പഴംപറമ്പില്‍ മാത്രമല്ല, കൊടിയത്തൂര്‍ പഞ്ചായത്തിലും അടുത്തുള്ള മറ്റു പഞ്ചായത്തുകളിലും ഇതേ രീതിയില്‍ പ്രവര്‍ത്തിച്ചു പോരുന്ന നിയമവിരുദ്ധ ക്വാറികള്‍ ഏറെയുണ്ട് എന്നതാണ് വാസ്തവം.
“അവര്‍ നാലു പേരുണ്ടായിരുന്നു. ഒരാള്‍ ഭക്ഷണം കഴിക്കാനായും മറ്റേയാള്‍ വേറെന്തോ ജോലിക്കായും മാറിയപ്പോഴാണ് സംഭവം. മെഷീനിന്റെ ശബ്ദം കാരണം മണ്ണിടിഞ്ഞു വീഴുന്ന ഒച്ച അവര്‍ കേട്ടില്ലെന്നു തോന്നുന്നു. കാണുന്ന നമുക്കു വരെ മനസ്സിലാകും ഇത് ഇടിഞ്ഞുവീഴാന്‍ സാധ്യതയുണ്ടെന്ന്. എന്നിട്ടും അവര്‍ക്കത് തോന്നിയില്ലെന്നത് അത്ഭുതമാണ്. ഒരാളുടെ തല പാടേ തകര്‍ന്നുപോയി. ഇവിടെ എല്ലാവരും ഇപ്പോഴും ആ ഞെട്ടലില്‍ത്തന്നെയാണ്”, കൊടിയത്തൂര്‍ ചെറുവാടി പഴംപറമ്പിലെ പ്രദേശവാസികള്‍ കഴിഞ്ഞ ദിവസത്തെ അപകടം ഓര്‍ക്കുന്നത് ഇങ്ങനെയാണ്. പത്തു വര്‍ഷമായി ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ചെങ്കല്‍ ക്വാറിയുടെ വശത്തായി കൂട്ടിയിട്ട മണ്ണിടിഞ്ഞ് രണ്ടു തൊഴിലാളികളാണ് ഇവിടെ മരണപ്പെട്ടത്. ക്വാറിയില്‍ നിന്നും വലിയ ശബ്ദം കേട്ട് ഓടിപ്പോയി നോക്കിയ പഴംപറമ്പുകാര്‍ കണ്ടത് വലിയ മണ്‍കൂനകള്‍ മാത്രമാണ്. ഈ സമയത്ത് ജോലിയിലുണ്ടായിരുന്ന രണ്ടു പേര്‍ ഇടിഞ്ഞുവീണ മണ്ണിനടിയില്‍ അകപ്പെടുകയായിരുന്നു. മണ്ണുമാറ്റി ഇവരെ പുറത്തെടുക്കാന്‍ ഉടനെ ശ്രമമാരംഭിച്ചെങ്കിലും ഫലമുണ്ടായില്ല.
മലപ്പുറം വാഴക്കാട് സ്വദേശി ബിനുവും, ചെറുവാടിയില്‍ത്തന്നെ താമസിക്കുന്ന അബ്ദുല്‍ റഹ്മാനുമാണ് ക്വാറിയില്‍ മണ്ണിടിഞ്ഞുവീണു കൊല്ലപ്പെട്ട രണ്ടു പേര്‍. ക്വാറിയിലെ അപകട മരണത്തില്‍പ്പെട്ട ഒരാള്‍ പ്രദേശവാസി കൂടെയായിരുന്നതിന്റെ നടുക്കത്തില്‍ നിന്നും മോചിതരാകുന്നതിനു മുന്നേ തന്നെ, ക്വാറിയക്ക് പ്രവര്‍ത്തനനാനുമതി ഇല്ലെന്ന കാര്യം ചൂണ്ടിക്കാട്ടുകയാണ് ചെറുവാടിയിലുള്ളവര്‍. പത്തു വര്‍ഷത്തോളം മുന്നെ പ്രവര്‍ത്തനമാരംഭിച്ച ക്വാറിയുടെ നിര്‍മാണജോലികള്‍ അതിനുമെത്രയോ മുന്‍പു തന്നെ തുടങ്ങിയിരുന്നതാണ്. ക്വാറിയുടെ പ്രവര്‍ത്തനത്തിനായി മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ പെര്‍മിറ്റ് മാത്രം ആവശ്യമായിരുന്ന കാലത്ത് ആരംഭിച്ച ക്വാറി, പിന്നീട് നിയമക്കുരുക്കുകള്‍ ശക്തമായപ്പോഴും ഇതേ പെര്‍മിറ്റിന്റെ ബലത്തില്‍ മാത്രമാണ് പ്രവര്‍ത്തിച്ചു പോന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. “പാരിസ്ഥിതികാനുമതിയൊക്കെ വേണം എന്ന നിബന്ധന പിന്നെയല്ലേ വന്നത്. ഇവര്‍ക്ക് ആ അനുമതി ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ലൈസന്‍സ് രേഖകളുമില്ല. ക്വാറി ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ റവന്യൂ വകുപ്പും മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പുമെല്ലാം ഇവര്‍ക്ക് സ്റ്റോപ്പ് മെമ്മോ കൊടുത്തിരുന്നതാണ്. ഏകദേശം ഒരു വര്‍ഷക്കാലം മുന്‍പ് രണ്ടു തവണ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.’
