മാവേലിക്കര അറുന്നൂറ്റമംഗലം സ്വദേശി സാജു സാമുവല്‍ ആണ് കൊല്ലപ്പെട്ടത
മുംബൈയിലെ നാസിക്കില്‍ സ്ഥിതി ചെയ്യുന്ന് മുത്തൂറ്റ് ഫിനാന്‍സില്‍ വച്ച് മലയാളി ജീവനക്കാരന്‍ കവര്‍ച്ച സംഘത്തിന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. മാവേലിക്കര അറുന്നൂറ്റമംഗലം സ്വദേശി സാജു സാമുവല്‍ ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച്ച പകല്‍ 11 മണിയോടെയായിരുന്നു സംഭവം.
മുംബൈ റിജീയണല്‍ ഓഫിസില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ആയി ജോലി നോക്കിയിരുന്ന സാജുവിനെ ചില കമ്പ്യൂട്ടറുകളിലെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിനായാണ് നാസിക്കിലെ സിറ്റി സെന്‍ട്രല്‍ മാളിനു സമീപത്തുള്ള മുത്തൂറ്റിന്റെ ഓഫിസിലേക്ക് വിളിപ്പിക്കുന്നത്. സാജു ഓഫിസില്‍ ഉള്ള സമയത്താണ് മുഖംമൂടി ധരിച്ച ആയുധധാരികളായ ഏതാനും പേര്‍ സുരക്ഷ ജീവനക്കാരെ കീഴ്‌പ്പെടുത്തി ഓഫിസിനുള്ളിലേക്ക് അതിക്രമിച്ച് കയറുന്നത്. ഇവര്‍ അകത്തു കയറി പ്രധാന വാതില്‍ അകത്തു നിന്നും പൂട്ടുകയും ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ എല്ലം പിടിച്ചു വാങ്ങുകയും ചെയ്തശേഷം കവര്‍ച്ച നടത്തുകയായിരുന്നു. ഇതിനിടയില്‍ ജീവനക്കാരിലാരോ സെക്യൂരിറ്റി അലാം അമര്‍ത്തി. ഇതില്‍ പ്രകോപിതരായ സംഘം ജീവനക്കാരില്‍ ചിലരെ മര്‍ദ്ദിച്ചു. ഇതു കണ്ട് സാജു പ്രതികരിക്കുകയുണ്ടായി. അപ്പോഴായിരുന്നു കവര്‍ച്ച സംഘത്തിലെ ഒരാള്‍ തോക്ക് എടുത്തി സാജുവിനു നേരെ വെടിയുതിര്‍ത്തത്. ഇതിനു പിന്നാലെ കവര്‍ച്ച സംഘം ഓഫിസ് വിട്ട് ഓടിപ്പോവുകയും ചെയ്തു.
അഞ്ചോളം പേര്‍ അടങ്ങുന്ന സംഘമാണ് ആയുധങ്ങളുമായി കവര്‍ച്ചയ്ക്ക് എത്തിയതെന്നാണ് നാസിക് പൊലീസ് സംഭവത്തില്‍ നല്‍കുന്ന വിശദീകരണത്തില്‍ പറയുന്നത്. സ്വര്‍ണം കവര്‍ച്ച ചെയ്യുകയാരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു. കവര്‍ച്ചക്കാരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമായി പൊലീസ് ആരംഭിച്ചു കഴിഞ്ഞുവെന്നും കുറ്റവാളികളെ ഉടന്‍ തന്നെ പിടികൂടുമെന്നു പൊലീസ് അറിയിച്ചു. മലയാളിയായ ബ്രാഞ്ച് മാനേജര്‍ക്കും കവര്‍ച്ചക്കാരുടെ ക്രൂരമര്‍ദ്ദനം ഏറ്റിരുന്നു. തലയ്ക്ക് പരിക്കേറ്റ് ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ മൂന്നരവര്‍ഷമായി മൂത്തൂറ്റിലെ ജീവനക്കാരനാണ് സാജു സാമുവല്‍. ഭാര്യയും ചെറിയ കുട്ടിക്കുമൊപ്പം മുംബൈയില്‍ ആയിരുന്നു താമസം. നാസിക് ഗവ. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിച്ച് എംബാം ചെയ്ത ശേഷം സ്വദേശത്തേക്ക് കൊണ്ടു പോകും. സാജുവിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.