UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുധീരന്‍ ഇറങ്ങുന്ന തൃശൂരില്‍ കോണ്‍ഗ്രസിനെ ചാവക്കാട് ഹനീഫ വേട്ടയാടുമോ?

Avatar

ധനശ്രീ

എ-ഐ ഗ്രൂപ്പ് പൂരത്തിന്റെ നെറുകയില്‍ നിന്നാണ് ഓരോ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തൃശൂരില്‍ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നത്. ഇത്തവണയും സ്ഥിതിയ്ക്ക് മാറ്റമില്ല. സിറ്റിംഗ് എം.എല്‍.എമാരുടെ പ്രവര്‍ത്തനമികവില്‍ ഊന്നി സി.പി.ഐ.എമ്മും സി.പി.ഐയും തിരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങുമ്പോള്‍ തദ്ദേശതിരഞ്ഞെടുപ്പിലെ പ്രകടനമികവ് നിയമസഭാപ്രവേശനത്തിന് വഴിയാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. 

പ്രശ്‌നങ്ങളുടെ നടുക്കടലിലാണ് കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി മോഹികളായി നെടുനീളന്‍ നിരതന്നെയുണ്ട് മുന്നില്‍. ഇതില്‍ മുതിര്‍ന്ന ഐ ഗ്രൂപ്പ് നേതാക്കളായ മന്ത്രി സി.എന്‍ ബാലകൃഷ്ണനും അഡ്വ.തേറമ്പില്‍ രാമകൃഷ്ണനും മത്സരിക്കുന്നെന്നും ഇല്ലെന്നും അടക്കം പറച്ചിലുകളുണ്ട്. എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ എന്തിനും തയ്യാറെന്ന മട്ടിലാണ് ഇരുവരുടെയും പരസ്യപ്രതികരണം. അതിനിടെ അഴിമതി ആരോപണമുള്ളവര്‍ മത്സരിക്കരുതെന്ന മുന്‍മന്ത്രികൂടിയായ എ ഗ്രൂപ്പ് നേതാവ് കെ.പി. വിശ്വനാഥന്റെ പ്രതികരണവും ചര്‍ച്ചയായിട്ടുണ്ട്. മന്ത്രി കൂടിയായ സി.എന്‍ ബാലകൃഷ്ണനെതിരെ കണ്‍സ്യൂമര്‍ ഫെഡുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോടതിയിലുള്‍പ്പെടെ നിരവധി കേസുകളുള്ള പശ്ചാത്തലത്തില്‍ ഈ പ്രസ്താവന ലക്ഷ്യവേധിയാണ്.

25 കൊല്ലക്കാലത്തിലേറെയായി തൃശൂര്‍ മണ്ഡലത്തെ തന്നെ പ്രതിനിധീകരിക്കുന്ന തേറമ്പിലിനോട് കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലും അമര്‍ഷമുണ്ട്. കത്തോലിക്കാ സഭയുമായുള്ള അസ്വാരസ്യമാണ് കോണ്‍ഗ്രസിനെ വലയ്ക്കുന്ന മറ്റൊരു പ്രശ്‌നം. സമുദായത്തിന്റെ സ്ഥാനാര്‍ത്ഥികളായി മുന്‍ മേയര്‍ രാജന്‍ പല്ലന്‍, ഡോ.നിജി ജെസ്റ്റിന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ ലിസ്റ്റും കോണ്‍ഗ്രസിന് മുന്നില്‍ വച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പി.സി ചാക്കോയെ ചാലക്കുടി മണ്ഡലത്തിലേക്ക് കെട്ടുകെട്ടിച്ചതിനു പിന്നിലും ഈ കത്തോലിക്കാ സഭാ വിരോധമായിരുന്നു.

കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച ഈഴവസമുദായത്തിന്റെ വോട്ട് ചോര്‍ച്ചയും കോണ്‍ഗ്രസിന് തലവേദനയുണ്ടാക്കുന്നുണ്ട്. ഈ വൈതരണി മറികടക്കാന്‍ എസ്.എന്‍.ഡിപി ബന്ധമുള്ള നേതാക്കളെ ചിലയിടങ്ങളില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കവും അണിയറയില്‍ സജീവമാണ്. എഐ ഗ്രൂപ്പ് പോരാണ് കോണ്‍ഗ്രസിനെ വല്ലാതെ വലയ്ക്കുന്ന മറ്റൊരു വിഷയം. ഗ്രൂപ്പ് പോരില്‍ നിരവധി കൊലപാതകങ്ങള്‍ നടന്ന ജില്ല കൂടിയാണ് തൃശൂര്‍. ചാവക്കാട്ടെ ഹനീഫയുടെ വധത്തിന്റെ പേരിലുള്ള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഇതുവരെ ഒടുങ്ങിയിട്ടില്ല. അതിനിടെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇടം പിടിക്കാന്‍ സാദ്ധ്യതയുള്ളവര്‍ക്കെതിരെ ഗ്രൂപ്പ് ഖഡ്ഗം ഉയര്‍ന്നുകഴിഞ്ഞു. എ ഗ്രൂപ്പ് നേതാവായ മുന്‍ മേയര്‍ക്കെതിരെ പെണ്‍വിഷയവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന യൂത്ത്‌കോണ്‍ഗ്രസിന്റെ പേരിലുള്ള ഊമക്കത്താണ് ഇതില്‍ ഒന്നാമത്തേത്. വി.എം. സുധീരന്‍ മണലൂരില്‍ മത്സരിക്കുന്നെന്ന രീതിയിലുള്ള ചുവരെഴുത്ത് തുടങ്ങിയതിനു പിന്നിലെ കുടിലബുദ്ധിയും ഈ പോരിനോട് കൂട്ടിവായിക്കാം.

അതേസമയം തദ്ദേശതിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ പ്രതീക്ഷയിലാണ് എല്‍.ഡി.എഫ് ക്യാമ്പ്. വെള്ളാപ്പള്ളി-ബി.ജെ.പി സഖ്യത്തെ തുറന്നെതിര്‍ത്തു നേടിയ വിജയം നിയമസഭയിലേക്കും വ്യാപിപ്പിക്കാനാണ് അവരുടെ നീക്കം. സിറ്റിംഗ് എം.എല്‍.എമാരില്‍ പലരുടെയും മികച്ച പ്രവര്‍ത്തനം സി.പി.എമ്മില്‍ ആത്മവിശ്വാസം ഉയര്‍ത്തുന്നു. എന്നാല്‍ ഇവരില്‍ ഭൂരിപക്ഷം പേരും രണ്ടോ മൂന്നോ തവണയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. എന്നാല്‍ ഇവരെ മാറ്റി പുതിയ സ്ഥാനാര്‍ത്ഥികളെ നിറുത്തുന്ന കാര്യത്തില്‍ ആത്മവിശ്വാസക്കുറവും പാര്‍ട്ടിയില്‍ പ്രകടമാണ്. അതിനിടെ കുന്നംകുളം എം.എല്‍.എ ബാബു എം. പാലിശ്ശേരിയെ മാറ്റിനിറുത്തിയേക്കുമെന്നും സൂചനയുണ്ട്.


വി.എം. സുധീരനാണ് മത്സരിക്കുന്നതെങ്കില്‍ മുന്‍ എം.എല്‍.എ കൂടിയായ മുരളി പെരുനെല്ലിയുടെ പേരും ഇവിടെ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സിറ്റിംഗ് എം.എല്‍.എമാരെ ഒഴിവാക്കിയാല്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറി എ.സി മൊയ്തീന്‍, എന്‍.ആര്‍ ബാലന്‍ എന്നിവരെ പരിഗണിച്ചേക്കും.

സി.പി.ഐയും തെല്ല് ആത്മവിശ്വാസത്തിലാണ്. ബി.ഡി.ജെ.എസ് ഭീഷണി നേരിടാന്‍ തുറുപ്പുചീട്ടായി എസ്.എന്‍.ഡി.പി നേതാവും മുന്‍ ജെ.എസ്.എസ് നേതാവുമായ ഉമേഷ് ചള്ളിയിലിനെ തന്നെ നേരത്തെ പാളയത്തിലെത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ രംഗത്തിറക്കിയേക്കുമെന്നാണ് സൂചന. പരമാവധി എസ്.എന്‍.ഡി.പി വോട്ടുകള്‍ ലാക്കാക്കിയാണ് സി.പി.ഐയുടെ ഈ നീക്കം. നഗരസഭയിലും പഞ്ചായത്തുകളിലും ബി.ജെ.പി നന്നായി വോട്ടുപിടിച്ച മണ്ഡലമാണ് കൊടുങ്ങല്ലൂര്‍.

