UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലപ്പുറത്ത് ലീഗിന് വെല്ലുവിളി ആര്യാടനോ അതോ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പുകളിയോ?

Avatar

കെ എ ആന്‍റണി

കോഴിക്കോടിനേയും പാലക്കാടിനേയും വെട്ടിമുറിച്ച് ഇഎംഎസ് സര്‍ക്കാര്‍ രൂപീകരിച്ച മലപ്പുറത്തേക്ക് എത്തുമ്പോള്‍ തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ ബഹുകേമം തന്നെ. മാപ്പിള ലഹളയിലൂടെ പ്രസിദ്ധിയും കുപ്രസിദ്ധിയും നേടിയ മലപ്പുറം ജില്ലയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഏറെ വേരോട്ടം ഉണ്ടായിരുന്ന പ്രദേശങ്ങളായിരുന്നു ഏറനാട്ടിലെ നിലമ്പൂരും വണ്ടൂരും വള്ളുവനാടിന്റെ ഭാഗമായ പെരിന്തല്‍മണ്ണയും പിന്നെ പൊന്നാനിയും.

നിലമ്പൂര്‍ എംഎല്‍എയായിരുന്ന സഖാവ് കുഞ്ഞാലി വെടിയേറ്റ് മരിച്ചതിന് ശേഷം ആ മേഖല സഖാക്കളെ കൈവെടിഞ്ഞു. കുഞ്ഞാലിയുടെ ഘാതകനെന്ന് ഏറെക്കാലം സിപിഐഎം പാടി നടന്നിരുന്ന ആര്യാടന്‍ മുഹമ്മദ് എന്ന പഴയ ഐഎന്‍ടിയുസി നേതാവിന്റെ വളര്‍ച്ചയും അവിടെ നിന്ന് തന്നെ തുടങ്ങുന്നു. പിന്നീട് ഇതേ ആര്യാടനെ സിപിഐഎമ്മുകാര്‍ തന്നെ തുണച്ച ഘട്ടവും ഉണ്ടായി. ഇതേച്ചൊല്ലി പാര്‍ട്ടിയില്‍ നിന്നും പലരും ഇതര പാര്‍ട്ടികളിലേക്ക് ചേക്കേറി.

നിലമ്പൂരില്‍ ഇത്തവണ താന്‍ മത്സരിക്കാന്‍ ഇടയില്ലെന്നൊക്കെ ആര്യാടന്‍ പറയുന്നുണ്ടെങ്കിലും അന്നാട്ടുകാരില്‍ പലരും അത് വിശ്വസിച്ച മട്ടില്ല. മകന്‍ ആര്യാടന്‍ ഷൗക്കത്തിന് കൂടി ഒരു സീറ്റ് തരപ്പെടുത്താനുള്ള തന്ത്രമാണെന്ന് ചിലരൊക്കെ അടക്കം പറയുന്നുമുണ്ട്. അതല്ല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലീഗിന് എതിരെ തിരിഞ്ഞ തന്നെ അവര്‍ തോല്‍പിക്കുമെന്ന ഭയം നിമിത്തം മകനെ സ്ഥാനാര്‍ത്ഥിയാക്കി കളം വിട്ടൊഴിയാനുള്ള ശ്രമം ആണെന്നും പറയുന്നവരുണ്ട്. സത്യം എന്തു തന്നെയായാലും ആര്യാടന്‍ മുഹമ്മദും ലീഗും തമ്മിലുള്ള ശത്രുത ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അതു കൊണ്ട് തന്നെ ആര്യാടന്റെ മനസ്സിലിരിപ്പ് ആദ്യം പറഞ്ഞത് തന്നെയാകാനാണ് സാധ്യത.

