UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരിച്ചുവിളിക്കൂ ഇവരെ; ഈ നാടു മുടിയ്ക്കുന്നതിന് മുമ്പ്

Avatar

സാജു കൊമ്പന്‍

നിയമം സ്ഥാപിത താത്പര്യക്കാരുടെ വഴിക്ക് പോകുമ്പോള്‍ ജനാധിപത്യം പരിപൂര്‍ണ്ണ അരാജകത്വത്തിലമരുന്നതെങ്ങനെ എന്നതിന്‍റെ ക്ലാസിക് ഉദാഹരണമായിരുന്നു ഇന്നലത്തെ കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം. നീതിന്യായ സംവിധാനത്തോടും ജനാധിപത്യത്തോടും ധാര്‍മ്മികതയോടും തരിമ്പ് പോലും ബഹുമാനം പ്രകടിപ്പിക്കാത്ത ഒരു സമൂഹത്തിലേ ഇങ്ങനെയൊക്കെ നടക്കൂ. ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന ക്ലീഷേ ഗീര്‍വാണം ഒഴിവാക്കിയാല്‍ ഇന്നലെ നടന്നത് തെരുവിലാണെങ്കില്‍ പോലും അഴിഞ്ഞാട്ടം തന്നെ. പക്ഷേ, കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ‘കറുത്ത വെള്ളിയാഴ്ച’ എന്ന് വിശേഷിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള ഈ ജനാധിപത്യഹിംസ പൊടുന്നനെ ഒരു ദിവസം പൊട്ടിമുളച്ചുണ്ടായതാണോ? അല്ല എന്നതാണ് യാഥാര്‍ഥ്യം. ആ സത്യത്തിന് നേരെ കണ്ണടച്ചുകൊണ്ട് സൂത്രത്തില്‍ കടന്നുകളയാന്‍ ചാനലുകളിലെ അന്തിചര്‍ച്ചകളിലെ രാഷ്ട്രീയ നിരീക്ഷണ തൊഴിലാളികള്‍ക്കും പൊതുജനത്തിനും സാധിക്കുകയില്ല. 

യഥാര്‍ഥത്തില്‍ ആരാണ് ഇന്നലത്തെ സംഭവങ്ങളുടെ മൂല കാരണം? ബാര്‍ മുതലാളിമാരില്‍ നിന്നും സ്വര്‍ണ്ണക്കടക്കാരില്‍ നിന്നും പലഹാര കച്ചവടക്കാരില്‍ നിന്നും അങ്ങനെ പലരില്‍ നിന്നും ബജറ്റ് വിറ്റ് കോടികള്‍ കോഴ വാങ്ങി എന്നാരോപിക്കപ്പെടുന്ന ധനമന്ത്രി കെ എം മാണി മാത്രമാണോ? അല്ലെന്ന് നമുക്ക് തീര്‍ത്തു പറയാന്‍ പറ്റും.  അത് മറ്റാരുമല്ല; സരിത, സലീംരാജ്, ടൈറ്റാനിയം, പാമോയില്‍ തുടങ്ങി ഒടുവില്‍ പാറ്റൂര്‍ ഭൂമികേസ് വരെ എത്തിനില്‍ക്കുന്ന അഴിമതി ആരോപണങ്ങളുടെ പെരുമഴയില്‍ നഗ്നനാക്കപ്പെട്ടിട്ടും ഒരു തരിമ്പും കുറ്റബോധമില്ലാതെ, ധാര്‍മ്മിക ചിന്തയില്ലാതെ ‘എത്രഏറെ അപമാനിക്കപ്പെട്ടാലും താന്‍ രാജി വെച്ചൊഴിയില്ല’ എന്ന് പ്രഖ്യാപിച്ച കേരള മുഖ്യന്‍ തന്നെ. ഒരു ടിപ്പിക്കല്‍ രാഷ്ട്രീയക്കാരന്‍റെ ഭാഷയില്‍ അഗ്നിശുദ്ധി വരുത്തി താന്‍ തിരിച്ചു വരുമെന്നല്ല അദ്ദേഹം പറയാറുള്ളത്. നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നാണ്. താന്‍ തന്‍റെ വഴിക്കും. 