കൊടുങ്ങല്ലൂര്‍ നഗരസഭയിലെ 16 സീറ്റ്, കുന്നംകുളത്തെ ആറ് സീറ്റ്, തൃശൂര്‍ കോര്‍പ്പറേഷനിലെ ആറ് സീറ്റ്, അവിണിശ്ശേരി പഞ്ചായത്തിലെ ഭരണം തദ്ദേശതിരഞ്ഞെടുപ്പിലെ ഈ മിന്നുന്ന പ്രകടനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ബി.ജെ.പി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ജില്ലയില്‍ ഊര്‍ജ്ജിത പ്രചരണം നടത്തി വന്‍മുന്നേറ്റമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. ബി.ഡി.ജെ.എസുമായുള്ള നീക്കുപോക്കുകളില്‍ വ്യക്തതയാവാത്തതാണ് ബി.ജെ.പിയെ തെല്ല് അലട്ടുന്നത്. പക്ഷേ തദ്ദേശതിരഞ്ഞെടുപ്പിലെ പോലെ ബി.ഡി.ജെ.എസ് ബാന്ധവത്തിലൂടെ ബി.ജെ.പിക്ക് അത്രനേട്ടമുണ്ടാക്കാനാവില്ലെന്ന വിലയിരുത്തലും ഉണ്ട്. ജില്ല എസ്.എന്‍.ഡി.പിക്ക് വളക്കൂറുള്ള മണ്ണാണെങ്കിലും ബി.ഡി.ജെ.എസിന്റെ നിലപാടുകളിലെ അവ്യക്തത അണികള്‍ക്കിടയില്‍ തന്നെ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ സൂചന അനുസരിച്ച് ഓരോ എസ്.എന്‍.ഡി.പി യൂണിയന്‍ ഭാരവാഹികളെ യു.ഡി.എഫും എല്‍.ഡി.എഫും സ്ഥാനാര്‍ത്ഥികളായി അവതരിപ്പിക്കുന്നുമുണ്ട്. ഇതോടെ ആടിനില്‍ക്കുന്ന ഈഴവ വോട്ടുകള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇരുമുന്നണികളും.

ബി.ഡി.ജെ.എസ് നേതാവ് ടി.വി. ബാബുവിന്റെ തട്ടകം കൂടിയാണ് തൃശൂര്‍. പക്ഷേ സ്ഥാനാര്‍ത്ഥിത്വകാര്യത്തില്‍ ബി.ജെ.പിയുമായി ചര്‍ച്ചയൊന്നും നടക്കാത്തതിനാല്‍ അത്ര വ്യക്തമല്ല കാര്യങ്ങള്‍. ബി.ജെ.പി സംഘപരിവാര്‍ സംഘടനകള്‍ തിരഞ്ഞെടുപ്പ് യോഗങ്ങളും മറ്റുമായി ഒരു പടി മുന്നിലാണ്. ശോഭാ സുരേന്ദ്രന്‍, ബി.ജെ.പി ജില്ലാ സെക്രട്ടറി എ.നാഗേഷ്, ഷാജുമോന്‍ വട്ടേക്കാട്, രവികുമാര്‍ ഉപ്പത്ത്, അഡ്വ.ബി. ഗോപാലകൃഷ്ണന്‍, എ.എ. രാധാകൃഷ്ണന്‍ തുടങ്ങി സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റിന്റെ പ്രാഥമിക രൂപവും ആയിക്കഴിഞ്ഞു.


തിരഞ്ഞെടുപ്പ് മികവില്‍ എല്‍.ഡി.എഫ്, തദ്ദേശത്തില്‍ ബി.ജെ.പി

നിലവില്‍ നിയമസഭാ മണ്ഡലങ്ങളില്‍ ഏഴ് സീറ്റ് എല്‍.ഡി.എഫും ആറ് സീറ്റ് യു.ഡി.എഫും കൈവശം വച്ചിരിക്കുന്നു. പിന്നാലെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങള്‍ എല്‍.ഡി.എഫ് തൂത്തുവാരുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലാകട്ടെ 801 ഗ്രാമപഞ്ചായത്ത്, 143 ബ്‌ളോക്ക്, 20 ജില്ലാ പഞ്ചായത്ത്, 136 മുനിസിപ്പാലിറ്റി, 23 കോര്‍പ്പറേഷന്‍ സീറ്റുകള്‍ നേടി എല്‍.ഡി.എഫ് ബഹുദൂരം മുന്നിലാണ്. അതേസമയം യു.ഡി.എഫിന് 483 പഞ്ചായത്തംഗങ്ങളേയും, 67 ബ്‌ളോക്കംഗങ്ങളേയും, 9 ജില്ലാപഞ്ചായത്തംഗങ്ങളേയും, 97 നഗരസഭാ 21 കോപ്പറേഷന്‍ അംഗങ്ങളെയും വിജയിപ്പിക്കാനായി. ബി.ജെ.പി 102 പഞ്ചായത്തംഗങ്ങളെ വിജയിപ്പിക്കുകയും ചാവക്കാട് ഒഴികെയുള്ള നഗരസഭാ പ്രദേശങ്ങളില്‍ നിന്ന് 28 കൗണ്‍സിലമാരെ വിജയിപ്പിക്കുകയും ചെയ്തു. തൃശൂര്‍ കോപ്പറേഷനില്‍ നിന്നുമാത്രം ആറ് പേരെ വിജയിപ്പിച്ചു. അവിണിശ്ശേരി പഞ്ചായത്തില്‍ 14-ല്‍ ഏഴ് സീറ്റ് നേടി ഭരണം കൈക്കലാക്കുകയും ചെയ്തു. 16 സീറ്റ് നേടി കൊടുങ്ങല്ലൂരില്‍ പ്രതിപക്ഷത്തുമാണ് അവര്.