സിപിഐഎമ്മിനെ പലതവണ തുണച്ച വണ്ടൂരില്‍ ഇത്തവണയും മന്ത്രി എപി അനില്‍കുമാര്‍ തന്നെയാകും യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇമ്പിച്ചിബാവയുടെ കാലം മുതല്‍ ഏറ്റവും കൂടുതല്‍ തവണ സിപിഐഎമ്മിനൊപ്പം നിന്ന പൊന്നാനിയില്‍ നിലിവിലെ എംഎല്‍എ ശ്രീരാമകൃഷ്ണന് എതിരെ കെ കരുണാകരന്റെ വലംകൈയായിരുന്ന പി ടി മോഹനകൃഷ്ണന്റെ പുത്രന്‍ അജയ് മോഹന് രണ്ടാമതൊരു ഊഴം കൂടി ലഭിച്ചു കൂടായ്കയില്ല. 2006-ല്‍ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ വീഴ്ത്തിയ സിപിഐഎം സ്വതന്ത്രന്‍ കെ ടി ജലീല്‍ 2011-ല്‍ താനൂരില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജലീല്‍ ഇത്തവണയും അവിടെ നിന്ന് തന്നെ മത്സരിക്കുമെന്നാണ് സൂചന.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ ശക്തിദുര്‍ഗം എന്ന് അറിയപ്പെടുന്ന മലപ്പുറം ജില്ലയില്‍ ആര്യാടന്റെ കോണ്‍ഗ്രസും മുസ്ലിംലീഗും തമ്മിലായിരുന്നു പ്രധാനപോരാട്ടം. എങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ലീഗിനുള്ളില്‍ തന്നെ പോര് മൂര്‍ച്ഛിച്ചു തുടങ്ങിയിരിക്കുന്നു.

മുസ്ലിംലീഗിനുള്ളില്‍ രൂപപ്പെട്ടിട്ടുള്ള രണ്ട് അധികാര കേന്ദ്രങ്ങളെ കേന്ദ്രീകരിച്ചാണ് ഇക്കുറി പലരും ടിക്കറ്റു വേട്ട നടത്തുന്നത്. എന്‍ആര്‍ഐ വ്യവസായി പി വി അബ്ദുള്‍വഹാബ് ലീഗ് നോമിനിയായി വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മുസ്ലിംലീഗില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ ഏറെക്കാലത്തിനുശേഷം രൂപീകൃതമായത്. ഒരുഭാഗത്ത് വഹാബും മറുഭാഗത്ത് കുഞ്ഞാലിക്കുട്ടിയും നേതൃത്വം നല്‍കുന്ന രണ്ട് ശ്രേണികളുണ്ട്. പണ്ട് യു എ ബീരാന്‍ നയിക്കുന്ന അധികാര കേന്ദ്രവും കുഞ്ഞാലിക്കുട്ടി നയിക്കുന്ന മറ്റൊന്നും മുസ്ലിംലീഗില്‍ ഉണ്ടായിരുന്നു. അതിനും മുമ്പ് ബീരാന്റെ ലീഗും മലപ്പുറത്തിന് പുറത്തെ ലീഗും രണ്ട് അധികാര കേന്ദ്രങ്ങളായി നിന്നിരുന്നു.

തന്ത്രശാലിയായ കുഞ്ഞാലിക്കുട്ടി സമവായത്തിന്റെ സ്വരത്തില്‍ സംസാരിക്കാന്‍ തുടങ്ങിയതാണ് പല സീറ്റു മോഹികളേയും ആശങ്കാകുലരാക്കിയിരിക്കുന്നത്. നിയമസഭാ സാമാജികര്‍ക്ക് മാത്രമല്ല കെ പി എ മജീദിനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ക്കും ഇത്തരത്തില്‍ ചില ബേജാറുകളുണ്ട്.

