാ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം എന്നിവര്‍ തല്‍സ്ഥാനത്ത് നിന്ന് മാറിനിന്നു അന്വേഷണം നേരിടണമെന്നാണ് എഎംടി കെസിബിസിക്കും സിറോ മലബാര്‍ സിനഡിനും മുന്നില്‍ വയ്ക്കുന്ന ആവശ്യം. ഇതോടൊപ്പം ആരോപണ വിധേയരായി സഭാ നടപടികള്‍ നേരിടുന്ന ബിഷപ്പുമാരുടെ പേരുകള്‍ പരിശുദ്ധ കുര്‍ബാനയില്‍ ഉപയോഗിക്കരുതെന്നും ഓരോ രൂപതയിലും ലൈംഗിക സാമ്പത്തിക ആരോപണങ്ങള്‍ അന്വേഷിക്കാന്‍ അല്‍മായര്‍ക്ക് മുന്‍തൂക്കമുള്ള ഇന്റേണല്‍ കംപ്‌ളെയ്ന്റ് സെല്‍ രൂപീകരിക്കണമെന്നും സാമ്പത്തിക ഇടപാടുകളില്‍ കാനന്‍ നിയമങ്ങളും സിവില്‍ നിയമങ്ങളും കര്‍ശനമായി പാലിക്കണമെന്നും ഉള്ള ആവശ്യങ്ങളും ആര്‍ച്ച് ഡയസിയന്‍ മൂവ്‌മെന്റ് ഓഫ് ട്രാന്‍സ്പരന്‍സി കെസിബിയോടും സിറോ മലബാര്‍ സിനഡിനോടും നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

ഇവയെല്ലാം എഎംടി ഈ സഭയിലുയര്‍ത്തിയ ഒരു സുതാര്യ സംസ്‌കാരത്തിന്റെ തുടര്‍ചലനങ്ങളാണെന്നും വിശ്വാസികള്‍ അടിമ മനോഭാവം ഉപേക്ഷിച്ചു പുറത്തു വരാന്‍ തുടങ്ങിയിരിക്കുന്നുവെന്നും ഭാരവാഹികള്‍ പ്രസ്താവിക്കുന്നു. തെറ്റുകള്‍ക്കും തെറ്റുകാര്‍ക്കുമെതിരേ ചോദ്യങ്ങള്‍ ചോദിക്കാനാരംഭിച്ചിരിക്കുകയാണെന്നും കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തു എന്ന കാരണം പറഞ്ഞു സിസ്റ്റര്‍.ലൂസിക്ക് എതിരെ എടുത്ത നടപടി അല്‍മയരുടെ ശക്തമായ എതിര്‍പ്പ് മൂലം പിന്‍വലിക്കേണ്ടി വന്നത് തങ്ങള്‍ നടത്തുന്ന പോരാട്ടങ്ങളുടെ വിജയമാണ് കാണിക്കുന്നതെന്നും എഎംടി പറയുന്നു.

ഇത്തരം നീക്കങ്ങള്‍ ഇനിയും ആവര്‍ത്തിക്കും എന്നുള്ളത് കൊണ്ട് ഇതിനെ ചെറുക്കാനായി വിശ്വാസികള്‍ക്ക് കൊടുക്കുന്ന ഒരു താക്കീതായി മാത്രമെ വട്ടോളി അച്ചനെതിരെയുള്ള കാരണം കാണിക്കല്‍ നോട്ടീസിനെ കാണാനാവൂ എന്നാണ് എഎംടി പറയുന്നത്. അച്ചടക്കത്തിന്റെ വാള്‍ കാണിച്ച് വിശ്വാസികളുടെ ശബ്ദം തമസ്‌കരിക്കാമെന്ന് കരുതുന്നത് മൗഢ്യമാണെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു. വട്ടോളിയച്ചന്‍ അഴിമതിക്കും അനീതിക്കും എതിരെ നിലകൊണ്ടപ്പോള്‍, നീതി നിഷേധത്തിനെതിരെ സമരം ചെയ്തപ്പോള്‍ സഭയില്‍ പ്രിയപ്പെട്ടവനായിരുന്നു. അതേ നീതി നിഷേധം സഭയില്‍ നടന്നപ്പോള്‍ അതിനെതിരെ പ്രതികരിച്ചപ്പോള്‍ വട്ടോളിയച്ചന്‍ സഭാ വിരുദ്ധനായി മാറുകയാണെന്നും എഎംടി സഭ നേതൃത്വത്തെ കുറ്റപ്പെടുത്തുന്നു.

‘അവര്‍ വട്ടോളി അച്ചനെ ഭയപ്പെടുന്നു’- സേവ് ഔവര്‍ സിസ്റ്റേഴ്‌സ് പറയുന്നു

Exclusive: ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി എന്ന പുരോഹിതനെ കത്തോലിക്ക സഭാ നേതൃത്വം കല്ലെറിയുന്നതിന് കാരണങ്ങള്‍ ഇതൊക്കെയാണ്

പലതും ഇനിയും പുറത്തുവരാനുണ്ട്, വട്ടോളി അച്ചന്‍ നിശബ്ദനാകേണ്ടത് അവരുടെ ആവശ്യമാണ് -കന്യാസ്ത്രീകള്‍

കന്യാസ്ത്രീയെ പീഡിപ്പിച്ച ഫ്രാങ്കോയുടെ ഫോട്ടോ കലണ്ടറില്‍, കന്യാസ്ത്രീകള്‍ക്കൊപ്പം നിന്ന ഫാ. വട്ടോളി പുറത്തേക്ക്

ചൂണ്ടിക്കാട്ടുന്നവരുടെ വിരല്‍ അവര്‍ കൊത്തിയരിയും; ഫാദര്‍ വട്ടോളിയെ പുറത്താക്കാനുള്ള സഭയുടെ നീക്കത്തിനെതിരെ സിസ്റ്റര്‍ ജെസ്മി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