മണ്ഡലങ്ങളിലൂടെ

ചേലക്കര മണ്ഡലം

സി.പി.ഐ.എമ്മിലെ കെ. രാധാകൃഷ്ണന്റെ പ്രതിച്ഛായയും പ്രവര്‍ത്തനമികവും എല്‍.ഡി.എഫിന് മുന്‍തൂക്കം നല്‍കുന്നുണ്ട്. ചേലക്കരയില്‍ കഴിഞ്ഞ തവണത്തെ എല്‍.ഡിഎഫിന്റെ വിജയം 24,676 ആയിരുന്നു. ഇക്കുറി അദ്ദേഹം മത്സരിച്ചാല്‍ അഞ്ചാം തവണയാകും മത്സരം. രണ്ട് തവണയില്‍ കൂടുതല്‍ മത്സരിച്ചവരെ ഒഴിവാക്കണമെന്ന പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ കെ.രാധാകൃഷ്ണന് മത്സരിക്കില്ല. അങ്ങനെയെങ്കില്‍ ജില്ലാ സെക്രട്ടറി പോലുള്ള ഉചിതമായ പാര്‍ട്ടി ഭാരവാഹിത്വം നല്‍കിയേക്കും.

കുന്നംകുളം

സിറ്റിംഗ് എം.എല്‍.എ ബാബു എം പാലിശ്ശേരിയും സഹോദരന്‍ ബാലാജിയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് സി.പി.ഐഎമ്മിനെ അലട്ടുന്നത്. കൂടാതെ എം.എല്‍.എയുടെ സംഘപരിവാറുമായി ബന്ധമുള്ള ചാനലിലെ പ്രോഗ്രാമുകളും പാര്‍ട്ടിയില്‍ ഒരു വിഭാഗം ചര്‍ച്ചാവിഷയമാക്കുന്നുണ്ട്. മണലൂരില്‍ സംസ്ഥാന കമ്മിറ്റിയംഗം ബേബി ജോണിന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. അതുകൊണ്ടുതന്നെ ബാബു എം പാലിശ്ശേരിയുടെ മൂന്നാമത്തെ തവണയുള്ള മത്സരസാദ്ധ്യതയ്ക്കും മങ്ങലേറ്റിട്ടുണ്ട്.

സി.എം.പിയുടെ സി.പി. ജോണാകും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. ഇതിനെതിരെ കോണ്‍ഗ്രസില്‍ ചെറിയ മുറുമുറുപ്പുണ്ട്. 481 വോട്ടിനായിരുന്നു ബാബുവിന്റെ കഴിഞ്ഞതവണത്തെ വിജയം. ബി.ജെ.പി പതിനായിരത്തിലേറെ വോട്ട് ഈ മണ്ഡലത്തില്‍ നേടിയിരുന്നു.

ഗുരുവായൂര്‍

സിറ്റിംഗ് എം.എല്‍.എ സി.പി.ഐ.എമ്മിലെ കെ.വി അബ്ദുള്‍ ഖാദര്‍. പ്രതിച്ഛായയ്ക്ക് കോട്ടമൊന്നും ഇല്ലാത്തതിനാല്‍ മത്സരിക്കാനുള്ള സാദ്ധ്യത സജീവമാണ്. എതിരായി മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയാകും മത്സരരംഗത്തുണ്ടാവുക. കഴിഞ്ഞതവണ കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കണമെന്ന മുറവിളി ഉണ്ടായിരുന്നു. എന്നാല്‍ ചാവക്കാട് ഗ്രൂപ്പ് പോരില്‍ ഹനീഫ കൊല്ലപ്പെട്ടതോടെ കോണ്‍ഗ്രസ് ഇപ്രാവശ്യം സീറ്റിനായി കാര്യമായി രംഗത്തെത്തിയിട്ടില്ല.