അവഗണിക്കപ്പെടും എന്ന് കരുതപ്പെടുന്നവരില്‍ പ്രമുഖന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുള്‍ റബ്ബ് തന്നെയാണ്. 2011-ല്‍ തിരൂരങ്ങാടി സീറ്റില്‍ നിന്നും മുപ്പതിനായിരത്തിലേറെ ഭൂരിപക്ഷത്തിന്റെ തിളക്കമാര്‍ന്ന വിജയവുമായി നിയമസഭയിലെത്തിയ വിദ്യാഭ്യാസമന്ത്രി പക്ഷേ തൊട്ടതെല്ലാം പാളി. മുമ്പ് പെരിന്തല്‍മണ്ണയില്‍ നിന്നുള്ള നാലകത്ത് സൂപ്പിയെ വിദ്യാഭ്യാസ മന്ത്രിയാക്കിയ അതേ ദുരനുഭവം തന്നെയായിരുന്നു ഇക്കുറി ലീഗിനും യുഡിഎഫിനും. താന്‍ മത്സരരംഗത്ത് ഉണ്ടാകുമെന്നൊക്കെ അബ്ദുള്‍ റബ്ബ് പറയുന്നുണ്ടെങ്കിലും അതിനുള്ള സാധ്യത കമ്മിയാണെന്നാണ് ചില ലീഗ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

എംകെ മുനീറിന് വീണ്ടും മങ്കട നല്‍കുന്ന പക്ഷം സിറ്റിങ് എംഎല്‍എ ടി എ അഹമ്മദ് കബീര്‍ പുറത്തു പോകേണ്ടി വരും. യൂത്ത് ലീഗ് നേതാക്കാളെ കൂടി പരിഗണിക്കാന്‍ നേതൃത്വം പരിഗണിച്ച സ്ഥിതിക്ക് വള്ളിക്കുന്ന് എംഎല്‍എ കെ എന്‍ എ ഖാദറിനും തിരൂര്‍ എംഎല്‍എ സി മമ്മൂട്ടിക്കും സീറ്റ് നിഷേധിക്കപ്പെട്ടേക്കാം.

കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്നും മാറി മലപ്പുറത്ത് മത്സരിക്കും എന്ന് കേള്‍ക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ സിറ്റിങ് എംഎല്‍എ പി ഉബൈദുള്ളയ്ക്ക് വേങ്ങര നല്‍കുമോയെന്ന കാര്യത്തിലും തീരുമാനം ഒന്നും ആയിട്ടില്ല.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വനിതാ പ്രാതിനിധ്യം ഉറപ്പു വരുത്തുന്ന മുസ്ലിംലീഗ് ഇത്തവണയും വനിതാ ലീഗിനെ പരിഗണിക്കുന്നില്ല. പുരുഷ സ്ഥാനാര്‍ത്ഥികള്‍ ധാരാളം ഉള്ളത് കൊണ്ട് മാത്രമല്ലിത്. സ്ത്രീകള്‍ പ്രത്യേകിച്ചും മുസ്ലിം സ്ത്രീകള്‍ നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ ഇറങ്ങിയാല്‍ തോല്‍ക്കുകയേയുള്ളൂ എന്ന തിരിച്ചറിവില്‍ നിന്നാണിത്. മലപ്പുറത്തെ ബഹുഭൂരിപക്ഷം വരുന്ന സുന്നി വിഭാഗത്തില്‍പ്പെട്ട മുസ്ലിം സ്ത്രീകള്‍ സ്ത്രീ സ്ഥാനാര്‍ത്ഥികളെ, പ്രത്യേകിച്ചും അവര്‍ മുസ്ലിം വനിതകള്‍ ആണെങ്കില്‍ അവഗണിക്കാറാണ് പതിവ്.

സിപിഐഎം ഇക്കുറിയും നിലമ്പൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് പി കെ സൈനബയെ ഏതെങ്കിലും ഒരു സീറ്റില്‍ പരീക്ഷിച്ചു കൂടായ്കയില്ല. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ സൈനബയ്ക്ക് ലഭിച്ച വോട്ടും വളരെ കുറവായിരുന്നു. സൈനബ മാത്രമല്ല സിപിഐയിലെ പ്രൊഫസര്‍ പി ഗൗരിക്കും കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

ഫോട്ടോകള്‍: സക്കീര്‍ ഹുസൈന്‍

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