ഏറ്റവുമൊടുവില്‍ ശോഭാ സിറ്റിയിലെ സെക്യൂറിറ്റിക്കാരന്‍ ചന്ദ്രബോസിനെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ നിസാം എന്ന കൊലയാളി വ്യവസായിക്ക് വേണ്ടിപ്പോലും ഭരണവര്‍ഗ്ഗം നഗ്നമായ നിയമലംഘനം നടത്തുന്നതിന്റെ തെളിവുകള്‍ മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നിരിക്കുന്നു. ഇങ്ങനെ ചങ്ങാത്ത മുതലാളിത്തത്തിന്റെയും ക്രിമിനല്‍വത്ക്കരണത്തിന്റെയും താന്‍പോരിമയുടെയും അനധികൃത ധനസമ്പാദനത്തിന്റെയും താവളമായി കേരളരാഷ്ട്രീയം പരിപൂര്‍ണ്ണമായി അധ:പതിച്ചതില്‍ നിന്നാണ് ഈ ‘കറുത്ത വെള്ളിയാഴ്ച’ ജനിച്ചു വീണിരിക്കുന്നത്.

ഒരു കാലത്ത് കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ അഴിമതിയുടെ പ്രതീകം എന്ന് ആരോപിക്കപ്പെട്ടിരുന്ന മുന്‍ മുഖ്യമന്ത്രി കരുണാകരന്‍ പോലും ആരോപണങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് രാജിവെച്ചൊഴിഞ്ഞ പദവിയിലാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി അള്ളിപ്പിടിച്ചിരിക്കുന്നത്. ഈ അള്ളിപ്പിടുത്തം തന്നെയാണ് ഉമ്മന്‍ ചാണ്ടിക്ക് പിന്നാലെ ഏറ്റവുമധികം ആരോപണ വിധേയനായ കെ എം മാണിക്ക് ധാര്‍ഷ്ട്യത്തോടെ താന്‍ മന്ത്രി പദവി ഒഴിയില്ല എന്ന് പറയാന്‍ കഴിയുന്നത്. അല്ലെങ്കില്‍ ഒരു മന്ത്രിസഭയുടെ തലവനെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി കളഞ്ഞുകുളിച്ചത് ജനാധിപത്യത്തില്‍ കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ടുനടക്കുന്ന ആ ധാര്‍മ്മിക സത്തയാണ്. നിരപരാധിത്തം തെളിയിക്കപ്പെടുന്നതുവരെ മന്ത്രിപദവിയില്‍ നിന്ന് മാറി നില്‍ക്കണം എന്ന്‍ ആവശ്യപ്പെടാനുള്ള ആര്‍ജ്ജവമാണ് തന്‍റെ ദുഷ്ചെയ്തികളിലൂടെ ഉമ്മന്‍ ചാണ്ടി  നഷ്ടപ്പെടുത്തി കളഞ്ഞിരിക്കുന്നത്.  

പൊതുജനം ഇവിടെ നിസഹയരാണ്. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ആ പരമമായ അധികാരമാവരുടെ കൈകളില്‍ കിട്ടാറുള്ളൂ. നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ജനങ്ങളുടെ കോടതി എന്നു പറഞ്ഞ് ആണയിടുന്ന തിരഞ്ഞെടുപ്പ് എന്ന പ്രതിഭാസത്തിലൂടെ മാത്രമേ രാഷ്ട്രീയ പാര്‍ട്ടികളുടെ കന്നംതിരിവുകള്‍ക്ക് ശിക്ഷ പ്രഖ്യാപിക്കാന്‍ സാധിക്കുകയുള്ളൂ.  നാഴികയ്ക്ക് നാല്‍പ്പതുവട്ടം തങ്ങളുടെ പേരില്‍ തോന്ന്യാസങ്ങള്‍ കാണിക്കുന്നവരെ തല്‍ക്ഷണം തിരിച്ചു വിളിക്കാനുള്ള അവകാശമാണ് ഇനിയവര്‍ക്ക് വേണ്ടത്. ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് രാജി എന്ന ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള ആദരപ്രകടനം നമ്മുടെ ഭരണാധികാരികള്‍ മറന്നു പോയിരിക്കുന്ന ഈ കാലത്ത് തീര്‍ച്ചയായും.

 

(അഴിമുഖം സീനിയര്‍ എഡിറ്റര്‍ ആണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