മണലൂര്‍

കോണ്‍ഗ്രസിലെ പി.എ മാധവനാണ് സിറ്റിംഗ് എം.എല്‍.എ. നിറംമങ്ങിയ പ്രവര്‍ത്തനത്തിനൊപ്പം ചന്ദ്രബോസ് വധക്കേസുമായി ബന്ധപ്പെട്ടും സോളാര്‍ കേസുമായി ബന്ധപ്പെട്ടും വിവാദങ്ങളില്‍ പെട്ടിരുന്നു. എ ഗ്രൂപ്പ് എം.എല്‍.എ കൂടിയായ മാധവനെതിരെ ഐ ഗ്രൂപ്പിന്റെ വക ചെളിവാരിയെറിയലും ഉണ്ട്. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട ചുവരെഴുത്തും ഇവിടെ വിവാദമായിരുന്നു. ബേബി ജോണോ മുരളി പെരുനെല്ലിയോ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളാകുമെന്ന് കരുതുന്നു.

വടക്കാഞ്ചേരി

സിറ്റിംഗ് എം.എല്‍.എ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവെന്ന നിലയില്‍ മണ്ഡലത്തില്‍ സുപരിചിതന്‍. കണ്‍സ്യൂമര്‍ ഫെഡ് അഴിമതി ആരോപണങ്ങളിലുള്‍പ്പെടെ വിജിലന്‍സ് അന്വേഷണം നേരിടുന്നു. ഐ ഗ്രൂപ്പിന്റെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ എതിര്‍ ഗ്രൂപ്പിന്റെ ആക്രമണങ്ങള്‍ക്കും വിധേയനാകുന്നുണ്ട്. ഇത്തവണ മത്സരിക്കുന്നില്ലെന്നും ശ്രുതിയുണ്ട്. എല്‍.ഡി.എഫിനായി എ.സി മൊയ്തീന്‍ ഇവിടെ മത്സരിക്കാനിറങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഒല്ലൂര്‍

കോണ്‍ഗ്രസിലെ എം.പി. വിന്‍സെന്റാണ് സിറ്റിംഗ് എം.എല്‍.എ. കാത്തോലിക്ക സഭയ്ക്ക് പ്രിയങ്കരന്‍. എ ഗ്രൂപ്പ് നേതാവ് മുന്‍ മേയര്‍ രാജന്‍ ജെ പല്ലനും ഈ സീറ്റിനായി നോട്ടമിടുന്നു. സി.പി.ഐയാണ് ഇവിടെ മത്സരിക്കുക.


തൃശൂര്‍

തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായ അഡ്വ. തേറമ്പില്‍ രാമകൃഷ്ണനാണ് സിറ്റിംഗ് എം.എല്‍.എ. മണ്ഡലത്തില്‍ വ്യക്തിപരമായി ബന്ധങ്ങളുള്ളയാള്‍. എന്‍.എസ്.എസിന്റെ രാഷ്ട്രീയപാര്‍ട്ടിയായ എന്‍.ഡി.പിയിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം 25 കൊല്ലമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. തേറമ്പില്‍ മണ്ഡലം ഒഴിയണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ ആവശ്യമുയരുന്നുണ്ട്. പുതുതലമുറയ്ക്കുവേണ്ടി മാറണമെന്നാണ് ആവശ്യം. സി.പി.ഐ ജയരാജ് വാര്യരെ ഉള്‍പ്പെടെ മണ്ഡലത്തില്‍ പരിഗണിക്കുന്നുവെന്ന വിവരവും ഉണ്ട്.

നാട്ടിക

സിറ്റിംഗ് എം.എല്‍.എ സി.പി.ഐയുടെ ഗീത ഗോപി. പുതുമുഖമാണെങ്കിലും തെറ്റില്ലാത്ത വിധം മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നു. ഇപ്രാവശ്യം മത്സരിക്കുമോയെന്ന കാര്യം സംശയം. സി.എം.പി മത്സരിച്ച സീറ്റ് ഇപ്രാവശ്യം കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. ബി.ജെ.പി പതിനായിരത്തിലേറെ വോട്ട് സ്വന്തമാക്കിയ മണ്ഡലമാണ്.