ഇതിനിടെ കുറച്ചു കാലം പ്രവര്‍ത്തിക്കാതിരുന്ന ക്വാറി, ഈയടുത്താണ് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്. പുറത്തു നിന്നും വന്‍കിട മുതലാളിമാരും ബിസിനസ് ഗ്രൂപ്പുകളുമെത്തി മാഫിയാ ബലത്തില്‍ ക്വാറി തുടങ്ങുന്ന പതിവു രീതിയല്ല ചെറുവാടിയില്‍ സംഭവിച്ചിരിക്കുന്നതെന്നും പ്രദേശവാസികള്‍ പറയുന്നുണ്ട്. അപകടത്തില്‍ കൊല്ലപ്പെട്ടയാള്‍ മാത്രമല്ല, ക്വാറിയുടമയും തദ്ദേശവാസി തന്നെയാണ്. പുല്‍പ്പറമ്പില്‍ അബ്ദുള്‍സലാം എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്വാറിയില്‍ ജോലി നോക്കിയിരുന്നവരില്‍ ഭൂരിഭാഗവും ചെറുവാടിക്കാര്‍ തന്നെ. ക്വാറി ഉള്‍പ്പെടുന്ന പ്രദേശത്തെ പ്രമുഖ വ്യവസായ കുടുംബമായ ടിപിസിയുടെ കൈവശമാണ് ചെങ്കല്‍ നിക്ഷേപമുള്ള ഈ വലിയ ഭാഗം മുഴുവനും. ഉടമയും തൊഴിലാളികളുമെല്ലാം ഒരേ നാട്ടുകാരായതിനാല്‍, ക്വാറി പ്രവര്‍ത്തനമാരംഭിച്ചപ്പോഴും അനുമതിയില്ലാതെ പ്രവര്‍ത്തനം തുടര്‍ന്നപ്പോഴും വലിയ തോതിലുള്ള പരാതികള്‍ ഇവിടെ നിന്നും ഉയര്‍ന്നിരുന്നില്ല താനും. നിയമവിരുദ്ധമായാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന് അറിയാമായിരുന്നിട്ടും, സമീപവാസികളില്‍ ഒരാള്‍ പോലും അതു ചോദ്യം ചെയ്യാനോ പ്രതിരോധിക്കാനോ തയ്യാറാകാതിരുന്നതിനു പിന്നിലെ കാരണം ഇതു തന്നെയാണെന്ന് ജില്ലാ പഞ്ചായത്തംഗം സി.കെ കാസിമും പറയുന്നു.
“ടിപിസി എന്ന കുടുംബത്തിന്റേതാണ് ഈ വലിയ പ്രദേശം മുഴുവനും. ആ കുടുംബത്തിലെ സഹോദരങ്ങളാണ് ഇതിന്റെ നടത്തിപ്പുകാര്‍. പോലീസ് എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നതും ഇവരുടെ പേരില്‍ത്തന്നെ. മരിച്ചവരും ഇതേ പ്രദേശത്തു നിന്നുള്ളവരാണല്ലോ. ക്വാറിയില്‍ നിന്നും കഷ്ടിച്ച് നൂറു മീറ്റര്‍ മാത്രം വിട്ടാണ് മരിച്ച അബ്ദുറഹ്മാന്റെ വീട്. അതായത്, ക്വാറി ഉടമയുടെ വീടിനു തൊട്ടടുത്ത്. ഇയാളും മലപ്പുറത്തുകാരന്‍ ബിനുവും വളരെ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ക്വാറിയുടമകളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും എന്തെങ്കിലും സഹായം കിട്ടിയാലേ അവര്‍ക്കിനി മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കാനാകൂ. ക്വാറിയുടമയുടെ കുടുംബം സാമ്പത്തിക സഹായം എത്തിക്കാന്‍ തയ്യാറാണ്. ഇനി സര്‍ക്കാര്‍ കൂടി മുന്‍കൈയെടുക്കണം. വളരെ അപ്രതീക്ഷിതമായി ഉണ്ടായ അപകടമാണ്. പത്തേക്കറോളം സ്ഥലത്ത് ചെങ്കല്ലുണ്ട് ഇവിടെ. പണ്ട് അവരവര്‍ സ്വന്തമാവശ്യത്തിന് വെട്ടിക്കൊണ്ടിരുന്നത് പിന്നീട് ക്വാറിയുടമയുടെ കൈയിലായെന്നുമാത്രം. ശാസ്ത്രീയമായ രീതിയില്‍ പാറപൊട്ടിക്കല്‍ നടക്കാത്തതിനാല്‍, പണ്ട് വെട്ടിയെടുത്ത മണ്ണ് ക്വാറിയില്‍ ഇങ്ങനെ മുകളിലേക്കായി കൂട്ടിയിട്ടിരുന്നു. കൈകൊണ്ട് പാറവെട്ടിയിരുന്ന കാലത്ത് കൂട്ടിയിട്ടതാണ്. ഇപ്പോള്‍ കുറച്ചുകാലമായി കല്ലു വെട്ടുന്നത് മെഷീന്‍ ഉപയോഗിച്ചാണല്ലോ. കഴിഞ്ഞ ദിവസം മെഷീനുപയോഗിച്ച് മണ്ണുവെട്ടിക്കൊണ്ടിരുന്നത് ഈ ഇളകിക്കിടന്ന മണ്ണിന്റെ താഴെയായാണ്. യഥാര്‍ത്ഥത്തില്‍ നിയമവിരുദ്ധ ക്വാറിയായതിനാലാണ് ഇവര്‍ക്ക് അങ്ങനെ മണ്ണെടുക്കാനായത്. റവന്യൂ വകുപ്പിനു പോലും മണ്ണെടുക്കുന്ന കാര്യത്തില്‍ പല നിയന്ത്രണങ്ങളുമുണ്ടല്ലോ. ബെഞ്ച് ബെഞ്ചായാണ് വെട്ടിയിരുന്നതെങ്കില്‍ ചിലപ്പോള്‍ കുഴപ്പമുണ്ടാവില്ലായിരുന്നിരിക്കാം. ഇത് കുത്തനെ വെട്ടി കല്ലെടുത്തിരിക്കുകയാണ്. ഇത് ഇടിഞ്ഞുവരുമെന്ന് നമുക്കു തന്നെ കണ്ടാല്‍ തോന്നും. വെട്ടിക്കൊണ്ടിരുന്നവര്‍ക്ക് അതു തിരിച്ചറിയാനായില്ല.”
പഴംപറമ്പില്‍ മാത്രമല്ല, കൊടിയത്തൂര്‍ പഞ്ചായത്തിലും അടുത്തുള്ള മറ്റു പഞ്ചായത്തുകളിലും ഇതേ രീതിയില്‍ പ്രവര്‍ത്തിച്ചു പോരുന്ന നിയമവിരുദ്ധ ക്വാറികള്‍ ഏറെയുണ്ട് എന്നതാണ് വാസ്തവം. തൊഴിലാളികളുടെ ദാരുണ മരണത്തെത്തുടര്‍ന്ന്, ഇത്തരം ക്വാറികളെല്ലാം കണ്ടെത്തി പരിശോധന ശക്തമാക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. കഴിഞ്ഞ ദിവസം തന്നെ പലയിടത്തും മിന്നല്‍ പരിശോധനകള്‍ നടന്നിരുന്നു. അടുത്ത ദിവസങ്ങളില്‍ പരിശോധനയുണ്ടാകാനുള്ള സാധ്യത ക്വാറിയുടമകളും മുന്‍കൂട്ടി കാണും എന്നതും സത്യം തന്നെ. നിയമവിരുദ്ധ ക്വാറികളുടെ സ്ഥാനം പോലും സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കണ്ടെത്താന്‍ പ്രയാസമായിരിക്കുമെന്ന് ഇവിടത്തുകാര്‍ വിശദീകരിക്കുന്നുണ്ട്. സൈറ്റ് പ്ലാന്‍ പോലുള്ള രേഖകള്‍ ഇല്ലാത്തതിനാല്‍ ക്വാറികള്‍ എവിടെയെല്ലാമാണ് പ്രവര്‍ത്തിക്കുന്നത് എന്നു കണ്ടെത്തുന്നതും ദുഷ്‌കരമാണ്. പഴംപറമ്പിലെ ക്വാറിയ്ക്ക് മണ്ണെടുക്കാനുള്ള അനുമതിയില്ലായിരുന്നുവെന്ന് താമരശ്ശേരി തഹസില്‍ദാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോഴിക്കോടു ജില്ലയുടെ മലയോര മേഖലയില്‍ അനധികൃത ക്വാറികള്‍ കണ്ടെത്താനുള്ള നീക്കം ഊര്‍ജ്ജിതമാകുമെന്നുതന്നെ കരുതാം. ബാലുശ്ശേരിയിലെ ചെങ്ങോടുമലയിലടക്കം നടന്നുവന്നിരുന്ന ക്വാറിസമരങ്ങള്‍ വിജയം കണ്ടു കൊണ്ടിരിക്കുന്നതിനിടയിലാണ് രണ്ടു പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്നിരിക്കുന്നത്.
എന്തിനും തയ്യാറായി ഇതാ ഒരു പെണ്‍ സംഘം; കുടുംബശ്രീയുടെ ‘പിങ്ക് അലര്‍ട്ട്’ ദുരന്ത പ്രതികരണ സേന