കയ്പമംഗലം

സിറ്റിംഗ് എം.എല്‍.എ സി.പി.ഐയിലെ വി.എസ് സുനില്‍കുമാര്‍. മണ്ഡലത്തിലെ പ്രശ്‌നങ്ങളില്‍ സജീവമല്ലെന്ന പേരുദോഷമുണ്ടെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന സി.പി.ഐ നേതാവ്. അതുകൊണ്ടുതന്നെ ഇപ്രാവശ്യം പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് മാറുമെന്നും കേള്‍ക്കുന്നു. അങ്ങനെയെങ്കില്‍ എ.ഐ.വൈ.എഫ് മുന്‍ ദേശീയ പ്രസിഡന്റ് അഡ്വ.എ. രാജന്‍ പകരം സ്ഥാനാര്‍ത്ഥിയായേക്കുമെന്നും പറയുന്നു. ബി.ജെ.പി പതിനായിരത്തിലേറെ വോട്ടുനേടിയിട്ടുണ്ട്.

ഇരിങ്ങാലക്കുട

കേരള കോണ്‍ഗ്രസ് എം.എല്‍.എയും ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടന്‍ സിറ്റിംഗ് എം.എല്‍.എ. വികസനപ്രവര്‍ത്തനങ്ങളും മുഖം മിനുക്കല്‍ നടപടികളുമായി മണ്ഡലത്തില്‍ സജീവം. സി.പി.ഐഎമ്മാകും ഇവിടെ മത്സരിക്കുക.

പുതുക്കാട്

സിറ്റിംഗ് എം.എല്‍.എ സി.പി.എമ്മിലെ പ്രൊഫ. സി. രവീന്ദ്രനാഥ്. വികസനപ്രവര്‍ത്തനങ്ങളിലൂടെ മണ്ഡലത്തിന് പ്രിയങ്കരന്‍. മൂന്നാം തവണ മത്സരത്തിനൊരുങ്ങുന്നു. ഈഴവവോട്ടുകള്‍ നേടാന്‍ ഇവിടെ മുന്‍ എം.എല്‍.എയുടെ മകനും എസ്.എന്‍.ഡി.പി നേതാവുമായ ഒരാളെ മണ്ഡലത്തിലിറക്കാനാണ് കോണ്‍ഗ്രസ് നീക്കം. ബി.ജെ.പി പതിനയ്യായിരത്തിന് അടുത്ത് വോട്ടുനേടിയ മണ്ഡലമാണ് പുതുക്കാട്.

ചാലക്കുടി

സിറ്റിംഗ് എം.എല്‍.എ സി.പി.ഐ.എമ്മിലെ ബി.ഡി ദേവസി. ജനകീയന്‍, മണ്ഡലത്തില്‍ സുപരിചിതന്‍. മൂന്നാം തവണ മത്സരത്തിനൊരുങ്ങുന്നു. പി.ടി തോമസിനെ കോണ്‍ഗ്രസ് കളത്തിലിറക്കിയേക്കുമെന്ന പ്രചരണം സജീവമാണ്.

കൊടുങ്ങല്ലൂര്‍

സിറ്റിംഗ് എം.എല്‍.എ കോണ്‍ഗ്രസിലെ ടി.എന്‍. പ്രതാപന്‍. മണ്ഡലത്തിലെ ജനകീയ സാന്നിദ്ധ്യം. എസ്.എന്‍ ട്രസ്റ്റിലെ അദ്ധ്യാപക കോഴ ഉള്‍പ്പെടെയുള്ള വിഷയങ്ങളായി ബന്ധപ്പെട്ടുള്ള നിലപാടിന്റെ പേരില്‍ എസ്.എന്‍.ഡി.പി യൂണിയനുകള്‍ എം.എല്‍.എയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. അതിനിടെ കെ.പി ധനപാലനെ രംഗത്തിറക്കി പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് ഒതുങ്ങാനും പ്രതാപന്‍ ശ്രമിക്കുന്നതായും വിവരമുണ്ട്. ഈഴവ വോട്ടുകള്‍ ലക്ഷ്യമിട്ട് എസ്.എന്‍.ഡി.പി യൂണിയന്‍ ഭാരവാഹിയും മുന്‍ എം.എല്‍.എയുമായ ഉമേഷ് ചള്ളിയിലിനെയാകും സി.പി.ഐ രംഗത്തിറക്കുക.

(മാധ്യമ പ്രവര്‍ത്തകനാണ് ധനശ്രീ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